ഗുരു:സംസ്‌കാരത്തിന്റെ ചാലകശക്തി

വര്‍ണ്ണവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട് എല്ലാവരും ഈശ്വരനു മുന്നില്‍ സമന്മാരാണ് എന്ന ഉപനിഷദ് സൂക്തം ഗുരു തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയില്‍ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം നാടെങ്ങും വ്യാപിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും ഒന്നാകുന്ന സമത്വദര്‍ശനമാണ് ഗുരു ആവിഷ്‌കരിച്ചത്. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ‘നമുക്കു ജാതിയില്ല’ എന്ന ധീരമായ പ്രഖ്യാപനവും നടത്തി.

അറിവും വിജ്ഞാനവും വിവേകവും വളര്‍ത്തി സംസ്‌കാരത്തിന്റെ പൂര്‍ണ്ണിമയില്‍ മനുഷ്യമനസ്സുകളെ പ്രകാശമാനമാക്കിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവന്‍. ആ ജീവിതം അനുഭവപ്പെടുത്തിയ മാനവികതയുടെ വെളിച്ചം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധകാരത്തെ അകറ്റി. മനുഷ്യസാഹോദര്യം വീണ്ടെടുത്തു. മനുഷ്യനായിപ്പിറന്നിട്ടും പലപേരുകളില്‍ വ്യതിചലിച്ച് ആത്മസത്ത നഷ്ടപ്പെടുത്തിയ മനുഷ്യന്‍. മറ്റൊരു ജീവിക്കുമില്ലാത്ത വിധത്തില്‍ സ്വന്തം സ്വത്വം വെടിഞ്ഞ് പലതരങ്ങളില്‍ അറിയപ്പെട്ടു. പരസ്പരം പോരടിച്ചും സ്വാര്‍ത്ഥതയും പകയും വളര്‍ത്തിയും ഭൂമിയില്‍ സ്വന്തം അധികാരത്തിന്റെ അതിര്‍ത്തികള്‍ വരഞ്ഞിട്ടു. അവിടെ നിന്ന് അപ്പുറം കടക്കാന്‍ വയ്യാത്ത വിധത്തില്‍ നിരോധനത്തിന്റെ മതില്‍ക്കെട്ടുകള്‍. ഈ ബന്ധനങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഭൂമിയില്‍ മൃഗങ്ങള്‍ സ്വച്ഛമായി സഞ്ചരിച്ചു. ആകാശത്തില്‍ പറവകള്‍ സ്വാതന്ത്ര്യഗീതം ആലപിച്ച് ചക്രവാളങ്ങള്‍ നോക്കി പറന്നു. തിരക്കുകള്‍പോലും നിയന്ത്രണാതീതമായ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം ഉള്‍ക്കൊണ്ടപ്പോള്‍ വിവേകശാലി എന്നു ഭാവിച്ച മനുഷ്യന്‍ മാത്രം പാരതന്ത്ര്യം സ്വന്തം വിധിയായി ഏറ്റെടുത്തു.

ഇങ്ങനെ അസ്തിത്വബോധം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വ്യക്തിത്വവും സ്വാതന്ത്ര്യവും വീണ്ടുനല്‍കാന്‍ പിറവികൊണ്ട ബ്രഹ്മസ്വരൂപനാണ് ശ്രീനാരായണഗുരു. സ്വാതന്ത്ര്യത്തിന് സമൂഹം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വലിച്ചെറിഞ്ഞ് പുതിയകാലത്തിന്റെ പ്രഭാതത്തിലേക്ക് അവിടുന്ന് മനുഷ്യസമൂഹത്തെ നയിച്ചു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ കേരളീയസമൂഹത്തെ വിളിക്കാന്‍ കാരണം തീണ്ടലും തൊടീലും ജാത്യാചാരങ്ങളും വികൃതമാക്കിയ സാമൂഹിക അവസ്ഥ നിമിത്തമാണ്. വര്‍ണ്ണവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട് എല്ലാവരും ഈശ്വരനു മുന്നില്‍ സമന്മാരാണ് എന്ന ഉപനിഷദ് സൂക്തം ഗുരു തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയില്‍ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം നാടെങ്ങും വ്യാപിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും ഒന്നാകുന്ന സമത്വദര്‍ശനമാണ് ഗുരു ആവിഷ്‌കരിച്ചത്. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ‘നമുക്കു ജാതിയില്ല’ എന്ന ധീരമായ പ്രഖ്യാപനവും നടത്തി.

ഗുരു ജീവിതം നയിക്കുകയും പ്രബോധനങ്ങള്‍ നടത്തുകയും ചെയ്ത ശിവഗിരി കേരളക്കരയുടെ സാംസ്‌കാരിക ജ്യോതിര്‍നിലയമാണ്. ആ മഹായോഗിയുടെ ശബ്ദതരംഗങ്ങള്‍ ഇന്നും എങ്ങും മാറ്റൊലിക്കൊള്ളുന്നു.
ശ്രീനാരായണഗുരുവിന്റെ കവിതകള്‍ നമ്മുടെ മനസ്സില്‍ നിത്യം മാറ്റൊലിക്കൊള്ളേണ്ട പ്രാര്‍ത്ഥാനാഗീതങ്ങളാണ്. മലയാളം ഏക്കാലവും ദര്‍ശിച്ച മഹാനായ കവി കുമാരനാശാനെപ്പോലെ ഗുരുവിന്റെ ശിഷ്യപരമ്പര നാടെങ്ങും നിത്യം നൂതനാശയങ്ങള്‍ പരത്തി കാലത്തിന്റെ കര്‍മ്മസാക്ഷികളായി നിലകൊള്ളുന്നു. ജാതിമത ചിന്തകളുടെ പേരിലും രാഷ്ട്രീയ അന്ധതബാധിച്ചും വൈരനിര്യാതന ബുദ്ധിയോടെ വര്‍ത്തിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ ദുരവസ്ഥയ്ക്കു പരിഹാരം വേഗത്തില്‍ ഗുരുവിലേക്കു മടങ്ങുക എന്നതുമാത്രമാണ്. സാമൂഹിക സംസ്‌കാരത്തിന്റെ ചാലകശക്തിയായി ഗുരു ഒപ്പം ഉണ്ട്. അത് ഒരു ആശ്വാസമാണ്. മുന്നോട്ടുനീങ്ങാന്‍ ആത്മബോധം നല്‍കുന്ന ചൈതന്യവിശേഷമാണ്.

Author

Scroll to top
Close
Browse Categories