പ്രിയപ്പെട്ട പഴവിള

കവിയായ രമേശന്റെ നിർമ്മലമായ മനസ്സറിയാൻ കഴിയാതെ പോയവരായിരിക്കണം ശത്രുക്കൾ. ഇഷ്ടന്റെ വിമർശനമേറ്റ ഒരു മന്ത്രി രമേശന് ഗുണപ്പെടരുത് എന്ന ദുഷ്ടലാക്കോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് തടസ്സപ്പെടുത്തിയിട്ടുള്ള കഥ രമേശൻ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്.

പഴവിള രമേശനെ ഞാനാദ്യം കാണുന്നത് അറുപതുകളുടെ മദ്ധ്യേ ഒരു ദിവസം പേട്ടയിലുള്ള കൗമുദി വാരികയുടെ ഓഫീസിൽ പത്രാധിപർ കെ. ബാലകൃഷ്ണനുമൊത്താണ്. അന്ന് അവിടെയുണ്ടായിരുന്ന മൂന്നാമതൊരാൾ രമേശനോടൊപ്പം സഹപത്രാധിപരായിരുന്ന ചന്ദ്രചൂഡനായിരുന്നു. ചന്ദ്രചൂഡൻ കാലക്രമത്തിൽ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു കാരണം തുടർബന്ധം വിട്ടുപോയി. എന്നാൽ പഴവിള രമേശൻ ഒരാത്മസുഹൃത്തായി മാറാൻ അധിക കാലം വേണ്ടി വന്നില്ല.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായി ചേർന്ന കാലം മുതൽ തേക്കുംമൂടിലെ രമേശന്റെ വാടകവീട് മലയാളികളായ എഴുത്തുകാരുടെയും കലാകാരൻമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്നെ തിരുവനന്തപുരം കാണാനിറങ്ങിയ പലരുടെയുംപോലും മേളനസ്ഥലമായി. കടമ്മനിട്ട , രാമു കാര്യാട്ട്‌, വയലാർ രവി തുടങ്ങി നിരവധി പ്രതിഭകളുടെ സ്ഥിരം താവളവുമായി. ചിലർക്കെങ്കിലും തിന്നും കുടിച്ചും സൊറ പറഞ്ഞും കഴിയാനുള്ള സുഖവാസ കേന്ദ്രം തന്നെയായി ആ വീട് . രമേശൻ എല്ലാവരുമായും ചങ്ങാത്തം കൂടി , ആതിഥേയത്വം അരുളി. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ,

ഇത്ര ഉദാരമായ ദിനചര്യ മുഖം മുഷിയാതെ എങ്ങനെ പാലിക്കാൻ കഴിയുന്നുവെന്ന്. ഉത്തരം ലളിതമായിരുന്നു , സർവംസഹയും സ്നേഹമയിയുമായ സഹധർമ്മിണി – രാധ. രമേശന് ചേർന്ന രാധ. അവർ ഒരുമെയ് പോലെയായിരുന്നു. രമേശണ്ണന്റെ ഇഷ്ടം അവരുടെയും ഇഷ്ടം. മറിച്ചൊരു വികാരമോ വിചാരമോ ഇല്ല. സ്നേഹോദാരമായിരുന്നു അവരുടെ ദാമ്പത്യ ജീവിതം.

പനവിള മുക്കിൽ ഒരു വീട് വാങ്ങി താമസം മാറുമ്പോഴേക്കും രമേശന്റെ ആരോഗ്യസ്ഥിതി മോശമായിക്കഴിഞ്ഞിരുന്നു. പ്രമേഹം മുൻ വൈരാഗ്യത്തിലെന്നപോലെയാണ് ആ ശരീരത്തിൽ ആക്രമണം ആരംഭിച്ചത്. വിരുന്നുകാരുടെ വരവ് അല്പം കുറഞ്ഞെങ്കിലും ഇല്ലാതെയായില്ല. ആരോടും , രോഗത്തിനോട് പോലും വഴങ്ങുന്ന സ്വഭാവമായിരുന്നില്ല രമേശന്റേത്. എല്ലാവരോടും വേർതിരിവില്ലാതെ ഇഷ്ടം കൂടുമായിരുന്ന രമേശന് ഏതെങ്കിലും കാരണവശാൽ ഇഷ്ടക്കേടുണ്ടായാൽ അത് പ്രകടിപ്പിക്കുന്നതിലും ലോഭമുണ്ടായിരുന്നില്ല. അതുകൊണ്ടാവണം വിപുലമായ ഒരു സുഹൃത് വലയമുണ്ടായിരിക്കെത്തന്നെ സാമാന്യത്തിലധികം ശത്രുക്കളെയും സമ്പാദിക്കാൻ കഴിഞ്ഞത്.

കവിയായ രമേശന്റെ നിർമ്മലമായ മനസ്സറിയാൻ കഴിയാതെ പോയവരായിരിക്കണം ശത്രുക്കൾ. ഇഷ്ടന്റെ വിമർശനമേറ്റ ഒരു മന്ത്രി രമേശന് ഗുണപ്പെടരുത് എന്ന ദുഷ്ടലാക്കോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് തടസ്സപ്പെടുത്തിയിട്ടുള്ള കഥ രമേശൻ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്.

മറക്കാനാവാത്ത ഒരോർമ്മയാണ് ഞങ്ങൾ അഞ്ച് പേർ – പഴവിള രമേശൻ , ചിത്രകാരൻ പാരീസ് വിശ്വനാഥൻ , കടമ്മനിട്ട രാമകൃഷ്ണൻ , ചിത്രകാരനും കലാസംവിധായകനുമായ ശിവൻ – ഒരുമിച്ച് നടത്തിയ രാജ്യം ചുറ്റിയുള്ള ഒരു കടൽക്കര യാത്ര. കൊടുങ്ങല്ലൂർ മുതൽ കന്യാകുമാരി വരെയും അവിടെ നിന്ന് കിഴക്കോട്ട് പോയി കൽക്കത്ത വരെയും തിരിച്ച് പടിഞ്ഞാട്ടേക്ക് സഞ്ചരിച്ച് ഗുജറാത്തിലെത്തി, തെക്കോട്ട് പിടിച്ച് കൊച്ചിയിലെത്തുന്ന ഭാരതപ്രദിക്ഷണമായിരുന്നു കടലോര വഴികളിലൂടെയുളള ആ പ്രയാണം. കവിതാലാപം , കഥ പറച്ചിൽ, വിയോജിപ്പുകൾ, തർക്കങ്ങൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, വിപത്തുകൾ ഇങ്ങനെ സജീവമായിരുന്നു പ്രയാണമാകെ. ഇടയ്ക്ക് ഗുജറാത്തിലെ വിജനവിശാലമായ ഒരു പാടശേഖരത്തിന് നടുവിൽ ഇരുള് വീഴാൻ തുടങ്ങിയ നേരത്ത് വെള്ളപ്പൊക്കത്തിൽ അമർന്ന് താണുകൊണ്ടിരുന്ന ദേശീയപാതയുടെ നടുവിൽ പ്രളയജലത്താൽ ചുറ്റപ്പെട്ട് മുന്നോട്ട് പോകാനാവാതെ സ്തംഭിച്ചതും , ഒറീസയിലെ ഏതോ വഴിയിൽ, യാത്ര ചെയ്തിരുന്ന വില്ലിസ് സ്റ്റേഷൻ വാഗണിന്റെ എഞ്ചിനിൽ നിന്ന് തീ പൊങ്ങിയതും , മദ്ധ്യപ്രദേശിലെ കുപ്രസിദ്ധമായ ചമ്പാൽ താഴ്‌വരയിൽ അർദ്ധരാത്രിയിൽ വണ്ടി കേടായി ഏവരും വിറപൂണ്ടിരുന്നതും ഒക്കെ രമേശൻ ഒരു ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. വീട്ടിൽ തിരിച്ചെത്തിയിട്ട് വേണമായിരുന്നു അത് ഉദ്വേഗജനകമായ ഒരു യാത്രാനുഭവമായി എഴുതാൻ.
യാത്ര കഴിഞ്ഞ് മടങ്ങിയിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടും രമേശന്റെ യാത്രാവിവരണം എങ്ങും പ്രസിദ്ധീകരിച്ചു കാണാഞ്ഞപ്പോൾ സഹയാത്രികർ അന്വേഷിച്ചു – എഴുത്ത് എത്രത്തോളമായി എന്ന്. അതിന് രമേശന്റെ മറുപടി രസകരമായിരുന്നു , കുറിപ്പുകളെല്ലാം കൂടി ഇവിടെങ്ങാണ്ടിട്ടിരിക്കയായിരുന്നു. രാധ ചപ്പും ചവറും വാരിയ കൂട്ടത്തിൽ അതും അടുപ്പിലിട്ടെന്ന് തോന്നുന്നു. ഒപ്പം കൊളുത്തി വലിച്ചുള്ള ചിരിയും.

പഴവിള സഹധർമ്മിണി രാധയോടൊപ്പം

രാധ ചെയ്തതാണ് ശരിയെന്നുപോലും ആ ചിരിക്ക് അർത്ഥമുണ്ടായിരുന്നു. രമേശനെ അവസാനം കാണുന്നത് കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു . കാണുമ്പോൾ ഞങ്ങൾ ഒരുപാട് വിഷയങ്ങളെപ്പറ്റി സംസാരിക്കും. ആ പതിവെല്ലാം അന്ന് തെറ്റി. ഓരോ വാക്കിനുമിടയിൽ വല്ലാത്തൊരു ചുമ കയറിവന്ന് തടസ്സമുണ്ടാക്കി. ചുമയൊടുങ്ങാൻ കുറേ കാത്തിരുന്ന ശേഷം രാധ കൊണ്ടുവച്ച ചായയും ചിപ്സും കഴിച്ച് ഞാനെഴുന്നേറ്റു. ചുമ മാറിയിട്ട് ഇനിയൊരു ദിവസം ഞാൻ വരാം. അപ്പോൾ കൂടുതൽ സംസാരിക്കാം.

ശരിയാശാനേ എന്ന് പറഞ്ഞൊപ്പിച്ച് അവശനായി കിടക്കയിലേക്ക് സ്നേഹിതൻ ചരിഞ്ഞത് ആകാംക്ഷയോടെ ഒട്ട് നോക്കി നിന്നിട്ട് ഞാൻ പടിയിറങ്ങി.
രണ്ട് വർഷം മുമ്പ് ചെന്നൈയിൽ ഹിന്ദുപത്രത്തിന്റെ മേൽനോട്ടത്തിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ഒരു പെൺകുട്ടി വന്ന് സ്വയം പരിചയപ്പെടുത്തി. പഴവിളയുടെ മകൾ സൂര്യയുടെ മകൾ. അപ്പൂപ്പൻ പ്രത്യേകം വിളിച്ചുപറഞ്ഞിട്ട് വന്ന് കണ്ടതാണ്. അങ്കിളിനെ കണ്ടില്ലെങ്കിൽ അപ്പൂപ്പൻ കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ശ്രമിക്കുകയായിരുന്നു , ഇല്ല , ഇത്ര നിഷ്ക്കളങ്കമായി സ്നേഹം പങ്കിട്ടിരുന്ന മറ്റൊരു മലയാളിയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല.

Author

Scroll to top
Close
Browse Categories