നിത്യ പിന്നിട്ട സംക്രമണ വഴികള്‍

നിത്യയുടെ ഭാഷ സാഹിത്യഭംഗിയാര്‍ന്നതായിരുന്നു. ആ ഭാഷ വളരെ വേഗം വായനക്കാരെ ആകര്‍ഷിച്ചു. പൂവും കനിയും ആയ ഉപനിഷത്തും വേദവും നിത്യ, സര്‍ഗ്ഗഭംഗിയില്‍ വ്യാഖ്യാനിച്ചു. ഗുരുദേവനെ പരിപൂര്‍ണ്ണതയില്‍ തിരിച്ചറിഞ്ഞ നടരാജഗുരുവിന്റെ വേദാന്ത പ്രപഞ്ചത്തെ നിത്യ, കേരളത്തനിമയില്‍ പരാവര്‍ത്തനം ചെയ്തു.

നിത്യചൈതന്യയതിയുടെ ജീവിതവും പഠനവും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബി.എ. സൈക്കോളജിയാണ് പഠിക്കുവാനായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു പഠനം. മുറി എടുക്കാനും ഹോസ്റ്റലില്‍ ചേരുവാനും സാമ്പത്തികം അനുവദിച്ചില്ല. യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ വരാന്തയില്‍ കിടന്ന് ഉറങ്ങി. അതിരാവിലെ എഴുന്നേറ്റു സ്റ്റൗവും പുതപ്പും വാച്ചറുടെ മുറിയില്‍ വെയ്ക്കും. പഠനം കഴിഞ്ഞപ്പോള്‍ ആര്‍. ശങ്കര്‍ ഒരു കത്ത് കൊടുത്തുവിട്ടു. എസ്.എന്‍. കോളേജില്‍ സൈക്കോളജി തുടങ്ങുന്നുവെന്നും അദ്ധ്യാപകനാകണമെന്നും കാണിച്ച്. നിത്യ ചേര്‍ന്നു. എന്നാല്‍ ഏറെ നാള്‍ കഴിയുംമുമ്പ് ജോലിയില്‍ നിന്നും വിരമിച്ചു. തുടര്‍ന്നു അലച്ചിലിന്റെ കാലമായിരുന്നു. ഏറെ നാള്‍ അലഞ്ഞു. ഒടുവില്‍ ശ്രീനാരായണ സന്യാസം സ്വീകരിച്ചു. അങ്ങനെ നടരാജഗുരുവില്‍ എത്തി. വര്‍ക്കല ഗുരുകുലത്തില്‍ ചേര്‍ന്നു. എഴുത്തും വായനയുമായി അവിടെ കഴിഞ്ഞു. നടരാജഗുരുവിന് യതിയെ ഏറെ ഇഷ്ടമായിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം നിത്യ നടരാജഗുരുവുമായി പിണങ്ങി ആശ്രമത്തില്‍ നിന്നും ഇറങ്ങി. നടരാജഗുരു പിന്നാലെ ചെന്നു നിത്യയെ ആശ്രമത്തില്‍ നിന്നും പറഞ്ഞുവിട്ടു.

നിത്യയ്ക്കു പിന്നെയും അലച്ചിലിന്റെ കാലമായിരുന്നു. ബോംബെയിലെ ഒരു ചേരിയില്‍ ഒറ്റ മുറിയുള്ള വീട്ടില്‍ ഒരു കുടുംബത്തോടൊപ്പം യതി കുറേ നാള്‍ കഴിഞ്ഞു. രാത്രിയില്‍ കട്ടിലില്‍ യതി കിടക്കും കട്ടിലിന്റെ അടിയില്‍ ഗൃഹസ്ഥന്റെ സുന്ദരിയായ ഭാര്യ കിടക്കും. രണ്ടു മക്കള്‍ ബാക്കി സ്ഥലത്തു കിടക്കും. ഗൃഹസ്ഥന്‍ മുറിയുടെ വാതിലില്‍ കാലുകള്‍ പുറത്തും ശരീരം അകത്തുമായി കിടക്കും. രാവിലെ, ഉള്ള സൗകര്യത്തില്‍ യതി കുളിച്ചു വരുമ്പോള്‍ ഗൃഹനാഥന്‍ ഒരു അലക്കിയ മുണ്ട് കൊടുക്കും. മുണ്ടിന്റെ തുമ്പില്‍ കുറേ നാണയങ്ങള്‍ കെട്ടിയിട്ടുണ്ടാകും. അന്നത്തെ ആവശ്യത്തിന് ഒരു സന്യാസി നേരിട്ട കടുത്ത പരീക്ഷണങ്ങള്‍. ബോംബെ മുഴുവന്‍ അലഞ്ഞു തീര്‍ത്ത യതി കോന്നിയ്ക്കടുത്തുള്ള മലയോര ഗ്രാമത്തിലെ സ്വന്തം വീട്ടിലും എത്തി. അമ്മ മുറ്റത്ത് ഒരു പര്‍ണ്ണശാല ഉണ്ടാക്കിക്കൊടുത്തു. നിത്യ അവിടെ കഴിഞ്ഞു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍, പലരും ഭ്രാന്തനായി നിരീക്ഷിച്ചിരുന്ന നിത്യ ഹെര്‍മ്മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയെപ്പോലെ പര്‍ണ്ണശാലയും ഉപേക്ഷിച്ച് കന്യാകുമാരിയിലെ പ്രസിദ്ധമായ ഒരു ആശ്രമത്തില്‍ എത്തി. അവിടെ കുറേ നാള്‍ കഴിഞ്ഞു. അവിടുത്തെ അന്തരീക്ഷവും പിടിക്കാതെ വന്നപ്പോള്‍ യതി ആ ആശ്രമവും ഉപേക്ഷിച്ചു. എന്തു ചെയ്യണം എന്നറിയാതെ ഈ സന്യാസി വിവേകാനന്ദ നഗരത്തില്‍ പകച്ചു നിന്നു.

കടയ്ക്കാവൂരില്‍ ഒരു ഉറ്റമിത്രം ഉണ്ട്. ആ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. തീവണ്ടിയില്‍ കയറി കടയ്ക്കാവൂരിന് ടിക്കറ്റെടുത്തു. ഉറങ്ങിപ്പോയി. ഞെട്ടി ഉണര്‍ന്നപ്പോള്‍ വണ്ടി കടയ്ക്കാവൂരും കഴിഞ്ഞു വര്‍ക്കലയില്‍ എത്തിയിരുന്നു. നിത്യ ഇറങ്ങാനായി ചാടി എഴുന്നേറ്റു. അപ്പോള്‍, നടരാജഗുരു കയറി വരുന്നു. യതിയോടു അവിടിരിക്കാന്‍ പറഞ്ഞു. നടരാജഗുരു ഊട്ടിയ്ക്കു രണ്ടു ടിക്കറ്റെടുത്തു. നടരാജഗുരു ഒന്നും മിണ്ടിയില്ല. അവര്‍ ഫേണ്‍ഹില്ലിലെ ഗുരുകുലത്തിലെത്തി. അങ്ങനെ നിത്യചൈതന്യയതി ഒരു ശ്രീചക്രം പൂര്‍ത്തിയാക്കി. വീണ്ടും നടരാജഗുരുവിന്റെ പ്രിയശിഷ്യനായി.
ആകസ്മികതയാര്‍ന്ന മറ്റൊരു സംഭവം കൂടി ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. വര്‍ക്കല ഗുരുകുലത്തില്‍ തന്നെയാണ് സംഭവം. ഒരു ദിവസം ആശ്രമം പട്ടിണിയിലായിരുന്നു. ആരും ഒന്നും കഴിച്ചിട്ടില്ല. രാത്രി ആയപ്പോള്‍ നടരാജഗുരു കയറി വരുന്നു. കൊടുക്കാന്‍ ഒന്നുമില്ല. യതി അടുക്കള അരിച്ചു പെറുക്കി. ആശ്രമത്തില്‍ യതി ഉള്‍പ്പെടെ മൂന്നു സന്യാസികളാണ് ഉണ്ടായിരുന്നത്. അടുക്കളയുടെ ഒരു മൂലയില്‍ അടുത്ത ദിവസം പോസ്റ്റര്‍ ഒട്ടിക്കാന്‍ വെച്ചിരുന്ന അല്പം ഗോതമ്പുപൊടി കണ്ടു. നിത്യ ആ മാവുകൊണ്ട് കഷ്ടിച്ചു ഒരു ചപ്പാത്തി ഉണ്ടാക്കി. ചപ്പാത്തിയും ഒരു ഗ്ലാസ് വെള്ളവുമായി ഗുരുവിന്റെ മുന്നില്‍ വെച്ചു. നടരാജഗുരു ആ ചപ്പാത്തി നാലായി കീറി. ഒരു കഷണം കഴിച്ച് വെള്ളവും കുടിച്ചിട്ടു പറഞ്ഞു ”ബാക്കി നിങ്ങള്‍ കൊണ്ടുപോയി കഴിക്കുക’ നിത്യയ്ക്കു രാത്രി അങ്ങനെ ഉറക്കം വന്നില്ല. അടുത്ത ദിവസം നടരാജഗുരുവിന് എന്തു കൊടുക്കും എന്ന ചിന്ത ആയിരുന്നു വെളുപ്പിന് ഒരു ബഹളം കേട്ട് നിത്യ എണീറ്റു. നോക്കിയപ്പോള്‍ ഒരു കാളവണ്ടിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നു. ‘ഒരു ചാക്ക് അരി, കുറേ പച്ചക്കറികള്‍. ഏതാനും വാഴക്കുലകള്‍’ എന്നിവ. ഏതോ ഭക്തന്‍ കൊണ്ടുവന്നതാണ്! സേതുവിന്റെ ഒരു കഥയില്‍ പറയുന്നതു പോലെ, ‘കാറ്റും കൈകളും വിത്തുകള്‍ എറിയുന്നു. ചിലതു മുളയ്ക്കുന്നു. ചിലതു മുളയ്ക്കുന്നില്ല. ഇതിന്റെയൊക്കെ പൊരുളറിയാന്‍ നമ്മളാരാണ്?’
നടരാജ ഗുരുവിന് ഒടുവില്‍ പക്ഷാഘാതം ആയിരുന്നു. നിത്യാ, നിനക്കീ രോഗം വരാതെ സൂക്ഷിക്കണമെന്ന് നടരാജഗുരു പറയുമായിരുന്നു. തുടര്‍ന്ന് ഗുരുകുലത്തില്‍ നിത്യചൈതന്യയതിയുടെ ഊഴമായി. നിത്യയുടെ ഭാഷ സാഹിത്യഭംഗിയാര്‍ന്നതായിരുന്നു. ആ ഭാഷ വളരെ വേഗം വായനക്കാരെ ആകര്‍ഷിച്ചു. പൂവും കനിയും ആയ ഉപനിഷത്തും വേദവും നിത്യ, സര്‍ഗ്ഗഭംഗിയില്‍ വ്യാഖ്യാനിച്ചു. ഗുരുദേവനെ പരിപൂര്‍ണ്ണതയില്‍ തിരിച്ചറിഞ്ഞ നടരാജഗുരുവിന്റെ വേദാന്ത പ്രപഞ്ചത്തെ നിത്യ, കേരളത്തനിമയില്‍ പരാവര്‍ത്തനം ചെയ്തു.

നിത്യചൈതന്യയതി മികച്ച പ്രഭാഷകനും ആയി. ലോകത്തിലെ വലിയ പ്രഭാഷകര്‍ക്കുണ്ടായിരുന്ന ആകാരസൗഷ്ഠവം നിത്യയ്ക്കും അനുഗ്രഹമായിരുന്നു. യതി കുറിപ്പുകള്‍ ഇല്ലാതെ ഒന്നര മണിക്കൂറോളം പ്രഭാഷണം നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വലിയ സദസ്സുകളും ഉണ്ടായി. ഇതിനിടയില്‍ നിത്യ മികച്ച ഗ്രന്ഥങ്ങളും ഇറക്കി. എല്ലാം ബെസ്റ്റുസെല്ലറുകളുമായി. ഒരു കാലഘട്ടത്തിന്റെ ആത്മീയതയെത്തന്നെ നിത്യ സ്വന്തം കരവലയത്തിനുള്ളിലാക്കി. ഒടുവില്‍ നടരാജഗുരുവിനെപ്പോലെ നിത്യയേയും ‘പക്ഷാഘാതം’ ചുഴറ്റിയടിച്ചു. പക്ഷെ, കാലം കൊടുത്ത കനി ആയി നിത്യ ‘രോഗത്തെ’ പരിചരിച്ചു. ‘തനിയാവര്‍ത്തന’ത്തെ തൊഴു കൈകളോടു സ്വീകരിക്കുകയായിരുന്നു. ഗുരുദേവന്റെ ചിന്തകളെ കാലാനുസൃതമായി വ്യാഖ്യാനിച്ച പ്രതിഭയാര്‍ന്ന സന്യാസി ആയിരുന്നു നിത്യചൈതന്യയതി. ശേഷിപ്പുകളെ തീര്‍ച്ചയായും കാലം സൂക്ഷിക്കും.

Author

Scroll to top
Close
Browse Categories