ജാതി ഉന്മൂലനവും സ്ത്രീയും
നമ്മുടെ മിക്ക സാമൂഹിക പരിഷ്‌കര്‍ത്താക്കളും നേതാക്കളും പണ്ഡിതന്മാരും ഒന്നുകില്‍ ജാതീയതയിലോ അല്ലെങ്കില്‍ പുരുഷാധിപത്യത്തിലോ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇവയെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി കണ്ട് അവയെ സമഗ്രമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജാതിക്കെതിരെ ശബ്ദിക്കുന്ന സാംസ്‌കാരിക നായകരൊന്നും പുരുഷാധിപത്യത്തെ പ്രധാന പ്രശ്‌നമായോ ജാതിയെ നിലനിര്‍ത്തുന്നതിനുള്ള അതിന്റെ പങ്കിനെക്കുറിച്ചോ വിശകലനം ചെയ്യുന്നില്ല എന്ന് മാത്രമല്ല സംസാരിക്കുന്നതേയില്ല.
സ്ത്രീ യ്ക്ക് ആരില്‍നിന്നാണ് വിമോചനം വേണ്ടത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബ്രാഹ്മണിക പുരുഷാധിപത്യത്തില്‍നിന്ന്. പക്ഷേ സിനിമയിലൂടെയും സാഹിത്യത്തിലൂടെയും വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ട ഈ ചോദ്യം തന്നെ എത്രയേറെ പുരുഷകേന്ദ്രീകൃതമാണെന്ന് നമ്മള്‍ ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീയേയും പുരുഷനേയും അല്ലെങ്കില്‍ സ്ത്രീയേയും കുടുംബത്തേയും ശത്രുപക്ഷങ്ങളില്‍ നിര്‍ത്തി അതിലൂടെ സ്ത്രീയെ ഒരു ദുഷ്ട കഥാപാത്രമായി ചിത്രീകരിക്കാന്‍ ഉതകുന്ന ചോദ്യമാണിത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്ത്രീകളുടെ ചരിത്രം ജാതിയുടെ ചരിത്രം തന്നെയാണ്. എ.എസ്. ആള്‍ട്ടേക്കറുടെ ആശയങ്ങളാണ് ഒരു ശരാശരി വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരന്റെ സ്ത്രീ ചരിത്ര മനസ്സിലാക്കലുകളെ രൂപീകരിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയ്ക്ക് എതിരായി ചമയ്ക്കപ്പെട്ട കൊളോണിയല്‍ വാര്‍പ്പ് മാതൃകകള്‍ക്കെതിരെ പടപൊരുതിയ ഒരുപറ്റം ദേശീയ ചരിത്രകാരന്മാരുടെ പന്തിയില്‍പ്പെട്ട ഒരു ചരിത്രകാരനായിരുന്നു എ.എസ്. ആള്‍ട്ടേക്കര്‍. ഈ ചരിത്രകാരന്മാര്‍ കൊളോണിയല്‍ മിത്തുകള്‍ക്കെതിരെ പോരാടിയെങ്കിലും പലപ്പോഴും ശാസ്ത്രീയ ചരിത്ര രചനാ രീതികളല്ല ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഭാരതത്തിന്റെ ‘നഷ്ടപ്പെട്ട പുരാതന മഹത്വം’ വീണ്ടെടുക്കാനും പ്രാചീന ഇന്ത്യന്‍ ചരിത്രത്തെ പൊലിപ്പിച്ച് കാണിക്കാനുമുള്ള പ്രവണതകള്‍ ഈ ചരിത്രകാരന്മാരില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആള്‍ട്ടേക്കര്‍ തന്റെ ‘ഹിന്ദു സംസ്‌കാരത്തിലെ സ്ത്രീകളുടെ സ്ഥാനം’ എന്ന കൃതിയില്‍ (1956) ആദിമ വേദ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഒരു സുവര്‍ണ്ണ കാലമുണ്ടായിരുന്നെന്നും പില്‍ക്കാല വേദ കാലഘട്ടത്തില്‍ ആ സ്ഥാനം നഷ്ടമായെന്നും വാദിക്കുന്നു.
ഈ ‘സുവര്‍ണ്ണകാലഘട്ടത്തില്‍’ സ്ത്രീകള്‍ക്ക് തങ്ങളുടെ ഇണകളെ തീരുമാനിക്കാനും വിദ്യാഭ്യാസം നേടാനും ഭര്‍ത്താവിനോടൊപ്പം വൈദീക യാഗങ്ങളില്‍ പങ്കെടുക്കാനും, എന്തിന് ചില ശ്ലോകങ്ങള്‍ വരെ രചിക്കാനും ഉള്ള അധികാരങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആള്‍ട്ടേക്കറും അദ്ദേഹത്തെ പിന്‍പറ്റിയ പണ്ഡിതരും വാദിച്ചു. ആള്‍ട്ടേക്കര്‍ നിര്‍മ്മിച്ച സ്ത്രീകളുടെ ഈ സുവര്‍ണ്ണ കാലഘട്ടം വെല്ലുവിളിക്കപ്പെടാത്ത ഒരു സത്യമെന്നപോലെ കുറേക്കാലം നിലനിന്നു. ഗാര്‍ഗ്ഗി, ലോപമുദ്ര, മൈത്രേയി എന്നീ വൈദീക രചനകള്‍ നടത്തിയ സ്ത്രീകളുടെ പേരുകള്‍ക്ക് അങ്ങനെ ചിരപ്രചാരണം ലഭിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നെന്ന കൊളോണിയല്‍ പ്രചരണത്തിനെതിരെ ഒരു ശക്തമായ വാദമായി ഇത് കുറേക്കാലം നിലനിന്നു.
നാളുകള്‍ക്ക് ശേഷം ഫെമിനിസ്റ്റ് ചരിത്രകാരിയായ ഉമാ ചക്രവര്‍ത്തിയുടെ മൂര്‍ച്ചയേറിയ ഒറ്റ ചോദ്യത്തിന് മുന്നില്‍ ആള്‍ട്ടേക്കേറിയന്‍ മാതൃക തകര്‍ന്നുവീണു. ഇതായിരുന്നു ആ ചോദ്യം; വേദകാലത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഏത് സ്ത്രീകളെക്കുറിച്ചാണ് ആള്‍ട്ടേക്കര്‍ പ്രതിപാദിക്കുന്നത്? ബ്രാഹ്മണ, ക്ഷത്രിയ (അതായത് വേദ കാലത്ത് രജന്യ എന്ന് വിളിക്കപ്പെട്ട) സ്ത്രീകള്‍ക്ക് മാത്രമാണ് ആള്‍ട്ടേക്കര്‍ പറഞ്ഞ സ്വാതന്ത്രങ്ങളില്‍ ചിലതെങ്കിലും ലഭ്യമായിരുന്നത്. ശൂദ്ര സ്ത്രീകളെ ശാരീരികവും ലൈംഗീകവുമായി ചൂഷണം ചെയ്തതിനുള്ള തെളിവുകളുടെ സൂചനകള്‍ ആദിമ വേദകാലം മുതലേ നിലനിന്നിരുന്നു എന്ന് ഉമാ ചക്രവര്‍ത്തി തെളിയിച്ചു. ശൂദ്ര പുരുഷന്മാരുടെ പോലെ തന്നെ ശൂദ്ര സ്ത്രീകളുടെ കായിക ശേഷി പിഴിഞ്ഞെടുക്കുന്നത് ഇടയ-കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍നിന്ന് പൂര്‍ണ്ണമായ കാര്‍ഷീക വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന വൈദിക സമൂഹത്തിന് അത്യന്താപേക്ഷിതമായിരുന്നു.
കാര്‍ഷികവൃത്തിയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക ഉത്പാദനം നടത്താനായി താരതമ്യേന ഒരു വലിയ ജനസംഖ്യ ആവശ്യമായിരുന്നു. ഇതിനുവേണ്ടിയും ചൂഷണം ചെയ്യപ്പെട്ടത് ശൂദ്ര സ്ത്രീകളുടെ സന്താനോത്പാദന കഴിവായിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളില്‍ ഈ ചൂഷണത്തിന്റെ വിപുലീകരണത്തിനാണ് ഇന്ത്യന്‍ ചരിത്രം സാക്ഷ്യം വഹിച്ചത്. ‘ആര്യന്മാരുടെ’ ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ള കൂട്ടങ്ങളെ ചാതുര്‍വര്‍ണ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് അവരെ ആ അധികാര ശ്രേണിയുടെ ഏറ്റവും താഴെക്കിടയില്‍ മാത്രമുള്ള സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ ഈ കൂട്ടങ്ങളിലേക്ക് പുരുഷാധിപത്യം പൂര്‍ണ്ണമായും കടന്നുവന്നു. ക്രമേണ ആര്യസംസ്‌കാരവും അതിനോടൊപ്പം വര്‍ണ്ണാശ്രമ ധര്‍മ്മ സങ്കല്‍പ്പങ്ങളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പല പ്രദേശങ്ങളിലേക്കും പടര്‍ന്നു. ഈ പ്രക്രിയയെ ആര്യവത്കരണം എന്നാണ് ചരിത്രകാരൻമാര്‍ വിശേഷിപ്പിക്കുന്നത്. ആര്യവത്കരണത്തിന്റെ വ്യാപനം ഒരു സാംസ്‌കാരിക അധിനിവേശം മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പുരുഷാധിപത്യവത്കരണം കൂടിയായിരുന്നു എന്ന് ഞാന്‍ വാദിക്കുന്നു.
ഡി.ഡി. കൊസാംബിയുടെ ‘പുരാവൃത്തവും യാഥ്യാര്‍ഥ്യവും: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍’ (Myth and Reality: Studies in the Formation of Indian Culture, 1962) എന്ന കൃതിയില്‍ 1962-ല്‍ തന്നെ ഇന്ത്യയില്‍ ആര്യന്മാരുടെ വരവിനു മുന്‍പുതന്നെ മാതൃദേവതാ സങ്കല്‍പ്പങ്ങള്‍ നിലനിന്നിരുന്നു എന്ന് പ്രതിപാദിക്കുന്നു. ഈ സങ്കല്‍പ്പങ്ങള്‍ ഒരു മാതൃദായ ക്രമത്തെയോ അല്ലെങ്കില്‍ മാട്രിയാര്‍ക്കിയെയോ ആണ് സൂചിപ്പിക്കുന്നത് എന്നും കോസംബി വാദിക്കുന്നു. സംഘകാല കൃതികളിലും മാതൃദായ ക്രമത്തിന്റെ സൂചനകളുണ്ട്. അതുമാത്രമല്ല പില്‍ക്കാല സംഘകൃതികളില്‍ പോലും വടക്കേ ഇന്ത്യയിലെ ചരിത്ര പശ്ചാത്തലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആണ്‍ മേല്‍ക്കോയ്മയുടെ തോത് താരതമ്യേന കുറവാണ്. എന്നാല്‍, പില്‍ക്കാല സംഘ കൃതികളില്‍ പ്രത്യേകിച്ച് തിരുക്കുറള്‍, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ രചനകളുടെ സമയത്ത് ആണ്‍കോയ്മ സാവധാനം ഉയര്‍ന്നുവരുന്നത് കാണാന്‍ സാധിക്കും. മാതൃദായക്രമത്തോടൊപ്പം ആണ്‍മേല്‍ക്കോയ്മ പ്രബലമായി നിലവില്‍ വരുന്നത് ദക്ഷിണേന്ത്യ പ്രത്യേകിച്ച് കേരളം ഒരു ക്ഷേത്ര കേന്ദ്രീകൃത സാമ്പത്തികവ്യവസ്ഥയിലേക്ക് മാറിയതിന് ശേഷമാണ്. പലപ്പോഴും നായര്‍ ജാതി ഉള്‍പ്പെടെയുള്ള ചില ജാതി സമൂഹങ്ങളില്‍ മാത്രം കണ്ടിരുന്ന മാതൃദായക്രമത്തെ കേരളത്തിലുടനീളം നിലനിന്നിരുന്ന വ്യവസ്ഥയായി സാമൂഹ്യശാസ്ത്ര പണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിച്ചു. ഒന്‍പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനം, പതിനൊന്നാം നൂറ്റാണ്ടിലെ ജൂത ശാസനം തുടങ്ങി നിരവധി ശാസനങ്ങളില്‍ പല ദായക്രമങ്ങള്‍ നിലനിന്നതായുള്ള തെളിവുകളുണ്ട്.
പല പ്രദേശങ്ങളിലായി പല ജാതികള്‍ക്കിടയില്‍ നിലനിന്നിരുന്ന പല ദായക്രമങ്ങളെ ഒറ്റ പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ കുടക്കീഴില്‍ കൊണ്ടുവരികയാണ് ബ്രിട്ടീഷ് കൊളോണിയലിസം ചെയ്തത്.
‘ജാതി ഉന്മൂലനം’ എന്ന അംബേദ്കറിന്റെ വിശ്വ വിഖ്യാതമായ കൃതിയില്‍ അദ്ദേഹം ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ജാതിയുടെ അടിസ്ഥാനം നമ്മള്‍ വിശ്വസിക്കുന്നതുപോലെ തൊഴില്‍ തന്നെയാണോ എന്നത്. അങ്ങനെയാണെങ്കില്‍ ബ്രാഹ്മണ സ്ത്രീയുടേയും ക്ഷത്രിയ സ്ത്രീയുടേയും തൊഴില്‍ എന്ത് എന്നും അംബേദ്കര്‍ ചോദിക്കുന്നു. ബ്രാഹ്മണന്റെ തൊഴില്‍ പൂജ ചെയ്യല്‍ ആണെന്നിരിക്കേ ബ്രാഹ്മണ സ്ത്രീയ്ക്ക് പൂജ ചെയ്യാനുള്ള അധികാരമുണ്ടോ? തൊഴില്‍ അടിസ്ഥാനത്തിലാണ് ജാതിയെങ്കില്‍ പൂജ ചെയ്യാത്ത ബ്രാഹ്മണ സ്ത്രീ എങ്ങനെ ബ്രാഹ്മണ ജാതിയാകും? സ്വന്തം ജാതിയിലെ പുരുഷനെ സേവിക്കുകയാണ് സ്ത്രീയുടെ ജോലി എങ്കില്‍ ബ്രാഹ്മണ സ്ത്രീയുടെയും ശൂദ്ര പുരുഷന്റെയും ജാതി ഒന്നല്ലേ? അങ്ങനെയാണെങ്കില്‍ എല്ലാ സ്ത്രീകളും ശൂദ്ര വര്‍ണ്ണത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് ജാതിവാദികള്‍ സമ്മതിക്കുമോ? അതായത്, സമൂഹത്തില്‍ എല്ലാവരുടെയും തൊഴിലിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് പുരുഷന്റെ മാത്രം തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി നിര്‍വ്വചിക്കപ്പെടുന്നത്. ജാതി സങ്കല്‍പ്പങ്ങളില്‍ നിന്ന് സ്ത്രീകളുടെ ഈ മാറ്റിനിര്‍ത്തല്‍ തന്നെ വ്യക്തമാക്കുന്നത് തൊഴില്‍ അടിസ്ഥാനത്തിലല്ല മറിച്ച് ജാതി മനുഷ്യരെ, പ്രത്യേകിച്ച് അടിസ്ഥാന വിഭാഗങ്ങളെ ചൂഷണം ചെയ്യാന്‍ കെട്ടിപ്പടുത്ത ഒരു ആചാരബദ്ധ വ്യവസ്ഥയായിരുന്നു എന്നാണ്.
ജാതിയുടെ ഏറ്റവും വലിയ സത്ത എന്ന് വിശേഷിപ്പിക്കാവുന്നത് സ്വജാതിവിവാഹമാണ് (endogamy). ജാതിയുടെ മറ്റ് എല്ലാ ഘടകങ്ങളും തുടച്ചുനീക്കാനായാലും സ്വജാതി വിവാഹം നിലനിന്നാല്‍ ജാതിയും അതില്‍ അന്തര്‍ലീനമായ ഉച്ചനീചത്വ സങ്കല്‍പ്പങ്ങളും ഒരിക്കലും നിലംപതിക്കുകയില്ല എന്നുമാത്രമല്ല ശക്തമായി തുടരുകയും ചെയ്യും.
ലൂയി ഡ്യുമോണ്ട് തന്റെ ‘ഹോമോ ഹൈറാര്‍ക്കിക്കസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ജാതിയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ‘ശുദ്ധ. അശുദ്ധ സങ്കല്പങ്ങള്‍’ ആണ് എന്നാണ്. ഈ ശുദ്ധ, അശുദ്ധ സങ്കല്പങ്ങളെ ആചാര നിബദ്ധതയിലൂടെയും ജീവിത സംസ്‌കാര ക്രിയകളിലൂടെയും (life cycle rituals) ഊട്ടിയുറപ്പിച്ചുകൊണ്ടും നിരന്തരം പുനരാവിഷ്‌കരിച്ചുകൊണ്ടുമാണ് ജാതി എന്ന വ്യവസ്ഥ നിലകൊള്ളുന്നത്. ഭൗതീകമായതോ മൂര്‍ത്തമായതോ ആയ ഒരു യുക്തി ഈ ശുദ്ധ, അശുദ്ധ സങ്കല്പങ്ങള്‍ക്കില്ല. മറിച്ച് ശുദ്ധ-അശുദ്ധ ജാതികളുടെ ഉച്ചനീചത്വങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ആചാര പദവിയാണ് (ritual status). ഇങ്ങനെയാണെങ്കില്‍പ്പോലും ശുദ്ധത, അശുദ്ധത എന്നീ ആശയങ്ങള്‍ പലപ്പോഴും രക്ത ശുദ്ധിയോടു ചേര്‍ത്തുവച്ചാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. ജാതി സങ്കലനത്തെക്കുറിച്ചുള്ള സംഭ്രാന്തി മനുസ്മൃതി തുടങ്ങിയ സ്മൃതി ഗ്രന്ഥങ്ങളുടെ ഏറ്റവും കാതലായ ഉത്കണ്ഠയാണ്. ജാതിയുടെ രക്തശുദ്ധി നിലനിര്‍ത്തുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാണ്. സ്ത്രീകളെ അവര്‍ക്ക് താത്പര്യമുള്ള പങ്കാളികളില്‍നിന്ന് മാറ്റിനിര്‍ത്തുകയും സ്വജാതിബന്ധങ്ങളില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വമായി (പലപ്പോഴും അക്രമത്തിലൂടെ പോലും) തളച്ചിടുകയും ചെയ്യുന്ന രീതി സ്മൃതി കാലഘട്ടത്തിലെന്നപോലെ തന്നെ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണല്ലോ. 2018-ല്‍ നടന്ന ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ 93 % വിവാഹങ്ങളും അറേഞ്ച്ഡ് മാര്യേജുകള്‍ ആണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ അറേഞ്ച്ഡ് മാര്യേജുകള്‍ സ്വജാതീ വിവാഹത്തിന്റെ പര്യായമാണെന്നിരിക്കേ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യന്‍ സ്ത്രീകളുടെ പാരതന്ത്ര്യത്തെ തന്നെയാണ്. 2021-ലെ ബി.ബി.സി. റിപ്പോര്‍ട്ട് അനുസരിച്ച് നഗരങ്ങളില്‍ താമസിക്കുന്ന ഇന്ത്യ ക്കാരില്‍പോലും 10 % ല്‍ താഴെ മാത്രമാണ് സ്വന്തം കുടുംബത്തില്‍ ആരെങ്കിലും ജാതിക്ക് വെളിയില്‍ വിവാഹം കഴിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
സതി-സ്ത്രീധന മരണം എന്ന
ജാതിക്കൊലകള്‍
ഏകദേശം 2000 വര്‍ഷങ്ങളായി രാജ്യത്തെ കുടുംബ വ്യവസ്ഥ പുരുഷാധിപത്യപരവും ജാതി നിബ ദ്ധവുമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. എന്നാല്‍ ഈ അനീതിപരമായ വ്യവസ്ഥയുടെ വില്ലന്‍ പുരുഷനല്ല മറിച്ച് ജാതിയാണ് എന്ന് നമ്മളില്‍ എത്രപേര്‍ തിരിച്ചറിയും. കുടുംബത്തിലെ സ്ത്രീകളുടെ ലൈംഗീകതയുടെ നിയന്ത്രണമാണ് കാരണവന്മാരുടെ ഉത്തരവാദിത്വം എന്നത് അലിഖിത നിയമമായി ഇപ്പോഴും നിലനില്‍ക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹവും പുതു തലമുറയുടെ ഉത്പാദനവും മാതാപിതാക്കളുടെ സ്ഥിര വേവലാതിയാവുന്നത് ഇതിനാല്‍ത്തന്നെയാണ്. ജാതിയുടെ മതിലുകള്‍ക്കുള്ളില്‍ത്തന്നെ സ്വന്തം മക്കളെ നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് യുവതികളുടെ പല സ്വാതന്ത്രങ്ങളും ഇല്ലാതാക്കപ്പെടുന്നത്. സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം, ഉപരിപഠനം, ജോലി നിര്‍ണ്ണയം, എന്നീ സുപ്രധാനമായ തീരുമാനങ്ങളുടെ മേല്‍ എല്ലാം തന്നെ സ്വജാതി വിവാഹമെന്ന ‘ഡെമോക്ലസ്സിന്റെ വാള്‍’ തൂങ്ങിനില്‍ക്കുന്നുണ്ട്.
ജാതിയും സ്ത്രീകളുടെ മേലുള്ള അക്രമവും തമ്മിലുള്ള ബന്ധം ഏറ്റവും ലളിതമായും എന്നാല്‍ മൂര്‍ച്ചയോടെയും എടുത്തുകാട്ടിയത് ഡോ. ബി. ആര്‍. അംബേദ്കറിന്റെ ‘മിച്ച സ്ത്രീ സിദ്ധാന്തമാണ് (surplus women theory). അദ്ദേഹത്തിന്റെ ‘ഇന്ത്യയിലെ ജാതികള്‍: അവയുടെ ഉല്പത്തി, പ്രവര്‍ത്തനം, വികാസം’ എന്ന കൊളംബിയ സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് ഈ സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അദ്ദേഹത്തിന്റെ വാദത്തിന്റെ സംക്ഷിപ്തം ഇങ്ങനെയാണ്: ജാതി നിലനില്‍ക്കണമെങ്കില്‍ ഏതൊരു ജാതിക്കൂട്ടത്തിലും വിവാഹപ്രായത്തിലുള്ള സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം തത്തുല്യമായിരിക്കണം. അല്ലെങ്കില്‍ മിച്ചം വരുന്ന സ്ത്രീയോ പുരുഷനോ ജാതിക്കുവെളിയില്‍ വിവാഹം ചെയ്യേണ്ടതായി വരും. യഥാര്‍ത്ഥ സമൂഹങ്ങളില്‍ വിവാഹപ്രായത്തിലുള്ള സ്ത്രീ-പുരുഷന്മാരുടെ എണ്ണം ഒരിക്കലും തുല്യമാകുകയില്ല. നൈസര്‍ഗ്ഗീകമായ ഇണയെക്കണ്ടെത്തല്‍രീതികളാണ് നമ്മള്‍ പിന്തുടരുന്നതെങ്കില്‍ മിച്ച സ്ത്രീയും മിച്ച പുരുഷനും വരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍, ജാതിനിബദ്ധമായ ഒരു സമൂഹത്തില്‍ മിച്ചം വരുന്ന സ്ത്രീയും പുരുഷനും സാമൂഹീക ഭീഷണിയായി നിലനില്‍ക്കും. ഈ ഭീഷണിയുടെ ഏറ്റവും വലിയ രൂപമാണ് വിധവകള്‍. കാരണം ഒരു കൂട്ടത്തില്‍ സാങ്കല്പീകമായെങ്കിലും എണ്ണത്തില്‍ സമമായിരുന്ന ആണ്‍-പെണ്‍ അനുപാതത്തിന്റെ പുറത്തുനില്‍ക്കുന്ന സംഖ്യയാണ് വിധവ എന്ന സ്ത്രീ. ഈ സ്ത്രീക്ക് ഒരു ഇണയെ കണ്ടുപിടിക്കണമെങ്കില്‍ കൂട്ടത്തിലെ മറ്റ് സ്ത്രീകളുടെ അവസരം നിഷേധിക്കേണ്ടിവരും. ഇതോടൊപ്പം സ്വത്തവകാശങ്ങളും കൂടിച്ചേരുമ്പോള്‍ ഈ സ്ത്രീയൊരു ബാധ്യതയായി മാറും. അതുകൊണ്ട് ഈ മിച്ച സ്ത്രീയെ ഇല്ലാതാക്കുന്ന പ്രക്രിയയാണ് സതി എന്ന ക്രൂരമായ ദുരാചാരമായി പരിണമിച്ചത് എന്ന് അംബേദ്കര്‍ വാദിക്കുന്നു. മിച്ച സ്ത്രീകളെ അഥവാ വിധവകളെ ജാതിക്ക് വെളിയില്‍ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ സതി പോലുള്ള ദുരാചാരങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും ഉദ്ഭവിക്കുകയില്ലായിരുന്നു. അതുകൊണ്ടുതന്നെ സതി എന്നത് ആത്യന്തീകമായി ഒരു ജാതിക്കൊലയെ ന്യായീകരിക്കുന്ന വ്യവസ്ഥയായിരുന്നു.
അംബേദ്കറിന്റെ ‘മിച്ച സ്ത്രീ സിദ്ധാന്തം’ കേരളത്തില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന സ്ത്രീധന കൊലകളെയും സ്ത്രീധന തുകയുടെ വന്‍തോതിലുള്ള വര്‍ദ്ധനവിനെയും വിശദീകരിക്കാന്‍ ഫലപ്രദമാണ്. ആനുപാതികമായി സ്ത്രീകള്‍ കൂടുതലുള്ള കേരളത്തില്‍ (1000 പുരുഷന്മാര്‍; 1058 സ്ത്രീകള്‍) ഓരോ ജാതിയിലുമുള്ള വിവാഹക്കമ്പോളത്തില്‍ ഏറ്റവും ‘യോഗ്യരായ’ വരന്മാരുടെ എണ്ണം വിവാഹ പ്രായത്തിലുള്ള സ്ത്രീകളെക്കാളും കുറവായിരിക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട് എന്നത് സ്ഥിതിഗതികളെ വീണ്ടും സങ്കീര്‍ണമാക്കുന്നു. കാരണം പൊതുവെ ജോലി, പഠനം, വരുമാനം, എന്നീ മാനകങ്ങളില്‍ വധുവിനേക്കാള്‍ വരന്‍ ഒരു പടിയെങ്കിലും മേലെ നില്‍ക്കണം എന്ന നിര്‍ബന്ധവും വിവാഹ വ്യവസ്ഥയ്ക്ക് ഉണ്ടല്ലോ. ഇതിനാല്‍ ഓരോ ജാതിയിലുമുള്ള ‘യോഗ്യരായ’ വരന്മാരുടെ എണ്ണം വളരെ കുറവായതുകൊണ്ട് തന്നെ അവര്‍ ആവശ്യപ്പെടുന്ന സ്ത്രീധനത്തുകയെ വധുവിന്റെ വീട്ടുകാര്‍ക്ക് അംഗീകരിക്കേണ്ടതായി വരുന്നു. ഇത് സ്ത്രീധനത്തിന്റെ നിരക്ക് മാത്രമല്ല സ്ത്രീധന കൊലപാതകങ്ങളുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നു.
ചുരുക്കത്തില്‍, പുരുഷാധിപത്യമെന്ന വിപത്ത് ജാതി അടിച്ചമര്‍ത്തലുമായും തിരിച്ചും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ പരിഹരിക്കാം എന്നത് അസാധ്യമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മിക്ക സാമൂഹീക പരിഷ്‌കര്‍ത്താക്കളും നേതാക്കളും പണ്ഡിതന്മാരും ഒന്നുകില്‍ ജാതീയതയിലോ അല്ലെങ്കില്‍ പുരുഷാധിപത്യത്തിലോ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇവയെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി കണ്ട് അവയെ സമഗ്രമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ജാതിക്കെതിരെ ശബ്ദിക്കുന്ന സാംസ്‌കാരിക നായകരൊന്നും പുരുഷാധിപത്യത്തെ പ്രധാന പ്രശ്‌നമായോ ജാതിയെ നിലനിര്‍ത്തുന്നതിനുള്ള അതിന്റെ പങ്കിനെക്കുറിച്ചോ വിശകലനം ചെയ്യുന്നില്ല എന്ന് മാത്രമല്ല സംസാരിക്കുന്നതേയില്ല. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാതെ ജാതീയതയെ തുടച്ചുമാറ്റുന്നത് അസംഭവ്യമെന്ന് അക്കാദമിക പഠനങ്ങളും ചരിത്രവും ചൂണ്ടിക്കാണിക്കുമ്പോഴും പുരുഷ കേന്ദ്രീകൃത സാമൂഹീക-രാഷ്ട്രീയ വ്യവഹാരങ്ങളെ ജാതിക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പോലും ചോദ്യം ചെയ്യുന്നില്ല. മറുപക്ഷത്ത് മിക്ക സ്ത്രീപക്ഷ സംഘടനകളും ഫെമിനിസ്റ്റുകളും ജാതിക്കെതിരെ നിശബ്ദമായിരിക്കുന്നു.
വര്‍ഗ്ഗത്തെയും കുടുംബ വ്യവസ്ഥയെയും മുതലാളിത്തത്തെയുമെല്ലാം നിശിതമായി വിമര്‍ശിക്കുമ്പോഴും ജാതീയതയെക്കുറിച്ചോ ദുരഭിമാന കൊലകളെക്കുറിച്ചോ ദളിത് ബഹുജന്‍ ഫെമിനിസ്റ്റുകളല്ലാത്ത ഫെമിനിസ്റ്റുകളാരും ശബ്ദമുയര്‍ത്തുന്നില്ല. ഇന്ത്യയിലെ ഫെമിനിസ്റ്റ് ഇടങ്ങള്‍ പൊതുവെ സവര്‍ണ്ണ ഇടങ്ങളായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവയില്‍ ദളിത്-ബഹുജന്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നത് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ ഫെമിനിസ്റ്റ് വേദികളില്‍ ദളിത്-ബഹുജന്‍ പ്രശ്‌നങ്ങളെ കൂടുതല്‍ അക്കാദമീക വിഷയങ്ങളായി കാണുകയും പലപ്പോഴും ഗവേഷണ താത്പര്യാര്‍ത്ഥം സവര്‍ണ്ണ ഫെമിനിസ്റ്റുകള്‍ അവര്‍ണ്ണ ഫെമിനിസ്റ്റുകളുമായി കൈകോര്‍ക്കുന്നതും കാണാറുണ്ട്. ഇതൊരു യഥാര്‍ത്ഥ സഹോദരി ബന്ധമായി തീരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഞാന്‍ ഇവിടെ വാദിക്കാന്‍ ശ്രമിക്കുന്നത് – ഈ രണ്ടു വിഭാഗവും പരസ്പരം പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും വേണം എന്നാണ്. കാരണം അവര്‍ക്ക് ഒരു പൊതു ശത്രുവിനെയാണ് പരാജയപ്പെടുത്തേണ്ടത്- ബ്രാഹ്മണീക പുരുഷാധിപത്യം.