കണ്ണെറിയാൻ കൊതിപ്പിക്കുന്ന മാജിക്
കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ ഒരു ക്രിയേറ്റീവ് റൈറ്ററുടെ ആവശ്യമില്ല. പാരമ്പര്യ രീതിയിലുള്ള കഥകൾ വീണ്ടും വീണ്ടും നിർമിക്കാൻ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനോ ഇന്നത്തെ കാലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ മതിയാകും.
ഓരോ കഥയും വിവിധ ധ്രുവങ്ങളിലേക്ക് വിരൽചൂണ്ടുന്നവയാണ്.പറയേണ്ട കാര്യങ്ങളെ ഫലിതത്തിന്റെ നേർത്ത പാട കൊണ്ട് പൊതിഞ്ഞ് അവിടിവിടെ നിക്ഷേപിച്ചിരിക്കുന്നു. ചിലപ്പോഴെല്ലാം ചില കഥാപാത്രങ്ങൾ ദിശാബോധം ഒട്ടുമില്ലാതെ അലഞ്ഞു നടക്കുന്നു എന്ന് നമുക്ക് തോന്നുമെങ്കിലും ഉത്സുകരായി അടുത്ത വരിയിലേക്ക് കണ്ണെറിയാൻ കൊതിപ്പിക്കുന്ന ഒരു മാജിക് കഥകളിലുടനീളം കഥാകൃത്ത് ഒരുക്കിവച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ബ്ലർബിൽ പറയും പോലെ മഹദ് കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പരമ്പരാഗത സാഹിത്യ ബദ്ധപ്പാടിൽ നിന്ന് കഥാകൃത്ത് പൂർണ്ണസ്വതന്ത്രൻ തന്നെയാണ്.
ചോദ്യം: (1) ദ്വന്ദ്വയുദ്ധം എന്ന കഥയിൽ വ്യത്യസ്തമായ ഒരു ആവിഷ്കാര രീതിയാണുള്ളത്.പാരമ്പര്യരീതി പിന്തുടർന്നാലും കഥ പറച്ചിൽ സാധിക്കുമെന്നിരിക്കെ എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം ?.
ഉത്തരം: കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ ഒരു ക്രിയേറ്റീവ് റൈറ്ററുടെ ആവശ്യമില്ല. പാരമ്പര്യ രീതിയിലുള്ള കഥകൾ വീണ്ടും വീണ്ടും നിർമിക്കാൻ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനോ ഇന്നത്തെ കാലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ മതിയാകും. ഇതിൽ പാരമ്പര്യം എന്നൊരു ചോദ്യമുണ്ട്. അത് എന്നു തുടങ്ങിയെന്ന് എങ്ങനെ പറയാൻ പറ്റും? ഇതാണ് പാരമ്പര്യം എന്നു നമ്മൾ തീരുമാനിച്ചു കഴിഞ്ഞാൽ, അതിനു മുമ്പുള്ള സംഭവത്തെ റിജക്ട് ചെയ്തിട്ടാണ് ആ അവസ്ഥ എത്തിയിട്ടുള്ളത് എന്നോർക്കണം. അതുകൊണ്ട് പാരമ്പര്യം എന്ന വാക്ക് ‘ഫിക്സഡ്’ അല്ല. അതൊരു തുടർച്ചയാണ്. പുതിയ കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്ത്, സ്ഥിരമായി പരിണാമം സംഭവിക്കുന്ന കാര്യമാണ്. ചിലർ ഇന്ന ഇടത്തുനിന്ന് തുടങ്ങുന്നു എന്നു വാദിക്കും. അപ്പോൾ പാരമ്പര്യം അതാണെന്ന് അവർ വിചാരിക്കും. പക്ഷേ അതിനു മുൻപും ലോകവും ഭാവനയും കഥകളും കഥപറച്ചിൽ രീതികളും ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ വ്യക്തിപരമായ അഭിപ്രായം, തീർച്ചയായും എന്തെങ്കിലും രീതിയിലുള്ള പുതുമയുള്ള ഒരു ആവിഷ്കാരമാണ് യഥാർഥത്തിൽ സാഹിത്യത്തിനു വേണ്ടത്. അതിനുള്ള ശ്രമം എന്ന രീതിയിലാണ് ഞാൻ അത്തരം കാര്യങ്ങൾ ആലോചിക്കുന്നത്.
ചോദ്യം: (2) കന്യകയും കാമുകനും എന്ന കഥയിൽ കന്യകാത്വവും ആകുലതകളും ആ കഥ കൊണ്ട് ഉദ്ദേശിച്ചത് വായനക്കാർ അത് വായിച്ച് ചിരിക്കണമെന്നോ അതോ ചിന്തിക്കണമെന്നോ ?’
ഉത്തരം: കാലത്തിനനുസരിച്ച് നമ്മുടെയൊക്കെ സങ്കൽപത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകും, അട്ടിമറികൾ ഉണ്ടാകും .കന്യകാത്വം എന്നു പറയുന്നതും അതു സംബന്ധിച്ച ചർച്ചകളും ഇതുപോലെ ഒരുപാട് സംവാദങ്ങൾക്കും ആലോചനകൾക്കും വിധേയമായിട്ടുള്ളതാണ്. ഒരു കാലത്തുള്ള ഒരു സങ്കൽപമല്ല പിന്നീട് ഉണ്ടാവുക . ഇത് ഒരു പത്തുപതിനഞ്ചു വർഷം മുമ്പ് എഴുതിയ കഥയാണ്. നമ്മുടെ പുതിയ ഇൻഫർമേഷൻ എക്സ്പ്ലോഷന്റെയും തുറന്ന ചർച്ചകളുടെയും ഒക്കെ കാലത്ത് ഈ കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലം എന്നത് വളരെയധികം വിപ്ലവങ്ങൾ നടന്നിട്ടുള്ള കാലമാണ്. പൊളിറ്റിക്കൽ കറക്റ്റ്നസ് കാര്യത്തിലും ഒക്കെ. അപ്പോൾ, അതുപോലുള്ള ചർച്ചയ്ക്ക് വിധേയമായ വിഷയമാണെന്നേ ഇതിനർഥമുള്ളൂ. കാലത്തിന്റെ ഒരു സങ്കല്പം അല്ലെങ്കിൽ ആലോചനകൾ ഒക്കെ അതിൽ വന്നിട്ടുണ്ട്. സ്വാഭാവികമായി ഒരു തിയറി എന്ന രീതിയിൽ ഈ കന്യകാത്വവും അല്ലെങ്കിൽ അവ പോലുള്ള സംഭവങ്ങളെയും കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരം പരിഹാസ്യതയുണ്ട്. അതാണ് അതിൽ പറഞ്ഞിരിക്കുന്നത്. അതിൽ ചിരിക്കണോ കരയണോ എന്ന് വായനക്കാരൻ തീരുമാനിക്കേണ്ട പ്രശ്നമാണ്. കാരണം കഥ എന്നു പറയുന്നത്, കഥയിൽ അവതരിപ്പിക്കുന്ന ആശയം എന്നു പറയുന്നത്, യഥാർത്ഥത്തിൽ കഥാകൃത്തിന്റേതു മാത്രമല്ലല്ലോ. അത് വായനക്കാരൻ അയാളുടെ സാംസ്കാരികമായ അഭിപ്രായവും ശേഷിയും ഉപയോഗിച്ച് തിരസ്കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതാണ്. ഒരു കഥയെ പറ്റിയുള്ള അഭിപ്രായത്തിന്, ആസ്വാദനത്തിന് ഒരു പ്രത്യേക വായനക്കാരനും ആ കഥയും തമ്മിലുള്ള ബന്ധമാണുള്ളത്. മറ്റൊരു വായനക്കാരന്റെ ആലോചന അങ്ങനെയാകണമെന്നില്ല. അങ്ങനെ ഒരു വ്യത്യസ്തത വരുമ്പോൾ മാത്രമേ കഥയും അല്ലെങ്കിൽ കലയും അതുവഴിയുള്ള ആശയസംവേദനവും സജീവമാവുകയുള്ളൂ, സമഗ്രമാവുകയുള്ളൂ, ജൈവികമാവുകയുള്ളൂ .
ചോദ്യം: (3) തിരുവനന്തപുരം താങ്കൾക്ക് ഒരു ലഹരി പോലെ അനുഭവപ്പെടുന്നു പറഞ്ഞുതീരാത്ത കാഴ്ചകൾ വീണ്ടും വീണ്ടും വിവരിക്കാൻ തുടിക്കും പോലെ, എന്താണ് ആ ആത്മബന്ധം ?
ഉത്തരം: തിരുവനന്തപുരം എന്റെ ജന്മസ്ഥലമല്ല, രണ്ടു പതിറ്റാണ്ടായി എന്റെ കർമസ്ഥലമാണ്. അതിനു വളരെ മുമ്പ് എന്റെ പഠനസ്ഥലമാണ്. ഏതൊരു സ്ഥലത്തും നമ്മൾ താമസിക്കുകയും അല്ലെങ്കിൽ അവിടെ നിന്ന് നമ്മൾ ആലോചിക്കുകയും ചെയ്യുകയാണെങ്കിൽ, ആ സ്ഥലത്തിന്റെ ചരിത്രം, അതിന്റെ പഴമ, പുതിയ പ്രത്യേകതകൾ, അതിന്റെ ആത്മാവ്, അതിലെ മണ്ടത്തരങ്ങൾ, അതിലെ തമാശകൾ, അതിന്റെ ദുഃഖങ്ങൾ ,ആ സ്ഥലം നമ്മളെ ഓർമിപ്പിക്കുന്ന ചില വഞ്ചനകൾ ഒക്കെ ഉയർന്നുവരുമല്ലോ. ഇതൊക്കെ യഥാർത്ഥത്തിൽ ആ സ്ഥലത്തു നിൽക്കുന്ന ഒരാളിന്റെ കൂടി ആലോചനകളായി മാറും. പിന്നെ നമുക്കതിൽ കൗതുകം ഉണ്ടോ ഇല്ലയോ എന്നതു മാത്രമാണ് കാര്യം. പല സ്ഥലങ്ങളിൽ ഞാൻ താമസിച്ചിട്ടുണ്ട്. ഏറെക്കാലം കോട്ടയം പോലുള്ള പ്രദേശങ്ങളിൽ. ഇതുപോലെ തന്നെ കോട്ടയത്തെ പറ്റിയുള്ള ഒട്ടനവധി കഥകൾ അക്കാലത്ത് ഞാൻ എഴുതിയിട്ടുണ്ട് .പക്ഷേ തിരുവനന്തപുരത്തിനെ സംബന്ധിച്ച് എനിക്ക് മനസ്സിലായിട്ടുള്ളത്, ചരിത്രം ഉറങ്ങിക്കിടക്കുന്നു എന്നൊക്കെ നമ്മൾ പറയുമല്ലോ, എന്നാൽ അങ്ങനെയുമല്ല ഇത്. നമ്മൾ വെറുതെ നടന്നു പോകുന്ന മണ്ണ് ഒന്ന് ചെറുതായി മാന്തി നോക്കിയാൽ അതിനകത്തുനിന്നു യുദ്ധങ്ങളുടെയും പ്രതികാരങ്ങളുടെയും പ്രണയത്തിന്റെയും വഞ്ചനയുടെയും ഒക്കെ ചരിത്ര നിമിഷങ്ങളായിരിക്കും ഉയർന്നു വരിക. അപ്പോൾ ചിലപ്പോൾ നമുക്ക് കിട്ടുന്ന കഥാപാത്രങ്ങളും ഈ മണ്ണിൽ നിന്ന് വരുന്നവരാകും. ആ മണ്ണിന്റെ ചരിത്രവും രഹസ്യങ്ങളും ഒക്കെ ആ കഥാപാത്രത്തിൽ ഉണ്ടാകും . ഈ രഹസ്യങ്ങളും ചരിത്രകൗതുകവും ഒക്കെ വ്യക്തിപരമായി എനിക്കും ഇഷ്ടമുള്ളതായതിനാൽ ഈ കഥാപാത്രങ്ങളിലേക്കും അവ കടന്നുവരുന്നു എന്നു മാത്രമേയുള്ളൂ.
ചോദ്യം: (4) താഴത്തങ്ങാടിയിൽ ഇന്നത്തെ കവികുലങ്ങളെ പഴമയിൽ ചേർത്ത് പരിഹസിക്കുന്നതായി കാണാം. ഒരു പരസ്യ വിമർശനത്തിന്റെ ആവശ്യമുള്ളപ്പോൾ രഹസ്യ വിമർശനം വേണ്ടിയിരുന്നോ?
ഉത്തരം: താഴത്തങ്ങാടി എന്ന കഥ ചരിത്രത്തിലെ ഒരു സാഹിത്യ സന്ദർഭത്തിന്റെ വിശകലനമോ വിചാരണയോ ഒക്കെയാണ്. സത്യത്തിൽ അത് എപ്പോഴും സമകാലികമായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം എഴുത്തുകാരന്റെ വിധേയത്വം എവിടെ കിടക്കുന്നു എന്നതാണു ചോദ്യം. എഴുത്തുകാരന്റെ വിധേയത്വം അയാളോടു തന്നെയാണ് എന്നു വളരെ കാര്യമായൊക്കെ പറയുമെങ്കിലും, നമുക്കറിയാം പുതിയ കാലത്തുള്ള പല എഴുത്തുകാരും ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം ചേർന്നുനിന്ന് നേട്ടം, സാഹിത്യ നേട്ടം ലഭിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടല്ലോ. സമീപകാലത്ത് അത് ഏറ്റവും ലജ്ജാകരമായി വന്നിരിക്കുകയാണ്. കാരണം വ്യക്തിപരമായ സത്യസന്ധതയുള്ള ഒരു വിധേയത്വം ഇല്ല. അപ്പോഴത്തെ ഭരണാധികാരി ആയിരിക്കും അവർക്ക് സ്തുതി പാടാൻ സൗകര്യം കിട്ടുന്ന ആൾ. വളരെ പ്രതിഭാശാലികൾ എന്നു നമ്മൾ വിചാരിക്കുന്ന ആളുകൾ പോലും, ഈ സ്തുതിപാടലിനു ലജ്ജയില്ല എന്നുള്ള രീതിയിലാണ് അതു നടത്തുന്നത് . മറ്റൊരു ഭരണാധികാരി വന്നു കഴിഞ്ഞാൽ യാതൊരു മന:പ്രയാസവും ഇല്ലാതെ ഇവർ ചുവടു മാറ്റും. ഇത് ഉണ്ണായിവാര്യരുടെ കഥയിൽ അക്കാലത്ത് സന്നിവേശിപ്പിച്ചതാണ്. അത് കഴിഞ്ഞു കാലം എത്ര പോയിട്ടും അതുതന്നെ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ രഹസ്യമോ പരസ്യമോ ആയ വിമർശനം എന്നുള്ളതല്ല, ക്രിയേറ്റീവ് ആയ ഒരു വിമർശനത്തിനുള്ള ഒരു ശ്രമം എന്നതു മാത്രമാണ്. അന്ന് സർഗാത്മകമായി നടത്തിയ ആ വിമർശനം ഇന്നും പ്രസക്തമാണ് എന്നു കാണുമ്പോൾ അതു മറ്റൊരു രസം .
ചോദ്യം: (5) പ്രിൻസ് ഓഫ് ഡെന്മാർക്കിന്റെ പ്രേതം വായനാനുഭവം വ്യത്യസ്തമായിരുന്നു ഒരു കഥ എന്നതിലുപരി നാടക ശൈലിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഖ്യാന രീതി കൈക്കൊണ്ടത് ?
ഉത്തരം: നാടക ശൈലിയും കഥ ശൈലിയും തമ്മിൽ എന്ത് വ്യത്യാസം? അത് രണ്ടും ഗദ്യത്തിന്റെ ഓരോ മാതൃകകളാണ്. മാത്രമല്ല ഈ നാടകം എന്നൊക്കെ പറയുന്നത് ഒരു റിട്ടൺ ടെക്സ്റ്റ് എന്നതിനപ്പുറം, ഓരോന്നിന്റെയും സംവേദന സാധ്യതകളാണ് തേടുന്നത്. ആ സാധ്യതകൾ വച്ചിട്ടാണ് അത് സിനിമയാണോ നാടകമാണോ വില്ലടിച്ചാൻപാട്ടാണോ കഥയാണോ കവിതയാണോ എന്നൊക്കെ തീരുമാനിക്കുന്നത്. നാടകത്തിലാകുമ്പോൾ തീർച്ചയായും സംഭാഷണങ്ങൾ കൂടും. എന്നാൽ സംഭാഷണങ്ങൾ മാത്രമുള്ള കഥകളുമുണ്ട്. അതിനെ നമുക്ക് നാടകം എന്ന് വിളിക്കാൻ പറ്റുമോ ? സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ നാടകമാകും എന്ന് മാത്രമേയുള്ളൂ. ‘പ്രിൻസ് ഓഫ് ഡെന്മാർക്കിന്റെ പ്രേതം’ എന്ന കഥയിൽ എഴുത്തു പ്രക്രിയയെപ്പറ്റിയുള്ള സംഭാഷണങ്ങളാണു വരുന്നത് . ഡയലോഗ് ആകുമ്പോൾ അതിന് ഒരു നാടക രൂപമുണ്ടോ എന്നു വായനക്കാരനു സന്ദേഹം ഉണ്ടാകാം എന്നുമാത്രമേയുള്ളൂ. ഈ കഥയിൽ, നാടകത്തിന്റെ പ്രോംപ്റ്റർ, അതായത് പിന്നിൽ നിന്നു പറഞ്ഞു കൊടുക്കുന്ന ആൾ സംസാരിക്കുന്നുണ്ട്. നാടകത്തിൽ മാത്രമല്ല ജീവിതത്തിൽ മുഴുവൻ ഇങ്ങനെ പിന്നിൽ നിന്ന് ആളുകൾ ഓരോന്ന് പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ പറഞ്ഞു നമ്മളെ പ്രവർത്തിപ്പിക്കുകയാണ്. അത് നമ്മൾ അറിയുന്നില്ല. അപ്പോൾ ഇത്തരം സംഭവങ്ങൾ ഒക്കെ വച്ചിട്ട്, ഇതു യഥാർഥത്തിൽ നാടകം തന്നെയല്ലേ എന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. പക്ഷേ കഥ എന്ന രീതിയിൽ തന്നെയാണു പ്രസിദ്ധീകരിക്കാൻ ഞാൻ തീരുമാനിച്ചത്. വായനക്കാരൻ ഇതിന്റെ ഒരു നാടക സ്വഭാവം മനസ്സിലാക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.