ലീല :സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ജിജ്ഞാസക്കൊടി

ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ നിര്‍മ്മലപ്രണയം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിരഹഭീതിയെയും തരണം ചെയ്ത് അതിഭൗതികമായ വിജയം കൈവരിക്കുന്നതാണ് ലീലയിലെ പ്രമേയം.സ്ത്രീയുടെ അസ്വതന്ത്രതയെക്കുറിച്ച് നേരിട്ട് തന്നെ കവി ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീവിമോചനത്തെ സംബന്ധിച്ച ബീജരേണുക്കള്‍ കവിബോധത്തില്‍ അന്തര്‍ലീനമായിരുന്നു എന്ന് കരുതണം

ഭൗതികതയും അതിഭൗതികതയും വിസ്മയകരമായി സമ്മേളിച്ചിരിക്കുന്നതിനാല്‍ അപഗ്രഥിക്കുവാന്‍ വിഷമമുള്ള കുമാരനാശാന്റെ കാവ്യമാണ് ലീല. പുറമേക്ക് ലാളിത്യവും സ്ഫുടവുമായ ഘടന എന്ന് തോന്നിക്കുമെങ്കിലും പലതരം ദര്‍ശനങ്ങളുടെ മിന്നിമറയലില്‍ ലീലാകാവ്യത്തിന്റെ ഏതു വ്യാഖ്യാനവും പരിമിതിയുള്ളതായി തീരുന്നു.

പെണ്‍സഞ്ചാരത്തിന്റെ നിരവധി മേഖലകളെ കാവ്യം തൊടുന്നുണ്ട്. ഒരു പെണ്ണിന്റെ അകംയാത്രയെയും പുറംയാത്രയെയും കലാത്മകതയോടെ ആവിഷ്‌കരിക്കാന്‍ ആശാന് കഴിഞ്ഞിട്ടുണ്ട്. പെണ്‍ സ്വാതന്ത്ര്യത്തിന്റെ ജിജ്ഞാസക്കൊടി ലീലാകാവ്യത്തില്‍ അഭംഗുരം പാറുന്നു. പെണ്ണിന്റെ ഉടലിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ആലോചനകളാണ് ലീലാകാവ്യത്തെ പ്രസക്തമാക്കുന്നത്.ഈ വിഷയത്തില്‍ ലീലയെ സംബന്ധിച്ച് ചില നിരീക്ഷണങ്ങള്‍ നടത്താനാണ് ഇവിടെ മുതിരുന്നത്.
പേര്‍ഷ്യന്‍ കാവ്യമായ ലൈലാ മജ്‌നുവിന്റെ കഥാസാരം ഒരു ലേഖനത്തില്‍ വായിച്ചതിന്റെ പ്രചോദനത്തിലാണ് ആശാന്‍ ലീല എഴുതുന്നത്. ഈ പ്രചോദനത്തെക്കുറിച്ച് ആശാന്‍ ലീലയുടെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ‘നളിനിയിലെ കഥാപാത്രങ്ങളുടെ അടുത്ത താണപടിയില്‍ എത്തിയിട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണ് പിന്നെ എഴുതേണ്ടതായി തോന്നിയത്. അതുമുതല്‍ അതിനെപ്പറ്റി ഗാഢമായി ചിന്തിക്കുകയും പല സംഗതികളും സ്വരൂപിച്ച് മനസ്സില്‍ ക്രമപ്പെടുത്തി വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ് മാഗസിനില്‍ ആണെന്നു തോന്നുന്നു, പ്രസിദ്ധനായ ഡോ.കുമാരസ്വാമി ഒരു ഉപന്യാസത്തോടുകൂടി ഒരു പേര്‍ഷ്യന്‍ കഥാനായികയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരുന്നതായി കണ്ടു. ആ ചിത്രം മേല്‍പ്പറഞ്ഞ സങ്കല്പത്തെ ഉദ്ദീപിപ്പിച്ചു. എന്നാല്‍ കഥയെപ്പറ്റി വിസ്തരിച്ച് യാതൊന്നും ഉപന്യാസത്തില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. 1911 ജൂലൈ 27 -ാംതീയതിയാണ് ലീല എഴുതിത്തുടങ്ങിയത്. മുന്‍പറഞ്ഞ ചിത്രം ഒരിക്കല്‍ക്കൂടി കാണുകയോ ഉപന്യാസം ഒന്നുകൂടി വായിക്കുകയോ ചെയ്താല്‍ കഥാസൃഷ്ടിയില്‍ വല്ല സഹായവും ഉണ്ടാവാന്‍ മതിയെന്ന് തോന്നുകയാല്‍ അപ്പോള്‍ വീണ്ടും അതിനെപ്പറ്റി അന്വേഷിച്ചെങ്കിലും കിട്ടിയില്ല.ചുരുക്കിപ്പറഞ്ഞാല്‍, ഈ കാവ്യം പോലെ തന്നെ ഇതിന്റെ കഥയും സ്വന്തം ചെറിയ കല്‍പ്പനാശക്തിക്കൊത്തവണ്ണം തന്നെ നിര്‍മ്മിക്കുകയാണ് ചെയ്തിട്ടുള്ളത്.അതുകൊണ്ട് ലീല പൂര്‍വ്വജയായ നളിനിയെപ്പോലെ തന്നെ ഒരു കല്‍പ്പിത കഥയാണ്.’

കവിയുടെ തന്നെ ഈ പറച്ചിലില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ലൈലാ മജ്‌നുവിന്റെ കഥാസാരത്തെ അതേപടി പിന്തുടരുകയല്ല കവി ചെയ്തിരിക്കുന്നത്.എന്നാല്‍ അതില്‍ നിന്ന്, ഇഴവിടര്‍ത്തുന്ന ‘എക്സ്റ്റന്റീവ് ക്രിയേറ്റിവിറ്റി’യാണ് ആശാനില്‍ പ്രവര്‍ത്തിച്ചത്.

ഡോ. എം.ലീലാവതി എഴുതുന്നു : ‘ഒരു കവിയുടെ ദര്‍ശനം എന്നാല്‍ കൃതികളിലൂടെ വാച്യമായി നല്‍കിയിരിക്കുന്ന സന്ദേശം എന്നല്ല കൃതികളിലൂടെ അഭിസംക്രമിക്കുന്ന അനുഭൂതിയുടെ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്ന സത്യം എന്നാണ് അര്‍ത്ഥമാക്കേണ്ടത’്. അങ്ങനെയെങ്കില്‍ ലീലയുടെ അനുഭൂതി സത്യം എന്താണ് ?
ലീല ഒരു ദുരന്ത കാവ്യമാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രസന്ന രാജന്‍ എഴുതുന്നത് നോക്കുക: ‘കരിനീലിച്ച ദുഃഖത്തിന്റെ അന്തരീക്ഷം ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ഈ കാവ്യം കവിയുടെ ദര്‍ശനത്തിന്റെ കണ്ണാടിയും ദുരന്ത ബോധത്തിന്റെ സാക്ഷ്യപത്രവുമാണ്’. ഇതൊരു ദുരന്തകാവ്യമാണ് എന്ന അഭിപ്രായമുണ്ടെങ്കിലും പ്രസന്ന രാജന്‍ വേറിട്ട ഒരു നിരീക്ഷണം അതോടൊപ്പം തന്നെ നടത്തുന്നുണ്ട്.’സ്ത്രീപുരുഷ പ്രേമത്തെപ്പറ്റി കവിക്കുണ്ടായിരുന്ന ദര്‍ശനം ഏറ്റവും നന്നായി പ്രതിഫലിച്ച കാവ്യം ലീലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നതാണത്. പ്രേമത്തെക്കുറിച്ച് ആശാനുള്ള സങ്കല്പം മാത്രമല്ല യഥാര്‍ത്ഥത്തില്‍ പെണ്‍സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേറിട്ട ബോധ്യങ്ങളും ഈ കൃതി ഉള്‍ക്കൊള്ളുന്നു. അതിലേക്കുള്ള ചില സൂചനകളാണ് ഈ ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത് സംഗ്രഹിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ നിര്‍മ്മലപ്രണയം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിരഹഭീതിയെയും തരണം ചെയ്ത് അതിഭൗതികമായ വിജയം കൈവരിക്കുന്നതാണ് ലീലയിലെ പ്രമേയം.സ്ത്രീയുടെ അസ്വതന്ത്രതയെക്കുറിച്ച് നേരിട്ട് തന്നെ കവി ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീവിമോചനത്തെ സംബന്ധിച്ച ബീജരേണുക്കള്‍ കവിബോധത്തില്‍ അന്തര്‍ലീനമായിരുന്നു എന്ന് കരുതണം.

ഭര്‍ത്താവിന്റെ മരണശേഷം അനുഭവത്തിന്റെ ആഴം കൊണ്ട് അവളുടെ ചിന്തകള്‍ പുതിയ പിറവി നേടുന്നുണ്ട്. മദനനോടുള്ള പ്രണയമാണ് അവളെ ധീരമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്ന് പറയാമെങ്കില്‍ക്കൂടി കവിതാചരിത്രത്തില്‍ അതൊരു പെണ്ണിന്റെ വെളിപാടായി മാറുകയാണ്. ലീലയും തോഴിയായ മാധവിയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉറച്ച മനസ്സോടെ ഒരു പെണ്ണ് നടത്തുന്ന ജീവിത പ്രഖ്യാപനങ്ങളാണ്.

വിധിയെ ആര്‍ക്കും തടുക്കാന്‍ കഴിയുകയില്ല. ദയയില്ലാത്ത നിയതി മുറിച്ചുകടക്കാന്‍ കഴിയാത്ത നദി പോലെയാണ.് അതിനെ എതിര്‍ത്ത് ഒരു ജീവിക്കും നീങ്ങാന്‍ കഴിയുകയില്ല എന്നൊക്കെ കവി ആമുഖമായി പറയിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ലീല പ്രകടിപ്പിക്കുന്ന വിമോചനസ്വരം അധികം നിരൂപകര്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു.
വര്‍ത്തക പ്രമാണിയുടെ മകളായ ലീല, അച്ഛനമ്മമാരുടെ വാക്ക് അനുസരിച്ചുകൊണ്ട് വിവാഹത്തിന് തയ്യാറായി എന്നത് മാത്രമാണ് ചെയ്ത തെറ്റ്.
ഭര്‍ത്താവിന്റെ മരണശേഷം അനുഭവത്തിന്റെ ആഴം കൊണ്ട് അവളുടെ ചിന്തകള്‍ പുതിയ പിറവി നേടുന്നുണ്ട്. മദനനോടുള്ള പ്രണയമാണ് അവളെ ധീരമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്ന് പറയാമെങ്കില്‍ക്കൂടി കവിതാചരിത്രത്തില്‍ അതൊരു പെണ്ണിന്റെ വെളിപാടായി മാറുകയാണ്. ലീലയും തോഴിയായ മാധവിയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉറച്ച മനസ്സോടെ ഒരു പെണ്ണ് നടത്തുന്ന ജീവിത പ്രഖ്യാപനങ്ങളാണ്. കാമുകനെ തേടി ഞാനൊരു യാത്ര നടത്തുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം അതിസാഹസികമായ പ്രവര്‍ത്തി തന്നെയാണ്. പ്രത്യേകിച്ചും മദനന്‍ വിന്ധ്യപര്‍വ്വത സാനുക്കളില്‍ എവിടെയോ വിഭ്രാന്തനായി തുടരുന്ന അവസ്ഥയില്‍.അവിടേക്കുള്ള യാത്ര എങ്ങനെയായിരുന്നു എന്ന് കവി വിവരിക്കുന്നില്ല.എന്നാല്‍ അതൊന്നും എളുപ്പമായിരുന്നിരിക്കില്ല.

മാതാപിതാക്കളുടെ മരണമറിയുന്ന ലീല എല്ലാതരം സ്‌നേഹബന്ധങ്ങളുടെയും നൈമിഷികത്വം തിരിച്ചറിയുന്നുണ്ട്. പരിണാമീ മനുഷ്യജീവിതം /സ്ഥിരമാം സ്‌നേഹമനാഥമൂഴിയില്‍. മനുഷ്യ ജീവിതം പരിണാമ പൂര്‍ണ്ണമാണ് എന്ന് തത്വചിന്താപരമായി തിരിച്ചറിയുന്ന പെണ്‍ബോധ്യം ലീല ജീവിച്ച ആ കാലത്തെ സംബന്ധിച്ച് വിപ്ലവാത്മകമായ തിരിച്ചറിവാണ്. സ്ത്രീകള്‍ പ്രസവിക്കുകയും കുഞ്ഞുങ്ങളെ നോക്കി വീട്ടില്‍ മര്യാദയുള്ളവളായി ഇരിക്കേണ്ടവളുമാണ് എന്ന് മലയാളത്തിലെ ആനുകാലികങ്ങളിലെ ഉപന്യാസങ്ങള്‍ സ്ത്രീയെ പഠിപ്പിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് ലീല മനുഷ്യ ജീവിതത്തിന്റെ പരിണാമസാംഗത്യം തിരിച്ചറിയുന്നത്. യൂറോപ്പ്യന്‍ വിദ്യാഭ്യാസം നേടിയ ചില അപൂര്‍വ്വം സ്ത്രീകളെ അനുകരിച്ചുകൊണ്ട് ‘സ്ത്രീകള്‍ പരമാവധി ഗാര്‍ഡനിങ്ങില്‍ പാടവം നേടാം’ എന്ന് സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ജീവിതത്തെ ജൈവശാസ്ത്രപരമായി നിര്‍വചിക്കാന്‍ ശ്രമിച്ച മലയാളത്തിലെ ആദ്യ നായിക കൂടിയാവുകയാണ് ലീല.
മദനനെ കാണാനായി വിന്ധ്യപര്‍വ്വത സാനുവിലേക്ക് പോകാനൊരുങ്ങുന്ന ലീലയോട് മാധവി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ‘ഇത്ര ദൂരം നമ്മള്‍ എങ്ങനെയാണ് പിന്നിടുക ? നീ ലോകാചാരം മറക്കുകയാണ്?സൈ്വര്യണികളെപ്പോലെ നാമെങ്ങനെ പുറത്തിറങ്ങി നടക്കും? ഉന്മാദിനികളാണ് ഇങ്ങനെയൊക്കെ ചെയ്യുക.സഹായികള്‍ ഒന്നുമില്ലാതെ അബലകളായ നമ്മള്‍ എങ്ങനെ വിന്ധ്യപര്‍വതത്തില്‍ എത്തിച്ചേരും’?പോകരുതെന്നും പോയാല്‍ മാനക്കേട് ഉണ്ടാകുമെന്നും വരെ മാധവി പറയുന്നുണ്ട്.
അതിന് ലീല പറയുന്ന മറുപടി അന്നത്തെ സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല.ആചാരങ്ങളും വിലക്കുകളും കണക്കിലെടുത്ത് യാത്ര ചെയ്യാതെ എല്ലാം സഹിക്കണം എന്നു പറയുന്നത് ശരിയല്ല.മാത്രമല്ല ഒന്നുകൂടി ലീല കൂട്ടിച്ചേര്‍ക്കുന്നു.ആചാരങ്ങള്‍ എന്നത് എന്നും നിത്യമായി നില്‍ക്കുന്നതല്ല. അതെന്നും മാറിമറിയാവുന്നതാണ്.ലോകാചാരങ്ങള്‍ എന്നത് മനുഷ്യന്റെ ബാഹ്യവശം മാത്രമാണ്.

മദനന്‍ എന്ന ആണിലേക്ക് എത്താന്‍ വേണ്ടിയാണെങ്കിലും സ്‌നേഹം എന്ന ആശയത്തെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ. ഈ സന്ദര്‍ഭത്തെ രാഷ്ട്രീയമായി അനുധാവനം ചെയ്തു കൊണ്ടാണ് മലയാള കവിതയിലെ മറ്റെല്ലാ പെണ്‍വിമോചകരും സംസാരിച്ചത്.

മദനന്‍ എന്ന ആണിലേക്ക് എത്താന്‍ വേണ്ടിയാണെങ്കിലും സ്‌നേഹം എന്ന ആശയത്തെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ. ഈ സന്ദര്‍ഭത്തെ രാഷ്ട്രീയമായി അനുധാവനം ചെയ്തു കൊണ്ടാണ് മലയാള കവിതയിലെ മറ്റെല്ലാ പെണ്‍വിമോചകരും സംസാരിച്ചത്.
മാധവി രേവാനദിയെ നോക്കിക്കൊണ്ട് ചിന്തിക്കുന്നതിലും ദൃഢമായ ചിന്തയുടെ ശകലങ്ങള്‍ ഉണ്ട്.’അസ്ഥിരതയുടെ അചലത്വം നമുക്കറിയാം.അതുകൊണ്ട് അസ്ഥിരതയില്‍ ദുഃഖിക്കേണ്ടതില്ല.അതിലെ സ്ഥിരതയില്‍ ആശ്വസിക്കാം.’ദൃഢനിശ്ചയം മാധവിക്കുണ്ടെങ്കിലും ഒരു സാധാരണ തോഴിയായി അഭിനയിക്കാനാണ് മാധവി കാവ്യത്തില്‍ നിയോഗിക്കപ്പെടുന്നത്.
വിന്ധ്യാപര്‍വതത്തിലേക്കുള്ള അവരുടെ യാത്രയെക്കുറിച്ച് അധികം സൂക്ഷ്മമായ സൂചനകള്‍ കാവ്യത്തിലില്ല .ചില പരിജനങ്ങള്‍ അവരുടെ പുറകെ പുറപ്പെട്ടു എന്ന് പറയുന്നുമുണ്ട്. എന്നാല്‍ പര്‍വ്വതത്തോട് അടുക്കുംതോറും, കാനനത്തോട് അടുക്കുംതോറും അവര്‍ രണ്ടുപേര്‍ മാത്രമായി തീരുന്നു. രണ്ട് പെണ്ണുങ്ങള്‍ മാത്രം. മലയാള കവിതയില്‍ രണ്ട് പെണ്ണുങ്ങള്‍ നടത്തിയ അതിദീര്‍ഘമായ യാത്രയാണത്. നെഞ്ചുറപ്പുള്ള രണ്ട് സ്ത്രീകളുടെ യാത്ര.സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് നടത്തിയ യാത്ര.

ലീലയുടെ ആത്മഹത്യ വളരെ നിസ്സാരമായ സംഗതിയാണ്.അത് കാവ്യത്തിന്റെ ഉള്ളടക്കപരമായ പൂര്‍ണ്ണതയും നാടകീയമായ ആഖ്യാനത്തിനും സഹായിക്കുന്ന ഒരു പറച്ചില്‍ മാത്രമാണ്. അതിനര്‍ത്ഥം ലീല പരാജിതയുടെ കഥയാണ് എന്നല്ല. അത് കഥാപരമായ ഒരു വ്യാഖ്യാനം മാത്രമാണ്. സ്‌നേഹത്തിന്റെ ഒരു വ്യാഖ്യാന തലത്തില്‍ ഉള്ളടക്കപരമായി നോക്കിയാലും ലീല വിജയിക്കുകയാണല്ലോ.
ലീലയുടെ മരണത്തിനുശേഷം മാധവിക്ക് എന്താണ് സംഭവിച്ചത് ? അവള്‍ മരവുരി മാത്രമുടുത്ത് കാട്ടില്‍ തന്നെ കഴിയുകയാണ് ചെയ്യുന്നത്.പ്രകൃതിയോടുള്ള ഇഴുകിച്ചേരലില്‍ നിന്നാണ് മാധവിയുടെ ജീവിതത്തിന്റെ ഉത്തരഭാഗം ആരംഭിക്കുന്നത് എന്നു പറയാം.പ്രകൃതിയോട് ചേര്‍ന്നുകൊണ്ടുള്ള ഒരു വിമോചനത്തിന്റെ പെണ്‍ സാധ്യതയാണ് മാധവി അന്വേഷിക്കുന്നത്.

ഇത്തരത്തില്‍ ലീലയെ പെണ്ണുങ്ങളുടെ കഥയായും പെണ്‍വിമോചനത്തിന്റെ തത്വശാസ്ത്രം മലയാള കവിതയില്‍ കാലേകൂട്ടി മുഴക്കിയ പ്രതിരോധരചനയായും വായിക്കാവുന്നതാണ്.സാങ്കേതിക തലത്തില്‍ പെണ്‍വിമോചനത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ ഇതര കൃതികള്‍ക്ക് കഴിഞ്ഞത് ലീലാകാവ്യത്തിന്റെ ഈ കുതറലില്‍ നിന്നാണ്. ജിജ്ഞാസയുടെ തലത്തില്‍ നിന്നു കൊണ്ടാണെങ്കിലും ആ പെണ്‍ശബ്ദങ്ങള്‍ മുഴക്കമുള്ളതും ചരിത്രത്തെ കുറുകെ കടക്കാന്‍ വെമ്പുന്നതുമാണ്.
9847789337

Author

Scroll to top
Close
Browse Categories