രാജ്യതന്ത്രജ്ഞനായ മഹാകവി
കാലഹരണപ്പെട്ട രാജഭരണത്തെയും ജാത്യാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ബ്രാഹ്മണനെ ഊട്ടുന്ന സമ്പദ്‌വ്യവസ്ഥയെയും സ്വമതക്കാരെ പീഡിപ്പിച്ച് അന്യമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രാകൃത മതബോധത്തെയും ഭരണാധികാരികളുടെ മുഖത്തു നോക്കി ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്തത് കുമാരനാശാനാണ്.
മഹാകവി എന്ന അത്യുന്നതമായ പദവിക്കു മുന്നില്‍ കുമാരനാശാനെന്ന പൗരശ്രേഷ്ഠന്റെ ഉജ്ജ്വലമായ മുഖം മൂടപ്പെട്ടു പോവുകയോ തമസ്‌കരിക്കപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം സെക്രട്ടറിയാകുന്ന 1903 മുതല്‍ ചരമമടയുന്ന 1924 വരെ കേരളത്തിന്റെ സാമുദായികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ആശാനോളം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റാരെങ്കിലുമുണ്ടോ എന്നു സംശയമാണ്. കാലഹരണപ്പെട്ട രാജഭരണത്തെയും ജാത്യാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ബ്രാഹ്മണനെ ഊട്ടുന്ന സമ്പദ്‌വ്യവസ്ഥയെയും സ്വമതക്കാരെ പീഡിപ്പിച്ച് അന്യമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രാകൃത മതബോധത്തെയും ഭരണാധികാരികളുടെ മുഖത്തു നോക്കി ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്തത് കുമാരനാശാനാണ്. മഹാകവി വള്ളത്തോള്‍ ”നവീനാശയനായ ഒരു മഹാകവി” എന്നു വിശേഷിപ്പിച്ച ശേഷം ‘രാജസഭയില്‍ സുധീരനായ ഒരു നീതികോവിദന്‍’ എന്നും ”സ്വസമുദായത്തില്‍ സ്വാര്‍ത്ഥത്യാഗിയായ ഒരു നേതാവ്” എന്നും ആശാനെ സ്മരിക്കുന്നത് അതുകൊണ്ടാണ്. രാജാവും ദിവാന്മാരും ഉദ്യോഗപ്രമുഖന്മാരും ആശാന്റെ വാക്കുകളെ തെല്ലമ്പരപ്പോടെ ചെവിയോര്‍ത്തിരുന്നു എന്നതാണു വാസ്തവം.
മതപരിവര്‍ത്തനത്തിലെ
രാഷ്ട്രീയം
1896ല്‍ ഡോ.പല്പുവിന്റെ നേതൃത്വത്തില്‍ രാജാവിനു സമര്‍പ്പിച്ച ഈഴവ മെമ്മോറിയലില്‍ ഒരൊറ്റ ആവശ്യം മാത്രമേ മുഖ്യമായി ഉന്നയിച്ചിരുന്നുള്ളൂ. അതാകട്ടെ ഹിന്ദുരാജാവിന്റെ ധാര്‍മ്മികബോധത്തിന്റെ കാപട്യം മുഴുവന്‍ തുറന്നു കാണിക്കാന്‍ പര്യാപ്തവുമായിരുന്നു. നോക്കുക: ”നാടൊട്ടുക്ക് ദിവസംപ്രതി പരിഷ്‌കാരങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അടിയങ്ങള്‍ക്ക് പൊന്നുതിരുമേനിയുടെ രാജ്യമായ സ്വരാജ്യത്തേയോ പൊന്നു തിരുമേനിയുടെ മതമായ സ്വമതത്തേയോ ഉപേക്ഷിച്ചെങ്കിലല്ലാതെ പാടില്ലെന്നു വന്നിരിക്കുന്നത് എത്രമാത്രം വ്യസനകരമായ സംഗതിയാണെന്ന് അടിയങ്ങള്‍ക്കു തിരുവുള്ളമുണര്‍ത്തിക്കാന്‍ കഴിയുന്നില്ല” ഏതു രാജാവിനും ലജ്ജ തോന്നേണ്ട ഈ അവസ്ഥ പക്ഷേ ബ്രാഹ്മണദാസ്യം ശിരസാ വഹിച്ച രാജാവ് തിരിച്ചറിഞ്ഞില്ല. ഫലത്തില്‍, ഈഴവര്‍ക്കും, പുലയര്‍ക്കും ക്രിസ്തുമതത്തില്‍ ചേരാന്‍ ഏറ്റവും വലിയ പ്രേരണ നല്‍കിയത് ഹിന്ദുരാജാക്കന്മാരുടെ വികലമായ മതബോധമായിരുന്നു.
സ്വമതത്തില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ ആത്മാഭിമാനവും അവകാശങ്ങളും നേടിയെടുക്കുക എന്ന യത്‌നം യോഗം സെക്രട്ടറി, പ്രജാസഭാസാമാജികന്‍, പത്രാധിപര്‍ എന്നീ നിലകളുടെ ബലത്തില്‍ കുമാരനാശാന്‍ ഏറ്റെടുത്തു. സ്വമതക്കാരെ അമ്പലത്തില്‍ കയറ്റാതെ ആട്ടി ഓടിക്കുകയും അവര്‍ ക്രിസ്തുമതത്തില്‍ ചേരുമ്പോള്‍ പള്ളി പണിയാന്‍ വസ്തുവും പണവും നല്‍കുകയും ചെയ്യുന്ന രാജാവിന്റെ ധാര്‍മ്മികതയെ ആശാന്‍ നിരന്തരം സഭയ്ക്ക് അകത്തും പുറത്തും വിമര്‍ശന വിധേയമാക്കി. ഈഴവരുടെയും പുലയരുടെയും മറ്റ് അധഃസ്ഥിതരുടെയും ജനസംഖ്യയില്‍ ആണ്ടുതോറും സംഭവിക്കുന്ന കുറവ് ചൂണ്ടിക്കാട്ടിയ ശേഷം അങ്ങനെ സംഭവിക്കുന്നത് അവരുടെ പ്രത്യുല്പാദന ക്ഷമതയുടെ കുറവു കൊണ്ടല്ലെന്നും ജാതിപീഡനം സഹിക്കാതെ അന്യമതം സ്വീകരിക്കുന്നതു കൊണ്ടാണെന്നും ആശാന്‍ സ്ഥാപിച്ചു. പുലയ സമുദായത്തിന്റെ സ്‌കൂള്‍ പ്രവേശനത്തിനെതിരായി സവര്‍ണര്‍ സംഘടിക്കാനും ഭരണാധികാരികള്‍ അവര്‍ക്കു കൂട്ടുനില്‍ക്കാനും തുടങ്ങിയപ്പോള്‍ ആശാന്‍ രാജാവിനെ ഇങ്ങനെ ഓര്‍മ്മിപ്പിച്ചു. ”പുലയര്‍ മഹാരാജാവു തിരുമനസിലെ പ്രിയപ്പെട്ട ഹിന്ദുപ്രജകളില്‍ സംഖ്യകൊണ്ട് മൂന്നാമത്തെ വര്‍ഗക്കാരാണ്. ഈശ്വരഭയവും മതാഭിമാനവുമുണ്ടെങ്കില്‍ മറ്റെല്ലാ ഹിന്ദുക്കളുടെയും ഹൃദയപൂര്‍വകമായ അനുകമ്പയ്ക്കും സഹകരണത്തിനും പാത്രമായിരിക്കേണ്ടതാകുന്നു. നേരേ മറിച്ച് വീണ്ടും അവരെ ചവിട്ടിത്താഴ്ത്താന്‍ കാലുയര്‍ത്തുന്നതു മനുഷ്യോചിതമല്ലാത്ത ക്രൗര്യവുമാണ്… ഇവരുടെ ചാത്തനും ചടയനും ഇന്നും പാതിരിയുടെ അടുക്കല്‍ പോയി പേരുമാറ്റി നാളെ ജോണും ജോര്‍ജ്ജുമായി മടങ്ങി വന്നാല്‍ അവരുടെ നേരെയുള്ള ഇവരുടെ ഭാവന എന്തായിരിക്കും. അതുകൊണ്ട് അവരെ സ്‌നേഹിപ്പാന്‍ കഴിഞ്ഞില്ലെങ്കിലും ദ്വേഷിക്കാതിരിക്കണം; സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണം. അതാണു മനുഷ്യത്വം… പുലയരെ ഇനിയും ദ്രോഹിച്ചാല്‍ അവരില്ലാതെയാകും. ചത്തൊടുങ്ങുകയല്ല ചാകാതെ ഒടുങ്ങും. അന്യമതക്കാരായി തീരും. പിന്നെ ഇവര്‍ മേല്‍ജാതിക്കാരെന്നു ഞെളിയുന്നതെങ്ങനെ?”
അന്യമതങ്ങളില്‍ പൂര്‍ണമായി ലയിക്കാതെ കേരളത്തിലെ അവര്‍ണസമൂഹം ഇന്നും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നു. എങ്കില്‍ അതിനു കാരണക്കാര്‍ ഹിന്ദുരാജാക്കന്മാരോ സനാതനികളായ ബ്രാഹ്മണവൈദികരോ അല്ല, ക്രൂരമായ അയിത്താചാരങ്ങളിലൂടെയും ജാതിവിവേചനത്തിലൂടെയും അവര്‍ മതപരിവര്‍ത്തകരുടെ ദല്ലാളായി നിന്നിട്ടേ ഉള്ളൂ. മറിച്ച് ‘മതമേതായാലും മനുഷ്യനു നന്നാ”കാന്‍ കഴിയുമെന്ന ശ്രീനാരായണധര്‍മ്മത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിച്ച കുമാരനാശാന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല.
പൊളിറ്റിക്കല്‍
കറക്റ്റ്‌നസ്
സവര്‍ണാധിപത്യവും വര്‍ഗാധിപത്യവും അരക്കിട്ടുറപ്പിച്ചിരുന്ന വ്യവഹാര ഭാഷയായിരുന്നു നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്നത്. ഒരാളെ വലിയവനോ ചെറിയവനോ ആക്കുന്നത് അവന്റെ വിദ്യാഭ്യാസ യോഗ്യതയോ സമ്പത്തോ സംസ്‌കാരമോ അടിസ്ഥാനമാക്കിയായിരുന്നില്ല; ജാതി മാത്രമായിരുന്നു. ഉയര്‍ന്നജാതിക്കാരന്‍, താണജാതിക്കാരന്‍, കീഴ്ജാതി, മ്ലേച്ഛന്‍, അധഃകൃതന്‍ തുടങ്ങിയ പദങ്ങള്‍ സര്‍ക്കാര്‍ എഴുത്തുകുത്തുകളില്‍ പോലും സര്‍വസാധാരണമായിരുന്നു. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഗാധികാര ഭാഷയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയത് കുമാരനാശാനാണ്. എസ്. രാജഗോപാലാചാരി എന്നൊരു ദിവാന്‍ കടുത്തവര്‍ണാഭിമാനിയും യാഥാസ്ഥിതികനുമായിരുന്നു. ഒരിക്കല്‍ ഈഴവരുടെ സ്‌കൂള്‍ പ്രവേശനത്തെ നിഷേധിച്ചുകൊണ്ട് അദ്ദേഹം കൊടുത്ത മറുപടി ആശാനെ ക്ഷുഭിതനാക്കി. ആശാനെഴുതി: ”ദിവാന്‍ജി ഇതിനു കൊടുത്ത മറുപടി അദ്ദേഹം സഭയില്‍ പ്രദര്‍ശിപ്പിച്ച അനേകം ചാപല്യങ്ങളില്‍ ഒന്നാണെന്നേ ഞങ്ങള്‍ വിചാരിക്കുന്നുള്ളൂ.. പ്രസംഗമധ്യത്തില്‍ പ്രസ്തുത ജാതിക്കാരെപ്പറ്റി Low caste (താണജാതി) എന്ന പദം ഈ വിവരമില്ലാത്ത ദേഹം ഉപയോഗിച്ചിരുന്നത് ഞങ്ങള്‍ ഓര്‍ക്കുന്നു.. സഭ്യമല്ലാത്തതും ക്ഷോഭജനകവുമായ ഈ വാക്കുപയോഗിച്ച പ്രമാദത്തെ അല്ലെങ്കില്‍ മര്യാദകേടിനെ ഞങ്ങള്‍ തല്‍ക്കാലം ക്ഷമിക്കുകയും മേലാല്‍ ഇങ്ങനെ വരാതിരിപ്പാന്‍ നല്ലവണ്ണം സൂക്ഷിച്ചുകൊള്ളണമെന്ന് ദിവാന്‍ജിയോട് ഉപദേശിക്കുകയും ചെയ്യുന്നു”. രാജാവു കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന രാജപ്രമുഖനായ ദിവാനെതിരെ ആശാന്‍ വെല്ലുവിളിയുടെ സ്വരത്തില്‍ പ്രയോഗിച്ച ‘ചാപല്യം’ , ‘വിവരമില്ലാത്ത ദേഹം, സഭ്യമല്ലാത്ത,മര്യാദകേട് എന്നീ വാക്കുകളുടെ ശക്തി നോക്കുക. മാത്രമല്ല, മേലാല്‍ ഇത്തരം ചാപല്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന തെല്ല് ഭീഷണസ്വരത്തില്‍ മുന്നറിയിപ്പു നല്‍കാനും മടിക്കുന്നില്ല.
ഇതേ നിലപാട്, മറ്റൊരവസരത്തില്‍ പി. രാജഗോപാലാചാരി ദിവാനായിരുന്നപ്പോള്‍ പ്രജാസഭയ്ക്കുള്ളില്‍ തന്നെ ആശാന്‍ ഉയര്‍ത്തി. ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ദൂരെ ഒരു കാവ് ഉള്ളതിനാല്‍ സ്‌കൂള്‍ ഈഴവ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കിക്കൂടാ എന്ന റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയായിരുന്നു ആശാന്‍. റിപ്പോര്‍ട്ടിലെ ഉള്ളടക്കം മാത്രമല്ല റിപ്പോര്‍ട്ടിലെ വരേണ്യഭാഷയെയും ആശാന്‍ ഇങ്ങനെ വിമര്‍ശിച്ചു. ”വിദ്യാഭ്യാസവും മന:പരിഷ്‌കാരവും സിദ്ധിച്ചിട്ടുള്ള ഒരാളും മറ്റൊരു സമസൃഷ്ടിയെ നോക്കി ”താണവനെന്നോ”, ”താണവളെ”ന്നോ വിളിക്കാന്‍ ധൈര്യപ്പെടുകയില്ലല്ലോ. പിന്നെ പബ്ലിക് എഴുത്തുകുത്തുകളില്‍ ഈ മാതിരി പദങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ തുനിഞ്ഞിറങ്ങുന്നത് കഷ്ടമാണ്” പാശ്ചാത്യ വിദ്യാസമ്പന്നരായ ദിവാന്മാരും സവര്‍ണ സാമാജികന്മാരും ഒരുപക്ഷേ ആദ്യമായാണ് ജാതിവര്‍ണവര്‍ഗരഹിതമായ ലോകവീക്ഷണവും ഭാഷയും എത്ര വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നു പോന്ന വരേണ്യസവര്‍ണഭാഷ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നു. നവമാനവികതയെക്കുറിച്ച് ശ്രീനാരായണഗുരു മുന്നോട്ടു വച്ച ആശയങ്ങള്‍ അധികാരിവര്‍ഗ്ഗത്തിന്റെ കാതുകളില്‍ ആശാന്‍ കോരി നിറയ്ക്കുകയായിരുന്നു. ഇന്ന് ഏറെ പ്രസക്തമായ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ‘മലയാളിയുടെ പൗരബോധത്തില്‍ കൊണ്ടുവരുന്നതില്‍ ആശാനെന്ന പ്രജാസഭാ മെമ്പറും പത്രാധിപരും യോഗം സെക്രട്ടറിയും കവിയും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. മലയാളിയുടെ കാവ്യഭാഷയെ മാത്രമല്ല നിത്യവ്യവഹാരഭാഷയെയും ഭരണഭാഷയെയും നവോത്ഥാനത്തിലേയ്ക്കു നയിച്ചത് ആശാനാണ്.
ക്ഷേത്രപ്രതിഷ്ഠയിലെ
രാഷ്‌ട്രീയം
ഈഴവ സമുദായത്തിന്റെ ആധ്യാത്മികമായ വളര്‍ച്ച മാത്രമായിരുന്നില്ല ദേവാലയ പ്രതിഷ്ഠകളിലൂടെ ശ്രീനാരായണഗുരു ലക്ഷ്യമാക്കിയത്. അവരുടെ ആത്മാഭിമാന സംരക്ഷണവും സാമ്പത്തികമായ സുരക്ഷയും ഗുരുദേവന്‍ ലക്ഷ്യമാക്കിയിരുന്നു. ക്ഷേത്ര റോഡില്‍ പോലും പ്രവേശനമില്ലായിരുന്നെങ്കിലും തീണ്ടാപ്പാടകലെ മാറി നിന്ന് പണവും വഴിപാടുകളും നല്‍കി ഹിന്ദു ദേവാലയങ്ങളെ സമ്പന്നമാക്കിയിരുന്നു ഈഴവര്‍. ഗുരുദേവന്റെ ഇംഗിതം മനസ്സിലാക്കിയ കുമാരനാശാന്‍ ഈ പ്രവണതയെ പരസ്യമായി തടയാന്‍ മടിച്ചില്ല. ”ഈഴവര്‍ അമ്പലത്തിനു പുറത്തുള്ള വല്ല മ്ലേച്ഛമായ സ്ഥലങ്ങളിലും കടന്ന് വഴിപാടു കഴിച്ച്” പണം പാഴാക്കാതെ സ്വന്തം ക്ഷേത്രങ്ങളില്‍ ആത്മാഭിമാനത്തോടെ ആരാധിക്കുകയാണു വേണ്ടതെന്ന് ഉപദേശിച്ചു. മാത്രമല്ല, ഈഴവരുടെ കൂടി നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ അവര്‍ക്കു പ്രവേശനമനുവദിക്കാത്ത സര്‍ക്കാര്‍ അവര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ദേവാലയങ്ങള്‍ക്ക് സഹായം നല്‍കുകയാണ് വേണ്ടതെന്നു വാദിച്ചു. അതു ചെയ്യാതെ, ഹിന്ദുവെന്നഭിമാനിക്കുന്ന രാജാവ് ക്രിസ്ത്യന്‍ പള്ളികള്‍ക്കു സ്ഥലവും പണവും നല്‍കുന്നതിലെ രാഷ്ട്രീയ ലക്ഷ്യം ആശാന്‍ തുറന്നുകാട്ടി. ബ്രിട്ടീഷ് മേലധികാരികളുടെ നല്ലപിള്ള ചമയാനുള്ള രാജാക്കന്മാരുടെ തന്ത്രമായിരുന്നു അത്. ശ്രീനാരായണഗുരുവാകട്ടെ, പരസ്യമായി തന്നെ ഈഴവര്‍ സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ വഴിപാടുമായി പോകുന്നതിനെ നിരുത്സാഹപ്പെടുത്തി. കാലകാലങ്ങളായി കൊട്ടിയൂരമ്പലത്തിലെ ഇളനീരഭിഷേകവുമായി ബന്ധപ്പെട്ട് ഈഴവസമുദായത്തിന്റെ സമ്പത്തിന്റെ വലിയൊരംശം ചെലവാക്കിക്കൊണ്ടിരുന്നു. മേലില്‍ ഇളനീരഭിഷേകം ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തിയാല്‍ മതിയെന്നും അതിന് കൊട്ടിയൂര്‍ അഭിഷേകത്തെക്കാള്‍ പ്രയോജനമുണ്ടെന്നും ഗുരു മിതവാദി പത്രത്തിലൂടെ പ്രസ്താവന പുറപ്പെടുവിച്ചു. ഈ നില തുടര്‍ന്നാല്‍ സവര്‍ണക്ഷേത്രങ്ങളുടെ അവസ്ഥ ദയനീയമാകുമെന്നു തിരിച്ചറിഞ്ഞ ക്ഷേത്രഭാരവാഹികള്‍ ഗുരുവിനെതിരെ പ്രസ്താവനകളുമായി പ്രത്യക്ഷപ്പെട്ടു.
ആശാനാകട്ടെ, ഗുരുവിന്റെ ക്ഷേത്രസ്ഥാപനത്തിനു പിന്നിലെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിവേകോദയം വഴി തുറന്നെഴുതി. ”ഗുരുക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതു തന്നെ തീയര്‍ക്കു തൊഴാന്‍ കേരളത്തില്‍ ക്ഷേത്രങ്ങളില്ലാഞ്ഞിട്ടല്ല. അവരുടെ നീചമായ ആരാധനകളെ പരിഷ്‌കരിക്കുന്നതിനും മതസംബന്ധമായ സ്വാതന്ത്ര്യം അവര്‍ക്കു ഉണ്ടാക്കിക്കൊടുക്കുന്നതിനുമാകുന്നു” ഒട്ടും പരിഷ്‌കൃതമല്ലാത്ത ആചാരാനുഷ്ടാനമുള്ള കൊട്ടിയൂരമ്പലത്തില്‍ തീയര്‍ ചൊരിയുന്ന പണം ബ്രാഹ്മണക്ഷേത്രഭാരവാഹികള്‍ക്കാണു പോകുന്നത്. മറിച്ച് ജഗന്നാഥ ക്ഷേത്രഭണ്ഡാരത്തില്‍ വീഴുന്ന പണം തീയഭക്തരുടെ നന്മയ്ക്കും അവരുടെ സന്താനങ്ങളുടെ വളര്‍ച്ചയ്ക്കും വിനിയോഗിക്കാന്‍ കഴിയുമെന്ന് ആശാൻ എഴുതി. ഗുരുവിന്റെ ‘പരിഷ്‌കൃത മനസ്സില്‍’ ഈ ചിന്ത എന്നുമുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയ ശേഷം ഇത്രയും കൂടി പറഞ്ഞു: ”അതുകൊണ്ടാണ് അദ്ദേഹം സമുദായത്തിന്റെ നായകനായത്. ഗുഹയില്‍ ഇരുന്നു ‘കഷ്ടതപസ്സു’ ചെയ്യുന്ന യോഗീശ്വരന്മാരില്‍ ആരും ഒരു വര്‍ഗത്തിന്റെ വൈദിക ഗുരുസ്ഥാനം സമര്‍പ്പിക്കാറില്ല. ”വാസ്തവത്തില്‍ ക്ഷേത്ര പ്രതിഷ്ഠകളിലൂടെയും വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക നയങ്ങളിലൂടെയും ഹിന്ദുമതത്തിന് ഒരു ബദല്‍ തന്നെ മുന്നോട്ടു വയ്ക്കുകയായിരുന്നു ഗുരു. നിര്‍ഭാഗ്യവശാല്‍ ഇന്ന്, ശ്രീനാരായണഗുരു സ്ഥാപിച്ച ദേവാലയങ്ങളെ തീയര്‍ പോലും അവഗണിക്കുന്നു. ബ്രാഹ്മണപുരോഹിതന്മാരുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകളും കാണിയ്ക്കയുമായി അവര്‍ പായുന്നു.
വിദ്യാഭ്യാസവും
രാഷ്‌ട്രീയവും
ഏറെ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷമാണ് സവര്‍ണര്‍ക്കൊപ്പം പുലയരെയും ഒരേ ക്ലാസില്‍ ഇരുത്തി പഠിപ്പിക്കാനുള്ള അനുവാദം ദിവാന്‍ നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ ആ നടപടിയെ നഖശിഖാന്തം എതിര്‍ത്ത യാഥാസ്ഥിതികരുടെ പക്ഷത്തായിരുന്നു പാശ്ചാത്യവിദ്യാസമ്പന്നരും പുരോഗമനവാദികളുമെന്നു പേരു കേട്ട നേതാക്കന്‍മാര്‍ പോലും. സവര്‍ണര്‍ക്കൊപ്പം പുലയക്കുട്ടികളെ ക്ലാസില്‍ ഇരുത്തി പഠിപ്പിക്കുന്നത് കാളയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതു പോലെ പ്രാകൃതമെന്നാണ് രാജ്യതന്ത്രജ്ഞനെന്നു പേരു കേട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുഖപ്രസംഗമെഴുതിയത്. അന്നത്തെ കപട പുരോഗമനവാദികളുടെ തനി നിറം തുറന്നു കാട്ടിക്കൊണ്ട് ആശാനെഴുതി. ”ഹര്‍ജിക്കാരെ (യാഥാസ്ഥിതിക ബ്രാഹ്മണര്‍)പ്പറ്റിയല്ല ഞങ്ങള്‍ ആശ്ചര്യപ്പെടുന്നത്. അവരെക്കാള്‍ വിദ്യാഭ്യാസവും മാനസ പരിഷ്‌കാരവും സിദ്ധിച്ചിട്ടുണ്ടെന്നു വിചാരിക്കപ്പെടേണ്ട അവരുടെ ഗൂഢനേതാക്കളെയും അവരെ ധൈര്യപ്പെടുത്തുന്ന ചില പത്രപ്രവര്‍ത്തകരെയും പറ്റിയാകുന്നു” മറ്റൊരവസരത്തില്‍, ഉയര്‍ന്ന ജാതിക്കാരുടെ കുട്ടികള്‍ അശുദ്ധമാകാതിരിക്കാന്‍ ഈഴവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സ്‌കൂളുകള്‍ സ്ഥാപിക്കണം എന്ന പേഷ്‌കാരുടെ നിര്‍ദ്ദേശത്തെ ആശാന്‍ ഇങ്ങനെ ചോദ്യം ചെയ്തു. ”എന്തൊരു വിലയേറിയ അഭിപ്രായം! ജാതികള്‍ക്ക് ഓരോ സ്‌കൂള്‍ സ്ഥാപിക്കണമത്രേ… ചിലരുടെ രാജ്യതന്ത്രജ്ഞതയുടെ ആഴത്തെ വിചാരിച്ചു നോക്കുമ്പോള്‍ തിരുവിതാംകൂറിലെ പരിഷ്‌കാരോദ്യമം എല്ലാംകൂടി ആ പടുകുഴിയിലേക്ക് തള്ളിപ്പോകുമോ എന്നു പേടി തോന്നുന്നു”.
വിദ്യാഭ്യാസം കേവലം ജ്ഞാനസമ്പാദനം മാത്രമല്ലെന്നും അത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന രാഷ്ട്രപുനര്‍നിര്‍മ്മാണം തന്നെയാണെന്നും ആശാന്‍ പഠിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യത്തെപ്പറ്റിയും ആശാനു സുചിന്തിതമായ അഭിപ്രായമുണ്ടായിരുന്നു. ”പാസ്സ് (പരീക്ഷായോഗ്യത) വിദ്യ പഠിച്ചു എന്നുള്ളതിനെ കാണിക്കുന്ന രേഖമാത്രമാണ്…. ഒരുവന്‍ തനിക്കു വിദ്യാഭ്യാസം കൊണ്ടു സിദ്ധിച്ച യോഗ്യത കൊണ്ടു തനിക്കും തന്റെ കുടുംബത്തിനും അതുപോലെ തന്നെ സമുദായത്തിനും യാതൊരു നന്മയും ചെയ്‌വാന്‍ പ്രാപ്തനാകുന്നില്ലെങ്കില്‍ അവന്റെ പാസ്സിന് എന്തുവിലയാണുള്ളത്?”.
നികുതി പിരിവും
രാജ്യക്ഷേമവും
സാമ്പത്തിക നീതിയുടെ ആധുനിക പാഠങ്ങള്‍ തിരുവിതാംകൂര്‍ ഭരണകൂടം കേള്‍ക്കുന്നത് കുമാരനാശാനില്‍ നിന്നാണ്. അധ്വാനം മാത്രം കൈമുതലായ അധഃസ്ഥിത സമുദായങ്ങളുടെ മേല്‍ അന്യായമായ നികുതികള്‍ ചുമത്തി ആ പണം സമ്പന്നരായ ഉയര്‍ന്ന വര്‍ഗക്കാരുടെ സുഖസൗകര്യങ്ങള്‍ക്കു ചെലവഴിക്കുന്ന നയമായിരുന്നു രാജാക്കന്മാരുടേത് നാട്ടില്‍. ഏഴജാതിക്കാര്‍ ദാരിദ്ര്യത്തിലും രോഗത്തിലും നട്ടംതിരിയുമ്പോഴും ബ്രാഹ്മണര്‍ക്ക് സൗജന്യ ഊട്ടുപുരകള്‍ കെട്ടാനും പരദേശി ബ്രാഹ്മണര്‍ക്കു വസ്തുവകകള്‍ ദാനം ചെയ്ത്. ‘ധര്‍മ്മരാജാ’ക്കന്മാരാകാനുമായിരുന്നു ഭരണാധികാരികള്‍ക്കു താല്പര്യം. ആശാന്റെ കാലത്ത് കൃഷി, കച്ചവടം, വ്യവസായം, കൈത്തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന ഈഴവ സമുദായത്തില്‍ നിന്നായിരുന്നു ഖജനാവു നിറയ്ക്കാന്‍ പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ അവരുടെ നികുതിപ്പണം കൊണ്ടു നിര്‍മ്മിക്കുന്ന റോഡുകളിലും സ്‌കൂളുകളിലും അവര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. ഈ അനീതിയെ ആശാന്‍ നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി. ഉത്തരംമുട്ടിയ അധികാരികള്‍ ‘നടപ്പും കീഴ്‌വഴക്കവും’ അനുവദിക്കുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് തടിതപ്പി. പക്ഷേ, അധികാരികളെ ആധുനിക രാജ്യതന്ത്രത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ തന്നെ ആശാന്‍ തയ്യാറായി. ”പാരമ്പര്യം, നടപ്പ് ഈ രണ്ടു പദങ്ങളും കാലദേശാവസ്ഥകളെ അനുസരിച്ച് നിര്‍ണയം ചെയ്യാന്‍ കുഴപ്പമുള്ളവയാകുന്നു. അതുകൊണ്ട് ഈ റിമാര്‍ക്കിന് എന്ത് അര്‍ത്ഥമാണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല. വസ്തുക്കളുടെയും തൊഴിലിന്റെയും മേല്‍ പലവക നികുതികള്‍ ചുമത്തുമ്പോള്‍ ഈഴവര്‍ക്കു ബാധകമാക്കുകയും പുതിയ പരിഷ്‌കാരത്തെയും അവകാശങ്ങളെയും സങ്കടങ്ങളെയും കുറിച്ചു പറയുമ്പോള്‍ മാമൂലിനെയും പിടിച്ചുകൊള്ളുന്ന നിന്ദ്യമായ നയം ഇക്കാലത്തു ഒരു ഗവണ്‍മെന്റിനും ഒത്തതല്ല”
ഏതൊരു പരിഷ്‌കൃത സമൂഹവും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കണം എന്നു വാദിച്ച ആശാനോട് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അതിനനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. വളരെ ലളിതമായി ആശാന്‍ ധനാഗമമാര്‍ഗം ഇങ്ങനെ ഉപദേശിച്ചു. ”പരക്കെ ആക്ഷേപിക്കപ്പെടുന്ന ഊട്ടുപുരകള്‍ക്കായി വിദ്യാഭ്യാസ വകുപ്പില്‍ ചെലവാക്കുന്നതിനെക്കാള്‍ വലുതായ ഒരു സംഖ്യ വ്യയം ചെയ്യപ്പെടുന്നുണ്ട്. ഊട്ടുപുരകളെ ഒരു വര്‍ഗത്തെ (ബ്രാഹ്മണര്‍ ) തീറ്റുന്നതിനുള്ള അടുക്കളയായി പരണമിപ്പിച്ചത് ഇക്കാലത്താകുന്നു. ആ ഭയങ്കരമായ ചെലവിനെ വെട്ടിക്കുറച്ച്” ആ തുക വിദ്യാഭ്യാസത്തിനു ചെലവാക്കുകയാണ് വേണ്ടതെന്നായിരുന്നു ആ ഉപദേശം.
ചില സന്ദര്‍ഭങ്ങളില്‍ ‘പൊന്നുതമ്പുരാ’ന്റെ മര്‍മ്മം പിളര്‍ക്കുന്ന വിമര്‍ശനത്തിനും ആശാന്‍ തയ്യാറായിട്ടുണ്ട്. കാലഗതി കാണാന്‍ കഴിയാത്ത രാജാവിനെ ഞെട്ടിച്ചുണര്‍ത്തുന്നതു നോക്കുക: ”ഇപ്പോഴത്തെ ഭരണരീതി പഴയതല്ലല്ലോ. നികുതി കൊടുക്കുന്ന എല്ലാപേരും രാജാവിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് അര്‍ഹന്മാരാണ്. രാജ്യക്ഷേമം വ്യവസായത്തിലാണു നിലനില്‍ക്കുന്നത്. അതുകൊണ്ടു വ്യവസായികളായ പ്രജകളാണ് ഉദരംഭരികളായ മറ്റുള്ളവരെക്കാള്‍ രാജാവിന്റെ എല്ലാവിധത്തിലുമുള്ള അനുമോദനങ്ങള്‍ക്ക് അധികം അവകാശികള്‍. തിരുവിതാംകൂറില്‍ എല്ലാം മറിച്ചായിരിക്കുന്നത് എത്ര ദുസ്സഹമാണ്! ജനങ്ങളെ നിങ്ങളെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന യജമാനന്മാര്‍ക്കു വേണ്ടി എന്തിനായി ഉഴാന്‍ പോകുന്നു! എന്ന് ഒരു ഇംഗ്ലീഷ് മഹാകവി ചോദിച്ചിട്ടുണ്ട്. ഇതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചാണ് അധികം യോജിക്കുന്നത്”
വേണ്ടി വന്നാല്‍ രാജാവിനെ നേരിട്ട് അഭിസംബോധന ചെയ്ത് വിമര്‍ശിക്കാനും ആശാന്‍ മടികാണിച്ചിരുന്നില്ല. രാജാവിന്റെ ആട്ടത്തിരുനാള്‍ പൊടിപൂരമായി ആഘോഷിച്ചു. പക്ഷേ രാജസല്‍ക്കാരങ്ങളില്‍ രണ്ടു സമുദായക്കാരെ മാത്രമേ ക്ഷണിച്ചുള്ളൂ. മര്‍മ്മം പിളര്‍ക്കുന്ന ആശാന്റെ തൂലിക ഇങ്ങനെ ചലിച്ചു: ”ഇതു കഠിനമായ അനീതിയാകുന്നു. ഒന്നുകില്‍ എല്ലാ സമുദായത്തിലുമുള്ള മാന്യപ്രതിനിധികളെ ക്ഷണിക്കണം… മഹാരാജാവ് ഏതാനും ചില വര്‍ഗക്കാര്‍ക്കും മഹാരാജാവിന് ഏതാനും ചില വര്‍ഗക്കാരും സ്വന്തമാണെന്നു പ്രത്യക്ഷപ്പെടുത്തുന്ന പ്രവൃത്തി മംഗളകരമല്ല. നികുതി കൊടുക്കുന്ന എല്ലാവരും രാജാവിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് അര്‍ഹന്മാരാണ്.
അവസാന നാളുകളില്‍, ഭരണാധികാരികളുടെ നേരെ കൂടുതല്‍ പ്രക്ഷോഭകരമായ സമീപനം സ്വീകരിക്കാന്‍ പുതുതലമുറയെ ആശാന്‍ ഉപദേശിച്ചു. 1920ല്‍ തീണ്ടല്‍ നിര്‍ത്തല്‍ ചെയ്യണമെന്ന ആവശ്യവുമായി കൊച്ചി രാജാവിനെ മുഖംകാണിക്കാന്‍ ഒരു സംഘം പോയ വിവരം ആശാന്റെ ചെവിയിലെത്തി. അതിനെക്കുറിച്ച് ആശാന്‍ ‘പ്രതിഭ’യില്‍ എഴുതി: ”ഡെപ്യൂട്ടേഷനിലെ അംഗങ്ങള്‍ യോഗ്യന്മാര്‍… പക്ഷേ ഞങ്ങള്‍ക്ക് ഈ ഡെപ്യൂട്ടേഷനില്‍ അശേഷം വിശ്വാസമില്ല… നാമിതിനെപ്പറ്റി ആലോചിക്കാം’ എന്നരുളി ചെയ്യുന്നതും കേട്ടു മടങ്ങി വരുന്നതായാല്‍ അര്‍ത്ഥമില്ല… തീയരെ പബ്ലിക് റോഡുകളില്‍ നിന്നും ആട്ടിയോടിക്കുമെന്നു പറയുന്ന ജാതിക്കാരോട് യാതൊരുവിധത്തിലും സഹകരിക്കുകയില്ലെന്നാണ് തീയര്‍ ഉറയ്‌ക്കേണ്ടത്….തീണ്ടല്‍ നിര്‍ത്തല്‍ ചെയ്തില്ലെങ്കില്‍ ഈ ആയുധം പ്രയോഗിക്കുമെന്ന് വലിയ തമ്പുരാനെ അറിയിക്കയാണ് ഡെപ്യൂട്ടേഷന്‍ ചെയ്യുന്നതെങ്കില്‍ അതിനര്‍ത്ഥമുണ്ട്. അതിന് വല്ലവരും ഒരുക്കമുണ്ടോ?”
ആ കാലഘട്ടം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഭയും രാജ്യതന്ത്രജ്ഞനുമായിരുന്നു കുമാരനാശാന്‍. കാലം കഴിയുന്തോറും ആശാന്‍ കൂടുതല്‍ കൂടുതല്‍ ജനാധിപത്യവാദി ആയിക്കൊണ്ടിരുന്നു. കവിത പോലെ രാഷ്ട്രീയവും അദ്ദേഹത്തിനു പ്രിയപ്പെട്ട രംഗമായിരുന്നു. ചരമമടയുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പു നടന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം നിയോജകമണ്ഡലത്തില്‍ ആശാന്‍ തോല്‍ക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ മത്സരിക്കാന്‍ തയ്യാറായി. എല്ലാജനാധിപത്യമര്യാദയും പാലിച്ചുകൊണ്ട് ആശാന്‍ നടത്തിയ ഇലക്ഷന്‍ പ്രചാരണം അങ്ങേയറ്റം സാഹസികവും ആത്മാര്‍ത്ഥവുമായിരുന്നുവെന്ന് സി.വി. കുഞ്ഞുരാമനും ടി.കെ. മാധവനും രേഖപ്പെടുത്തിയിട്ടുണ്ട്.