ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം
ഓരോ വ്യക്തിക്കും അറിവും ആശയങ്ങളും സമാഹരിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജവും തേജസും സമാഹരിക്കാനുള്ള അപൂർവ്വാവസരമാണ് ശിവഗിരി തീർത്ഥാടനം പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഗുരുദർശനം പോലെ തന്നെ തീർത്ഥാടന ലക്ഷ്യവും എല്ലാക്കാലത്തും പ്രസക്തമാകുന്നത്
വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം ആഴത്തില്‍ അറിയാനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 91-ാമത് ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക ജീവിയായ മനുഷ്യൻ ജീവിതത്തിൽ പാലിക്കേണ്ടതായ നിഷ്ഠകളെ തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും വ്യാവസായികമായും ആരോഗ്യപരമായുമെല്ലാം ഉന്നതി നേടണമെന്ന് ഗുരു നിർദ്ദേശിച്ചത്. അതിന്റെ ഭാഗമായാണ് തീർത്ഥാടന കാലത്ത് ഇതുസംബന്ധിച്ച വിഷയങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും ഗുരു നിർദ്ദേശിച്ചത്. ഓരോ വ്യക്തിക്കും അറിവും ആശയങ്ങളും സമാഹരിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജവും തേജസും സമാഹരിക്കാനുള്ള അപൂർവ്വാവസരമാണ് ശിവഗിരി തീർത്ഥാടനം പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഗുരുദർശനം പോലെ തന്നെ തീർത്ഥാടന ലക്ഷ്യവും എല്ലാക്കാലത്തുംപ്രസക്തമാകുന്നത്. സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ ഗുരു കേരളീയ സമൂഹത്തെയാകെ ഇരുട്ടിൽനിന്ന് നവോത്ഥാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്ന് ഗുരു ഓർമ്മിപ്പിച്ചു. മനുഷ്യരിൽ ആണും പെണ്ണുമെന്ന രണ്ടു ജാതിയേ ഉള്ളൂ എന്നും ഗുരു തിരിച്ചറിഞ്ഞു, സമൂഹത്തിൽ നിലനിന്ന ചാതുർവർണ്യ വ്യവസ്ഥിതിയുടെ ബൗദ്ധിക ശൂന്യതയെ തന്റെ ഉൾവെളിച്ചത്തിലൂടെ തിരിച്ചറിഞ്ഞ ഗുരു, മനുഷ്യനിൽ ബുദ്ധി സന്നിവേശിപ്പിച്ചിരിക്കുന്നത് ജാതീയതയുടെ അടിസ്ഥാനത്തിൽ അല്ലെന്നും തിരിച്ചറിഞ്ഞു. 1888 മാർച്ച് മാസത്തിലെ ശിവരാത്രിനാളിൽ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയത്. സവർണ്ണ മേധാവിത്വത്തോടുള്ള ഒരു തുറന്ന വെല്ലുവിളിയാണ് അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരു നടത്തിയത്. ഗുരുവിന്റെ ഈ പ്രവൃത്തിയോട് എതിർപ്പുയർത്തി വന്ന സവർണ്ണരോട് ‘നാം ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെ’ന്നാണ് ഗുരു അരുളിച്ചെയ്തത്.പൗരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കൽപ്പങ്ങളെയും അദ്ദേഹം പൊളിച്ചെഴുതി. ശിൽപ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആർക്കും പ്രതിഷ്ഠനടത്താമെന്നും ആരാധിക്കാമെന്നും അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു.
“ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് ഗുരു അവിടെ ആലേഖനം ചെയ്തു .
ഉന്നതമായ കാഴ്ചപ്പാടുള്ള, എക്കാലത്തും പ്രസക്തമായ ആ ദർശനം മാനവരാശി ഉള്ളിടത്തോളം നിലനിൽക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു