ജാതി സെന്‍സസും മനുഷ്യപുരോഗതിയും
തിരുവിതാംകൂറിലും കൊച്ചിയിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആനുപാതിക പ്രാതിനിധ്യത്തിനും, ഉദ്യോഗ സംവരണത്തിനും വേണ്ടി വാദിച്ചതും സമരം ചെയ്തതും പിന്നാക്ക സമുദായനേതാക്കളാണ്. രാഷ്ട്രീയത്തിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെയും, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഉദ്യോഗങ്ങളിലെ മതിയായ പ്രാതിനിധ്യത്തിന്റെയും നീതി ശാസ്ത്രം കേരളീയര്‍ക്ക് നല്‍കിയത് സഹോദരന്‍ കെ. അയ്യപ്പനാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ജാതി സെന്‍സസ് നടത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ സംവരണതോത് വര്‍ദ്ധിപ്പിച്ചതും കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും അസ്വസ്ഥരാക്കുന്നു. സനാതനധര്‍മ്മത്തിന്റെ വക്താക്കളെന്നു അഭിമാനിക്കുന്ന സവര്‍ണ അധീശത്വശക്തികള്‍ക്കു രാജ്യത്ത് ‘തുല്യധര്‍മ്മനീതി’ നടപ്പാക്കുന്നതിനു വേണ്ടിയുള്ള ജാതിസെന്‍സസും ജാതിസംവരണവും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല. സമുദായ ധ്രുവീകരണവും കാര്യക്ഷമതാവാദവുമൊക്കെയാണു കുത്തക സമുദായങ്ങള്‍ ഇന്നും ജാതിസെന്‍സസിനെ എതിര്‍ക്കുവാനുള്ള കാരണമായി കണ്ടെത്തുന്നത്. ബീഹാറില്‍ വെറും 15 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി സുപ്രീംകോടതി നിശ്ചയിച്ച 50 ശതമാനത്തെ 60 ആക്കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്തവര്‍ പിന്നാക്ക വിഭാഗങ്ങളിലെ അതീവ ദരിദ്രരായ 36 ശതമാനത്തിനു 25 ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അതില്‍ നീതിയല്ല ‘ജാതി’ യാണു കാണുന്നത്.
തിരുവിതാംകൂറിലും കൊച്ചിയിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആനുപാതിക പ്രാതിനിധ്യത്തിനും, ഉദ്യോഗ സംവരണത്തിനും വേണ്ടി വാദിച്ചതും സമരം ചെയ്തതും പിന്നാക്ക സമുദായനേതാക്കളാണ്. രാഷ്ട്രീയത്തിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെയും, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഉദ്യോഗങ്ങളിലെ മതിയായ പ്രാതിനിധ്യത്തിന്റെയും നീതി ശാസ്ത്രം കേരളീയര്‍ക്ക് നല്‍കിയത് സഹോദരന്‍ കെ. അയ്യപ്പനാണ്.
”ജാതിബോധം ഇവിടെ എല്ലാവരും മുലപ്പാലോടുകൂടി വലിച്ചു കുടിക്കുന്നു.
ഇവിടെ ആളുകള്‍ ജാതിയില്‍ ജനിക്കുന്നു, ജാതിയില്‍ വളരുന്നു, ജാതിയില്‍ മരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ പോയാല്‍ അവിടെയും ജാതി വിട്ടുകൂടെന്നാണു ഇവിടെ ജനങ്ങളുടെ വിചാരം.ജാതി വിചാരം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രതിഫലിക്കുന്നു. ഇങ്ങനെയുള്ള സ്ഥിതിയില്‍ സമുദായ പ്രാതിനിധ്യം ഒഴിച്ചുകൂടാത്ത ഒരു ആവശ്യമാണ്. സമുദായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം സമുദായ പ്രാതിനിധ്യം വേണ്ടിയിരിക്കുന്നു. സമുദായങ്ങളുടെ ആനുപാതിക പ്രാതിനിധ്യം ഇല്ലെങ്കില്‍ ഇവിടെ രാഷ്ട്രീയാധികാരം എല്ലാം ചില സമുദായക്കാരുടെ കയ്യിലായിരിക്കും. അവര്‍ അതു മറ്റു സമുദായങ്ങള്‍ക്കു ദോഷകരമായ വിധത്തില്‍ ഉപയോഗിക്കുകയും ചെയ്യും” സഹോദരന്‍ കെ. അയ്യപ്പന്‍ പറഞ്ഞു
മറ്റൊരവസരത്തില്‍ സഹോദരന്‍ ”ജാതി തിരിഞ്ഞു ജീവിക്കുന്ന ജനങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലും പ്രതിനിധി സഭകളിലും പ്രാതിനിധ്യത്തിനായി ജാതി തിരിഞ്ഞു വാദിക്കുന്നതു സ്വാഭാവികമാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ അതുകള്‍ വഹിക്കുന്നവര്‍ക്കും അവര്‍ വഴി അവരുടെ സമുദായങ്ങളിലേവര്‍ക്കും പണവും അന്തസ്സും അധികാരവും രാഷ്ട്രീയ ശക്തിയും പകരുന്നുണ്ട്. അതുകൊണ്ടാണ് അതുകള്‍ എല്ലാവരും ആഗ്രഹിക്കുന്നത്”
100 വര്‍ഷങ്ങള്‍ക്കു മുമ്പ് സഹോദരന്‍ കെ. അയ്യപ്പന്‍ നടത്തിയ രാഷ്ട്രീയാവലോകനം ഇന്നും പ്രസക്തമാണ്. 2023-ലെ ബീഹാര്‍ ജാതിസെന്‍സസ് പ്രകാരം അവിടെയുള്ള 20.47 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 11 ലക്ഷവും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. ജനസംഖ്യയുടെ വെറും 15 ശതമാനമാണു അവര്‍,
2023 നവംബര്‍ ഏഴാംതീയതി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. ജാതിസെന്‍സസ് നടത്തുവാനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച 2022 ജൂണ്‍ 6-ാം തീയതി മുതല്‍ സവര്‍ണര്‍ സുപ്രീംകോടതിയിലും ബീഹാര്‍ ഹൈക്കോടതിയിലും കയറി ഇറങ്ങി ഹര്‍ജികള്‍ നല്‍കി നടക്കുകയാണ്.
ആദ്യം നോട്ടിഫിക്കേഷനു എതിരായി പൊതുതാല്‍പര്യ ഹര്‍ജിയെന്ന പേരില്‍ സവര്‍ണഹര്‍ജി നല്‍കിയവരോട് സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. സെന്‍സസ് വിരുദ്ധരുടെ ഹര്‍ജി സ്വീകരിച്ച പാറ്റ്‌ന ഹൈക്കോടതി വാദം കേള്‍ക്കുന്നതു മാറ്റിയപ്പോള്‍ വിറളി പിടിച്ച സവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ച് പാറ്റ്‌നാ ഹൈക്കോടതിയോടു എത്രയും പെട്ടെന്നു വാദം കേട്ടു തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നു അഭ്യര്‍ത്ഥിച്ചു.
‘തുല്യതയ്ക്കു വേണ്ടിയുള്ള യുവത’ (youth for equality) എന്ന സന്നദ്ധസംഘടനയാണു മുഖ്യമായും സുപ്രീം കോടതിയെ സമീപിച്ചത്. ഈ യൂത്ത് ഫോര്‍ ഇക്വാളിറ്റിയാണു 2006-ല്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 27 ശതമാനം സംവരണം പിന്നാക്ക സമുദായങ്ങള്‍ക്കു നല്‍കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തപ്പോള്‍ തെരുവിലിറങ്ങി പ്രക്ഷോഭണം സംഘടിപ്പിച്ചതും ആത്മാഹൂതി ഭീഷണികള്‍ മുഴക്കിയതും.
ഇതിനിടെ രണ്ടാംഘട്ട സെന്‍സസും ആരംഭിച്ചിരുന്നു. ആഗസ്റ്റ് ഒന്നാം തീയതി പാറ്റ്‌നാ ഹൈക്കോടതി സര്‍വെ പൂര്‍ണമായും അംഗീകരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ അനുമതിയും നല്‍കി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടു നിരവധി ഹര്‍ജികളുമായി സവര്‍ണര്‍ സുപ്രീംകോടതിയിലെത്തി. ഒക്‌ടോബര്‍ ആറാംതീയതി സുപ്രീംകോടതി സിംഗിള്‍ ബെഞ്ച് ബീഹാര്‍ ഗവണ്‍മെന്റ് ശേഖരിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുവാന്‍ അനുവദിച്ചു. ജാതി സര്‍വെയുമായി ബന്ധപ്പെട്ട നടപടികളില്‍ ബീഹാര്‍ സര്‍ക്കാരിനെ തടയാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സവര്‍ണഹര്‍ജികള്‍ പരിഗണിക്കുന്നത് 2024 ജനുവരിയിലേക്കു മാറ്റുകയും ചെയ്തു.
ജാതി സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ബീഹാറിലെ 13.07 കോടി ജനങ്ങളില്‍ 63% പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പട്ടികജാതി 19.65%, പട്ടികവര്‍ഗ്ഗം 1.68% എന്നിങ്ങനെയാണ്. ജനസംഖ്യയുടെ 81.99% ഹിന്ദുക്കളും 17.7% മുസ്ലീങ്ങളുമാണ്. ക്രിസ്തുമത വിശ്വാസികള്‍ 0.5% മാത്രമാണ്. മുസ്ലീങ്ങളില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരും മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 15.52 ശതമാനമാണ്. അതില്‍ 10.56 ശതമാനം സവര്‍ണഹിന്ദുക്കളാണ്.
പിന്നാക്ക വിഭാഗങ്ങളില്‍ 36 ശതമാനം അതീവ ദരിദ്രര്‍ ആണെന്നു റിപ്പോര്‍ട്ട്. മുന്നാക്ക വിഭാഗങ്ങളിലും ദരിദ്രരുണ്ടെന്നു കണ്ടെത്തിയ ജാതി സെന്‍സസ് സംസ്ഥാനത്തു ആകെയുള്ള 2.97 കോടി കുടുംബങ്ങളില്‍ 94 ലക്ഷം കുടുംബങ്ങള്‍ ദരിദ്രരാണെന്നും 34.13 ശതമാനം കുടുംബങ്ങളുടെ ശരാശരി വരുമാനം ആറായിരത്തിനു താഴെയെന്നും പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ 55 ശതമാനവും ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങളാണു അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 94 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്കു രണ്ടുലക്ഷം രൂപ വീതം അടിയന്തിര സഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
75 ശതമാനം സംവരണം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കുവാനുള്ള ബിൽ ബിഹാർ നിയമസഭ നവംബർ ഒമ്പതിന് ശബ്ദ വോട്ടോടെ പാസാക്കി. പിന്നാക്ക വിഭാഗങ്ങള്‍ക്കു18 ശതമാനം, അതീവ ദരിദ്രരായ പിന്നാക്ക വിഭാഗങ്ങള്‍ക്കു 25 ശതമാനം, മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്കു 10ശതമാനം, പട്ടികജാതി 20 ശതമാനം, പട്ടികവര്‍ഗ്ഗം 02 ശതമാനം, അങ്ങനെ ആകെ 75 ശതമാനം. 1970ല്‍ കര്‍പൂരിതാക്കൂര്‍ സര്‍ക്കാര്‍ ആണ് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത്. നിലവില്‍ 60 ശതമാനമാണ് സംവരണം.
ജാതി സെന്‍സസും
ഈഴവരും
ജാതി സെന്‍സസിനെ എതിര്‍ക്കുന്ന സവര്‍ണരുടെ മന:ശാസ്ത്രം നമുക്കറിയാം. പക്ഷേ ജാതി സെന്‍സസിനെ പിന്‍തുണയ്ക്കാന്‍ അജ്ഞതയും പാര്‍ട്ടി വിധേയത്വവുമുള്ള ഒരു വിഭാഗം ഈഴവര്‍ മടിക്കുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ കടന്നു വന്ന വഴികള്‍ തിരിച്ചറിയാത്തവരാണു ഇവര്‍.
ജാതിസ്ഥിതി വിവരങ്ങള്‍ ഉള്ള 1881 മുതല്‍ 1931 വരെയുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് അവര്‍ണ സമുദായനേതാക്കള്‍ പൊതുസമൂഹത്തിലും ജനപ്രതിനിധി സഭകളിലും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതും സമരം ചെയ്തതും. 1891ലെ മലയാളി മെമ്മോറിയലില്‍ ‘ഈഴവപ്രശ്‌നം’ ഉള്‍പ്പെടുത്തിയത് ഡോ. പി. പല്പുവിന്റെ പ്രത്യേക ശ്രമഫലമായിട്ടായിരുന്നു. ”ഇതിനെ എല്ലാറ്റിനെയുംകാള്‍ കഷ്ടതരമായിട്ടുള്ളത് മാസം 5 രൂപയോ അതിനു മേലോ ശമ്പളം ഉള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഇല്ലാത്താകുന്നു” ഇത്ര ആധികാരികമായി ഒരു ആവലാതി ഉയര്‍ത്തുവാന്‍ കഴിഞ്ഞത് 1881-ലെ സെന്‍സസ് വിവരങ്ങള്‍ അവലംബിച്ചതു കൊണ്ടാണ്. 1896-ല്‍ ഈഴവ മെമ്മോറിയല്‍ മഹാരാജാവിനു നല്‍കിയപ്പോഴും 1891-ലെ ജാതി വിവര കണക്കുകള്‍ ഉദ്ധരിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും നിയമസഭകളിലെത്തിയ അവര്‍ണ നേതാക്കള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ 1901, 1911, 1921, 1931 വര്‍ഷങ്ങളിലെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിയമസഭാ പ്രോസീഡിംഗ്‌സില്‍ നിന്നും നമുക്കു മനസ്സിലാകും.
ഈഴവരിലെ കൃഷിക്കാര്‍, ഫാക്ടറി തൊഴിലാളികള്‍, തൊഴില്‍ ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും, സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം നേടിയവര്‍, ബ്യൂറോക്രസിയിലെ ഈഴവ പ്രാതിനിധ്യം, ഈഴവരുടെ വ്യവസായ സംരംഭങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിങ്ങനെയുള്ള തൊഴില്‍-സാമ്പത്തിക വിവരങ്ങള്‍ സെന്‍സസ് വഴി ലഭിച്ചത് സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുവാനും ഈഴവ നേതാക്കളെ സഹായിച്ചു.
ഈഴവരും ആനുപാതിക
പ്രാതിനിധ്യവാദവും
ഈഴവരുടെ രാഷ്ട്രീയപ്രാതിനിധ്യം പൂജ്യം നിലയില്‍ നിന്നും അല്പാല്പമായി ഉയര്‍ന്നത് ഈഴവ നേതാക്കളുടെ അടിയുറച്ച പ്രാതിനിധ്യവാദം മൂലമാണ്. നിവര്‍ത്തന പ്രക്ഷോഭണം (Abstention movement) എന്ന ഐതിഹാസിക സമരവും ഈഴവ നേതാവായ സി. കേശവന്റെ ജയില്‍വാസവുമൊക്കെ ചരിത്രവിസ്മൃതിയാക്കുവാന്‍ ആര്‍ക്കും കഴിയില്ല.
1935 മേയ് 11ലെ കോഴഞ്ചേരി പ്രസംഗത്തില്‍ സി. കേശവന്‍ ”തിരുവിതാംകൂറില്‍ വര്‍ഗീയ പ്രാതിനിധ്യം നടമാടുന്ന ഒരു കാലമാണിത്. സാമുദായിക പ്രാതിനിധ്യവാദത്തെ ഭസ്മീകരിക്കുന്നതിനു വേണ്ട ഉദ്‌ബോധനകളോടുകൂടിയ കാര്യക്ഷമതാവാദം കൊണ്ട് തങ്ങള്‍ക്കു ഉദ്യോഗം മുഴുവനും കരസ്ഥമാക്കി വയ്ക്കാമെന്നാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറി നിന്ന് അഭ്യാസം ചെയ്യുന്ന കുത്തക സമുദായക്കാര്‍ വിചാരിക്കുന്നത്. ഹജൂരാഫീസിനുള്ളില്‍ ഒരു ഗര്‍ഭഗൃഹമുണ്ട്. അവിടെ ഈഴവനായ ഉദ്യോഗസ്ഥനോ ക്രിസ്ത്യാനിയായ ഉദ്യോഗസ്ഥനോ ഒരു മുസ്ലീം ഉദ്യോഗസ്ഥനോ പ്രവേശനമില്ല ഗവണ്‍മെന്റിനു വിശ്വാസം ഉള്ള ചില നായര്‍ ഉദ്യോഗസ്ഥന്മാരും മറ്റു ചിലരും കൂടി ചില ഗൂഢാലോചനകളും മറ്റും ഇവിടെ നടക്കുന്നുണ്ട്” ഈ പ്രസംഗത്തിനു ശേഷം യോഗം സെക്രട്ടറിയായ സി. കേശവന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1937 ആഗസ്റ്റ് 24-ാം തീയതിയാണു അദ്ദേഹം ജയില്‍മോചിതനായത്.
നോമിനേഷന്‍ വഴിയുള്ള ഈഴവ പ്രാതിനിധ്യത്തെ ‘പിച്ചപോടല്‍’ എന്നാണു ശ്രീനാരായണധര്‍മ്മപരിപാലന യോഗത്തിന്റെ പ്രഥമ സെക്രട്ടറി കുമാരനാശാന്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ”ജാതി മത്സരത്തിന്റെ ഛായ തിരുവിതാംകൂറില്‍ നിന്നും അശേഷം മറയുന്നതുവരെ പ്രജാസഭ അതിന്റെ പേരിന് അനുരൂപമായിരിക്കണമെങ്കില്‍ പ്രജകളില്‍ നൂറ്റിനു ഇരുപത്തിനാലു വീതമുള്ള ഈഴവരില്‍ നിന്നും ഇരുപത്തിനാലു പ്രതിനിധികള്‍ ഉണ്ടായിരിക്കേണ്ടതാണ്” കുമാരനാശാന്‍ പറഞ്ഞ ആനുപാതിക പ്രാതിനിധ്യം ഇന്ന് ഇന്ത്യയിലെ ജനപ്രതിനിധി സഭകള്‍ക്കു ബാധകമാക്കേണ്ടതാണ്. അതിനു ജാതി സെന്‍സസ് അനിവാര്യമാണ്.
ജാതി സെന്‍സസ്
കാലഘട്ടത്തിന്റെ അനിവാര്യത
വാദിക്കുവാനും ജയിക്കുവാനുമല്ല ജാതി സെന്‍സസ്. അറിയുവാനും, അറിയിക്കുവാനും, നന്നാകാനും വേണ്ടിയാണത്. കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ആധിപത്യം നേടുന്ന ഇടങ്ങളാണു ഇന്നു ലോക്‌സഭയും നിയമസഭകളും. 2014ല്‍ ലോക്‌സഭയില്‍ അന്‍പതു കോടിക്കു മുകളില്‍ ആസ്തിയുള്ളവര്‍ 32 പേരുണ്ടായിരുന്നു. 17-ാം ലോക്‌സഭയില്‍ ഒരു കോടിയുടെ ആസ്തിയുള്ളവര്‍ 475ഉം അഞ്ചുകോടിയിലധികം ആസ്തിയുള്ളവര്‍ 266 അംഗങ്ങളും ഉണ്ട്. അവരുടെ ശരാശരി ആസ്തി 20.9 കോടി. 2023ല്‍ 4001 നിയമസഭാംഗങ്ങളുടെ മൊത്തം ആസ്തി 5445 കോടിയുമാണെന്നു ഒരു പഠനം. ബീഹാറില്‍ 242 നിയമസഭാ സാമാജികരുടെ ശരാശരി ആസ്തി 4 കോടിയാണ്. അതിസമ്പന്നര്‍ നിറയുന്ന നിയമസഭകളില്‍ കുറ്റവാളികളും വര്‍ദ്ധിക്കുന്നു.
തിരഞ്ഞെടുപ്പു കാലത്ത് ദരിദ്രരായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരകേന്ദ്രങ്ങളിലെത്തുന്ന ഇവരില്‍ എത്ര പേര്‍ക്കു ജാതിവിവേചനം നേരിടുന്ന, ദരിദ്രരായ ജനങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ കഴിയും. പിന്നാക്ക സമുദായങ്ങളില്‍ നിന്നും അധികാരത്തിലെത്തുന്നവര്‍ പിന്നീട് പരമ്പരാഗത അധീശത്വശക്തികള്‍ക്കും സമ്പന്നര്‍ക്കുമൊപ്പമാണു നിലകൊള്ളുന്നത്. ആനുപാതിക പ്രാതിനിധ്യവാദത്തിനൊപ്പം മാനവികതയുടെ രാഷ്ട്രീയസംസ്‌കാരം കൂടി വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
ജാതി സെന്‍സസിലൂടെ വെളിവാക്കപ്പെടുന്ന സ്ഥിതിവിവര കണക്കുകള്‍ പൊതുനയരൂപീകരണത്തിലെ പാളിച്ചകള്‍ തിരുത്തുവാനും, വിഭവങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും നീതിപൂര്‍വമായ വിതരണവും നടത്തിപ്പും ഉറപ്പാക്കുവാനും സഹായിക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, വീടില്ലാത്തവര്‍ക്കു അതുനിര്‍മ്മിച്ചു നല്‍കുക, വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുക, അതീവദരിദ്രരുടെ സ്ഥിതി മെച്ചപ്പെടുത്തുക, അവരുടെ അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുക, നിയമസഭകളിലും ഉദ്യോഗങ്ങളിലുമുള്ള മതിയായ പ്രാതിനിധ്യം സംവരണം വഴി ഉറപ്പാക്കുക തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നീതിശാസ്ത്രം നടപ്പിലാക്കുവാന്‍ വേണ്ടിയായിരിക്കണം ജാതി സെന്‍സസ് ഉപയോഗപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പുകളെ നേരിടുവാനുള്ള ഒരു തന്ത്രമായി മാത്രം ജാതി സെന്‍സസ് മാറരുത്. ജാതി സെന്‍സസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന സ്ഥിതി സമത്വവും സാമുഹീക നീതിയും മാനവികതയും നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജാതി സെന്‍സസിനെ അംഗീകരിക്കണം. കേന്ദ്രഗവണ്‍മെന്റിനാണു അതിനുള്ള പ്രാഥമിക കടമയും ഉത്തരവാദിത്വവും
കേരള സംസ്ഥാന ഗവണ്‍മെന്റിനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാതി സെന്‍സസ് സംബന്ധിച്ചു ഒരു സമന്വയ രാഷ്ട്രീയമില്ല. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുവാന്‍ തോളോടുതോള്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ജാതി സെന്‍സസിനെ അനുകൂലിക്കില്ല. കാരണം ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും വോട്ടു നഷ്ടപ്പെടില്ല. ജാതി സെന്‍സസിനെ അനുകൂലിച്ചാല്‍ മുന്നാക്ക സമുദായങ്ങള്‍ എതിര്‍ക്കും.
9387036991