ഷോക്കേറ്റ് കേരളം
ടെലികോം മേഖലയിലേക്ക് സ്വകാര്യകമ്പനികൾ കടന്നുവന്നതോടെയുണ്ടായ വിപ്ളവകരമായ മാറ്റം ഉപഭോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബി.എസ്.എൻ.എല്ലിനൊപ്പം സ്വകാര്യകമ്പനികൾ കൂടി കടന്നുവന്നതോടെ മൊബൈൽ ഫോൺകോൾ, ഡേറ്റ, ഇന്റനെറ്റ് സേവനങ്ങളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനും കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും നൽകുന്ന കമ്പനികളെ നോക്കി തിരഞ്ഞെടുക്കാനുമുള്ള അവസരം ലഭിച്ചു..കേന്ദ്രനിയമം നടപ്പാക്കാനും വൈദ്യുതി ബോർഡിനെ കാര്യക്ഷമമാക്കാനും കുറഞ്ഞനിരക്കിൽ ജനങ്ങൾക്ക് വൈദ്യുതി നൽകാനുമുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങൾക്ക് അടിയ്ക്കടി വൈദ്യുതി ഷോക്കേൽക്കേണ്ടി വരുമെന്നതിൽ തർക്കമില്ല.
ഗാർഹിക വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതൽ 60 പൈസ വരെ വർദ്ധിപ്പിച്ച് കടുത്ത ഷോക്കാണ് ഇപ്പോഴത്തെ വർദ്ധനവിലൂടെ നൽകിയിരിക്കുന്നത്. യൂണിറ്റിന് 19 പൈസ നിരക്കിൽ ഈടാക്കുന്ന സെസിന് പുറമെയാണ് ഇപ്പോഴത്തെ വർദ്ധനവെന്നതിനാൽ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും സാമ്പത്തികഭാരം വർദ്ധിക്കുമെന്നതിൽ സംശയമില്ല.
‘എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവൂല്ല”…
ഈ പഴഞ്ചൊല്ല് ഏറ്റവുമധികം ഇണങ്ങുക കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ വൈദ്യുതി ബോർഡിനാണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വൈദ്യുതിനിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വൈദ്യുതിനിരക്ക് കുത്തനെ വർദ്ധിപ്പിച്ചത്.
ആം ആദ് മിപാർട്ടി ഭരിക്കുന്ന ഡൽഹിയിൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. മറ്റു പല സംസ്ഥാനങ്ങളിലും പാവപ്പെട്ടവർക്ക് നിശ്ചിത യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമ്പോൾ കേരളം ഒരു സൗജന്യവും നൽകുന്നില്ലെന്ന് മാത്രമല്ല കൊള്ളനിരക്കും ഈടാക്കുന്നു. തമിഴ് നാട്ടിൽ ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. കേരളത്തിൽ ഒരാൾ പ്രതിമാസം 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ടുമാസത്തേക്ക് 9000 രൂപയിലധികം നൽകണം. തമിഴ് നാട്ടിൽ ഇത്രയും വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് നൽകേണ്ടത് വെറും 2500 രൂപയിൽ താഴെ മാത്രം. രണ്ട് മാസത്തിലൊരിയ്ക്കൽ ബില്ലിംഗ് നടത്തി സ്ലാബ് സിസ്റ്റം എന്ന തട്ടിപ്പിലൂടെയാണ് സംസ്ഥാനത്ത് വൈദ്യുതിക്ക് കൊള്ളനിരക്ക് ഈടാക്കുന്നത്.
ഗാർഹിക വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതൽ 60 പൈസ വരെ വർദ്ധിപ്പിച്ച് കടുത്ത ഷോക്കാണ് ഇപ്പോഴത്തെ വർദ്ധനവിലൂടെ നൽകിയിരിക്കുന്നത്. യൂണിറ്റിന് 19 പൈസ നിരക്കിൽ ഈടാക്കുന്ന സെസിന് പുറമെയാണ് ഇപ്പോഴത്തെ വർദ്ധനവെന്നതിനാൽ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും സാമ്പത്തികഭാരം വർദ്ധിക്കുമെന്നതിൽ സംശയമില്ല. 2022 ജൂണിൽ 6.60 ശതമാനം നിരക്ക് വദ്ധിപ്പിച്ചതിലൂടെ 1000 കോടി രൂപയുടെ അധികവരുമാനമാണ് ബോർഡിനുണ്ടായത്. 1.50 രൂപ മുതൽ 7.90 രൂപ വരെയായിരുന്നു അന്ന് യൂണിറ്റിന് വർദ്ധിപ്പിച്ച നിരക്ക്. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇപ്പോഴത്തെ വർദ്ധനവിൽ നിന്നൊഴിവാക്കിയെന്ന് പറയുന്നുവെങ്കിലും അതിന്റെ പ്രയോജനം വെറും 12,206 പേരിൽ മാത്രമൊയൊതുങ്ങും.
ഇത്രയൊക്കെ ഈടാക്കിയിട്ടും ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കോടികളുടെ കടബാദ്ധ്യതയിലുമാണ്. കഴിഞ്ഞ 10 വർഷമായി പ്രതിവർഷം 1200 കോടിയിലേറെ രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി ലഭിച്ചിട്ടും കമ്പനി 2500 കോടി രൂപയുടെ നഷ്ടത്തിലാണ്. ഇതിനു പുറമെയാണ് 14,600 കോടി രൂപ സഞ്ചിത നഷ്ടവും 11,000 കോടിയുടെ കടബാദ്ധ്യതയും. 2020- 21 മുതൽ 2021- 23 വരെയുള്ള ബഡ്ജറ്റുകളിലെ കണക്കുപ്രകാരം 4071.10 കോടി രൂപ ശമ്പള ഇനത്തിലും 610 കോടി രൂപ പെൻഷൻ ട്രസ്റ്റിലെ നിക്ഷേപപലിശ ഇനത്തിലും ചെലവാകും. 15,600 കോടി രൂപയാണ് പ്രതിവർഷ വൈദ്യുതി വിറ്റുവരവ്. 4700 കോടിയാണ് റവന്യു ചെലവ്. വരവിന്റെ 65 ശതമാനം പുറമേനിന്ന് വൈദ്യുതി വാങ്ങാനാണ് വിനിയോഗിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ വിലയുടെ രണ്ട് രൂപയോളം ജീവനക്കാരുടെ ശമ്പളത്തിനായി ചെലവാകുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാന വൈദ്യുതി ബോർഡ് 10 ശതമാനം വരെ കൂടുതൽ തുക ശമ്പളം നൽകാനായി ചെലവഴിക്കുന്നു. ഈ സാമ്പത്തിക ബാദ്ധ്യതയെല്ലാം ഉപഭോക്താവിന്റെ കീശയിൽ നിന്നെടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഇതിനായി ഓരോ വർഷവും കടം വാങ്ങുന്നത് വേറെ. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ബോർഡ് 2021 ൽ 1,417 കോടിയുടെ ലാഭമുണ്ടാക്കി മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടും അതിന് ഉത്തരവാദിയായ ചെയമാൻ ഡോ. ബി.അശോകിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്തിനെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ബോർഡിനെ നന്നാക്കാൻ ഇറങ്ങുന്നവരുടെ ഗതി ഇതായിരിക്കും ! ബോർഡിനെ അടക്കിഭരിക്കുന്ന ഇടത് യൂണിയനുമായി നിലനിന്ന തർക്കത്തിൽ അശോകിനെ മാറ്റാൻ തുടക്കത്തിലേ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുമായി കടുത്ത ശീതസമരത്തിലായിരുന്ന അശോകിന്റെ പല നടപടികളും യൂണിയന്റെ കടുത്ത ശത്രുതയ്‌ക്ക് കാരണമായിരുന്നു. സി.പി.എം, സി.ഐ.ടി.യു നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത്. പാർട്ടിയും ട്രേഡ് യൂണിയനുകളും തീരുമാനിക്കുന്നതല്ലാതെ സംസ്ഥാനത്ത് ഒന്നും നടക്കാറില്ലാത്തതിനാൽ അശോകിന്റെ മാറ്റത്തിൽ ആരും അത്ഭുതപ്പെട്ടിരുന്നില്ല.
വൈദ്യുതി നിരക്കെന്ന
തീവെട്ടിക്കൊള്ള
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വെള്ളാനയായ വൈദ്യുതി ബോർഡിൽ നിന്ന് ജനങ്ങൾക്ക് ഒരു വർഷത്തിനിടെ ഏൽക്കുന്ന രണ്ടാമത്തെ കടുത്ത ഷോക്കാണ് നിരക്ക് വർദ്ധനവിലൂടെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വൈദ്യുതി ബോർഡിനെ രക്ഷിക്കാനെന്ന പേരിലാണ് നിരക്ക് ഇടയ്ക്കിടെ കുത്തനെ കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത്. ഇനി ഓരോ വർഷവും താരിഫ് വർദ്ധനയുണ്ടാകും. ഏത് സർക്കാരിന്റെയും പിടിപ്പ്കേട് മറയ്ക്കാനുള്ള എളുപ്പമാർഗ്ഗം നികുതികൾ കുത്തനെ കൂട്ടുക, വൈദ്യുതി, വെള്ളം, കെട്ടിടനികുതി തുടങ്ങിയവയുടെ നിരക്കുകൾ അടിയ്ക്കടി കൂട്ടുക എന്നതാണ്. ഇന്ത്യയിൽ ഏറ്റവുമധികം വൈദ്യുതി നിരക്ക് ഈടാക്കുകയും കാർഷിക മേഖലയ്ക്കുൾപ്പെടെ ഏറ്റവും കുറവ് സൗജന്യങ്ങൾ നൽകുകയും ചെയ്യുന്ന ഏക സംസ്ഥാനമാണ് കേരളം.
കേന്ദ്ര വൈദ്യുതി നിയമം
നടപ്പാക്കില്ല
2003 ൽ പാർലമെന്റ് പാസ്സാക്കിയ വൈദ്യുതി ഭേഗതി നിയമം നടപ്പാക്കാത്ത ഏകസംസ്ഥാനം കേരളമാണ്. രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാർലമെന്റ് ബില്ല് പാസ്സാക്കിയത്. മൊബൈൽ ഫോൺകോൾ, ഡേറ്റ നിരക്കുകൾ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിട്ടത്. വൈദ്യുതമേഖലയിൽ മൂലധന നിക്ഷേപവും മത്സരവും വർദ്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞവിലയിൽ വൈദ്യുതി നൽകുന്ന ആർക്കും സ്വാഗതം. ഏത് കമ്പനിക്കും വൈദ്യുതി വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതിനാൽ വൈദ്യുതി ബോർഡുകളുടെ കുത്തക അവസാനിക്കും. ഉപഭോക്താവിന് ആവശ്യാനുസരണം സേവനദാതാവിനെ തിരഞ്ഞെടുക്കാം. വൈദ്യുതി രംഗത്തെ രാഷ്ട്രീയ അതിപ്രസരം, മാനേജ്മെന്റിനെപ്പോലും വരുതിയിൽ നിറുത്തിയുള്ള ട്രേഡ് യൂണിയനുകളുടെ അഴിമതി ഭരണവും മൂലമാണ് ബോർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ജലത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ വൈദ്യുത നിരക്ക് തൊട്ടയൽസംസ്ഥാനമായ തമിഴ്നാട്ടിലെക്കാൾ നാലിരട്ടിയാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ലോകത്തെ വികസിത രാജ്യങ്ങളിലുമെല്ലാം കാലങ്ങളായി സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. മൂന്നാറിൽ കാലങ്ങളായി വൈദ്യുതി വിതരണം നടത്തുന്നത് ടാറ്റ കമ്പനിയാണ്.
ടെലികോമും വിമാനസർവ്വീസും സ്വകാര്യവത്ക്കരിച്ചു. ടെലികോം മേഖലയിലേക്ക് സ്വകാര്യകമ്പനികൾ കടന്നുവന്നതോടെയുണ്ടായ വിപ്ളവകരമായ മാറ്റം ഉപഭോക്താക്കൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബി.എസ്.എൻ.എല്ലിനൊപ്പം സ്വകാര്യകമ്പനികൾ കൂടി കടന്നുവന്നതോടെ മൊബൈൽ ഫോൺകോൾ, ഡേറ്റ, ഇന്റനെറ്റ് സേവനങ്ങളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനും കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സേവനവും നൽകുന്ന കമ്പനികളെ നോക്കി തിരഞ്ഞെടുക്കാനുമുള്ള അവസരം ലഭിച്ചു. മെച്ചപ്പെട്ട സേവനം നൽകാൻ കമ്പനികളും മത്സരിക്കുകയാണ്. പൊതുഖജനാവ് മുടിച്ചുകൊണ്ട് നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനങ്ങളാണ് കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും. ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റിയിട്ടും പണിയെടുക്കാതെ ട്രേഡ് യൂണിയൻ കളിച്ചുനടക്കുന്ന ജീവനക്കാരാണ് വൈദ്യുതി ബോർഡിനെ ഇന്നത്തെ നിലയിലെത്തിച്ചത്. വൈദ്യുതമേഖലയിലേക്ക് സ്വകാര്യസംരംഭകർ കടന്നുവന്നാൽ ദേഹം വിയർക്കാതെ ലഭിച്ചുകൊണ്ടിരിക്കുന്ന കോടികളുടെ വരുമാനം നിലയ്ക്കുമെന്നതാണ് ഇക്കൂട്ടരുടെ എതിർപ്പിന് കാരണം.
കേന്ദ്ര നയത്തിന്റെ ഭാഗമായ സ്മാർട്ട് മീറ്റർ പദ്ധതി യൂണിയനുകളുടെ പിടിവാശിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതുമൂലം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട കോടികളുടെ സബ്സിഡിയാണ് സംസ്ഥാന വൈദ്യുതി ബോർഡിന് നഷ്ടമായത്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയാൽ മാത്രം ഒരു വർഷം വൈദ്യുതി വാങ്ങുന്നതിൽ 1000 കോടി വീതം ലാഭിക്കാമെന്നാണ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കിയെങ്കിലും കേരളത്തിൽ മാത്രമാണ് അതിന് വിലക്ക്. 3600 കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നീക്കമാണ് സ്മാർട്ട് മീറ്റർ പദ്ധതിയെ എതിർത്തതിലൂടെ യൂണിയനുകൾ ചെയ്തത്. വൈദ്യുതി ഉപഭോഗത്തിന്റെ 150 ലധികം വ്യത്യസ്ഥ സ്വഭാവ സവിശേഷതകൾ മനുഷ്യ ഇടപെടലില്ലാതെ വൈദ്യുതി ബോർഡിന്റെ സർവറിൽ എത്തിക്കുന്നതാണ് സ്മാർട്ട് മീറ്റർ. പ്രീപെയ്ഡ് സംവിധാനം വരുന്നതോടെ വൈദ്യുതി ഉപഭോഗം ഉപയോക്താക്കൾക്ക് നിരീക്ഷിക്കാനാകും. ഓഫീസിൽ ഇരുന്നു തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും പുന:സ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്ന് കണക്കാക്കാനും ബോർഡ് അധികൃതതർക്ക് കഴിയും. ഇപ്പോൾ വൈദ്യുതി ഉപയോഗിച്ച് ഒരു മാസം കഴിയുമ്പോഴാണ് ബോർഡിന് പണം ലഭിക്കുന്നത്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വന്നാൽ പണം അഡ്വാൻസായി ലഭിക്കും. ഉപഭോക്താക്കളിൽ നിന്ന് കാഷ് ഡെപ്പോസിറ്റ് പിരിയ്ക്കുന്നതും 4000 മീറ്റർ റീഡർമാരും ഇല്ലാതാകും. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് വ്യത്യസ്ത നിരക്കും നിലവിൽ വരും. അതിനാൽ വൈദ്യുതിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. നിരക്ക് കൂടിയ സമയത്ത് ഉപഭോക്താവിന് വേണമെങ്കിൽ ഉപയോഗം കുറയ്ക്കാനുമാകും.
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 37 ലക്ഷം സ്‌മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്മാർട്ട് മീറ്റർ പദ്ധതിയെ സ്വകാര്യവത്ക്കരണമായി വ്യാഖ്യാനിച്ച് ഇവിടെ അതനുവദിക്കുകയില്ലെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. സ്മാർട്ട് മീറ്ററുകൾ നടപ്പായാൽ പ്രീപെയ്ഡ് സംവിധാനം നിലവിൽ വരും. അതോടെ മീറ്റർ റീഡർ, ബില്ലിംഗ് സെക്ഷൻ തസ്തികകളിലെ ജീവനക്കാർ ഇല്ലാതാകുമെന്നതാണ് യൂണിയനുകൾ ഉന്നയിക്കുന്ന മറ്റൊരു വാദം. കമ്പ്യൂട്ടർ വന്നാൽ ജോലി ഇല്ലാതാകുമെന്ന പഴയ വാദമാണിത്. വിതരണ നഷ്ടം കുറയ്ക്കാനും വൈദ്യുതി വാങ്ങുന്നതിന്റെ ചിലവ് നിയന്ത്രിക്കാനും സമാർട്ട് മീറ്ററുകൾ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ കേന്ദ്രം 15 ശതമാനം ഗ്രാന്റും അടിസ്ഥാന വികസനത്തിന് 60 ശതമാനം ഗ്രാന്റും നൽകും. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിന്റെ ഗ്രാന്റ് ലഭിക്കുകയില്ല. ചുരുക്കത്തിൽ വൈദ്യുതി ചോർച്ച തടയാൻ കഴിയാതാകുന്നതോടെ 400 കോടി രൂപയും കേന്ദ്ര ഗ്രാന്റ് ലഭിക്കാതായാൽ 3600 കോടി രൂപയും കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
പൊതുപണം കൊണ്ട് കെട്ടിപ്പടുത്ത ബോർഡിനെ സ്വകാര്യ സംരംഭകർക്ക് അടിയറവയ്ക്കുന്നുവെന്ന തൊടുന്യായമാണ് ബില്ലിനെ എതിക്കുന്നവർ ഉയർത്തുന്നത്. നഗരപ്രദേശങ്ങളിൽ മാത്രമേ സ്വകാര്യ സംരംഭകർ കേന്ദ്രീകരിക്കുകയുള്ളുവെന്നും ഗ്രാമങ്ങളിലേക്ക് എത്തിനോക്കുകപോലുമുണ്ടാകില്ലെന്നുമാണ് ഇക്കൂട്ടരുടെ കുപ്രചാരണം. എന്നാൽ സ്വകാര്യസംരംഭകർക്ക് ഇഷ്ടാനുസരണം വൈദ്യുതി വിതരണം നടത്താൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണ ശൃംഖല ഉപയോഗിക്കാൻ നൽകുന്നത് സൗജന്യമായല്ലെന്നും ഇതിന് ഫീസ് ഈടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തോന്നുംപോലെ വൈദ്യുതിക്ക് വിലകൂട്ടാനും കഴിയില്ല. നിരക്കിന്റെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ പരിധി നിശ്ചയിക്കുന്നത് സംസ്ഥാന റഗുലേറ്ററി അതോറിറ്റികളായിരിക്കും. അതിനാൽ ആരാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതെന്ന് നോക്കി അവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി ദശലക്ഷക്കണക്കിനാണ്. ഇതിന് കരാർ ഏറ്റെടുത്ത സ്ഥാപനങ്ങൾ യൂണിറ്റിന് വെറും ഒരുപൈസ വീതം കമ്മിഷൻ നൽകിയാലും കോടികളാണ് പലർക്കും കമ്മിഷനായി ലഭിക്കുക. ഇവരാണ് കേന്ദ്രം പാസ്സാക്കിയ വൈദ്യുതിബില്ലിനെ നഖശിഖാന്തം എതിർക്കുന്നത്. ഉപഭോക്താക്കളുടെ നന്മയോ ക്ഷേമമോ അല്ല ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് വ്യക്തം. വൈദ്യുതിയുടെ കാര്യത്തിൽ രാജ്യത്ത് ഒറ്റനിയമമാണെങ്കിലും കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകളും ട്രേഡ് യൂണിയനുകളും ഇപ്പോഴും നഖശിഖാന്തം എതിർത്തുകൊണ്ടിരിക്കുന്നതിനാലാണ് കേരളം മാത്രം കേന്ദ്ര വൈദ്യുതി നിയമത്തിനു പുറത്ത് നിൽക്കുന്നത്. സർക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തിരിപ്പൻ നിലപാട് ഒന്ന് മാത്രമാണ് ഇതിനു പിന്നിൽ.
കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്ന ഒരുകാര്യവും കെ.എസ്.ഇ.ബി നടപ്പാക്കിയിട്ടില്ല. മറ്റൊരു ഗത്യന്തരവുമില്ലാത്തതിനാൽ കേന്ദ്ര നിയമം വന്ന് 9 വർഷങ്ങൾക്ക് ശേഷം 2011 ജനുവരിയിലാണ് 1956 ലെ കമ്പനീസ് ആക്ട് പ്രകാരം സംസ്ഥാന വൈദ്യുതി ബോർഡിനെ കമ്പനിയാക്കി മാറ്റിയത്. സ്വതന്ത്ര കമ്പനിയെന്ന നിലയിൽ 2013 നവംബർ മുതലാണ് പ്രവർത്തിച്ചു തുടങ്ങിയത്. കമ്പനിയെന്ന നിലയിൽ സർക്കാരിന് പരിമിതമായ അധികാരങ്ങളേ ബോർഡിന് മേലുള്ളു. രാജ്യത്ത് ടാറ്റ, അദാനി, അംബാനി തുടങ്ങിയ കുത്തക മുതലാളിമാരെല്ലാം സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്നത് റിലയൻസ് ആണ്. 35000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ജീവനക്കാർ പതിനായിരത്തിൽ താഴെയാണ്. കേരളത്തെപ്പോലെ വെള്ളം സുഭിക്ഷമായി ലഭിക്കാത്തതിനാൽ കൽക്കരി, ഗ്യാസ് തുടങ്ങിയവയിൽ നിന്നാണ് ഉല്പാദനം. എന്നിട്ടും റിലയൻസ് പവറിന്റെ വാർഷികലാഭം 800 മുതൽ 1000 കോടിരൂപ വരെയാണ്. സംസ്ഥാന വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ എണ്ണം 35,000 ആണ്. പെൻഷൻകാരും അത്രത്തോളമുണ്ട്. ഇന്ന് രാജ്യത്ത് എവിടേക്കും വൈദ്യുതി എത്തിക്കാനും വിതരണത്തിനും ആർക്കും സൗകര്യവും അവകാശവുമുണ്ട്. വിതരണത്തിന് ദേശീയശൃംഖലയുമുണ്ട്.
മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സ്വകാര്യ കമ്പനികൾ കടന്നു വന്നാൽ മത്സരം ഉണ്ടാകുകയും വൈദ്യുതി നിരക്കിൽ കുറവുണ്ടാകുകയും ചെയ്യും. മാത്രമല്ല, കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. ടെലികോം മേഖലയിലുണ്ടായ വിപ്ളവകരമായ മാറ്റമാണ് ഇതിനുദാഹരണം. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ പിടിവാശിക്കും കൊള്ളക്കും അഴിമതിക്കും അറുതി വരുമെന്നതിനാലാണ് സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നുവെന്ന പേരിൽ കേന്ദ്രനയം നടപ്പാക്കാൻ യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും തടസ്സം നിൽക്കുന്നത്. സംസ്ഥാനത്തിന് 5500 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇതിനായി പ്രതിവർഷം 10,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. യൂണിറ്റിന് 4 രൂപ മുതൽ 12 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. നമുക്കാവശ്യമുള്ള വൈദ്യുതിയുടെ 80 ശതമാനവും ഇപ്പോൾ പുറത്തുനിന്ന് വാങ്ങുകയാണ്. 20 ശതമാനം മാത്രമാണ് കേരളത്തിൽ ഉല്പാദിപ്പിക്കുന്നത്. കേരളം ജലസമ്പുഷ്ടമാണെങ്കിലും ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉല്പാദനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുന്നില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഒരു യൂണിറ്റ് വൈദ്യുതി പോലും സംസ്ഥാനത്ത് പുതുതായി ഉല്പാദിപ്പിച്ചിട്ടില്ലെന്നത് വിചിത്രമായി തോന്നാം.
ശമ്പളം
ഞങ്ങളങ്ങെടുക്കും
വൈദ്യുതി ബോർഡിലെ 35,000 ജീവനക്കാർക്ക് ശമ്പളവും അത്രയുമുള്ള പെൻഷൻകാർക്ക് പെൻഷൻ നൽകാനുമായാണ് വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കേണ്ടി വരുന്നത്. കമ്പനിയായ ശേഷം ജീവനക്കാരുടെ ശമ്പളം അവർ തന്നെയങ്ങ് തീരുമാനിക്കും. സർക്കാരിന് ഇതിൽ ഒരു റോളുമില്ല. കമ്പനിയായ ശേഷം രൂപീകരിച്ച പേ ആന്റ് റെമ്യൂണറേഷൻ കമ്മിറ്റിയാണ് ശമ്പളം പരിഷ്ക്കരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് അവസാനമായി ശമ്പള പരിഷ്ക്കരണം നടന്നത്. 19.50 ശതമാനം വർദ്ധനവാണ് അന്ന് വരുത്തിയത്. മസ് ദൂർമാരും ഡ്രൈവർമാരും ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുമ്പോൾ സബ് എൻജിനിയർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ ശമ്പളമായി വാങ്ങുന്നത് ലക്ഷങ്ങളാണ്. ബോർഡിൽ ഓവർസിയർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യത പത്താം ക്ളാസ് തോൽവിയാണ്. ജയിച്ചവർ ഈ ജോലിക്ക് അർഹരല്ല. 2002 ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ഇങ്ങനെയൊരു നിയമം ഉണ്ടാക്കിയത്. ഇങ്ങനെ നിയമിക്കപ്പെടുന്നവർ 10 വർഷം കഴിയുമ്പോൾ സ്ഥാനക്കയറ്റം നേടി സബ് എൻജിനിയർമാരാകും. ഒരുലക്ഷം രൂപയ്ക്ക്മേൽ ശമ്പളം കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
അടുത്ത ഷോക്ക്
ഏപ്രിലിൽ
ഇപ്പോൾ ഗണ്യമായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ഓരോ വർഷവും കൂടുമെന്ന് ബോർഡ് അധികൃതരും വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത നാല് വർഷത്തേക്കുള്ള താരിഫ് പരിഷ്ക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ഏപ്രിലിൽ തന്നെ നിരക്ക് വർദ്ധനവിലൂടെ അടുത്ത ഷോക്കുണ്ടാകും. ഇപ്പോഴത്തെ നിരക്ക് വർദ്ധനവിലൂടെ ബോർഡ് പ്രതീക്ഷിക്കുന്നത് 1044. 43 കോടി രൂപയുടെ അധിക വരുമാനമാണ്. എന്നാലും കെടുകാര്യസ്ഥതയും അഴിമതിയും മൂലം ബോർഡിന്റെ നഷ്ടം കുറയുമെന്ന് കരുതാനാകില്ല. രാജ്യത്ത് ഏറ്റവുമധികം വിതരണ ചെലവുള്ള സംസ്ഥാനവും കേരളമാണ്. മറ്റു സംസ്ഥാനങ്ങളിൽ യൂണിറ്റൊന്നിന് 1- 1.5 രൂപ ചെലവാകുമ്പോൾ കേരളത്തിൽ 2.50 -3 രൂപയാണ് വിതരണ ചെലവ്. ജീവനക്കാരുടെ ആധിക്യവും ഭീമമായ ശമ്പളവും ദുർചെലവുമാണ് ഇതിനു കാരണം. സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും ഇപ്പോൾ വൈദ്യുതി ഓഫീസിൽ പോകാതെ ഓൺലൈനായാണ് പണം അടയ്ക്കുന്നത്. എന്നിട്ടും കാഷ്യർ അടക്കമുള്ള തസ്തികകൾ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴുള്ള ജീവനക്കാരുടെ മൂന്നിലൊന്ന് മാത്രമേ ബോർഡിന് ആവശ്യമുള്ളുവെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ശുപാർശയുള്ളതാണ്. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ ദീർഘകാല കരാറുകൾ പോലും പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബോർഡ്. കേന്ദ്രനിയമം നടപ്പാക്കാനും ബോർഡിനെ കാര്യക്ഷമമാക്കാനും കുറഞ്ഞനിരക്കിൽ ജനങ്ങൾക്ക് വൈദ്യുതി നൽകാനുമുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങൾക്ക് അടിയ്ക്കടി വൈദ്യുതി ഷോക്കേൽക്കേണ്ടി വരുമെന്നതിൽ തർക്കമില്ല. സ്വകാര്യ സംരംഭകർക്ക് കൂടി കടന്നുവരാൻ അവസരം നൽകി മത്സരവേദി ഒരുക്കാത്തിടത്തോളം വൈദ്യുതി ബോർഡിന്റെ കൊള്ളയിൽ നിന്ന് കേരളത്തിലെ ഉപഭോക്താക്കൾക്ക് മോചനമുണ്ടാകില്ല.
ലേഖകന്റെ ഫോൺ: 9446564749