ജാതി സെൻസസും തിരഞ്ഞെടുപ്പും

ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, പിന്നാക്കക്കാരുടെ പാർട്ടികളായ സമാജ്‌വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രധാന അടിത്തറ പിന്നാക്ക, ദളിത് വിഭാഗങ്ങളാണ്. കോൺഗ്രസാകട്ടെ, ഇന്ദിരാഗാന്ധിയുടെ കാലം മുതലേ മുന്നാക്ക സവർണവിഭാങ്ങൾ, മുസ്ലിങ്ങൾ, പിന്നെ കുറെ ദളിതർ എന്നിവരുടെ വോട്ട് വാങ്ങിയാണ് ജയിച്ചുവന്നത്. ഒ.ബി.സി വിഭാഗത്തിന്റെ പിന്തുണ അവർക്ക് താരതമ്യേന കുറവായിരുന്നു.

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പും സമാഗതമാകുകയാണ്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ് ഗഡ്, മേഘാലയ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം നിലനിർത്താനും ബി.ജെ.പിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനും ‘ഇന്ത്യ’ മുന്നണിയിലെ വിവിധ രാഷ്ട്രീയ കക്ഷികൾ ജാതിസെൻസസ് എന്ന തുറുപ്പുചീട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ 75 ശതമാനത്തിലധികം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ കണക്കെടുപ്പ് നടത്തി ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അവർക്ക് ന്യായമായും ലഭിക്കേണ്ട സംവരണവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ജാതിസെൻസസിന് ആധാരമായി പറയുന്നത്. സ്വതന്ത്രഭാരതത്തിൽ ഇതാദ്യമായി ഒരു സംസ്ഥാനം ജാതിസെൻസസ് നടത്തി അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു. ബീഹാറിലാണ് ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് പൂർത്തിയാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ അതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ ഓരോ ജനവിഭാഗത്തിന്റെയും സ്ഥിതിവിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ ഇതിനകം തന്നെ പലകോണുകളിൽ നിന്ന് എതിർപ്പും പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള രാഷ്ട്രീയക്കളിയാണ് നിതീഷ്‌കുമാർ ജാതിസെൻസസിലൂടെ നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നു. ബീഹാറിനു പിന്നാലെ രാജസ്ഥാനിലും തുടർഭരണം ലഭിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് അവിടത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഛത്തീസ് ഗഡ്, കർണാടകം, തമിഴ്നാട് അടക്കമുള്ള മറ്റു പലസംസ്ഥാനങ്ങളും ഇതിന്റെ ചുവടുപിടിച്ച് ജാതിസെൻസസ് നടത്താൻ മുന്നോട്ട് വന്നേക്കും. സംഘടിത സവർണലോബിയുടെ ശക്തമായ പ്രതിഷേധവും കലാപവും ഉണ്ടായേക്കുമെന്ന ഭയത്താലാണ് ഇക്കാലമത്രയും ജാതികണക്കെടുപ്പിനോട് സർക്കാരുകൾ താത്പര്യം കാട്ടാതിരുന്നത്. എന്നാൽ ബീഹാറിൽ അത് സുഗമവും ഫലപ്രദവുമായ വിധം നടപ്പാക്കാൻ കഴിഞ്ഞതോടെയാണ് മറ്റു പല സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്താൻ മുന്നോട്ട് വരുന്നതെന്ന് വേണം കരുതാൻ.

പിന്നാക്കക്കാരെ ഒരുമിപ്പിക്കാനുള്ള തന്ത്രമോ?
ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, പിന്നാക്കക്കാരുടെ പാർട്ടികളായ സമാജ്‌വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രധാന അടിത്തറ പിന്നാക്ക, ദളിത് വിഭാഗങ്ങളാണ്. കോൺഗ്രസാകട്ടെ, ഇന്ദിരാഗാന്ധിയുടെ കാലം മുതലേ മുന്നാക്ക സവർണവിഭാങ്ങൾ, മുസ്ലിങ്ങൾ, പിന്നെ കുറെ ദളിതർ എന്നിവരുടെ വോട്ട് വാങ്ങിയാണ് ജയിച്ചുവന്നത്. ഒ.ബി.സി വിഭാഗത്തിന്റെ പിന്തുണ അവർക്ക് താരതമ്യേന കുറവായിരുന്നു.

ബീഹാറിലെ കർപ്പൂരി ഠാക്കൂറാണ് രാജ്യത്ത് പിന്നാക്ക സംവരണം നടപ്പാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. 1979 ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനതാപാർട്ടി മുന്നണി സർക്കാർ ആദ്യമായി രാജ്യത്ത് പിന്നാക്ക സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യമിട്ട് മണ്ഡൽ കമ്മിഷന് രൂപം നൽകി. കമ്മിഷൻ റിപ്പോർട്ട് നൽകിയെങ്കിലും ആ സർക്കാരിന് അത് നടപ്പാക്കാനായില്ല. തുടർന്ന് ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകളൊക്കെ മണ്ഡൽ കമ്മിഷൻ ശുപാർശകൾ പരണത്ത് വയ്ക്കുകയായിരുന്നു. മുന്നാക്കക്കാരായ തങ്ങളുടെ വോട്ട്ബാങ്കിനെ പിണക്കാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ 1989 ൽ വി.പി സിംഗ് സർക്കാർ രണ്ടും കൽപ്പിച്ച് പിന്നാക്കക്കാർക്ക് 27 ശതമാനം സംവരണം നടപ്പാക്കിയപ്പോൾ രാജ്യമാകെ അതിനെതിരെ കലാപം അഴിച്ചുവിടാൻ നേതൃത്വം നൽകിയത് സവർണലോബിയായിരുന്നു. തെരുവിൽ ആത്മാഹൂതി നാടകം വരെ നടത്തിയെങ്കിലും രൂക്ഷമായ പ്രക്ഷോഭത്തെ വകവയ്ക്കാതെ വി.പി സിംഗ് സർക്കാർ മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കി. എന്നിട്ടും രാജ്യത്തെ പിന്നാക്കക്കാരുടെ കണക്കെടുക്കാനുള്ള സെൻസസിന് ആരും തയ്യാറായില്ല. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലൂടെ രാജ്യത്ത് പിന്നാക്ക സംവരണം നടപ്പാക്കാൻ നേതൃത്വം നൽകിയ ജനതാപാർട്ടി പിൽക്കാലത്ത് ഛിന്നഭിന്നമായി പലകഷ്ണങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിന്റെ സ്ഥിതിയും അതായിരുന്നു. ബി.ജെ.പി ശക്തി പ്രാപിച്ചതോടെ രാജ്യത്ത് കോൺഗ്രസിന്റെയും പിന്നാക്ക പാർട്ടികളുടെയും പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നെഹൃവിന്റെ കാലം മുതൽ ഇക്കാലമത്രയും ജാതിസെൻസസിനോടും പിന്നാക്ക സംവരണത്തോടും മുഖം തിരിച്ചു നിന്നിരുന്ന കോൺഗ്രസിന്റെ ഇപ്പോഴത്തെ മനംമാറ്റമാണ് ഏറെ ശ്രദ്ധേയം. ജാതിസെൻസസ് രാജ്യവ്യാപകമായി നടപ്പാക്കണമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലും 2024 ൽ നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും അധികാരം പിടിച്ചെടുക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. ബീഹാറിൽ ജാതിസെൻസസ് പൂർത്തിയാക്കിയ നിതീഷ് കുമാറിന് അവിടെ പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരം ചില പൊടിക്കൈകൾ കൂടിയേ തീരൂ. സെൻസസ് പ്രകാരം 13.12 കോടി ജനസംഖ്യയുള്ള ബീഹാറിലെ 81.09 ശതമാനവും ഹിന്ദുക്കളാണെങ്കിലും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളവർ 36 ശതമാനമാണ്. പിന്നാക്ക വിഭാഗങ്ങൾ 27 ശതമാനവും പട്ടികജാതിക്കാർ 19.65 ശതമാനവുമാണ്. പട്ടികവർഗ്ഗ വിഭാഗം 1.68 ശതമാനം മാത്രം. മുസ്ലിങ്ങൾ 17.7 ശതമാനം. ക്രൈസ്തവർ ഒരുശതമാനത്തിലും താഴെയാണ്. പിന്നാക്ക വിഭാഗത്തിൽ യാദവവിഭാഗമാണ് മുന്നിൽ 14.26 ശതമാനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമുദായമായ കുർമികൾ വെറും 2.87 ശതമാനമേയുള്ളു. ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും എപ്പോഴും മേൽക്കൈയുള്ള മുന്നാക്ക വിഭാഗങ്ങൾ വെറും 15.52 ശതമാനമേയുള്ളുവെന്നാണ് സെൻസസിലൂടെ വ്യക്തമാകുന്നത്. ഓരോ വിഭാഗക്കാരുടെയും സാമൂഹിക, സാമ്പത്തികനിലയും ജാതിസെൻസസിനൊപ്പം ശേഖരിച്ചിട്ടുണ്ടെന്നതിനാൽ സാമൂഹിക, ഭരണരംഗങ്ങളിലെ നയാവിഷ്ക്കരണത്തിൽ ഈ സെൻസസ് റിപ്പോർട്ട് അടിസ്ഥാനഘടകമാകും.

ഏറ്റവും കുറഞ്ഞ സമയമെടുത്താണ് ബീഹാറിൽ സെൻസസ് റിപ്പോർട്ട് പൂർത്തിയാക്കിയത്. സംവരണം, സാമൂഹികാവസ്ഥ, ജാതിതിരിച്ചുള്ള കണക്കുകൾ എന്നിവ ലഭിക്കാനും അതിപിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നറിയാനും സാമ്പത്തിക വിവേചനം നേരിടുന്നോ എന്നറിയാനും അർഹമായ അവകാശങ്ങൾ ലഭിക്കുന്നുവോ എന്നതിന്റെയും ഉത്തരം ലഭിക്കാൻ കൂടി ജാതിസെൻസസ് പ്രയോജനപ്പെടുമെന്നതിൽ തർക്കമില്ല. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ജനങ്ങളുടെ ജാതിതിരിച്ചുള്ള സെൻസസ് എടുക്കാൻ ഇത്രയും കാലം വൈകിയതെന്തെന്ന സംശയം സ്വാഭാവികമായി ഉയരാം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കേന്ദ്രം നിയോഗിച്ച കാക്ക കലേക്കറിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് 1961 ലെ സെൻസസിൽ ജാതികൂടി ഉൾക്കൊള്ളിക്കണമെന്നതായിരുന്നു. എന്നാൽ സവർണലോബിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അത് നടന്നില്ല. പിന്നീട് നിരവധി പഠനങ്ങളും കമ്മിഷനുകളും ഉണ്ടായെങ്കിലും കൃത്യമായൊരു ജാതി സെൻസസ് പുറത്തു വന്നില്ല. 2011 ൽ ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യത്തെ സാമ്പത്തിക, സാമൂഹിക, ജാതി സെൻസസ് പൂർത്തീകരിച്ചെങ്കിലും പ്രസിദ്ധീകരിച്ചാൽ കലാപം ഉണ്ടായേക്കുമെന്ന ഭീതിയിൽ ജാതിതിരിച്ചുള്ള കണക്കുകൾ പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചു

കേരളം ജാതി സെൻസസിന് തയ്യാറാകുമോ ?
രാജ്യത്ത് സി.പി.എം ഭരണം കൈയ്യാളുന്ന ഏകസംസ്ഥാനമായ കേരളത്തിലും ജാതിസെൻസസ് അനിവാര്യമാണെന്നതിൽ തർക്കമില്ലെങ്കിലും സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ എന്ത് പ്രാതിനിധ്യം ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ലഭിച്ചുവെന്നറിയാൻ കണക്കെടുപ്പ് ആവശ്യമാണ്. കേരളത്തിൽ സാമൂഹിക, സാമ്പത്തിക സർവെ നടത്തണമെന്ന് നിർദ്ദേശിച്ച് 2021 സെപ്തംബർ 8 ന് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചെങ്കിലും സർക്കാർ അതറിഞ്ഞ മട്ടുപോലും കാണിച്ചിട്ടില്ല. സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് ലഭിക്കും വിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതിന്റെ ഭാഗമായി സാമൂഹിക, സാമ്പത്തിക സർവെ നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നായിരുന്നു ഉത്തരവ്. കോടതി ഉത്തരവിനു ശേഷം ജാതി സെൻസസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറിൽ സംസ്ഥാനത്തെ വിവിധ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല.

1957 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് കേരളത്തിൽ സാമ്പത്തികസംവരണം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. സിവിൽ സർവ്വീസിൽ സംവരണം മൂലം കാര്യക്ഷമത നഷ്ടപ്പെടുന്നുവെന്ന ഭരണപരിഷ്ക്കാര കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനായിരുന്നു ഇ.എം.എസിന്റെ ശ്രമം. എന്നാൽ അന്നത്തെ ഒരു ശ്രീനാരായണ സമാധിദിന സമ്മേളനത്തിൽ കുളത്തൂരിലെ ക്ഷേത്രവളപ്പിൽ നടന്ന സമ്മേളനത്തിൽ ഇ.എം.എസിനെ വേദിയിലിരുത്തി കേരളകൗമുദി പത്രാധിപർ നടത്തിയ ചരിത്രപ്രസിദ്ധമായ ‘കുളത്തൂർ പ്രസംഗം’ ആണ് ഇ.എം.എസിനെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. പിന്നീട് നീണ്ട 60 വർഷങ്ങൾക്ക് ശേഷം 2017 ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത്. 95 ശതമാനത്തോളം സവർണരുള്ള കേരളത്തിലെ 5 ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തി. ഇതിന്റെ ചുവട് പിടിച്ചാണ് 2019 ൽ കേന്ദ്ര സർക്കാർ 10 ശതമാനം മുന്നാക്കസംവരണം ഏർപ്പെടുത്തിയത്. സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തു.സംസ്ഥാനത്തെ ഈഴവ സമുദായത്തിനടക്കം ഉദ്യോഗസ്ഥ, ഭരണതലങ്ങളിൽ ഇനിയും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വർഷങ്ങൾക്ക് മുമ്പ് നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈഴവർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉദ്യോഗസ്ഥ തലങ്ങളിൽ ലഭിച്ചുവെന്നും തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ചില മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണ്. സംസ്ഥാനസർക്കാരിന്റെ ചുമതലയിൽ ഇതുവരെ ഒരു ജാതി സെൻസസ് നടന്നിട്ടില്ല. പരിഷത്ത് പോലെയുള്ള ഒരു സംഘടന നടത്തിയെന്ന് പറയുന്ന സാമ്പിൾ സർവെയുടെ അടിസ്ഥാനത്തിൽ ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് പിന്നാക്കക്കാരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ഗൂഢനീക്കമായി കാണേണ്ടതുണ്ട്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിൽ ഒരു ഘടകം മാത്രമാണ് ഉദ്യോഗസ്ഥ പ്രാതിനിധ്യം. കേരളത്തിൽ ഇന്നുവരെ ഈഴവസമുദായത്തിൽ നിന്ന് ഒരാൾ മാത്രമാണ് ചീഫ് സെക്രട്ടറിയായത്. ജനസംഖ്യയുടെ 20 ശതമാനം മാത്രമുള്ള മുന്നാക്കക്കാരാണ് 70 ശതമാനത്തിലേറെ ഉദ്യോഗങ്ങളും കൈയ്യടക്കി വച്ചിരിക്കുന്നത്. അവർക്കാണ് അടുത്തിടെ 10 ശതമാനം സംവരണം കൂടി നൽകിയതെന്നോർക്കണം. കേരള നിയമസഭയിൽ പ്രതിപക്ഷത്തെ 40 പേരിൽ ഈഴവസമുദായാംഗമായി ഒരാൾ മാത്രമാണുള്ളത്. എല്ലാ സമുദായങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തിയശേഷം ഓരോസമുദായത്തിനും അർഹതപ്പെട്ട വിഹിതം നൽകുകയെന്നതാണ് തികച്ചും ന്യായമായ കാര്യം.

ലേഖകന്റെ ഫോൺ: 9446564749

Author

Scroll to top
Close
Browse Categories