വനിതാ സംവരണവും പിന്നാമ്പുറങ്ങളിലെ ജനസമൂഹവും

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു സ്ഥാനവും കിട്ടിയെന്നു വരുകയില്ല. അതുകൊണ്ട് തന്നെ വനിതാ സംവരണത്തിനകത്തെ പിന്നാക്ക സംവരണം ഏത് നിലയിലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്.

നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തിനായി നടന്നു വരുന്ന വിവിധ പ്രസ്ഥാനങ്ങള്‍ക്ക് ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം കാലത്തെ പഴക്കമുണ്ട്.

എന്നാൽ ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നുള്ള പരിമിതമായ പിന്നാക്ക സംവരണം പൂര്‍ണ്ണമാകണമെങ്കില്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഈ സംവരണം അത്യന്താപക്ഷിതമായി മാറിയിരിക്കുന്നു.
വനിതകള്‍ക്ക് പിന്നാക്ക സംവരണം നിയമനിര്‍മ്മാണ സമിതികളില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭരണഘടനയിലെ സമത്വം വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി മാറുമെന്നുളള കാര്യത്തില്‍ സംശയമില്ല.

വനിതാ സംവരണബില്ലിനകത്തെ പിന്നാക്ക സംവരണംകൊണ്ട് മാത്രമെ ഇക്കൂട്ടര്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ എത്താന്‍ കഴിയൂ എന്നുള്ളത് പകല്‍പോലുള്ള ഒരു സത്യവുമാണ്.

വനിതാ സംവരണത്തിനകത്ത് പിന്നാക്ക സംവരണം വേണമെന്ന് ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികളുടെ ആവശ്യവും അതിനെതുടര്‍ന്ന് നടന്ന ശക്തമായ എതിര്‍പ്പിനേയും തുടര്‍ന്നാണ് അന്ന് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ ഈ ബില്ലിനകത്ത് പിന്നോക്ക സംവരണം വേണമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ്സ് അന്ന് പിന്നോക്ക സംവരണം നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്തായാലും അന്ന് കോണ്‍ഗ്രസ്സ് എടുത്ത നിലപാട് തെറ്റായിരുന്നെന്ന് ഇപ്പോള്‍ രാഹുല്‍ ഗാന്ധി സമ്മതിക്കുന്നുണ്ട്.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം നല്‍കുന്ന 128-ാം ഭേദഗതി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയിരിക്കുകയാണ്. ലോക്സഭയില്‍ മാത്രം രണ്ട് പേര്‍ ഇതിനെ എതിര്‍ത്തു. ചൂടേറിയ ചര്‍ച്ചകള്‍ക്കും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കും പിന്നാലെയാണ് ബില്‍ വോട്ടിനിട്ട് പാസ്സാക്കിയത്. കോണ്‍ഗ്രസ്സ്, മുസ്ലീംലീഗ്, ഇടതുപക്ഷപാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

നിയമം നടപ്പാക്കാന്‍ സെന്‍സസിനും, മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുമായി കാത്തിരിക്കണമെന്ന ബില്ലിലെ വ്യവസ്ഥയെ പ്രതിപക്ഷം സഭയില്‍ എതിര്‍ത്തു. നിയമം ഉടന്‍ നടപ്പിലാക്കണമെന്നും 33% ത്തിനുള്ളില്‍ ഒ.ബി.സി, എസ്.സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനായി എത്രയും പെട്ടെന്ന് ജാതിസെന്‍സസ് നടത്തണമെന്നും, മണ്ഡലപുനര്‍നിര്‍ണ്ണയത്തിനായി എന്തിന് കാത്തിരിക്കണമെന്നും പ്രതിപക്ഷം ചോദിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും അടക്കമുള്ളവരാണ് ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നും, ജാതിസെന്‍സസ് വേണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി വനിതാ സംവരണം വേണമെന്നും ബില്‍ നടപ്പാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും വനിതാസംവരണ ബില്ലിന്റെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സോണിയഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്തെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന 90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളവരെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഈ ഘട്ടത്തില്‍ ബില്‍ കൊണ്ടുവന്നത് മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ഞങ്ങള്‍ക്കറിയാം. പിന്നാക്ക വിഭാഗക്കാരിയും വനിതയുമായ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാതെയാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ പുതിയ കെട്ടിടത്തിലേക്ക് സമ്മേളനം മാറ്റുന്ന ചടങ്ങ് നടത്തിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഉടനെയൊന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത ബില്‍ അവതരിപ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് എന്തിനാണെന്നും കഴിഞ്ഞ ഒമ്പതര വര്‍ഷം ബില്‍ അവതരിപ്പിക്കാതെ മോദിസര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ചോദിച്ചു.

ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ മാത്രമേ നിയമ നിര്‍മ്മാണ സഭകളിലെ വനിതാ സംവരണവും, പിന്നാക്ക സംവരണവും എല്ലാം നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. ജാതി സെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ അറച്ചുനില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ബീഹാറില്‍ ജാതിസെന്‍സസ് നടത്താനുള്ള തീരുമാനത്തിന് ബീഹാര്‍ ഹൈക്കോടതിയും, സുപ്രീംകോടതിയും അംഗീകാരം നല്‍കി. ജാതി സെന്‍സസ് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ഒരു കേസില്‍ സംസ്ഥാനങ്ങള്‍ക്ക് ജാതിസെന്‍സസ് നടത്താമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ജാതിസെന്‍സസ് നടത്താന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണ്.

സെന്‍സസ് നടത്തിയാല്‍ രാജ്യത്തെ ജനസംഖ്യയില്‍ 75% ത്തോളം പേര്‍ ഹിന്ദുമതത്തിലെ പിന്നാക്കകാരും ന്യൂനപക്ഷങ്ങളിലെ പിന്നാക്കകാരുമാണെന്നുള്ള യാഥാര്‍ത്ഥ്യം പുറത്തുവരും. പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു സ്ഥാനവും കിട്ടിയെന്നു വരുകയില്ല.

അതുകൊണ്ട് തന്നെ വനിതാ സംവരണത്തിനകത്തെ പിന്നാക്ക സംവരണം ഏത് നിലയിലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളാകെ വനിതാ സംവരണത്തിനകത്ത് പിന്നോക്ക സംവരണം നടപ്പിലാക്കിയേ മതിയാവൂ എന്ന് തീരുമാനിച്ചിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഒടുവില്‍ മുട്ടുമടക്കേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ലേഖകന്റെ ഫോണ്‍ നമ്പര്‍ : 9847132428
Email ID : [email protected])

Author

Scroll to top
Close
Browse Categories