ഗുരുവും ബോധവത്കരണത്തിലൂടെയുള്ള സാമൂഹിക പരിവര്‍ത്തനവും

മാനവികതാ വിരുദ്ധമായ ബോധവത്കരണ പ്രക്രിയയില്‍ മറഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൂടി വരുന്ന കാലഘട്ടമാണിന്നുള്ളത്. ജാതി-മതവിദ്വേഷവും അന്ധവിശ്വാസ പ്രചാരണവും രാഷ്ട്രീയവിരോധവും ബോധവത്കരണ പ്രക്രിയയുടെ ഭാഗമാക്കി സമൂഹത്തെ ഒരുതരം മാനസികവും സാമൂഹികവുമായ രോഗാവസ്ഥ (Psychological and social morbidity) യിലേക്കെത്തിച്ചിരിക്കുന്നു. സോഷ്യല്‍മീഡിയയുടെ ദുരുപയോഗം ഇതിനു പ്രധാനമായൊരു പങ്കുവഹിക്കുന്നു.

മനുഷ്യരുടെ കാഴ്ചപ്പാടുകളും ജീവിതശൈലിയും മാറ്റുവാന്‍ ജാതി-മത സംഘങ്ങളും, ഗവണ്‍മെന്റും, രാഷ്ട്രീയ – സന്നദ്ധസംഘടനകളും അന്താരാഷ്ട്ര സംഘടനകളും ഉപയോഗിച്ചുവരുന്ന തന്ത്രമാണ് ബോധവത്കരണം. പൊതുസമൂഹത്തില്‍ മാനവികതയുടെ ഉണര്‍വ് സൃഷ്ടിക്കുവാനും, മനുഷ്യവികസനത്തിനും, പൊതുജനാരോഗ്യം നിലനിര്‍ത്തുവാനും, സമൂഹത്തില്‍ ശാന്തിയും സമാധാനവും സാഹോദര്യവും കൈവരിക്കുവാനും നിരന്തരമായ ബോധവത്കരണം ആവശ്യമാണ്. മാനവികതാ വിരുദ്ധമായ ബോധവത്കരണ പ്രക്രിയയില്‍ മറഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൂടി വരുന്ന കാലഘട്ടമാണിന്നുള്ളത്. ജാതി-മതവിദ്വേഷവും അന്ധവിശ്വാസ പ്രചാരണവും രാഷ്ട്രീയവിരോധവും ബോധവത്കരണ പ്രക്രിയയുടെ ഭാഗമാക്കി സമൂഹത്തെ ഒരുതരം മാനസികവും സാമൂഹികവുമായ രോഗാവസ്ഥ (Psychological and social morbidity) യിലേക്കെത്തിച്ചിരിക്കുന്നു. സോഷ്യല്‍മീഡിയയുടെ ദുരുപയോഗം ഇതിനു പ്രധാനമായൊരു പങ്കുവഹിക്കുന്നു. അന്ധവിശ്വാസനിര്‍മ്മിതിയിലൂടെ പൗരോഹിത്യവര്‍ഗ്ഗവും പൊതുസമൂഹത്തെ പിടിമുറുക്കുന്നു. ആശാസ്യകരമല്ലാത്ത പലതും-വര്‍ദ്ധിച്ചു വരുന്നു. മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍, അഴിമതി, മതവിദ്വേഷപ്രവര്‍ത്തികള്‍ തുടങ്ങിയവ സമൂഹത്തിന്റെ ആരോഗ്യപരമായ വളര്‍ച്ച തടയുന്നു.

125 വര്‍ഷങ്ങള്‍ക്കു മുമ്പ് ജാതി-ജന്മിത്വം നല്‍കിയ മാനസികവും സാമൂഹികവുമായ രോഗാവസ്ഥയായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെട്ട കേരളത്തില്‍ ഉണ്ടായിരുന്നത്. ജാതി സൃഷ്ടിച്ച ‘തീണ്ടലും’ ‘വിവേചനങ്ങളും’ അടിച്ചമര്‍ത്തലുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഭൂരിപക്ഷത്തെയാണു കേരളത്തില്‍ സൃഷ്ടിച്ചത്. മലിനാചാരങ്ങളും കീഴ്‌വഴക്കങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ സമുദായങ്ങളിലുമുള്ള മനുഷ്യരുടെയും സാഹോദര്യം ഇല്ലാതാക്കി. അവരുടെ സാമൂഹിക ചലനാത്മകത (Social mobility) നഷ്ടപ്പെടുത്തിയിരുന്നു.

ജാതിബന്ധിതമായിരുന്ന സമൂഹത്തില്‍ ഭൂരിപക്ഷവും നിരക്ഷരരും, ദരിദ്രരും ഭയചകിതരുമായിരുന്നു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പാക്കപ്പെടുന്ന പരിവര്‍ത്തന പ്രക്രിയയില്‍ ജാതിവെറിയുള്ള ജന്മികളെയും, ജാതിതമ്പുരാക്കന്മാരെയും പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം അവര്‍ണ വിഭാഗങ്ങളിലെ ജാതിബോധവും അപകര്‍ഷബോധവും വിധേയത്വശീലങ്ങളും അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയെടുക്കണമായിരുന്നു.

ജാതിബന്ധിതമായിരുന്ന സമൂഹത്തില്‍ ഭൂരിപക്ഷവും നിരക്ഷരരും, ദരിദ്രരും ഭയചകിതരുമായിരുന്നു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പാക്കപ്പെടുന്ന പരിവര്‍ത്തന പ്രക്രിയയില്‍ ജാതിവെറിയുള്ള ജന്മികളെയും, ജാതിതമ്പുരാക്കന്മാരെയും പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം അവര്‍ണ വിഭാഗങ്ങളിലെ ജാതിബോധവും അപകര്‍ഷബോധവും വിധേയത്വശീലങ്ങളും അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിയെടുക്കണമായിരുന്നു.

ശ്രീനാരായണഗുരുവും ശിഷ്യരും മറ്റു സാമൂഹിക പരിഷ്‌കര്‍ത്താക്കളും ചേര്‍ന്നു ശാസ്ത്രീയവും യുക്തിപരവും സുതാര്യവുമായ ബോധവല്‍ക്കരണ പ്രക്രിയ അവലംബിച്ചാണു മനുഷ്യവിരുദ്ധമായ ചളിക്കുണ്ടില്‍ നിന്നും കരകയറുവാന്‍ അന്നത്തെ ജനങ്ങളെ സഹായിച്ചത്.

സഹാേദരൻ അയ്യപ്പൻ

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇപ്പോഴത്തെ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഒട്ടുമിക്കതും നിലവിലില്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക മാറ്റത്തിനും മനുഷ്യപുരോഗതിക്കും വേണ്ടി ബോധവത്കരണം നടത്തുവാന്‍ ആദ്യമായി തീരുമാനിച്ചതും നടപ്പിലാക്കിയതും ശ്രീനാരായണഗുരുവാണ്.
സമാജങ്ങള്‍, വനിതാസമാജങ്ങള്‍, ആരാധനാലയങ്ങള്‍, കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനങ്ങള്‍, കലാ-സാഹിത്യ സമ്മേളനങ്ങള്‍, കുടുംബചടങ്ങുകള്‍, കവലകള്‍, ചന്തകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഗുരു ബോധവത്കരണത്തിന്റെ വേദികളാക്കി.

പിന്നീടത് സഹോദരപ്രസ്ഥാനം, മിശ്രഭോജന പ്രസ്ഥാനം, അന്തര്‍ദേശീയ സര്‍വമതസമ്മേളനം , ടി.കെ.മാധവന്റെ മദ്യവര്‍ജ്ജനപ്രസ്ഥാനം എന്നിവടങ്ങളിലൂടെയുള്ള വൈവിദ്ധ്യമാര്‍ന്ന ബോധവത്കരണ പ്രക്രിയയായി വളര്‍ന്നു. ഒടുവില്‍ ശിവഗിരി തീര്‍ത്ഥാടനം പോലും ഗുരു ബോധവത്കരണത്തിനു ഉപയോഗിക്കുവാനാണു ആവശ്യപ്പെട്ടത്.

ഒന്നാം ഘട്ടം
സന്നദ്ധപ്രസംഗകരിലൂടെ

സന്നദ്ധപ്രസംഗകരെ പരിശീലനം നല്‍കി നാട്ടിലുടനീളം അയച്ച് കുടുംബചടങ്ങുകളിലും കവലകളിലും ചന്തകളിലും ക്ഷേത്രങ്ങളിലും സമാജങ്ങളിലും പ്രസംഗത്തിലൂടെ ബോധവത്കരിക്കുക എന്നതായിരുന്നു ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. മുന്‍കൂട്ടി സ്വാമി തന്നെ നിശ്ചയിച്ച വിഷയങ്ങള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ബോധവത്കരണം. ആയുര്‍വേദ വൈദ്യന്മാരും ആശാന്മാരുമായിരുന്നു ഗുരുവിന്റെ ശിഷ്യന്മാര്‍ക്കൊപ്പം ബോധവത്കരണ പ്രക്രിയയില്‍ പങ്കെടുത്തത്.
ഗുരു: പ്രസംഗകര്‍ വിഹിതമാണെന്നു തോന്നുന്ന എല്ലാ സ്ഥലങ്ങളിലും അവരവരുടെ അതിര്‍ത്തി സ്ഥലങ്ങളില്‍ വിശേഷിച്ച് മാസത്തില്‍ ഒരു തവണ എങ്കിലും ജനങ്ങളെ ക്ഷണിച്ചു വരുത്തിയോ, സാധാരണ അടിയന്തിരങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ സ്വയമേവ കൂടുന്ന സന്ദര്‍ഭങ്ങളിലോ രണ്ടുവിധത്തിലോ സൗകര്യം പോലെ സമുദായത്തിനും (സമൂഹത്തിനും) പൊതുവില്‍ ഗുണപ്രദങ്ങളായ താഴെ കാണുന്ന വിഷയങ്ങളെപ്പറ്റി പ്രസംഗങ്ങള്‍ ചെയ്യേണ്ടതാകുന്നു. (1) മതം (2) സദാചാരം (3) വിദ്യാഭ്യാസം (4) വ്യവസായം
‘യോഗം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ, നാരായണഗുരുസ്വാമി അവര്‍കള്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ്’ വിവേകോദയം (6 മേടം, 1080/ഇടവം 1080) പ്രസിദ്ധീകരിച്ചത്.

ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ പ്രസംഗകര്‍ നിര്‍ബന്ധിതരായിരുന്നു. ”പ്രസംഗങ്ങള്‍ യാതൊരു പ്രകാരത്തിലും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്കു ഉപദ്രവമോ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്ന ജാതികള്‍ക്കു ക്ഷോഭമോ ഉണ്ടാക്കത്തക്ക വിധത്തിലോ സ്വരത്തിലോ ആയിരുന്നു കൂടാത്തതുമാകുന്നു. കഴിയുന്നത്ര താഴ്ന്ന ജാതിക്കാരുടെ അഭിവൃദ്ധിയില്‍ ജനങ്ങള്‍ക്കു താത്പര്യം ജനിപ്പിക്കേണ്ടതാണ്”.

പരദൂഷണം ചെയ്യാതെ ‘മതബോധവത്കരണം’ ചെയ്യുന്ന പ്രസംഗകര്‍ ഊന്നല്‍ കൊടുക്കേണ്ടത് ”മതസംബന്ധമായ അന്ധവിശ്വാസങ്ങളും ജന്തുബലി പോലെയുള്ള അനാചാരങ്ങളും നിരാകരിക്കുവാന്‍ പ്രേരിപ്പിക്കുക” എന്നതായിരുന്നു ഉത്തമ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമായ ‘സത്യസന്ധത, ശുചിത്വം, അധര്‍മ്മഭയം, ആസ്തിക്യം അഥവാ ആത്മ-പരമാത്മബോധം, ഐക്യം’ എന്നിവയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുവാന്‍ പ്രസംഗകരോടു ഗുരു ആവശ്യപ്പെട്ടു.

പരദൂഷണം ചെയ്യാതെ ‘മതബോധവത്കരണം’ ചെയ്യുന്ന പ്രസംഗകര്‍ ഊന്നല്‍ കൊടുക്കേണ്ടത് ”മതസംബന്ധമായ അന്ധവിശ്വാസങ്ങളും ജന്തുബലി പോലെയുള്ള അനാചാരങ്ങളും നിരാകരിക്കുവാന്‍ പ്രേരിപ്പിക്കുക” എന്നതായിരുന്നു ഉത്തമ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമായ ‘സത്യസന്ധത, ശുചിത്വം, അധര്‍മ്മഭയം, ആസ്തിക്യം അഥവാ ആത്മ-പരമാത്മബോധം, ഐക്യം’ എന്നിവയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുവാന്‍ പ്രസംഗകരോടു ഗുരു ആവശ്യപ്പെട്ടു.
മാനവികതയ്ക്കു ഊന്നല്‍ കൊടുത്തുള്ള സാമൂഹ്യവത്കരണത്തിലൂടെ, സംസ്‌കാര ചിത്തരായി ഉത്തമജീവിത നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ ചുറ്റുമുള്ളവരെ പ്രേരിപ്പിക്കുവാനാണു ഗുരു ആവശ്യപ്പെട്ടത്. പരസ്പരം തൊടാതെയും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാതിരുന്നവരെയും നേരിട്ടുകൊണ്ട് ”എല്ലാവരും ആത്മസഹോദരരാണെന്നും, ജാതി മനുഷ്യന്റെ കൃത്രിമ സൃഷ്ടിയാണെന്നും, പ്രിയങ്ങള്‍ സമാനമാണെന്നും, ഈശ്വരന്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും പലമതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും, വിദ്യ അഭ്യസിക്കുവാനും ഏതു തൊഴില്‍ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് എന്നും, ജാതിഭേദവും മതവിദ്വേഷവും പുലര്‍ത്താതെ എല്ലാവരും സാഹോദര്യം നിലനിര്‍ത്തണമെന്നും മറ്റുമുള്ള ഗുരുസന്ദേശങ്ങള്‍ പ്രസംഗകര്‍ ജനങ്ങള്‍ക്കു പറഞ്ഞു കൊടുത്തു.ജാതിയുടെയും, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തോടുപൊളിച്ചു, അന്തസ്സുള്ള മനുഷ്യരായി അവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു.
‘വിദ്യാഭ്യാസത്തിന്റെ അസാമാന്യമായ ഗുണത്തെയും സ്ത്രീ-പുരുഷന്മാരില്‍ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവര്‍ ഉണ്ടായിരിക്കരുതെന്നും ഉള്ള കാര്യങ്ങള്‍ പ്രാസംഗികര്‍ ബോധ്യപ്പെടുത്തണമായിരുന്നു.
കൃഷി, കച്ചവടം, കൈത്തൊഴില്‍, വ്യവസായം ഇവയെ ഉത്തമരീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനെയും മിതവ്യയത്തെയും പറ്റി പറയുന്നതിനൊപ്പം, മടിയായിരുന്നു ഉപജീവിക്കുന്ന സമ്പ്രദായം സാമൂഹിക നിയമവിരുദ്ധമായതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രസംഗകര്‍ ശ്രമിക്കണമായിരുന്നു.

പ്രാസംഗികര്‍ക്കുള്ള
നിര്‍ദ്ദേശങ്ങള്‍

(1) പരദൂഷണം ചെയ്യരുത്, (2) മറ്റു വിഭാഗങ്ങളുടെ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തരുത്. (3) തനിക്കു സന്ദേഹമുള്ള വിഷയങ്ങളെപ്പറ്റി പ്രസംഗകന്‍ ജനങ്ങളെ ധരിപ്പിക്കരുത്. (4) സംശയങ്ങള്‍ യോഗം സെക്രട്ടറി മുഖേന സ്വാമി അവര്‍കളെ ബോധിപ്പിച്ചു നിവൃത്തി വരുത്തിക്കൊള്ളണം. (5) തങ്ങളുടെ കൃത്യങ്ങളോടു സംബന്ധപ്പെട്ടതും പ്രാധാന്യമുള്ളതുമായ കാര്യങ്ങള്‍ അതതു സ്ഥലങ്ങളില്‍ നടക്കുന്നതു യോഗം ഓഫീസിലേക്കു റിപ്പോര്‍ട്ടു ചെയ്യണം. (6) തന്മാസത്തിന്‍ തങ്ങളുടെ പ്രവൃത്തികളുടെ ചുരുക്കം വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തക്കവിധം സെക്രട്ടറിയുടെ പേര്‍ക്ക് നിയമേന എഴുതി അയച്ചു കൊടുക്കണം (7) പ്രസംഗകര്‍ യോഗം നിയമങ്ങളെയും സ്വാമി അവര്‍കള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും അനുസരിക്കണം. (8) പുതുതായോ പകരമായോ പ്രസംഗകരെ ഏര്‍പ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നതിനു സ്വാമി അവര്‍കള്‍ക്കു എപ്പോഴും സ്വാതന്ത്ര്യം ഉണ്ട് (വിവേകോദയം മേടം 1080/ഇടവം 1080)

യോഗം പ്രസംഗകരെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ചു പോന്നു. (1) കൊല്ലം ടൗണും അടുത്ത പ്രദേശങ്ങളും മാ-രാ-രാ കൊച്ചുലകന്‍ വൈദ്യര്‍ അവര്‍കള്‍ (2) നെയ്യാറ്റിന്‍കര, നേമം, ബാലരാമപുരം, കോട്ടുകോല്‍ പെരുങ്കടവിള മുതലായ സ്ഥലങ്ങള്‍: വൈദ്യന്‍ എ.സി. കൃഷ്ണപ്പണിക്കര്‍. (3) കരുനാഗപ്പള്ളിയില്‍ പന്മന, ചവറ, തഴവ, പുതുപ്പള്ളി മുതലായ പ്രവൃത്തികള്‍: മാ – രാ – രാ കരിങ്ങോട്ടു ജി. നാണു ആശന്‍ അവര്‍കള്‍ (4) വര്‍ക്കല, ചിലക്കുര്‍, കുരയ്ക്കണ്ണി മുതലായ സ്ഥലങ്ങള്‍, മുണ്ടയില്‍ മാ-രാ-രാ ഗോവിന്ദന്‍ ആശാന്‍ അവര്‍കള്‍ (5) തിരുവനന്തപുരം വടക്ക്. മാ-രാ-രാ ചെമ്പഴന്തിയില്‍ സി. വേലുവൈദ്യന്‍ അവര്‍കള്‍ (വിവേകോദയം ഇടവം 1080) കൊച്ചി പള്ളപ്രത്തു, ചെറായി കെ.എ. രാമന്‍പിള്ള, ബ്രിട്ടീഷ് കൊച്ചിയിലെയും അതിനടുത്ത സ്ഥലങ്ങളും മുന്‍ഷി മിസ്റ്റര്‍ എന്‍.പി. കുട്ടാപ്പു എന്നിവരെ നിയമിച്ചു. (വിവേകോദയം, കര്‍ക്കിടകം 1080), വൈക്കം, ചേര്‍ത്തല, കണയന്നൂര്‍, വൈക്കം പള്ളിപ്ര പൂവത്തില്‍ നരസി ആശാന്‍, തുറവൂര്‍; കല്ലുവീട്ടില്‍ കൃഷ്ണന്‍ അവര്‍കള്‍. കോതമര; കമ്പക്കുറ്റിയില്‍ വേലായുധന്‍ അവര്‍കള്‍ എന്നിവരെ നിയമിച്ചു (വിവേകോദയം ധനു 1081)

പ്രസംഗകരുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും കാണാം. ”പറവൂര്‍ കെ.ഡി. ഗോവിന്ദന്‍ അവര്‍കള്‍, തന്റെ സഞ്ചാരത്തില്‍ പത്തനാപുരം, കൊട്ടാരക്കര മുതലായ താലൂക്കുകളുടെ പല ഉള്‍പ്രദേശങ്ങളിലും ഉള്ള ജനങ്ങളെ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിലും പരിഷ്‌കൃതമായ ദേവാരാധനക്രമങ്ങളിലും ആചാരങ്ങളിലും പ്രേരിപ്പിച്ചു പല കാര്യങ്ങളും ചെയ്തുവരുന്നു. യോഗം വക പ്രസംഗകന്‍ എ. കൊച്ചുമകന്‍ വൈദ്യന്‍ അവര്‍കള്‍ സര്‍ക്യൂട്ടില്‍ കൊട്ടാരക്കരയില്‍ നിന്നും കുന്നത്തൂര്‍, മണ്ണടി എന്ന സ്ഥലത്തെത്തി, സ്ഥലവാസികളെ വിളിച്ചു കൂട്ടി സമാജം ആരംഭിച്ചു. ടി. പ്രസംഗകന്‍ പുലിക്കോട് കോവു വീട്ടുശ്ശേരില്‍ ഭവനത്തില്‍ വച്ച് സ്ഥലം സമാജക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി കെട്ടു കല്യാണം മുതലായ സ്വാമി അവര്‍കള്‍ നിഷേധിച്ചിട്ടുള്ള അടിയന്തിരങ്ങളെ നിര്‍ത്തല്‍ ചെയ്ത് സമാജത്തില്‍ നിശ്ചയങ്ങള്‍ പാസ്സാക്കി (വിവേകോദയം ധനു 1081)

അനേകം ആളുകള്‍ ഒപ്പിട്ട ഹര്‍ജി ഒരു പ്രാസംഗികനേ മാറ്റുവാനായി യോഗം ആഫീസില്‍ വന്നതനുസരിച്ചു അന്വേഷിച്ചറിഞ്ഞ് അഭിപ്രായം എഴുതി അറിയിക്കുന്നതിനു സ്വാമി അവര്‍കള്‍ ചൈതന്യസ്വാമി അവര്‍കള്‍ക്കു ഉത്തരവ് അയച്ചിരുന്നതായും റിപ്പോര്‍ട്ട് (വിവേകോദയം ഇടവം 1081)
ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ നിരന്തരം സഞ്ചാരം നടത്തിയ ഗുരുശിഷ്യനായിരുന്നു ശിവപ്രസാദ് സ്വാമികള്‍. 1914-ല്‍ പ്രസംഗകരുടെ ഡയറി എന്ന പേരില്‍ ശിവപ്രസാദ സ്വാമികളുടെ കന്നി,തുലാം,വൃശ്ചികം മാസങ്ങളിലെ പ്രസംഗ സ്ഥലങ്ങളും വിഷയങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയുള്ള സ്ഥലങ്ങളില്‍ ‘മതവും മതഗുരുക്കന്മാരും, സ്വാമിയും സന്ദേശങ്ങളും’, ‘ധര്‍മ്മവും നമ്മുടെ ഗുരുവും, ശുചിത്വം, ‘മതം പൊതുവെ’, ഭക്തി, വിദ്യാഭ്യാസം, സഭകളും അവയുടെ ഉപയോഗവും, ഗൃഹഭരണം തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍.
20-ാം നൂറ്റാണ്ടിന്റെ ആദ്യം ശ്രീനാരായണഗുരുവിന്റെ ബോധവത്കരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത ‘പുകഴ്ത്തപ്പെടാത്ത ഈ നേതാക്കളുടെ (Unsung heroes) ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞു അംഗീകരിക്കേണ്ടതുണ്ട്. ഈ ലേഖനം വായിക്കുന്നവരില്‍ പലര്‍ക്കും അവരുടെ പൂര്‍വ്വീകരുടെ നാമങ്ങള്‍ ഈ മഹാപ്രക്രിയയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ കാണാന്‍ കഴിയും. കേരളത്തെ ഉഴുതുമറിച്ച ഒരു പ്രക്രിയയുടെ ഭാഗമായിരുന്ന ഒരു നല്ല മനുഷ്യന്റെ പിന്‍തലമുറയില്‍പ്പെട്ടയാളെന്നു അഭിമാനിക്കാം.
കാര്‍ഷിക വ്യാവസായിക പ്രദര്‍ശനങ്ങള്‍- സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള (Economic mobility) ബോധവല്‍ക്കരണം
ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനങ്ങളും, ആ ദിവസങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സാഹിത്യ-കലാ സമ്മേളനങ്ങളും മത്സരങ്ങളും മറ്റും വ്യത്യസ്തമായ ബോധവത്കരണ പ്രക്രിയ ആവുകയായിരുന്നു. ജാതിയും സവര്‍ണമതവും, സവര്‍ണരാഷ്ട്രവും, അനാചാരങ്ങളും അടിച്ചേല്‍പ്പിച്ച അജ്ഞതയും പ്രാകൃത ജീവിതവും വെടിഞ്ഞ് ആധുനിക മനുഷ്യന്റെ ജീവിത സാദ്ധ്യതകളും വികസന സങ്കല്പങ്ങളും തിരിച്ചറിഞ്ഞ് ജീവിതത്തില്‍ പകര്‍ത്തുവാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ കാരണമായി. 1905-ല്‍ കൊല്ലത്തു നടന്ന യോഗത്തിന്റെ രണ്ടാമതു വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട പ്രദര്‍ശനത്തെപ്പറ്റി ഡോ. പല്പു ”ഇങ്ങനെയുള്ള പ്രദര്‍ശനങ്ങള്‍ ഈ സമുദായത്തിന്റെ പരിശ്രമ ശീലത്തെ വര്‍ദ്ധിപ്പിക്കുമെന്നു തന്നെയല്ല ഈ വിഷയത്തില്‍ ഇവരോടു മത്സരിക്കുന്നതിനു മറ്റു സമുദായക്കാരെയും ഉത്സാഹിപ്പിക്കും. അങ്ങനെ ഉണ്ടാകുന്നതായ സുഖകരമായ മത്സരം രാജ്യത്തിന്റെ പൊതുവിലുള്ള ക്ഷേമാഭിവൃദ്ധിക്കും ഹേതുവായിത്തീരും” 1907ല്‍ കണ്ണൂരില്‍ സംഘടിപ്പിച്ച കാര്‍ഷിക-വ്യാവസായിക പ്രദര്‍ശന സമയത്ത് കാസില്‍ സ്റ്റ്വവര്‍ട്ട് സായ്പ് : ”തീയ്യര്‍ സമുദായത്തിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ കാര്‍ഷികവും വ്യാവസായികവുമായുള്ള പദാര്‍ത്ഥങ്ങളെ മാത്രമല്ല അന്യസമുദായങ്ങളുടെ വ്യവസായ പദാര്‍ത്ഥങ്ങളെയും കൂടി കണ്ട് താരതമ്യപ്പെടുത്തി നോക്കി തങ്ങളുടേതായവയെ പരിഷ്‌ക്കരിക്കുന്നതിനും, നവീനങ്ങളായ വ്യവസായങ്ങളെ മനസ്സിലാക്കി പകര്‍ത്തിക്കൊള്ളുന്നതിനും, പൊതുവായ ജ്ഞാനാഭിവൃദ്ധിക്കും അത്യധികം ഉതകുന്നു”

പുതിയ ഭൗതിക സാഹചര്യങ്ങളിലേക്കു ജാതി വിധേയത്വത്തിന്റെ കാഴ്ചപ്പാടുകള്‍ ഉപേക്ഷിച്ചു പുത്തന്‍ ജീവന നൈപുണ്യങ്ങളുമായി (life Skills) കടന്നുവരാന്‍ സാധുക്കളായ ജനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു ഗുരു. സംഘടിച്ചു ശക്തരായി വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഗുരു അവരെ പ്രേരിപ്പിച്ചു. പതിനായിരക്കണക്കിനു ഈഴവ കുടുംബങ്ങള്‍ അവരുടെ കുടിലുകളില്‍ ഉണര്‍ത്തിയ തൊണ്ടുതല്ലിന്റെയും റാട്ടിന്റെയും നെയ്ത്തുതറിയുടെയും സംഗീതം അവര്‍ണ്ണരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സംഗീതമായിരുന്നു

പുതിയ ഭൗതിക സാഹചര്യങ്ങളിലേക്കു ജാതി വിധേയത്വത്തിന്റെ കാഴ്ചപ്പാടുകള്‍ ഉപേക്ഷിച്ചു പുത്തന്‍ ജീവന നൈപുണ്യങ്ങളുമായി (life Skills) കടന്നുവരാന്‍ സാധുക്കളായ ജനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു ഗുരു. സംഘടിച്ചു ശക്തരായി വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഗുരു അവരെ പ്രേരിപ്പിച്ചു. പതിനായിരക്കണക്കിനു ഈഴവ കുടുംബങ്ങള്‍ അവരുടെ കുടിലുകളില്‍ ഉണര്‍ത്തിയ തൊണ്ടുതല്ലിന്റെയും റാട്ടിന്റെയും നെയ്ത്തുതറിയുടെയും സംഗീതം അവര്‍ണ്ണരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സംഗീതമായിരുന്നു.
”മിശ്രഭോജനം മറ്റൊരു ബോധവത്കരണ പ്രക്രിയ”
ജാതിബോധം ഇല്ലാതാക്കുവാന്‍ ‘മിശ്രഭോജനം” എന്ന പ്രത്യക്ഷ കര്‍മ്മപരിപാടിയിലൂടെ ജനങ്ങളെ ബോധവത്കരിക്കുക എന്ന വേറിട്ട സാമൂഹിക തന്ത്രമാണു ഗുരു നടപ്പിലാക്കിയത്. മനസ്സിലുള്ള ജാത്യാഭിമാനം പര്‍പ്പടകം പൊടിയുന്നത് പോലെ പൊടിക്കുവാന്‍ മിശ്രഭോജനങ്ങള്‍ക്കു കഴിയുമെന്നു ഗുരു വിശ്വസിച്ചു. ആശ്രമങ്ങള്‍ക്കുള്ളിലും പുറത്തും ജാതിഭേദമെന്യേ അടുത്തും അകലെയും നില്‍ക്കുന്നവരെ ഒന്നിച്ചിരുത്തി ആഹാരം പങ്കിട്ടു കഴിക്കുന്നതു ഗുരു പതിവാക്കി. ഗുരുവിന്റെ മനസ്സറിഞ്ഞ സഹോദരന്‍ കെ. അയ്യപ്പന്‍ മിശ്രഭോജനം എന്നതു ഒരു പൊതുപ്രവര്‍ത്തന പദ്ധതിയായി സംഘടിപ്പിച്ചു. 1917 മെയ് മാസം 29-ാം തീയതി ആരംഭിച്ച മിശ്രഭോജന പ്രസ്ഥാനം കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രക്രിയയിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തിലുടനീളം സഹോദരസംഘം മുന്‍കൈയ്യെടുത്തു മിശ്രഭോജനം സംഘടിപ്പിച്ചു. മറ്റു സംഘടനകളും സമുദായങ്ങളും മിശ്രഭോജനം നടത്തുന്നതില്‍ താല്‍പര്യമെടുത്തു.
മിശ്രഭോജനം എന്ന സാമൂഹിക പ്രക്രിയയിലൂടെ ജനങ്ങള്‍ ആര്‍ജ്ജിച്ച സാഹോദര്യത്തിന്റെയും ഒരുമയുടെയും ബോധം ജാതീയതയുടെ തോടുപൊളിച്ചു. ഇന്ത്യയിലെ മറ്റൊരു ഭാഗത്തും അന്നും പില്‍ക്കാലത്തും സംഭവിക്കാത്ത ഈയൊരു ബോധവത്കരണ പ്രക്രിയ കേരളത്തിലെ ജനങ്ങളുടെ ജീവിതം മനുഷ്യത്വമുള്ളതാക്കുകയായിരുന്നു.

‘പലതമതസാരവും ഏകം’
എന്ന ബോധവത്കരണം
1924 മാര്‍ച്ചില്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച ‘സര്‍വമതസമ്മേളനം’ ബോധവത്കരണത്തിനു പുതിയ മാനം നല്‍കി. മതത്തെക്കുറിച്ചുള്ള ഗുരുവിന്റെ വിപ്ലവകരമായ സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും വെറുമൊരു സന്യാസിക്കു സാധിക്കുന്നതായിരുന്നില്ല. അറിവിലുമേറി അറിഞ്ഞിടുന്നവനായ ആ യുഗപുരുഷന്‍ വിശ്വമാനവികതയുടെ പ്രതിപുരുഷനായിരുന്നു.
അറിയുവാനും അറിയിക്കുവാനുമാണ് വാദിക്കുവാനും ജയിക്കുവാനുമല്ല എന്ന പ്രഖ്യാപനത്തോടെയാണു സര്‍വമതസമ്മേളനം ആരംഭിച്ചത്. എല്ലാ മതങ്ങളുടെയും പരമോദ്ദേശം ഒന്നാണെന്നും, പല മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും ഗുരു ബോധവത്കരിച്ചു. എല്ലാ മതങ്ങളും എല്ലാവരും പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നും, മതം ഒരു ആദ്ധ്യാത്മകാര്യമായി മാത്രം തീരണമെന്നും മതവിഷയമായ കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ നിഷ്പക്ഷനില അനുവര്‍ത്തിക്കണമെന്നും സര്‍വ്വമത സമ്മേളനം ആവശ്യപ്പെട്ടു
മലയാളി അന്നു ആര്‍ജ്ജിച്ച മതനിരപേക്ഷതയുടെ ബോധവത്കരണമായിരുന്നു അത്. മനുഷ്യരുടെ സിരകളില്‍ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഊര്‍ജ്ജമാണു നിറയേണ്ടതെന്നും, സങ്കുചിത മതബോധമാകരുത് മാനവരാശിയെ നയിക്കേണ്ടതെന്നുമുള്ള ഗുരു നല്‍കിയ തിരിച്ചറിവ് മലയാളി ഇന്നു ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന ഒരു മഹാപാഠശാല അഥവാ സര്‍വകലാശാല

സൃഷ്ടിക്കപ്പെടണമെന്ന ഗുരുവിന്റെ വലിയ ആഗ്രഹം നമ്മള്‍ അവഗണിച്ചു.
മദ്യത്തിനും ലഹരി മരുന്നുകള്‍ക്കുമെതിരായ ബോധവത്കരണം, മതവിദ്വേഷം തുപ്പാന്‍ തുടങ്ങിയിരിക്കുന്ന മലയാളികള്‍ നേരിടുന്ന മറ്റൊരു ദുരന്തമാണ് മദ്യവും ലഹരി മരുന്നും നശിപ്പിക്കുന്ന മനുഷ്യജീവിതം, 1821-22ല്‍ മദ്യം വഴിയുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വരവ് 61, 124 രൂപയായിരുന്നെങ്കില്‍ 1902-03ല്‍ അത് 5,94,654 ആയി വര്‍ദ്ധിച്ചു.

മനുഷ്യനും സമൂഹത്തിനും വിനാശകരമായിട്ടുള്ള മദ്യത്തിന്റെ (കഞ്ചാവും കറുപ്പും ഉള്‍പ്പെടെ) ഉല്പാദനവും വിതരണവും ഉപഭോഗവും ഉപേക്ഷിക്കണമെന്നു ഗുരു ആവശ്യപ്പെടുകയായിരുന്നു. നാടുനീളെ ജനങ്ങളുടെയിടയില്‍ നടന്നു ജീവിച്ച ഗുരു നേരിട്ടറിഞ്ഞ ഒരു ദുരന്തമായിരുന്നു മദ്യപാനം. മനുഷ്യനുവേണ്ടി ജീവിച്ച ഗുരു കള്ളുചെത്തുന്നവന്റെ വീട്ടിലും മദ്യപാനിയുടെ കുടിലിലും ചാരായക്കച്ചവടത്തിന്റെ കുത്തകാവകാശം ഉള്ള സമ്പന്നന്റെ വീട്ടിലും കടന്നു ചെന്നു അവരെ ബോധവത്കരിച്ചു പിന്‍തിരിപ്പിച്ചു.

ഗുരുവിന്റെ മദ്യവര്‍ജ്ജന ബോധവത്കരണ ശ്രമങ്ങളെ നെഞ്ചിലേറ്റി നടപ്പിലാക്കുവാന്‍ യത്‌നിച്ച മഹാനായിരുന്നു ടി.കെ. മാധവന്‍. മദ്യവര്‍ജ്ജന പ്രവൃത്തികളില്‍ മാധവന്‍ നടത്തിയ ഇടപെടലുകള്‍ മൂലം അദ്ദേഹത്തിനു ‘തിരുവിതാംകൂറിലെ പുസ്സിഫുട്ട്’ എന്ന അപരനാമവും ലഭിച്ചു.
മദ്യവര്‍ജ്ജന ബോധവത്കരണ ശ്രമങ്ങള്‍ ഫലങ്ങള്‍ സൃഷ്ടിച്ചിരുന്നു. മദ്യവര്‍ജ്ജന പ്രസ്ഥാനം ശക്തമായതോടെ പല സ്ഥലത്തും ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കുവാന്‍ ആളുകള്‍ ഇല്ലാതായി. അബ്കാരി ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞു.

കള്ളുചെത്തില്‍ ഏര്‍പ്പെട്ടിരുന്ന നല്ലൊരു വിഭാഗം വ്യക്തികള്‍ ആ ജോലി ഉപേക്ഷിച്ചു മറ്റു തൊഴിലുകള്‍ സ്വീകരിച്ചതാണു ഈ കാലഘട്ടത്തിന്റെ പ്രത്യേകത (1905-1930) 1901-ല്‍ ഈഴവ ജനസംഖ്യയുടെ 10 ശതമാനം കള്ളുചെത്തിലും കള്ളു കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നതു 1921നു ഏഴ് ശതമാനമായി കുറഞ്ഞു. 1931-ല്‍ അതു വീണ്ടും നാലുശതമാനമായി. വ്യാവസായിക മേഖലയില്‍ ജോലി ചെയ്തവര്‍ 22 ശതമാനമായി വര്‍ദ്ധിച്ചു.

ധര്‍മ്മത്തിന്റെയും മാനവികതയുടെയും സര്‍വ്വസാഹോദര്യത്തിന്റെയും ബോധവത്കരണം നടത്തി, ”നമുക്കു ജാതിയില്ല” എന്ന പൊതുവിളംബരം ചെയ്തു, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരാകരിച്ചു എല്ലാ സമുദായത്തില്‍പ്പെട്ടവരേയും പരിവര്‍ത്തനത്തിനു ശ്രീനാരായണഗുരു വിധേയമാക്കി.

ധര്‍മ്മത്തിന്റെയും മാനവികതയുടെയും സര്‍വ്വസാഹോദര്യത്തിന്റെയും ബോധവത്കരണം നടത്തി, ”നമുക്കു ജാതിയില്ല” എന്ന പൊതുവിളംബരം ചെയ്തു, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരാകരിച്ചു എല്ലാ സമുദായത്തില്‍പ്പെട്ടവരേയും പരിവര്‍ത്തനത്തിനു ശ്രീനാരായണഗുരു വിധേയമാക്കി.

ഗുരുവിന്റെ ബൃഹത്തായ പ്രവര്‍ത്തനത്തെ അവര്‍ണര്‍ സവര്‍ണന്റെ ജീവിതത്തെ അനുകരിക്കുവാന്‍ ശ്രമിക്കുന്ന ഒരു പ്രക്രിയയായി (Sanskritisation) മാത്രം എം.എന്‍. ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില പണ്ഡിതന്മാര്‍ വിലയിരുത്തിയത് ഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ ആഴത്തിലുള്ള പഠനം നടത്തിയ ശേഷമുള്ളതായിരുന്നില്ല.

Author

Scroll to top
Close
Browse Categories