പ്ളാറ്റിനം ശോഭയിൽ കൊല്ലം എസ്.എൻ കോളേജ്
ഒരു നേരിയ കുളിർ മർമ്മരമായി, തലോടലായി ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്നരുളിയ ഗുരുവിന്റെ ചൈതന്യം കൊല്ലം ശ്രീനാരായണ കോളേജിൽ വിദ്യാവിലാസിനിയായി വഴിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടാകുന്നു. അവർണരെന്ന് പറഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തീണ്ടാപ്പാടകലെ നിർത്തിയിരുന്ന വലിയൊരു ജനസമൂഹത്തെ വിദ്യയുടെയും അറിവിന്റെയും വെള്ളിവെളിച്ചത്തിലേക്ക് നയിച്ച ഈ കലാലയത്തിൽ നിന്ന് ഇക്കാലത്തിനിടെ വിദ്യയുടെ സുവർണ സൗഗന്ധികം നുകർന്ന് മുഖ്യധാരയിലെത്തിയ ജനകോടികൾക്കിത് അഭിമാനമുഹൂർത്തം.
വിശ്വഗുരുവായ ശ്രീനാരായണ ഗുരു ഒരിയ്ക്കൽ വടക്കുനിന്ന് ശിവഗിരിയിലേക്കുള്ള യാത്രാമദ്ധ്യേ കൊല്ലത്ത് വിശ്രമിച്ചു. അദ്ദേഹത്തിന് താമസിക്കാൻ ഏർപ്പാടാക്കിയിരുന്നത് ഇപ്പോൾ ശ്രീനാരായണ വനിതാ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് കിഴക്ക് ഭാഗത്തുണ്ടായിരുന്ന തോമസ് സ്റ്റീഫൻ കമ്പനിയുടെ കെട്ടിടത്തിലായിരുന്നു. സന്ധ്യയ്ക്ക് വീടിന്റെ പൂമുഖത്തിരുന്ന ഗുരു, പടിഞ്ഞാറു ഭാഗത്തായി കാടുകയറി ഹരിതാഭമായിക്കിടന്ന വിജനമായ സ്ഥലം കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. ‘കൊള്ളാം, വിദ്യാപീഠം സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ്’ അപ്പോൾ അവിടെയുണ്ടായിരുന്ന സ്വാമിഭക്തരായവരോടാണ് ഗുരു ഇങ്ങനെ അരുളിച്ചെയ്തത്. ഗുരുവിന്റെ ദൃഷ്ടി പതിയുകയും അനുഗ്രഹം ചൊരിയുകയും ചെയ്തുവെന്ന തിരിച്ചറിവാണ് ആ സ്ഥലത്തു തന്നെ ഒരു കലാലയം സ്ഥാപിക്കാൻ പിൽക്കാലത്ത് ആർ.ശങ്കറെന്ന മഹാന് പ്രേരക ശക്തിയായത്.
കേരള ചരിത്രത്തോളം പ്രാധാന്യമേറിയ കൊല്ലം ശ്രീനാരായണ കോളേജിന്റെ പ്രവേശന കവാടം കടന്ന് ഉള്ളിലെത്തിയാൽ ഒരു സവിശേഷ ചൈതന്യം അനുഭവപ്പെടും ആർക്കും. ശ്രീനാരായണ ഗുരുവിന്റെ അദൃശ്യ സാന്നിദ്ധ്യത്താൽ ചൈതന്യധന്യമായ ഭൂമികയിൽ തലയെടുപ്പോടെ നിൽക്കുന്ന കോളേജിന്റെ ഓരോകോണിലുമുണ്ട് ഈ അദൃശ്യ സാന്നിദ്ധ്യം. ഒരു നേരിയ കുളിർ മർമ്മരമായി, തലോടലായി ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്നരുളിയ ഗുരുവിന്റെ ചൈതന്യം കൊല്ലം ശ്രീനാരായണ കോളേജിൽ വിദ്യാവിലാസിനിയായി വഴിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടാകുന്നു. അവർണരെന്ന് പറഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തീണ്ടാപ്പാടകലെ നിർത്തിയിരുന്ന വലിയൊരു ജനസമൂഹത്തെ വിദ്യയുടെയും അറിവിന്റെയും വെള്ളിവെളിച്ചത്തിലേക്ക് നയിച്ച ഈ കലാലയത്തിൽ നിന്ന് ഇക്കാലത്തിനിടെ വിദ്യയുടെ സുവർണ സൗഗന്ധികം നുകർന്ന് മുഖ്യധാരയിലെത്തിയ ജനകോടികൾക്കിത് അഭിമാനമുഹൂർത്തം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ പങ്ക് വഹിക്കുന്ന ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലെ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ ഏറ്റുവാങ്ങിയ ജനലക്ഷങ്ങൾക്കിത് 75 വർഷത്തെ കർമ്മസാഫല്യം.1948 ജൂൺ 17 ന് പരിമിതമായ സൗകര്യങ്ങളിലെങ്കിലും പ്രൗഢിയോടെ സമാരംഭം കുറിച്ച കോളേജ് 2023 ജൂൺ 17 ന് പ്ളാറ്റിനം ജൂബിലി ശോഭയിലെത്തും. ജൂബിലി നിറവിൽ തിളങ്ങുന്ന കലാലയത്തിന് തിലകച്ചാർത്തേകാൻ പിന്നിട്ട ചരിത്രമുഹൂർത്തങ്ങളുടെ സുവർണ ഏടുകൾ മാത്രം മതിയാകും.
ചൂഷണങ്ങളുടെ
ഭൂതകാലം
19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പരമദയനീയമായിരുന്നു കേരളത്തിലെ അവർണ വിഭാഗത്തിന്റെ സ്ഥിതി. തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിലെ ജനസംഖ്യയിൽ ഗണ്യമായിരുന്ന ഈഴവർ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു. വിദ്യ അഭ്യസിക്കാനോ പൊതുവഴികളിലൂടെ സഞ്ചരിക്കാനോ സർക്കാർ ഉദ്യോഗലബ്ധിക്കോ മാത്രമല്ല, നന്നായി വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നിഷേധിച്ച കാലം. ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ എല്ലാവിധ ചൂഷണങ്ങൾക്കും മർദ്ദനത്തിനും വരെ വിധേയരായിരുന്നു. ഈ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് ശക്തമായൊരു സാമൂഹ്യ വിപ്ളവത്തിന് ഗുരുദേവൻ തുടക്കമിട്ടത് ഈകാലഘട്ടത്തിലാണ്. ഗുരുവിനൊപ്പം ഡോ.പൽപ്പു, മഹാകവി കുമാരനാശാൻ എന്നിവരുടെ നേതൃത്വത്തിൽ ഈഴവരുടെയും ഇതര പിന്നാക്ക വിഭാഗങ്ങളുടെയും വിമോചനത്തിന് കളമൊരുങ്ങിയത് 1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണത്തോടെയാണ്. അന്ന് തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ അപൂർവം. ഉള്ളവയിലാകട്ടെ ഈഴവരാദി പിന്നാക്കക്കാർക്ക് പ്രവേശനവും നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ രംഗത്ത് സ്വന്തം വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ വേണ്ടത്ര പുരോഗതി നേടാൻ ഈഴവർക്കും പിന്നാക്കക്കാർക്കും കഴിഞ്ഞിരുന്നില്ല. ഈ ദുരവസ്ഥ മാറ്റാനാണ് വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ സന്ദേശം പ്രാവർത്തികമാക്കാൻ എസ്.എൻ.ഡി.പി യോഗം മുന്നിട്ടിറങ്ങിയത്.
1944 ൽ ആർ.ശങ്കർ യോഗം ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതോടെ ഈ ഗുരുസന്ദേശം സാഫല്യമാക്കാനുള്ള യത്നം തുടങ്ങി. അക്കാലത്ത് തിരുവിതാംകൂറിൽ ഈഴവരുടെ സാക്ഷരതയുടെ സ്ഥാനം 17 -ാം സ്ഥാനത്തായിരുന്നു. കോളേജിൽ പഠിക്കുന്നവരുടെ എണ്ണം കഷ്ടിച്ച് 500 മാത്രം. യോഗത്തിന്റെ 41-ാം വാർഷിക സമ്മേളന റിപ്പോർട്ടിൽ ജനറൽ സെക്രട്ടറി ആർ.ശങ്കർ ഇങ്ങനെ പ്രസ്താവിച്ചു. സമുദായാംഗങ്ങളിൽ നിരക്ഷരരായ ഒരാൾ പോലും ഇല്ലെന്ന നില മൂന്ന് വർഷം കൊണ്ട് കൈവരിക്കണമെന്നും അതിനായി ഒരു ഒന്നാം ഗ്രേഡ് കോളേജ് സ്ഥാപിക്കണമെന്നും തീരുമാനിച്ചു. തുടർന്ന് 1121 ചിങ്ങം 31 ന് എസ്.എൻ.ഡി.പി യോഗം ബോർഡും പിന്നാലെ പൊതുയോഗവും ചേർന്ന് കോളേജ് സ്ഥാപിക്കാൻ ഏകകണ്ഠമായി തീരുമാനം കൈക്കൊണ്ടു. അന്നു വരെ വെറും 5 മിഡിൽ സ്കൂളുകൾ മാത്രം നടത്തി വന്ന യോഗം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന ചരിത്രപരമായ തീരുമാനമായിരുന്നു അത്. ഇതിനുള്ള ധനസമ്പാദനവും ശങ്കറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കോളേജിന് ആവശ്യമായ സ്ഥലം കന്റോൺമെന്റ് മൈതാനത്ത് നിന്ന് ലഭിക്കാനുള്ള തീവ്ര ശ്രമമായിരുന്നു പിന്നീട്. ഗുരുദേവൻ കൊല്ലത്ത് താമസിച്ചപ്പോൾ ചൂണ്ടിക്കാട്ടിയ സ്ഥലം തന്നെ അതിനായി ലഭിക്കാൻ ശങ്കർ സഹിച്ച ക്ളേശം ചെറുതൊന്നുമായിരുന്നില്ല. ഈ ആവശ്യത്തിനായി ദിവാൻ സർ സി.പി രാമസ്വാമിയെ പലകുറി കണ്ടു. ആരെന്ത് നല്ലത് ചെയ്താലും അതിനെതിരെ കുപ്രചാരണം നടത്തുന്നത് ശീലമാക്കിയ സ്വസമുദായത്തിലെയും സ്വന്തം പാർട്ടിയായ കോൺഗ്രസിലെയും ചിലർ ആർ. ശങ്കർ കോൺഗ്രസിനെ വഞ്ചിച്ച് മറുകണ്ടം ചാടി സർ സി.പി യുടെ പാദസേവകനായെന്ന കുപ്രചാരണം അഴിച്ചുവിട്ടു. ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ ഈ കുപ്രചാരണത്തെ കരുതലോടെയാണ് അദ്ദേഹം നേരിട്ടത്. തന്ത്രശാലിയും കുടിലബുദ്ധിയുമായ സർ സി.പി കോളേജിന് സ്ഥലം നൽകുന്ന തീരുമാനം നീട്ടിക്കൊണ്ടു പോയെങ്കിലും നയപരമായ ഇടപെടലുകളിലൂടെ ഒടുവിൽ ശങ്കർ, സി.പി യുടെ അനുമതി നേടുകതന്നെ ചെയ്തു. അങ്ങനെ കൊല്ലം നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കന്റോൺമെന്റ് മൈതാനത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ എത്തിച്ച് 27 ഏക്കർ, 10 സെന്റ് സ്ഥലം കോളേജിനായി നേടിയെടുത്തു.
യോഗത്തിന്റെയും സമുദായത്തിന്റെയും അഭിമാനവും അന്തസും അശേഷം ബലികഴിക്കാതെയും തന്റെ ആത്മാഭിമാനം കൈവിടാതെയും നേടിയത് ശങ്കറിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാമത്തേതായി ഇന്നും കണക്കാക്കുന്നു. 1946 ഡിസംബർ 16 ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി താലൂക്ക് അധികൃതർ സ്ഥലം യോഗത്തിന് കൈമാറി.
കോളേജ് സ്ഥാപിക്കുന്നു
എസ്.എൻ.ഡി.പി യോഗത്തെ സംബന്ധിച്ച് അതൊരു പുതുയുഗപ്പിറവിയായിരുന്നു. 1947 ഏപ്രിൽ 17 ന് ശ്രീനാരായണ കോളേജിന്റെ ശിലാസ്ഥാപനം യോഗം പ്രസിഡന്റ് എം. ഗോവിന്ദൻ നിർവഹിച്ചു. 1948 ജൂൺ 17 ന് ഇപ്പോഴത്തെ ശ്രീനാരായണ വനിതാ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രീ യൂണിവേഴ്സിറ്റി ക്ളാസ്സോടെ ആരംഭിച്ച കോളേജിന്റെ ഉദ്ഘാടനം തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ള, സത്യഭാമ എന്ന കുട്ടിക്ക് അഡ് മിഷൻ നൽകിക്കൊണ്ട് നിർവഹിച്ചു. ശങ്കറടക്കമുള്ള നേതാക്കളെ കൂടാതെ മന്ത്രിമാരായിരുന്ന സി.കേശവൻ, ടി.എം വർഗ്ഗീസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. വിവിധ ഗ്രൂപ്പുകളിലായി 505 വിദ്യാർത്ഥികൾക്ക് അന്ന് പ്രവേശനം നൽകി. അതിൽ 7 പേർ പെൺകുട്ടികളായിരുന്നു. പ്രൊഫ. എൻ. ആർ രാമചന്ദ്ര അയ്യരായിരുന്നു ആദ്യ പ്രിൻസിപ്പൽ.
‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദർശനം ഭൂഗോളത്തിൽ മുദ്രണം ചെയ്തത് കോളേജിന്റെ ചിഹ്നമായി സ്വീകരിച്ചു. കോളേജ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും ആവശ്യമായ കെട്ടിട നിർമ്മാണത്തിന് ഫണ്ടിന്റെ അഭാവം വിഘാതമായി. പണം സ്വരൂപിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ശങ്കർ അതിനെ മറികടക്കാൻ കണ്ട മാർഗ്ഗം ഉല്പന്ന പിരിവായിരുന്നു. പിരിവിനായി വിപുലമായ പദ്ധതി തന്നെ ശങ്കർ ആവിഷ്ക്കരിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ വീടുകൾ കയറിയിറങ്ങി ഉല്പന്ന പിരിവ് ഉത്സവമാക്കി മാറ്റി. 1949 ൽ എസ്.എൻ കോളേജ് ഡിഗ്രി കോളേജായി ഉയർത്തപ്പെട്ടു. കോളേജിന്റെ കെട്ടിടം, ക്ളാസ് മുറികൾ, ലബോറട്ടറി, ലൈബ്രറി എന്നിവയൊക്കെ ഏറ്റവും മികച്ചതാകണമെന്ന് നിർബ്ബന്ധമുണ്ടായിരുന്ന കോളേജിന്റെ സ്ഥാപക മാനേജർ കൂടിയായ ആർ ശങ്കർ, അദ്ധ്യാപക നിയമനത്തിലും ആ സൂക്ഷ്മതയും ദൃഢനിശ്ചയവും പുലർത്തിയിരുന്നു. ജാതി, മത പരിഗണനകൾക്കതീതമായി അതി പ്രഗത്ഭരായ അദ്ധ്യാപകരെയാണ് അദ്ദേഹം നിയമിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞൻ സി.വി രാമന്റെ സഹപാഠിയും സതീർത്ഥ്യനുമായ ഡി.ഗോപാലനെ ഫിസിക്സ് പ്രൊഫസറായും കെ.എസ് പദ് മനാഭ അയ്യരെ സുവോളജി പ്രൊഫസറായും ഡോ. പി.സി അലക്സാണ്ടറെ ഹിസ്റ്ററി പ്രൊഫസറായും മാധവറാവുവിനെ ബോട്ടണി പ്രൊഫസറായും കെ.ജെ മാത്യു തരകനെ ഇക്കണോമിക്സ് പ്രൊഫസറായും കെ.എസ്.ബി ശാസ്ത്രിയെ മാത്തമാറ്റിക്സ് പ്രൊഫസറായും നിയമിച്ചു. അദ്ധ്യാപനത്തിന്റെ മേന്മ വർദ്ധിക്കുകയും പ്രവേശനത്തിന് കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പെൺകുട്ടികൾക്കായി 1951 ജൂലായ് 11 ന് ശ്രീനാരായണ വനിതാ കോളേജ് പ്രത്യേകമായി ആരംഭിച്ചു. ഇപ്പോഴത്തെ എസ്.എൻ ട്രസ്റ്റ് ഓഫീസിന് സമീപത്തെ രണ്ടേക്കർ സ്ഥലത്ത് ആരംഭിച്ച വനിതാകോളേജ് 1954 ലാണ് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. അപ്പോഴേക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് ശ്രീനാരായണ കോളേജും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു. സാമൂഹിക, കലാകായിക, സാഹിത്യ, വൈജ്ഞാനിക മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭാശാലികൾ കൊല്ലം എസ്.എൻ കോളേജിൽ വിദ്യാർത്ഥികളായിരുന്നവരാണ്. പ്രശസ്ത സിനിമ നടൻ തിലകൻ, നാടകാചാര്യനായിരുന്ന ഒ. മാധവൻ, കാഥിക സാമ്രാട്ട് വി.സാംബശിവൻ, വിഖ്യാത ചിത്രകാരൻ പാരീസ് വിശ്വനാഥൻ, പ്രശസ്ത കവികളായ ഓ.എൻ.വി, തിരുനല്ലൂർ കരുണാകരൻ, ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി ഷിബുലാൽ, സി.എസ്.ഐ.ആർ മുൻ ഡയറക്ടർ ഡോ. അജയഘോഷ് അയ്യപ്പൻപിള്ള, ഒളിമ്പ്യന്മാരായ പി.ആർ ശ്രീജേഷ്, രഞ്ജിത് മഹേശ്വരി തുടങ്ങിയവർ അവരിൽ ചിലർമാത്രം. കൂടാതെ നാല് മന്ത്രിമാർ, 15 ഐ.എ.എസുകാർ, 17 ഐ.പി.എസുകാർ, നിരവധി അസംബ്ളി, പാർലമെന്റ് അംഗങ്ങൾ, ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, എൻജിനിയർമാർ, സിനിമ, നാടക നടന്മാർ, കലാകാരന്മാർ, കവികൾ, സാഹിത്യപ്രതിഭകൾ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ വിരാജിക്കുന്നവരാൽ സമ്പന്നമായ പൂർവവിദ്യാർത്ഥി സമ്പത്താണ് കോളേജിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി കോളേജിൽ എത്തി ആർ.ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തത് കോളേജിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചിട്ടതാണ്. മുൻ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനാണ് കോളേജിന്റെ കനക ജുബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ഉദ്ഘാടകനായെത്തിയത് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയി ആയിരുന്നു. കോളേജിൽ 20 വർഷക്കാലം പ്രിൻസിപ്പലായിരുന്ന് ചരിത്രത്തിൽ ഇടം നേടിയ ഡോ. എം. ശ്രീനിവാസന്റെ പ്രതിമ ഉദ്ഘാടനം ചെയ്തത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയാണ്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് കേരളത്തിലെ ഏറ്റവും പ്രൗഢമായ കലാലയമെന്ന ഖ്യാതി എസ്.എൻ കോളേജിന് സ്വന്തമായത്. ഏറ്റവും വലിയ കോളേജ് എന്നതിനപ്പുറം 80 ശതമാനത്തിലേറെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മക്കൾ പഠിക്കുന്ന സ്ഥാപനമെന്ന ഖ്യാതിയും കോളേജിന് സ്വന്തം. 1960 നു ശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ 12 ഓളം ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ച മറ്റൊരു കലാലയം കേരളത്തിലെ സർവ്വകലാശാലകളുടെ ചരിത്രത്തിലില്ല. എസ്.എൻ.ഡി.പി യോഗത്തിനു കീഴിലാണ് എസ്.എൻ കോളേജ് ആരംഭിച്ചതെങ്കിലും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ നിർവഹണത്തിനായി 1952 ആഗസ്റ്റ് 18 ന് ശ്രീനാരായണ ട്രസ്റ്റ്സ് രൂപീകരിച്ചപ്പോൾ കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റിനു കീഴിലാക്കി. കൊല്ലം എസ്.എൻ കോളേജിന്റെ ഊർജ്ജവും ആർ.ശങ്കറുടെ ദീർഘ ദർശനവും ഭരണപാടവവും ഒത്തുചേർന്നപ്പോൾ കേരളത്തിലങ്ങോളമിങ്ങോളമായി 12 എസ്.എൻ കോളേജുകളാണ് പുതുതായുണ്ടായത്. വിദ്യാർത്ഥി സമരങ്ങളും സംഘർഷങ്ങളും അടിയ്ക്കടി കൊല്ലം എസ്.എൻ കോളേജിന്റെ അദ്ധ്യാപനാന്തരീക്ഷത്തെ കലുഷമാക്കാറുണ്ടെങ്കിലും അതൊന്നും ഇവിടെ പഠിച്ചിറങ്ങുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കാറില്ല. എല്ലാവർഷവും നിരവധി വിദ്യാർത്ഥികൾ റാങ്കോടെയാണ് മികച്ച വിജയം കരസ്ഥമാക്കുന്നത്.
ജുബിലി സമ്മാനമായി ഗുരുമന്ദിരം
ഇവിടം വിദ്യാപീഠം സ്ഥാപിക്കാൻ ഉചിതമായ സ്ഥലമെന്ന് ശ്രീനാരായണ ഗുരു ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് എസ്.എൻ കോളേജെന്ന മഹാകലാലയം സ്ഥിതി ചെയ്യുന്നതെങ്കിലും ഇക്കാലമത്രയും ഗുരുവിന്റെ അദൃശ്യ സാന്നിദ്ധ്യമല്ലാതെ ഭൗതിക സാന്നിദ്ധ്യം കോളേജ് കാമ്പസിലുണ്ടായിരുന്നില്ല. എന്നാൽ പ്ളാറ്റിനം ജുബിലി സമ്മാനം പോലെ കോളേജ് വളപ്പിൽ ഒരുങ്ങുന്ന കൂറ്റൻ ഗുരുമന്ദിരത്തിൽ ഗുരുവിന്റെ ഭൗതികസാന്നിദ്ധ്യം ഉറപ്പാകുകയാണ്. മേയ് 31 ന് വിരമിച്ച പ്രിൻസിപ്പൽ ഡോ.നിഷ ജെ. തറയിലിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ് ഈ ഗുരുമന്ദിരം. 72 ലക്ഷം രൂപ ഗുരുഭക്തരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൂർവവിദ്യാർത്ഥി സംഘടനയിൽ നിന്നുമൊക്കെയായി സമാഹരിച്ച് ഇതിന്റെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലെത്തിച്ച ശേഷമാണ് ഡോ. നിഷ പടിയിറങ്ങുന്നത്. മേയ് 30 ന് ഗുരുദേവന്റെ പ്രതിമ ഇവിടെ സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഉദ്ദേശിച്ച സമയത്ത് പ്രതിമ നിർമ്മാണം പൂർത്തിയാകാത്തതിനാൽ പ്രതിമ അനാച്ഛാദനം മാറ്റിവച്ചിരിക്കുകയാണ്.
ലേഖകന്റെ ഫോൺ: 9446564749