കണ്ണീര്‍ തൂവല്‍
താനൂര്‍ തൂവല്‍ തീരത്തിന് സമീപം പൂരപ്പുഴയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരുടെ കൂട്ടക്കുരുതിക്കിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ട് നിരവധി ചോദ്യങ്ങളാണ് സമൂഹത്തിന്റെ മനസ്സാക്ഷിക്ക് നേരെ ഉയര്‍ത്തുന്നത്. അനാസ്ഥ കൊണ്ട് വിളിച്ചുവരുത്തിയ ഈ ദുരന്തത്തിന് ആര് മറുപടി പറയും.
വിനോദ സഞ്ചാരത്തിന്റെ കാലമാണ് കടന്നു പോകുന്നത്. കോവിഡ് കാലത്തിന്റെ മരവിപ്പിന് ശേഷം നാട് ഉണര്‍ന്നപ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിറഞ്ഞൊഴുകുന്നു. ബസ്സുകളും ട്രെയിനുകളും ബോട്ടുകളുമെല്ലാം യാത്രക്കാരുടെ തിരക്കിലാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടം.
എന്നാല്‍ ഇവരുടെ സുരക്ഷിതത്വത്തിന് ഭരണകൂടം എന്തു നടപടിയെടുക്കുന്നുണ്ടെന്ന ചോദ്യം ബാക്കിയാകുന്നു.പരപ്പനങ്ങാടി – താനൂര്‍ നഗരസഭാതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍ തീരത്തിന് സമീപം പൂരപ്പുഴയില്‍ മേയ് ഏഴിന് രാത്രി ഒഴുകിയ കണ്ണീര്‍ തിരമാലകള്‍ക്ക് ശേഷവും ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം ആര്‍ക്കെങ്കിലുമുണ്ടോയെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. മരണമടഞ്ഞ 22 പേരില്‍ 15 കുട്ടികളാണെന്ന് കണ്ണുള്ളവര്‍ തുറന്നു കാണണം.
പതിവുപോലെ ജുഡീഷ്യല്‍ അന്വേഷണവും പോലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പിന്നെ നഷ്ടപരിഹാരവും. ബോട്ടിന് രജിസ്‌ട്രേഷനില്ല, സ്രാങ്കിന് ലൈസന്‍സില്ല, രാത്രിയാത്ര. കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഇതൊന്നും പുതുമയല്ല. നടപടികളും ഉണ്ടാകാറില്ല. അതുകൊണ്ടാണ് ജലാശയങ്ങളില്‍ വീണ്ടും വീണ്ടും കണ്ണീര്‍പ്പുഴയൊഴുകുന്നത്.
2009ല്‍ തേക്കടിയില്‍ കെ.ടി.ഡി.സി യുടെ ബോട്ട് മുങ്ങി ജീവന്‍ വെടിഞ്ഞ 45 പേരില്‍ കൂടുതല്‍ പേരും ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികളായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വരെ നമ്മള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ ആ ദുരന്തം നടന്ന് 14 വര്‍ഷമാകാറായിട്ടും നമ്മുടെ സംവിധാനങ്ങള്‍ ഒന്നും പഠിച്ചില്ല. കണ്ണമാലിയിലും കുമരകത്തും തട്ടേക്കാടും നടന്ന അപകടങ്ങളെപ്പോലെ തേക്കടിയിലും കമ്മീഷന്‍ വന്നിരുന്നു. ജസ്റ്റിസ് ഇ. മൈതീന്‍കുഞ്ഞ് വെച്ച നിര്‍ദ്ദേശങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല.
കരാര്‍പ്രകാരമോ ഡിസൈന്‍ അനുസരിച്ചോ അല്ല തേക്കടിയില്‍ ബോട്ട് നിര്‍മ്മിച്ചതെന്നും നിര്‍മ്മാണത്തിന് ശേഷം സ്റ്റെബിലിറ്റി പരിശോധന നടത്തിയില്ലെന്നും മാത്രമല്ല, വീണ്ടും അതില്‍ അധിക നിര്‍മ്മാണം നടത്തിയെന്നും മൈതീന്‍കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല.
എല്ലാം
കടലാസില്‍ മാത്രം
ചട്ടങ്ങളെല്ലാം ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് നീങ്ങുന്ന പലവിധത്തിലുള്ള ബോട്ടുകള്‍ കേരളത്തില്‍ അപൂര്‍വ കാഴ്ചയല്ല. വൈകീട്ട് അഞ്ചിന് ശേഷം സര്‍വീസ് പാടില്ലെന്നാണ് ചട്ടം. എന്നാല്‍ രാത്രിയില്‍ വൈദ്യുതി വിളക്കുകളാല്‍ അലങ്കരിച്ച് ഉല്ലാസബോട്ടുകള്‍ യഥേഷ്ടം നീങ്ങുന്നു. താനൂരിലെ ദൂരന്തവും രാത്രി ഏഴരയ്ക്ക്. യാത്രികര്‍ക്കെല്ലാം ലൈഫ് ജാക്കറ്റ് വേണം. ആര് ശ്രദ്ധിക്കാന്‍. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ തുറമുഖ വകുപ്പിന്റെ ചുമതലയിലാണ്. എല്ലാവര്‍ഷവും സര്‍വേയര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. രണ്ട് വര്‍ഷം കൂടുമ്പോള്‍ ബോട്ട് ഡോക്കില്‍ കയറ്റി അടിഭാഗം പരിശോധിക്കണം.ചട്ടങ്ങൾ പലതുമുണ്ട്.
അറ്റ്‌ലാന്റിക് എന്ന
ഫിഷിംഗ് ബോട്ട്
പുതിയ ബോട്ടുകള്‍ക്ക് മാത്രമേ യാത്ര, വിനോദ സഞ്ചാര ലൈസന്‍സ് ലഭിക്കൂ. ഫിഷിംഗ് ബോട്ടുകള്‍ യാത്രാ ബോട്ടുകളാക്കി മാറ്റാന്‍ അനുമതിയില്ല. ഫിഷിംഗ് ബോട്ടുകളില്‍ കാര്യക്ഷമതയ്ക്കാണ് പ്രാധാന്യം. അതിവേഗം സഞ്ചരിക്കാനും തിരിക്കാനും ഓളങ്ങള്‍ മുറിച്ച് പായാനും തക്കവിധമാണ് ഫിഷിംഗ് ബോട്ടിന്റെ നിര്‍മ്മാണം. . അടിഭാഗം വീതികുറഞ്ഞ് മുന്നില്‍ കൂര്‍ത്തിരിക്കും വിധമാണ് ഫിഷിംഗ് ബോട്ടുകളുടെ ഡിസൈന്‍. എന്നാല്‍ യാത്ര ബോട്ടുകള്‍ക്ക് അടിഭാഗത്ത് വീതിവേണം. അങ്ങനെയൊരു ഫിഷിംഗ് ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയതും താനൂര്‍ തൂവല്‍തീരത്ത് ദുരന്തം വിതച്ചതും
ചട്ടങ്ങള്‍ പലതുണ്ട്
പക്ഷേ…
ലൈസന്‍സുള്ള ജീവനക്കാര്‍, അഗ്നിശമന ഉപകരണങ്ങള്‍, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിലേ ബോട്ടുകളുടെ വാര്‍ഷിക ലൈസന്‍സ് പുതുക്കൂ. താനൂര്‍ ദുരന്തത്തിന്റെ പിറ്റേന്ന് ആലപ്പുഴയിലെ 12 ബോട്ടുകളില്‍ പരിശോധന നടത്തിയപ്പോൾ ഒമ്പതിലും മതിയായ രേഖകളില്ലായിരുന്നു.
കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം, ബോട്ടിന്റെ പഴക്കമടക്കം വിവരങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, എമര്‍ജന്‍സി നമ്പറുകള്‍ തുടങ്ങിയവ ബോട്ടിലും ജെട്ടിയിലും പ്രദര്‍ശിപ്പിക്കണം. എവിടെയും ഇത് കണ്ടവര്‍ ആരുമില്ല.
തീര്‍ന്നില്ല. യാത്രയ്ക്കു മുമ്പ് യാത്രക്കാര്‍ക്കെല്ലാം സുരക്ഷ സംബന്ധിച്ച ബോധവത്കരണം നല്‍കണം. ലൈഫ് ജാക്കറ്റടക്കം ധരിപ്പിക്കുകയും വേണം. നടപ്പുള്ള കാര്യമാണോ?
14 വര്‍ഷം;
ഒരു ചുക്കും നടന്നില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമാണ് 2009 സെപ്തംബര്‍ 30ന് തേക്കടിയിലുണ്ടായത്. കെ.ടി.ഡി.സി യുടെ ജലകന്യക ബോട്ടില്‍ തേക്കടി കാണാന്‍ കൊതിച്ച് കയറിയ 82 പേരില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികളാണ് ഏറെയും.
ബോട്ട് ജീവനക്കാര്‍ അടക്കം ഏഴുപേര്‍ പ്രതികളാണ്. ബോട്ട് നിര്‍മ്മിച്ച കെ.ടി.ഡി.സി.ക്കുണ്ടായ വീഴ്ചകള്‍ എണ്ണി പറയുന്നുണ്ട് കുറ്റപത്രത്തില്‍. എന്നാല്‍ അപകടം നടന്ന് 14 വര്‍ഷമായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല.
പെരിയാര്‍ നദിയില്‍ തട്ടേക്കാട് 15 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ ബോട്ടില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രം കയറാനാണ് പെര്‍മിറ്റുണ്ടായത്. കയറിയത് 61 പേര്‍. അപകടം വൈകിട്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തു.
യാനങ്ങളാല്‍ സമ്പന്നം,
കേരളത്തിലെ ജലാശയങ്ങള്‍
യാത്രാബോട്ടുകളാണ് കേരളത്തിലെ ജലാശയങ്ങളില്‍ ഏറെയും. 1504 .വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 810 ഹൗസ് ബോട്ടുകള്‍ അങ്ങോളമിങ്ങോളം രാപകല്‍ കായലുകളില്‍ സഞ്ചരിക്കുന്നു. ശിക്കാര 238. 40 ഫെറി സര്‍വീസുകളുണ്ട്. ഡ്രഡ്ജര്‍, കാര്‍ഗോ വെസല്‍ ഉള്‍പ്പെടെ അമ്പതോളം ജലയാനങ്ങളും വേറെ.