ആശുപത്രി അതിക്രമം തുടർക്കഥ

ആശുപത്രികളിൽ അക്രമം കാട്ടുന്നവരിൽ 90 ശതമാനത്തിലേറെ കേസുകളിലും പ്രതികൾ മദ്യത്തിനോ മയക്ക് മരുന്നിനോ അടിമകളായെത്തുന്നവരാണ്. അമിതമായി മദ്യവും അമിതമായി ലഹരിയും ഉപയോഗിക്കുന്നവർ കടുത്ത മാനസിക രോഗത്തിനടിമകളാകുന്നു. ലഹരി ഉപയോഗിച്ചാലും അത് കിട്ടാതെ വന്നാലും അവർ മാനസിക വിഭ്രാന്തിയിൽ അക്രമാസക്തരാകും. പെട്ടെന്നാകും ഇക്കൂട്ടർ അക്രമകാരികളാകുക

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മദ്യപന്റെ കുത്തേറ്റ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ‌ഞെട്ടൽ മാറും മുൻപെ കൊല്ലം ജില്ലാ ആശുപത്രിയിൽ മദ്യപന്റെ വിളയാട്ടം. അത്യാഹിത വിഭാഗത്തിൽ പൊലീസ് കൊണ്ടുവന്ന മദ്യപൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം സർക്കാരാശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് തുടർന്നും വെല്ലുവിളിയാകുമോ എന്ന ആശങ്ക ഉയർത്തുന്നതാണ്. മേയ് 13 ന് വൈകിട്ട് നടന്ന സംഭവത്തിൽ പ്രതി അക്രമാസക്തനായതിനെ തുടർന്ന് മെഡിക്കൽ പരിശോധന നടത്താൻ ഡോക്ടർ വിസമ്മതിച്ചു. അയത്തിൽ സ്വദേശി വിഷ്ണു എന്ന യുവാവ് വീട്ടിൽ മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിച്ചത്. നാല് പൊലീസുകാർ പിടിച്ചിട്ടും അക്രമാസക്തനായ യുവാവ് അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ മേശ ചവിട്ടിത്തെറിപ്പിക്കുകയും അസഭ്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മേയ് 11 ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായ ഡോ. വന്ദനാ ദാസ് മദ്യപന്റെ കുത്തേറ്റ് മരിച്ച സംഭവം കേരളത്തെ നടുക്കിയതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ ആക്രമണം തടയാനുള്ള നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇനിയും മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നാണ് കൊല്ലം ജില്ലാ ആശുപത്രിയിലുണ്ടായ സംഭവം നൽകുന്ന സൂചന. കൊട്ടാരക്കര സംഭവം മദ്യപൻമാർക്കും മയക്ക് മരുന്നിനടിമകൾക്കും ക്രിമിനലുകൾക്കും അക്രമം കാട്ടാൻ കൂടുതൽ ആത്മവിശ്വാസം കൈവന്നോ എന്ന് സംശയിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മേയ് 11 ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ് താലൂക്കാശുപത്രിയിലെത്തിച്ച യുവാവ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കട്ടിലിൽ കൈകാലുകൾ ബന്ധിച്ച ശേഷമാണ് ചികിത്സ നൽകിയത്. 13 ന് മലപ്പുറം തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പരിശോധന യ്ക്കെത്തിച്ച ലഹരിയ്ക്കടിമയായ പ്രതി അക്രമാസക്തനായികൊണ്ടുവന്ന പൊലീസുകാരെ ചവിട്ടുകയും ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ നിത്യേനെ ആവർത്തിക്കുമ്പോഴും സർക്കാർ പുതുതായുണ്ടാക്കുന്ന നിയമത്തിലെ പഴുതുകൾ തങ്ങൾക്ക് എത്രത്തോളം സുരക്ഷ നൽകുമെന്ന കാര്യത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇപ്പോഴും ആശങ്കാകുലരാണ്. അതിനാൽ ഡോക്ടർമാർ സ്വയംപ്രതിരോധം തീർക്കണമെന്ന ചിന്തയും അവർക്കിടയിൽ ശക്തമാകുകയാണ്. മലപ്പുറം തീരൂരങ്ങാടി താലൂക്കാശുപത്രിയിൽ ഇതിന് തുടക്കമായി. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു വരുന്ന പ്രതികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ തോർത്ത് മുണ്ടും പെപ്പർ സ്പ്രേയും വാങ്ങി നൽകി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസാണ് സ്വയം പ്രതിരോധത്തിന് തുടക്കമിട്ടത്. പ്രതികൾ അക്രമാസക്തരായാൽ കൈയ്യും കാലും കെട്ടിയിടാനാണ് തോർത്ത്. വനിതാജീവനക്കാരുടെ സുരക്ഷയ്ക്കാണ് പെപ്പർ സ്പ്രേ.

മദ്യവും മയക്ക് മരുന്നും പ്രധാന വില്ലൻ

ആശുപത്രികളിൽ അക്രമം കാട്ടുന്നവരിൽ 90 ശതമാനത്തിലേറെ കേസുകളിലും പ്രതികൾ മദ്യത്തിനോ മയക്ക് മരുന്നിനോ അടിമകളായെത്തുന്നവരാണ്. അമിതമായി മദ്യവും അമിതമായി ലഹരിയും ഉപയോഗിക്കുന്നവർ കടുത്ത മാനസികരോഗത്തിനടിമകളാകുന്നു. ലഹരി ഉപയോഗിച്ചാലും അത് കിട്ടാതെ വന്നാലും അവർ മാനസിക വിഭ്രാന്തിയിൽ അക്രമാസക്തരാകും. പെട്ടെന്നാകും ഇക്കൂട്ടർ അക്രമകാരികളാകുക. അമിത ശക്തി കാട്ടുന്ന ഇവരെ നാലോ അഞ്ചോ പേർ പിടിച്ചാലും കീഴ് പ്പെടുത്തുക അസാദ്ധ്യമാണ്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സംഭവിച്ചതും അതാണ്. കേരളത്തിൽ മദ്യവും മാരകമായ ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം ഭീകരമാം വിധം പെരുകിയതിന്റെ ദൃഷ്ടാന്തമാണ് ആശുപത്രികളിലും കാണുന്നത്, ആശുപത്രികളിൽ ഇപ്പോഴുള്ള സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ടൊന്നും ഇത്തരക്കാരെ കീഴ് പ്പെടുത്താനാകി്ല്ല. നാട്ടിൽ വ്യാപകമായ അക്രമം, കൊലപാതകം, മാനഭംഗം, അടിപിടി, സ്ത്രീപീഡനം, പോക്സോ കേസുകൾ തുടങ്ങിയവയിലെല്ലാം ഇപ്പോൾ പ്രതികളാകുന്നവരിൽ ഭൂരിപക്ഷവും ഇത്തരം ലഹരിയ്ക്കടിമകളാണ്. കോടികളുടെ മയക്കുമരുന്നും കഞ്ചാവും മറ്റ് ആധുനിക ലഹരിപദാർത്ഥങ്ങളുമാണ് കേരളത്തിലേക്ക് ഒഴുകുന്നത്. സ്കൂളുകളും കോളേജുകളും പോലും ലഹരി വില്പനയുടെ കേന്ദ്രങ്ങളായി മാറുമ്പോൾ ചെറുപ്പക്കാരടക്കം സമൂഹത്തിലെ നല്ലൊരു വിഭാഗവും ലഹരിയുടെ അടിമകളാകുന്ന അത്യന്തം ഭയാനകമായ സ്ഥിതിവിശേഷമാണ് കേരളം ഇപ്പോൾ നേരിടുന്നത്. ഇത് നിയന്ത്രിക്കാനോ ഭാഗികമായെങ്കിലും തടയാനോ സംസ്ഥാന എക്സൈസിനോ പൊലീസിനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ആശുപത്രികളിലെ അക്രമം തടയാൻ കൊണ്ടു വരുന്ന നിയമം എത്രത്തോളം ഫലപ്രദമാകുമെന്നതിലാണ് ആശങ്ക ഉയരുന്നത്. മദ്യപാനികളെയും മയക്ക് മരുന്നിനടിമകളെയും പിടികൂടിയാലുടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളിലേക്ക് എത്തിക്കുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നു. അക്രമം കാട്ടുന്ന നിലയിൽ നിന്ന് സാധാരണ നിലയിലേക്ക് എത്തും വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷം വൈദ്യപരിശോധനയ്ക്കായി എത്തിച്ചു കൂടേ എന്നാണ് ഡോക്ടർമാർ ചോദിക്കുന്നത്. മദ്യവും മയക്ക് മരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കാത്തിടത്തോളം ആശുപത്രികളിലേക്കെത്തിക്കുന്ന പ്രതികളിൽ നിന്നുണ്ടാകുന്ന അതിക്രമത്തിന് ശമനമുണ്ടാകുമെന്ന് കരുതാനാകില്ല. പുതിയ നിയമവും ഏട്ടിലെ പശുവായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടി വരികയുള്ളു. അല്ലെങ്കിൽ ഇനിയും വന്ദനമാർ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

Author

Scroll to top
Close
Browse Categories