“ഹാ പുഷ്പമേ………’
മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെ ലോകമെമ്പാടുമുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് ‘വീണപൂവാ’ണ്. മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനാണ്. മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ അനശ്വര കവിയായ കുമാരനാശാനെ എത്രവിശേഷണ പദങ്ങൾ നൽകി ആദരിച്ചാലും അധികമാകില്ല.
‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ…’
കൊഴിഞ്ഞുകിടക്കുന്നൊരു പുഷ്പത്തെ കണ്ടപ്പോഴുണ്ടായ കവിയുടെ വിഷാദത്തിൽ നിന്നുടലെടുത്ത കാവ്യശകലങ്ങളാണിത്. സാധാരണമനുഷ്യർ കൊഴിഞ്ഞുവീണ പുഷ്പങ്ങളെ കാണുമ്പോൾ ഒരുനിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും. എന്നാൽ ഇത്രയധികം ഭാവന ചാരുത ചാർത്തി വർണ്ണിക്കാൻ കഴിയുന്നൊരു കവി വെറുമൊരു കവിയല്ല, മഹാകവികൾക്കേ ഇത് സാദ്ധ്യമാകൂ. മഹാകവി കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കവിതയിലെ പ്രശസ്തമായ ഈ വരികളിലൂടെ ഒരു പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവ സൂക്ഷ്മമായ ഘട്ടങ്ങളാണ് കവി വിവരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നശ്വരതയും അനിശ്ചിതത്വവും ഹൃദയസ്പർശിയാംവിധം കോറിയിടാൻ കവിക്ക് വെറും 164 വരികൾ മതിയായിരുന്നു.
മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെ ലോകമെമ്പാടുമുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് ‘വീണപൂവാ’ണ്. മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനാണ്. മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ അനശ്വര കവിയായ കുമാരനാശാനെ എത്രവിശേഷണ പദങ്ങൾ നൽകി ആദരിച്ചാലും അധികമാകില്ല. സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതുന്ന പടവാളാക്കി കവിതയെ മാറ്റിയ മഹാനുഭാവന്റെ വേർപാടിന് ജനുവരി 16 ന് 99 വർഷമാകും. മഹാകാവ്യം രചിക്കാതെ മഹാകവിയായ ആശാൻ മലയാളകവിതയുടെ ആഴവും അന്തസും വാനോളം ഉയർത്താൻ യത്നിക്കുകയും അതേസമയം നിന്ദിതരുടെയും പീഢിതരുടെയും ഉന്നതിക്കും ഉയർച്ചയ്ക്കുമായി സ്വജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത മഹിതാത്മാവാണ്. ശ്രീനാരായണ ഗുരുദേവനുമായി പരിചയപ്പെട്ടതാണ് കുമാരന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഗുരുദേവന്റെ വത്സല ശിഷ്യനായി മാറിയ ശേഷം 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിൽ ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ചപ്പോൾ മലയാള കാവ്യാന്തരീക്ഷത്തിന് അത് നവ്യാനുഭവമാണ് പകർന്നേകിയത്. താൻ ഏറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഗുരുദേവൻ വിഷൂചിക ബാധിച്ച് ആലുവയിലെ വീട്ടിൽ കിടപ്പിലായി. ഗുരുദേവനെ കണ്ടിറങ്ങിയ ആശാന്റെ മനസ്സ് വിഷാദത്താൽ വല്ലാതെ വേദനിച്ചു. മുറ്റത്തിറങ്ങിയപ്പോൾ കൊഴിഞ്ഞു കിടന്ന പൂവിനെ കണ്ട് ഗുരുദേവന്റെ കിടപ്പിനോടാണ് കവി താരതമ്യം ചെയ്തത്. വീണപൂവിന്റെ രചന ആ ചിന്തയിൽ നിന്നുരുത്തിരിഞ്ഞതാണെന്ന് കവി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ച് കേവലം 41 ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാം വിധം ചിത്രീകരിച്ച ‘വീണപൂവ്’ വിശ്വദർശന ചക്രവാളത്തിലെ നക്ഷത്രം പോലെ ഇന്നും വിളങ്ങി നിൽക്കുന്നു.
1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര തൊമ്മൻവിളാകം വീട്ടിൽ നാരായണൻ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും 6 മക്കളിൽ രണ്ടാമനായാണ് ആശാന്റെ ജനനം. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്ന കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണ കഥപറച്ചിൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങളിൽ കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന് ആ ബാലൻ പറയുമായിരുന്നു. കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലുമുള്ള താല്പര്യം അച്ഛനിൽനിന്നു ലഭിച്ചതാണ്. കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ സാമ്പത്തികചുറ്റുപാട് അതിനനുകൂലമായിരുന്നില്ല. കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന കാലത്തേ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂർ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന ‘സുജനാനന്ദിനി’ മാസികയിൽ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ കവിതകൾ പ്രസിദ്ധീകരിച്ചു.
ഒരിയ്ക്കൽ കുമാരൻ സുഖമില്ലാതെകിടന്നപ്പോൾ പിതാവ് ശ്രീനാരായണഗുരുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും കുമാരുവും വ്യാഖ്യാനിക്കാനാകാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ ഹഠാദാകർഷിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്ന, സുദൃഢവും പവിത്രവുമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ ആത്മീയചൈതന്യം കുമാരുവിനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. മതഗ്രന്ഥപാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. വക്കം സുബ്രഹ്മണ്യ ക്ഷേത്ര അന്തേവാസിയായി മാറിയ അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചുതുടങ്ങിയതോടെയാണ് നാട്ടുകാർ അദ്ദേഹത്തെ കുമാരനാശാൻ എന്നു വിളിച്ചുതുടങ്ങിയത്. അല്പകാലം അവിടെക്കഴിഞ്ഞശേഷം നാടുവിട്ട്, ഏകനായി കുറ്റാലത്തെത്തി.
ശ്രീനാരായണഗുരുദേവന്റെ വത്സല ശിഷ്യനായിക്കഴിഞ്ഞിരുന്ന ആശാനെ ഗുരുതന്നെയാണ് ഉപരിപഠനത്തിനായി ബംഗളൂരുവിലേക്കയച്ചത്. അവിടെ ജോലിനോക്കിയിരുന്ന ഡോ. പല്പുവിനെ ഇതിനായി ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബംഗളൂരുവിലെ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ ചേർന്നു. ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബംഗളൂരുവിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർത്തു. മൂന്നുവർഷത്തോളം ബംഗളൂരുവിൽ പഠിച്ച ആശാൻ ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് സ്കോളർ ഷിപ്പിനർഹനായി. 1918 ൽ ശിഷ്യയായ ഭാനുമതിയെ വിവാഹം ചെയ്തു. പ്രഭാകരൻ, സുധാകരൻ എന്നിവരാണ് മക്കൾ.
ഡോ.പല്പുവിന്റെ പരിശ്രമഫലമായി കൊൽക്കത്തയിലെ സംസ്കൃതകോളേജിൽ നിന്ന് ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവ കൂടാതെ ഇംഗ്ലീഷും അഭ്യസിച്ച കുമാരനാശാൻ മഹാകവി രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ കൃതികളും ബംഗാളിസാഹിത്യത്തെ നവോത്ഥാനത്തിലേക്ക് നയിച്ച കാലത്താണ് കൊൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും നവീന ചിന്താഗതികളും ആശാനിലെ കവിയെ സ്വാധീനിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഗ്രഹ പ്രകാരം കൊൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്തെത്തി. അവിടെയും അദ്ദേഹം കാവ്യരചനയിൽ ഏർപ്പെട്ടു. ‘മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും ‘ശിവസ്തോത്രമാല’ തുടങ്ങിയ കവിതകളും രചിച്ചു. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് 1903 ജൂൺ 4 ന് എസ്.എൻ.ഡി.പി. യോഗം രൂപീകരിച്ചപ്പോൾ യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903 ൽ കുമാരനാശാൻ യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. നീണ്ട പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904 ൽ യോഗത്തിന്റെ മുഖപത്രമായി ‘വിവേകോദയം’ മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിയും അവയെ മാറ്റിത്തീർക്കാനുമുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയത്. ഈ സാമൂഹികാവബോധമാണ് ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്. 1909 ൽ അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ഈഴവർക്ക് തിരുവിതാംകൂർ നിയമ നിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. നിയമസഭാംഗമായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.
മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനാനുഭവം സമ്മാനിച്ച ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യത്തിനു ശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേതാണ് ‘നളിനി’. നളിനിയുടെയും ദിവാകരന്റെയും അസാധാരണ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന നളിനിയിൽ മനുഷ്യന്റെ നിസ്സഹായതയെ കവി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘തന്നതില്ല, പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ !
ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ’
“നളിനി’ യിൽനിന്ന് വേറിട്ട രണ്ടു കഥാപാത്രങ്ങളാണ് ‘ലീല’ എന്ന ഖണ്ഡകാവ്യത്തിലെ ലീലയും മദനനും. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് ലീലയിൽ കവി വരച്ചിട്ടത്. ബുദ്ധമതസന്ദേശങ്ങളിലെ ഉജ്ജ്വലാശയങ്ങൾ പലതും ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന് വിശ്വസിച്ച ആശാന് ‘ചണ്ഡാലഭിക്ഷുകി’ യിലും ‘കരുണ’ യിലും ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ പ്രേരണയായി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ‘ചണ്ഡാലഭിക്ഷുകി’യിലൂടെ അദ്ദേഹം ശ്രമിച്ചത്.
വാസവദത്തയെന്ന അഭിസാരികയ്ക്ക് ഉപഗുപ്തനെന്ന ബുദ്ധശിഷ്യനോടുതോന്നുന്ന അനുരാഗത്തിന്റെ കഥപറയുന്ന ‘കരുണ’ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലെഴുതിയ ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ ‘സമയമായില്ല’ എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കരചരണങ്ങൾ ഛേദിക്കപ്പെട്ട നിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ സന്ദർശിച്ച്, ഉപഗുപ്തൻ അവൾക്ക് ബുദ്ധമതതത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അതുകേട്ട് മനംമാറി, ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെയും ഹൃദയത്തെ മഥിക്കുന്നതാണ്. കാവ്യത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്.
‘അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ’
മലബാറിലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച ‘ദുരവസ്ഥ’ യിൽ ജാതിശ്രേണിയുടെ ഇരുധ്രുവങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാ നായകന്മാർ.
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയെ ഈ കൃതിയിലെ സാവിത്രി അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടിയത് സമ്മിശ്ര പ്രതികരണങ്ങളോടെയാണ് അന്നത്തെ സമൂഹം അതിനെ ഉൾക്കൊണ്ടത്. ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായതും അതിശക്തമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നതുമായ കൃതിയാണിത്. സമൂഹത്തിൽ നിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവും നൽകിയ ഈ കാവ്യം വർത്തമാനകാല യാഥാർത്ഥ്യത്തോടും സമരസപ്പെടുന്നതാണ്.
ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് ആശാൻരചിച്ച വിലാപകാവ്യം ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരവുമാണ് ‘പ്രരോദനം’ . ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവുമധികം കാണപ്പെടുന്നത് ഈ കൃതിയിലാണ്.
1921 ൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സർവ്വകലാശാലയിൽ വച്ച് വെയിൽസ് രാജകുമാരൻ മഹാകവി കുമാരനാശാനെ പട്ടും വളയും നൽകി ആദരിച്ചു. അനിതരസാധാരണമായ പ്രതിഭയ്ക്കും മഹത്വത്തിനും ലഭിച്ച അപൂർവ്വ അംഗീകാരമായിരുന്നു അത്.
നിറസാന്നിദ്ധ്യമായി ‘രാജ്ഞികണക്കയെ ശോഭിച്ചു നിൽക്കെ’ 1924 ജനുവരി 16 ന് വെളുപ്പിനു മൂന്നുമണിക്ക് പല്ലനയാറ്റിൽ ട്രാവൻകൂർ ആന്റ് കൊച്ചിൻമോട്ടോർ സർവീസ് വക റെഡീമർ എന്ന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ വീണപൂവിനെ അനുസ്മരിപ്പിക്കും വിധം മലയാള കാവ്യലോകത്തോട് വിടപറഞ്ഞു. 51 -ാം വയസ്സിലെ ഈ ദുരൂഹമായ ഈ അപകടം നടന്നത് ബോട്ട് കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കു പോകുമ്പോഴാണ്. 145 യാത്രക്കാരോളം ബോട്ടിലുണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടുവെങ്കിലും നീന്താനറിയാവുന്ന ആശാൻ മരണത്തെ പുൽകിയതിനു പിന്നിലെ ദുരൂഹത ഇന്നും നിലനിൽക്കുന്നു. അപകടം സംഭവിച്ചതിന് സമീപത്തായി പല്ലനയിലെ പത്മപരാഗ കുടീരത്തിലാണ് സ്നേഹഗായകനായ ആശാൻ അന്ത്യവിശ്രമം കൊള്ളുന്നത്. ദേഹം വെടിഞ്ഞെങ്കിലും ആശാനും അദ്ദേഹത്തിന്റെ കൃതികളുടെ പരിമളവും കാലങ്ങൾ കടന്നും പരിശോഭിക്കുന്നു.
ആശാന്റെ കവിതാശകലങ്ങൾ മലയാളത്തിൽ ചൊല്ലുകൾ പോലെ പ്രചരിച്ച ആശാന്റെ കാവ്യശകലങ്ങൾ വാടാമലരുകൾ പോലെ പ്രശോഭിക്കുന്നവയാണ്. ആശാനെപ്പോലെയോ അതിലേറെയോ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികൾ:
‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം’ (പരവൂർ കേശവനാശാന്റെ സുജനാനന്ദിനി പ്രസ് സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചപ്പോൾ കുറിച്ച വരികൾ)
‘എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ ‘സ്വരാജ്യം’?
(ഒരു തീയക്കുട്ടിയുടെ വിചാരം)
‘ഗുണികളൂഴിയിൽ നീണ്ടുവാഴാ’,
കണ്ണേമടങ്ങുക (വീണപൂവ്)
‘സ്‌നേഹമാണഖിലസാരമൂഴിയിൽ’ (നളിനി)
‘യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ’ (ലീല)
‘ജാതിചോദിക്കുന്നില്ലഞാൻ സോദരീ
ചോദിക്കുന്നു നീർ നാവ് വരണ്ടഹോ’ (ചണ്ഡാലഭിക്ഷുകി)
‘ചണ്ഡാലിതൻ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ?’ (ചണ്ഡാലഭിക്ഷുകി)
‘നെല്ലിൻ ചുവട്ടിൽ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയൻ’ (ചണ്ഡാലഭിക്ഷുകി)
‘വിശപ്പിനു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിന്റ കൊതിയാമാർക്കും’ (കരുണ)
‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!’ (ദുരവസ്ഥ)
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയ,മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ’ (ദുരവസ്ഥ)
‘ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം’ (ചിന്താവിഷ്ടയായ സീത)