വിശ്വപൗരൻ തറവാടി നായരാകുമ്പോൾ….

മന്നം ജന്മ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 2 ന് പെരുന്നയിൽ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചപ്പോൾ തന്നെ സുകുമാരൻ നായരുടെ നിർണായക രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള എൻ.എസ്.എസിന്റെ നീക്കം കൂടിയായി അതിനെ വിലയിരുത്തി. മുസ്ലിംലീഗിനെ ഒപ്പം നിർത്തിയും, ക്രൈസ്തവ സഭകളുമായി അടുത്തും തരൂർ നടത്തിയ നീക്കത്തെയും എൻ.എസ്.എസ് പിന്തുണച്ചിരുന്നു

പെരുന്നയിലെ പെരുന്തച്ചന് എക്കാലവും യു.ഡി.എഫ് രാഷ്ട്രീയത്തോടാണ് മമതയും കൂറും. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ കോൺഗ്രസ് നേതാക്കളെ തന്റെ വരുതിയിൽ നിറുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. എൻ.എസ്.എസിന്റെ ഗുഡ്ബുക്കിൽ ഇടം നേടാൻ പല കോൺഗ്രസ് നേതാക്കളും പെരുന്നയിലേക്ക് മത്സരിച്ച് ഓടിയെത്തുമായിരുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ പടുത്തുയർത്തിയ പ്രസ്ഥാനമാണ് നായർ സർവ്വീസ് സൊസൈറ്റിയെങ്കിലും നായന്മാരായ എല്ലാ നേതാക്കൾക്കും പെരുന്നയിലേക്ക് കയറിച്ചെല്ലാനാകില്ല. താൻ ഉദ്ദേശിക്കുന്ന നായരെ ‘താക്കോൽ’ സ്ഥാനത്തെത്തിക്കാൻ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പരസ്യമായിത്തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചതാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ തന്റെ മാനസപുത്രനായിരുന്ന രമേശ് ചെന്നിത്തലയെ അങ്ങനെ ആഭ്യന്തര മന്ത്രിപദത്തിലെത്തിക്കുകയും ചെയ്തു. ദേശീയ നേതാവെന്ന പദവിയിൽ നിന്ന് വെറുമൊരു നായരായി ബ്രാൻഡ് ചെയ്യപ്പെട്ടതാണ് പിൽക്കാലത്ത് രമേശിന് വിനയായി മാറിയതെന്നത് ചരിത്രം. ഇപ്പോഴിതാ പഴയ മാനസപുത്രനെ നിർദ്ദാക്ഷിണ്യം തഴഞ്ഞ് മറ്റൊരു നായരെ താക്കോൽ സ്ഥാനത്തെത്തിക്കാനുള്ള കിണഞ്ഞ പരിശ്രമം തുടങ്ങിയിരിക്കുകയാണ് പെരുന്നയിലെ പെരുന്തച്ചൻ. വിശ്വപൗരനെന്നും കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവെന്നും അറിവിന്റെ നിറകുടമെന്നുമൊക്കെ അറിയപ്പെടുന്ന ശശി തരൂർ എം.പിയെ നായർ മേലങ്കി അണിയിച്ച് താക്കോൽ സ്ഥാനത്തെത്തിക്കാനുള്ള എൻ.എസ്.എസ് ശ്രമമാണിപ്പോൾ നടക്കുന്നത്. ശശിതരൂരിന്റെ വിശ്വപൗരനെന്ന ഇമേജുമായി ഇതെങ്ങനെ സമരസപ്പെടുമെന്ന ചോദ്യം കോൺഗ്രസിലും പൊതുസമൂഹത്തിലും ഉയർന്നു കഴിഞ്ഞു.

മന്നം ജന്മ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 2 ന് പെരുന്നയിൽ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചപ്പോൾ തന്നെ സുകുമാരൻ നായരുടെ നിർണായക രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിൽ ഇടപെടാനുള്ള എൻ.എസ്.എസിന്റെ നീക്കം കൂടിയായി അതിനെ വിലയിരുത്തി. മുസ്ലിംലീഗിനെ ഒപ്പം നിർത്തിയും, ക്രൈസ്തവ സഭകളുമായി അടുത്തും തരൂർ നടത്തിയ നീക്കത്തെയും എൻ.എസ്.എസ് പിന്തുണച്ചിരുന്നു. ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് തരൂർ നടത്തിയ പ്രസംഗമാണിപ്പോൾ വിശ്വപൗരനെ വെറുമൊരു നായരെന്ന നിലയിൽ കാണാൻ മറ്റു സമുദായങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. ‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന്’ മന്നത്ത് പ ദ് മനാഭനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ തരൂർ, കേരള രാഷ്ട്രീയത്തിൽ നിന്നുള്ള തന്റെ അനുഭവമാണിതെന്ന് കൂടി പറഞ്ഞതോടെ അത് രമേശിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരായ ഒളിയമ്പാണെന്ന് വ്യക്തമായി. നേതൃത്വത്തെ ധിക്കരിച്ച് എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതു മുതൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് തരൂരിനെതിരെ എതിർപ്പും ഒളിയമ്പുകളും വരുന്നതിനിടെയാണ് ഇത്തരമൊരു പരാമർശം. കോൺഗ്രസ് എം.പി മാർ, എം.എൽ.എമാർ, നേതാക്കൾ തുടങ്ങിയവരെ സദസിന്റെ മുന്നിലിരുത്തിയായിരുന്നു തരൂരിന്റെ വിമർശനം. എ.കെ ആന്റണിക്ക് ശേഷം 10 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്.

ഒരിയ്ക്കൽ ഡൽഹി നായരെന്ന് വിളിച്ച് പരിഹസിച്ചിരുന്ന ശശി തരൂരിനെ വർഷങ്ങൾക്ക് ശേഷം ജനുവരി 2 ന് മന്നം ജന്മദിനാചരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി സ്വാഗതം ആശംസിച്ച ജി.സുകുമാരൻ നായർ, ഡൽഹി നായരാണെന്ന തന്റെ പഴയ വിവാദ പരാമർശം തിരുത്തി. “തരൂർ ഡൽഹി നായരാണെന്നാണ് അന്ന് ഞാൻ പ്രസ്താവന നടത്തിയത്. അത് തിരുത്താനുള്ള അവസരമാണിത്. തരൂർ ഡൽഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. ഇദ്ദേഹത്തോളം യോഗ്യനായ മറ്റൊരാളെ കാണാനില്ല”. സുകുമാരൻ നായർ പറഞ്ഞു.

തറവാടി നായർ

ഒരിയ്ക്കൽ ഡൽഹി നായരെന്ന് വിളിച്ച് പരിഹസിച്ചിരുന്ന ശശി തരൂരിനെ വർഷങ്ങൾക്ക് ശേഷം ജനുവരി 2 ന് മന്നം ജന്മദിനാചരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി സ്വാഗതം ആശംസിച്ച ജി.സുകുമാരൻ നായർ, ഡൽഹി നായരാണെന്ന തന്റെ പഴയ വിവാദ പരാമർശം തിരുത്തി. “തരൂർ ഡൽഹി നായരാണെന്നാണ് അന്ന് ഞാൻ പ്രസ്താവന നടത്തിയത്. അത് തിരുത്താനുള്ള അവസരമാണിത്. തരൂർ ഡൽഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. ഇദ്ദേഹത്തോളം യോഗ്യനായ മറ്റൊരാളെ കാണാനില്ല”. സുകുമാരൻ നായർ പറഞ്ഞു. എന്നാൽ ഏതാനും ദിവസത്തിനു ശേഷം ഒരു ഇംഗ്ളീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുകുമാരൻ നായർ ഒരു പടികൂടിക്കടന്ന് പറഞ്ഞത് തരൂർ ‘തറവാടി നായർ’ ആണെന്നാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതിനാലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടതെന്നും ഉമ്മൻചാണ്ടിയെ മുന്നിൽ നിറുത്തിയെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും പറഞ്ഞതോടെ രമേശ് ചെന്നിത്തലയ്ക്കുള്ള മുഖമടച്ച അടിയായി അത് മാറി. വി.ഡി സതീശനെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടോ എന്നായിരുന്നു സുകുമാരൻ നായരുടെ മറു ചോദ്യം. രമേശിനെയും സതീശനെയും നിസ്സാരന്മാരാക്കി തള്ളിപ്പറയുകയും തരൂരിനെ തറവാടി നായർ എന്ന് പുകഴ്ത്തുകയും ചെയ്യുന്ന സുകുമാരൻ നായർ ലക്ഷ്യമിടുന്നത് കോൺഗ്രസിലെ മറ്റു നേതാക്കൾക്കൊന്നും അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ലെന്ന് വരുത്തിത്തീർക്കുകയും ശശി തരൂരിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനുമുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്ന് വ്യക്തം.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെക്കുറിച്ച് പരസ്യമായി പറയുന്നില്ലെങ്കിലും അദ്ദേഹം പെരുന്നയ്ക്ക് അനഭിമതനാണെന്നത് വ്യക്തമായ കാര്യമാണ്. 2009 ൽ ശശി തരൂർ ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഡൽഹി നായരാണെന്ന വിവാദ പരാമർശവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. യു.ഡി.എഫ് അദ്ദേഹത്തെ നായരുടെ അക്കൗണ്ടിൽ പെടുത്തേണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു. പിന്നീട് തരൂർ കേന്ദ്ര മന്ത്രിയും തുടർച്ചയായി മൂന്ന് തവണ തിരുവനന്തപുരത്തു നിന്ന് എം.പി യും ആയിട്ടും പഴയ നിലപാട് തിരുത്താൻ സുകുമാരൻ നായർ തയ്യാറായിരുന്നില്ല. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഡൽഹി നായർ തറവാടി നായരായതെങ്ങനെയെന്നും ഒരു തറവാടി നായരെ അടുത്ത മുഖ്യമന്ത്രിയാക്കുകയാണ് എൻ.എസ്.എസിന്റെ ലക്ഷ്യമെന്നും വെളിവാകുകയാണ്. തരൂരിനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പുകഴ്ത്തിയതിൽ സന്തോഷമെന്നായിരുന്നു വി.ഡി സതീശന്റെ എങ്ങും തൊടാതെയുള്ള പ്രതികരണം. കോൺഗ്രസ് നേതാവിനെ സംബന്ധിച്ച് നല്ല അഭിപ്രായം ആരു പറഞ്ഞാലും തങ്ങളതിനെ സ്വാഗതം ചെയ്യുമെന്നും സതീശൻ പറഞ്ഞു. രണ്ട് മാസം മുമ്പ് സുകുമാരൻ നായർ വി.ഡി സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ആ നീരസം ഇപ്പോഴും തുടരുകയാണ്. സമുദായസംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താൻ ജയിച്ചതും പ്രതിപക്ഷ നേതാവായതുമെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് വി.ഡി സതീശനായിരിക്കുമെന്നും വിമർശിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ പരാജയമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തിയതാണ് യു.ഡി.എഫ് പരാജയപ്പെടാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞതിന് രമേശ് ചെന്നിത്തല വൈകിയാണെങ്കിലും മറുപടി നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെയെന്നല്ല ആരെയും കോൺഗ്രസോ യു.ഡി.എഫോ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിരുന്നില്ല. എല്ലാക്കാലത്തും താനൊരു മതേതരവാദിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സുകുമാരൻ നായരെ പരോക്ഷമായി തള്ളിക്കളയുന്നതാണ് ചെന്നിത്തലയുടെ ഈ പ്രതികരണം. അതിനിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത തരൂർ, താൻ പ്രധാനമന്ത്രിയാകാനും സന്നദ്ധനാണെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രിയാകാനും തരൂർ യോഗ്യനാണെന്ന് സുകുമാരൻ നായരും പറഞ്ഞു. സുകുമാരൻ നായർ പിന്തുണച്ച കോൺഗ്രസ് നേതാക്കൾ പൊട്ടി പാളീസായ ചരിത്രവും സമീപകാലത്തുണ്ട്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ എൻ.എസ്.എസ് പിന്തുണച്ചപ്പോൾ എതിർ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും യു.ഡി.എഫ് വിജയിക്കുമെന്ന് പറഞ്ഞ സുകുമാരൻ നായരെ കേരള ജനത തള്ളിക്കളഞ്ഞിരുന്നു.

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് ശശിതരൂർ പ്രസംഗിച്ച് മടങ്ങി അധികം വൈകും മുമ്പേ എൻ.എസ്.എസ് ആസ്ഥാനത്ത് തന്നെ അതിന്റെ പ്രതിഫലനം ഉണ്ടായി. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ സുരേഷിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കിയാണ് ജി.സുകുമാരൻ നായർ തന്റെ നായർ സ്നേഹം പ്രകടിപ്പിച്ചത്

പ്രസ്താവന സുകുമാരൻ നായർക്കും ബാധകം

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് ശശിതരൂർ പ്രസംഗിച്ച് മടങ്ങി അധികം വൈകും മുമ്പേ എൻ.എസ്.എസ് ആസ്ഥാനത്ത് തന്നെ അതിന്റെ പ്രതിഫലനം ഉണ്ടായി. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ സുരേഷിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കിയാണ് ജി.സുകുമാരൻ നായർ തന്റെ നായർ സ്നേഹം പ്രകടിപ്പിച്ചത്. മന്നം ജന്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശിതരൂർ എത്തിയതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ തുടർച്ചയാണിത്. സുരേഷിൽ നിന്ന് രാജി എഴുതി വാങ്ങിയ സുകുമാരൻ നായർ രജിസ്ട്രാർ സ്ഥാനം കൂടി ഏറ്റെടുത്തു. എൻ.എസ്.എസിന്റെ അടുത്ത ജനറൽ സെക്രട്ടറി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനു പിന്നിൽ സുരേഷ് ആണെന്ന് ചില ഡയറക്ടർ ബോർഡംഗങ്ങൾ ജനറൽ സെക്രട്ടറിയെ ധരിപ്പിച്ചതോടെ സുകുമാരൻ നായർ സുരേഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവത്രെ. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്നും ഇതു രണ്ടിലേതെങ്കിലും ഒന്ന് സ്വീകരിക്കാമെന്നും നേതൃത്വം സുരേഷിനെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം. കോൺഗ്രസിലെ തന്റെ വിശ്വസ്തനായിരുന്ന രമേശ് ചെന്നിത്തലയെ കോഴികൂകും മുമ്പെ തള്ളിപ്പറഞ്ഞ സുകുമാരൻ നായർ, കോൺഗ്രസിലെ പ്രമുഖ നേതാക്കളായ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, കെ.മുരളീധരൻ തുടങ്ങിയവരെയൊന്നും പെരുന്നയിലേക്ക് അടുപ്പിക്കുക പോലുമില്ല. രാജ്യം ദേശീയ പുരസ്ക്കാരം നൽകി ആദരിച്ച അനുഗൃഹീത കലാകാരനും മുൻ രാജ്യസഭാ എം.പി യും മലയാളസിനിമയിലെ സൂപ്പർ താരവുമായ സുരേഷ് ഗോപിയെ പെരുന്നയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ടിട്ട് അധികകാലമായിട്ടില്ല. എൻ.എസ്.എസിന്റെ സമ്മേളന വേദിയിലേക്ക് ക്ഷണിക്കാതെ കയറി വന്നെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. വ്രണിതഹൃദയനായി അന്ന് അവിടെ നിന്നിറങ്ങിപ്പോയ സുരേഷ്ഗോപിയുടെ അനുഭവം കേരളത്തിന്റെ മുറിപ്പാടാണ്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു മന്നം സമാധി സന്ദർശിച്ചപ്പോൾ ചെരുപ്പിട്ട് കയറിയെന്ന് പറഞ്ഞും വൻ വിവാദം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രീയത്തിലേക്ക് ‘ക്രാഷ് ലാൻഡിംഗ്’

യു.എന്നിൽ ഉന്നത പദവികൾ വഹിച്ച ശേഷം വിരമിച്ച് ഇന്ത്യയിലെത്തിയ ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഒരു സുപ്രഭാതത്തിൽ ‘ക്രാഷ് ലാൻഡിംഗ്’ നടത്തിയ ആളാണ്. 2009 ൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ അക്കൊല്ലം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി. സീറ്റ് മോഹിച്ചിരുന്ന പല കോൺഗ്രസ് നേതാക്കളുടെയും മുകളിലൂടെ തിരുവനന്തപുരത്ത് പറന്നിറങ്ങിയ തരൂരിനോട് അന്നേ വലിയൊരു വിഭാഗത്തിനും താത്പര്യം ഉണ്ടായിരുന്നില്ല. ഹൈക്കമാൻഡിന്റെ ആളെന്ന നിലയിൽ ഹൈ പ്രൊഫൈലിൽ നിന്ന തരൂർ ജയിച്ച് രണ്ടാം യു.പി.എ മന്ത്രിസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായി. 2019 ൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിലെ നേതാക്കളുടെ എതിർപ്പുകൾ മറികടന്ന് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. മൂന്നാം ഭാര്യയായ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹമരണം പോലും തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ശ്രമിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയായിരുന്നു. സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് തരൂർ ഇതുവരെ മോചിതനായിട്ടുമില്ല.

തലസ്ഥാനത്ത് നടക്കുന്ന കോൺഗ്രസിന്റെ ഏതെങ്കിലും പാർട്ടി പരിപാടികളിലോ സമര പരിപാടികളിലോ തരൂരിനെ കാണാറേ ഇല്ല. അടുത്തിടെ നടന്ന വിഴിഞ്ഞം സമരം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് നടന്ന സമരം തുങ്ങിയവയിലൊന്നും തരൂരിന്റെ സാന്നിദ്ധ്യം കാണാത്തതിനെതിരെ പാർട്ടിയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇടക്കാലത്ത് സിൽവർ ലൈനെ അനുകൂലിച്ച് പിണറായി വിജയനെ ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടിയിൽ ഒറ്റപ്പെടുന്ന സ്ഥിതി പോലുമുണ്ടായി

തലസ്ഥാനത്ത് നടക്കുന്ന കോൺഗ്രസിന്റെ ഏതെങ്കിലും പാർട്ടി പരിപാടികളിലോ സമര പരിപാടികളിലോ തരൂരിനെ കാണാറേ ഇല്ല. അടുത്തിടെ നടന്ന വിഴിഞ്ഞം സമരം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് നടന്ന സമരം തുടങ്ങിയവയിലൊന്നും തരൂരിന്റെ സാന്നിദ്ധ്യം കാണാത്തതിനെതിരെ പാർട്ടിയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇടക്കാലത്ത് സിൽവർ ലൈനെ അനുകൂലിച്ച് പിണറായി വിജയനെ ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടിയിൽ ഒറ്റപ്പെടുന്ന സ്ഥിതി പോലുമുണ്ടായി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ രാഷ്ട്രീയ ഗോദയിൽ പയറ്റിത്തെളിഞ്ഞ നേതാക്കൾ ഡസൻ കണക്കിനുള്ളപ്പോഴാണ് അവർക്കെല്ലാം മുകളിലൂടെ തരൂർ ക്രാഷ് ലാൻഡിംഗ് നടത്തിയത്. തിരുവനന്തപുരത്ത് തരൂർ വിജയിക്കുന്നതിന്റെ രഹസ്യം കോൺഗ്രസുകാരുടെയും യു.ഡി.എഫിന്റെയും മാത്രം വോട്ടുകൾ കൊണ്ടല്ലെന്നത് രാഷ്ട്രീയ വിശാരദന്മാർക്കറിയാം. തിരുവനന്തപുരത്ത് ഏതുവിധേനെയും വിജയിക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പി യെ ഒരു കാരണവശാലും നിലം തൊടാൻ അനുവദിക്കില്ലെന്ന് കരുതുന്ന നല്ലൊരു വിഭാഗത്തിന്റെ നെഗറ്റീവ് വോട്ടുകൾ കൂടിയാണ് തരൂരിന് തിളക്കമാർന്ന വിജയം സമ്മാനിക്കുന്നത്. അക്കൂട്ടത്തിൽ എൽ.ഡി.എഫ് വോട്ടുകളും ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകളും ഉണ്ട്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കച്ചകെട്ടി നിൽക്കുന്ന തരൂർ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലാണോ അതുകഴിഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണോ മത്സരിക്കുകയെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തരൂരിന് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ തിരുവനന്തപുരത്ത് സീറ്റ് ലഭിക്കുമോ എന്ന കാര്യവും സംശയ നിഴലിലായിരിക്കും. നിയമസഭയിലേക്ക് സീറ്റ് കിട്ടിയാലും യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യം ഡൽഹിയിലാകും തീരുമാനിക്കുക. കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ഒരു വിഭാഗം തരൂരിനെ പിന്തുണയ്ക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ തരൂരിന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ ബി.ജെ.പി യുടെ അദൃശ്യകരങ്ങളുണ്ടെന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാ വിഷയമാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം ഒന്നാം സർക്കാരിനെ അപേക്ഷിച്ച് ഒട്ടും ആശാവഹമല്ല. ഈ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് യു.ഡി.എഫിൽ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ബി.ജെ.പി നീക്കമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. അതിനു മുന്നേ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. കേന്ദ്രത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കാതിരുന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും കോൺഗ്രസിന് ലഭിക്കാൻ സാദ്ധ്യത കുറയും. അതിന് കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിൽ വിള്ളലുണ്ടാക്കേണ്ടത് ആവശ്യമാണ്. ഏതായാലും ശശിതരൂരിന്റെ പുതിയ നീക്കം കോൺഗ്രസിൽ വിള്ളൽ സൃഷ്ടിച്ചുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. കോൺഗ്രസ് നേതാക്കളെ പരസ്യമായി ആക്ഷേപിക്കുകയും ശശി തരൂരിനെ വാനോളം വാഴ്ത്തിപ്പാടുകയും ചെയ്യുന്ന സുകുമാരൻ നായർക്കെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ വികാരം ഉയർന്നു കഴിഞ്ഞു. വിശ്വപൗരനിൽ നിന്ന് തറവാടി നായരിലേക്ക് ചുരുങ്ങുന്ന ശശി തരൂരിന് ഇത് വരും നാളുകളിലും മുന്നോട്ടുള്ള പ്രയാണം സുഗമമാകില്ലെന്ന സൂചനയാണ് നൽകുന്നത്.

ഏതായാലും ശശിതരൂരിന്റെ പുതിയ നീക്കം കോൺഗ്രസിൽ വിള്ളൽ സൃഷ്ടിച്ചുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. കോൺഗ്രസ് നേതാക്കളെ പരസ്യമായി ആക്ഷേപിക്കുകയും ശശി തരൂരിനെ വാനോളം വാഴ്ത്തിപ്പാടുകയും ചെയ്യുന്ന സുകുമാരൻ നായർക്കെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ വികാരം ഉയർന്നു കഴിഞ്ഞു. വിശ്വപൗരനിൽ നിന്ന് തറവാടി നായരിലേക്ക് ചുരുങ്ങുന്ന ശശി തരൂരിന് ഇത് വരും നാളുകളിലും മുന്നോട്ടുള്ള പ്രയാണം സുഗമമാകില്ലെന്ന സൂചനയാണ് നൽകുന്നത്.

എന്നിട്ടും പിണറായിയോട് മുറുമുറുപ്പ്

യു.ഡി.എഫ് സ്നേഹവും നായർസ്നേഹവും വച്ചു പുലർത്തുമ്പോഴും നായർ സമുദായത്തിന് ഏറ്റവുമധികം ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ പിണറായി വിജയനോടും ഇടത് സർക്കാരിനോടുമുള്ള സുകുമാരൻനായരുടെ ചതുർത്ഥിക്ക് ഇപ്പോഴും കുറവില്ലെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എൻ.എസ്.എസിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ് മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം നൽകണമെന്നത്. യു.ഡി.എഫ് സർക്കാരിന് പോലും ധൈര്യമില്ലാതിരിയ്ക്കെയാണ് ഒന്നാം പിണറായി സർക്കാർ ദേവസ്വം ബോർഡുകളിൽ 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്. സദ്യയുണ്ടവന് വീണ്ടും മൃഷ്ടാന്നം നൽകുന്ന പോലെ 90 ശതമാനത്തിലധികം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം കൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാർ പൂർണമായും ദേവസ്വം ബോർഡുകളുടെ പിന്നാമ്പുറത്തായി. രാജ്യത്ത് 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് ധൈര്യം പകർന്നതും കേരളസർക്കാർ കാട്ടിയ ഈ മാതൃകയായിരുന്നു. മന്ത്രി സഭയിലും പാർട്ടി കമ്മിറ്റികളിലുമെല്ലാം നായർ സമുദായാംഗങ്ങൾക്ക് മുന്തിയ പ്രാധാന്യമുണ്ടായിട്ടും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ പിണറായി സർക്കാരിന് ആത്മാർത്ഥതയില്ലെന്ന പതിവ് പല്ലവിയിലാണ് സുകുമാരൻ നായർ.
ലേഖകന്റെ ഫോൺ: 9446564749

Author

Scroll to top
Close
Browse Categories