അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വര്‍ത്തമാന കാലഘട്ടത്തില്‍
ഒരു കാലത്ത് കേരളത്തിലെ വര്‍ത്തമാനപത്രങ്ങളും മാസികകളും ശാസ്ത്രബോധത്തെ വളര്‍ത്തുകയും, അന്ധവിശ്വാസങ്ങളെ നിരാകരിക്കുകയും ചെയ്തെങ്കില്‍, പില്‍ക്കാലത്ത് അന്ധവിശ്വാസങ്ങള്‍ വിറ്റഴിക്കുന്ന മാസികകളും വാരികകളും ജനം സ്വീകരിക്കുവാന്‍ തുടങ്ങി. ടിവിയുടെയും, ഇന്റര്‍നെറ്റിന്റെയും യൂട്യൂബിന്റെയും മറ്റും വ്യാപകമായ ഉപയോഗം അന്ധവിശ്വാസ ഉല്പന്നങ്ങളുടെ കച്ചവടം പതിന്‍മടങ്ങു വര്‍ദ്ധിപ്പിച്ചു. ദുരാചാരങ്ങള്‍ക്കു വര്‍ദ്ധിച്ച ഉപഭോക്താക്കള്‍ ഉണ്ടായി.ഒന്നിലധികം പേര്‍ ഒത്തുചേര്‍ന്നു നടത്തുന്ന നരബലിയിലെത്തിയിരിക്കുന്നു ആഭിചാര ക്രിയകളുടെ വളര്‍ച്ച.
ശ്രീനാരായണഗുരുവും മറ്റു സാമൂഹിക പരിഷ്‌കര്‍ത്താക്കളും തുടങ്ങിവച്ച ജാതിവിവേചന നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഫലം വരും തലമുറകള്‍ക്കും ഉറപ്പാക്കുവാന്‍ ഭരണഘടനയും നിയമങ്ങളും നല്‍കിയ പരിരക്ഷയും പൊതുസമൂഹവും സ്വാതന്ത്ര്യാനന്തര ഗവണ്‍മെന്റുകളും പുലര്‍ത്തിയ ജാഗ്രതയും പര്യാപ്തമായി.
എന്നാല്‍ മതസങ്കല്‍പങ്ങളെ ദുരുപയോഗപ്പെടുത്തിയും, മതങ്ങളെ ചൂഷണം ചെയ്തും വളര്‍ന്നു വന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ആഭിചാരക്രിയകളും, അത്ഭുത രോഗ ശാന്തിയുള്‍പ്പെടെയുള്ള തട്ടിപ്പുകളും നിയന്ത്രിക്കുവാന്‍ പൊതുസമൂഹവും, നിയമവ്യവസ്ഥിതിയും, ജനാധിപത്യ ഗവണ്‍മെന്റും, പരാജയപ്പെട്ടു. സ്വതന്ത്രകേരളത്തില്‍ കാലക്രമേണ വളര്‍ന്നു വലുതായ അന്ധവിശ്വാസ-ദുരാചാര ദുര്‍ഭൂതത്തെ തളയ്ക്കുവാന്‍ പിന്‍തലമുറക്കാര്‍ അപ്രാപ്തരാകുന്നതാണു നാം കണ്ടത്. ഉയര്‍ന്ന സാക്ഷരതയ്ക്കോ, ആരോഗ്യ നിലവാര സൂചികകള്‍ക്കോ പുരോഗമന രാഷ്ട്രീയത്തിനോ, ഉന്നതവിദ്യാഭ്യാസ നേട്ടങ്ങള്‍ക്കോ മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയ്ക്കോ തടയിടുവാന്‍ കഴിയാത്ത വിധത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വളര്‍ന്നു എന്നതാണു യാഥാര്‍ത്ഥ്യം.
ഈയൊരു ദുരവസ്ഥയുടെ വളര്‍ച്ചയ്ക്കു തടയിടുവാന്‍ മുഖ്യമായും പരാജയപ്പെട്ടത് സ്വാതന്ത്ര്യാനന്തര കേരളത്തിലെ മതപണ്ഡിതന്മാരും മതാചാര്യന്മാരും പുരോഹിതരും മതസംഘടനകളും ആയിരുന്നു. ആചാരങ്ങളും ദുരാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന ലക്ഷ്മണരേഖ ഉണ്ടാക്കേണ്ടിയിരുന്നതും, മതാനുയായികളെ ദുരാചാരങ്ങളില്‍ നിന്നും അകറ്റേണ്ടിയിരുന്നതും അവരായിരുന്നു.
ഭരണഘടനയും
നിയമനിര്‍മ്മാണവും
ഇന്ത്യന്‍ ഭരണഘടനയുടെ ചില വകുപ്പുകള്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിനു സഹായകരമാണ്. ഭരണഘടനയിലെ 25-ാം വകുപ്പ് മന:സാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും, മതാചരണത്തിനും ഉള്ള സ്വാതന്ത്ര്യം നല്‍കുമ്പോള്‍ തന്നെ ഈ സ്വാതന്ത്ര്യത്തിന്റെ ഉപയോഗം പൊതുസമാധാനത്തിനും സാന്‍മാര്‍ഗികതയ്ക്കും ആരോഗ്യപരിപാലനത്തിനും വിധേയമായിട്ടു വേണം എന്ന് പ്രഖ്യാപിക്കുന്നു. 26-ാം വകുപ്പ് മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യവും പൊതുസമാധാനത്തിനും സാന്‍മാര്‍ഗ്ഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി വേണമെന്നു നിഷ്‌കര്‍ഷിക്കുന്നു. 1976-ല്‍ 42-ാം ഭേദഗതി വഴി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ട മൗലിക ധര്‍മ്മങ്ങളില്‍ ഒന്നായ അനുഛേദം 51എ(എച്ച്) ശാസ്ത്രഅഭിരുചിയും മാനവികതയും, അന്വേഷണത്വരയും, പരിഷ്‌കരണബോധവും വളര്‍ത്തുക എന്നത് ഓരോ പൗരന്റെയും ധര്‍മ്മമാണെന്നു സൂചിപ്പിക്കുന്നു.
1954-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക് ഷണല്‍ അഡ്വര്‍ടൈസ്മെന്റ്) ആക്ട് അന്ധവിശ്വാസജഡിലമായ ഉല്പന്നങ്ങളെയും അവ സംബന്ധിച്ച പരസ്യങ്ങളെയും കുറ്റകരമാക്കി. രോഗങ്ങളുടെ പ്രവചനത്തിനും ചികിത്സയ്ക്കും മറ്റും ഉതകുന്ന ശുശ്രൂഷകളും ഉണ്ടെന്നു പ്രചരിപ്പിക്കുകയും രോഗശാന്തിക്കായി അംഗീകൃതമല്ലാത്ത വ്യാജ മരുന്നുകള്‍ നല്‍കുന്നതും കുറ്റകൃത്യമാക്കി. പക്ഷേ ഈ നിയമപരിരക്ഷ വേണ്ടവിധത്തില്‍ ഉറപ്പാക്കുവാന്‍ വ്യവസ്ഥിതിക്കു കഴിയാതെ പോയി.
ദുര്‍മന്ത്രവാദിനി വേട്ട (witch hunting)
മുഖ്യമായും ദളിത്-ആദിവാസി സ്ത്രീകളെ ദുര്‍മന്ത്രവാദിനികള്‍ എന്നു മുദ്രകുത്തി പീഡിപ്പിച്ചു കൊല്ലുന്ന ഒരുതരം നരബലി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. വ്യക്തിവൈരാഗ്യമോ, ജാതിവിവേചനമോ, ഒരു തുണ്ടു ഭൂമി പിടിച്ചെടുക്കാനോ ആയിരിക്കും. ‘ദുര്‍മന്ത്രവാദിനി വേട്ട’ (witch hunting). കൃഷി നശിക്കുക, പശുവിന്റെ കറവ നിന്നു പോകുക, രോഗങ്ങള്‍ തുടങ്ങിയവ ദുര്‍മന്ത്രവാദിനി എന്നു ആരോപിക്കപ്പെടുന്നവരുടെ ആഭിചാരം കൊണ്ടാണെന്നു പ്രചരിപ്പിച്ച് സാധുക്കളായ അവരെ ബലാത്സംഗം ചെയ്യുക. കല്ലെറിയുക, നഗ്‌നരാക്കി നടത്തുക, കെട്ടിതൂക്കുക, ചുട്ടെരിക്കുക തുടങ്ങിയ ഹീനകൃത്യങ്ങളാണ് ദുര്‍മന്ത്രവാദിനി വേട്ടക്കാര്‍ (witch hunters) ചെയ്യുക. 1999-ല്‍ പ്രിവന്‍ഷന്‍ ഓഫ് വിച്ച് പ്രാക്ടീസസ് ആക്ട് ബീഹാര്‍ നിയമസഭ പാസ്സാക്കി. തുടര്‍ന്നു ഏഴു സംസ്ഥാനങ്ങള്‍ കൂടി അത്തരം നിയമം കൊണ്ടുവന്നു. ജാര്‍ഖണ്ട് (2000), ഛത്തീസ്ഗഡ് (2005) ഒഡീഷ (2013), രാജസ്ഥാന്‍ (2015), അസം (2015), മഹാരാഷ്ട്ര (2013) കര്‍ണാടക (2017) എന്നിവയായിരുന്നു അവ. പതിന്നാലോളം സംസ്ഥാനങ്ങളില്‍ ഈ ദുരാചാരം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
2016-ല്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ബിജെപി എം.പി രാഘവ ലഖന്‍പാള്‍ ലോക്സഭയില്‍ ‘പ്രിവന്‍ഷന്‍ ഓഫ് വിച്ച്ഹണ്ടിംഗ്) എന്ന സ്വകാര്യബില്‍ സ്പീക്കറുടെ അനുമതിയോടെ അവതരിപ്പിച്ചു. എം.ബി.എ. ബിരുദധാരിയായിരുന്ന 42 വയസ്സുള്ള ഇദ്ദേഹത്തിന്റെ ബില്‍ ചര്‍ച്ചയ്ക്കെടുക്കുകയോ പാസ്സാക്കുകയോ ചെയ്തില്ല.
അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം-
മഹാരാഷ്ട്രയിലും കര്‍ണാടകയിലും.
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലാതാക്കുവാന്‍ സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന മഹത്വ്യക്തിയായിരുന്നു നരേന്ദ്ര ഡബോല്‍ക്കര്‍ (19452013) മഹാരാഷ്ട്രയിലെ ഒരു സാമൂഹിക പ്രവര്‍ത്തകനും, ശാസ്ത്രജ്ഞനുമായിരുന്നു നരേന്ദ്ര ഡബോല്‍ക്കര്‍. അന്ധവിശ്വാസ-ദുരാചാര നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ ഗവണ്‍മെന്റില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അതിനുവേണ്ടി ഒരു ബില്‍ പലപ്രാവശ്യം മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 2013 ആഗസ്റ്റ് 20-ാം തീയതി അദ്ദേഹത്തെ ശത്രുക്കള്‍ വെടിവെച്ചു കൊന്നു. അതിനുശേഷം ഗവണ്‍മെന്റ് അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം ഓര്‍ഡിനന്‍സ് ആയി പുറപ്പെടുവിച്ചു. പിന്നീട് അത് നിയമസഭ പാസ്സാക്കി.
ഒരു ഡസനിലധികം അന്ധവിശ്വാസ-ദുരാചാരങ്ങളെ നിയമവിരുദ്ധമാക്കിയ ആക്ട് (The maharashtra prevention and eradication of human sacrifice and other in human, evil and aghori practices and black magic Act 2013) ചില മതാചാരങ്ങളെ ആക്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി ഒരു ലക്ഷ്മണരേഖ സൃഷ്ടിച്ചു.
പിശാച് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ടു പീഡിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ചെരിപ്പു കഴുകിയ വെള്ളം കുടിപ്പിക്കുക, തുറന്ന സ്ഥലത്ത് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുക, മനുഷ്യവിസര്‍ജ്യങ്ങള്‍ ബലം പ്രയോഗിച്ചു വായിലൊഴിക്കുക, അമാനുഷിക ശക്തികളുടെ അനുഗ്രഹം ലഭിക്കുവാന്‍ നീചമായ ആഘോരികര്‍മ്മങ്ങള്‍ നടത്തുക, പിശാച് ബാധയുണ്ടെന്നു ആരോപിച്ചു ഒരാളെ നഗ്‌നനാക്കി തെരുവില്‍ നടത്തുക, അവന്റെ അതിജീവനം തടയുക, ദുര്‍മന്ത്രവാദിനി എന്നാരോപിച്ചു പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുക, പ്രേതബാധയുണ്ടെന്നു പറഞ്ഞു ശാരീരിക പീഡനത്തിനു വിധേയമാക്കുക, ദിവ്യശക്തിയുണ്ടെന്നും കഴിഞ്ഞ ജന്മത്തില്‍ തന്റെ ഭാര്യയോ, ഭര്‍ത്താവോ ആയിരുന്നുവെന്നു അവകാശപ്പെട്ടു അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണു നിരോധിക്കപ്പെട്ട ദുരാചാരങ്ങള്‍. ഏഴുവര്‍ഷംവരെ തടവും 50,000 രൂപ വരെ പിഴയും വിധിക്കാമെന്നും വ്യവസ്ഥ ചെയ്തു. ഒന്നോ അതിലധികമോ പോലീസ് സ്റ്റേഷനുകള്‍ക്കു പോലീസ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു വിജിലന്‍സ് ഓഫീസറുടെ സേവനം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുവാന്‍ ഉറപ്പാക്കി.
കര്‍ണാടക ഗവണ്‍മെന്റ് 2017-ല്‍ മനുഷ്യത്വരഹിതമായ ദുരാചാരങ്ങളും ദുര്‍മന്ത്രവാദവും നിരോധിക്കാനുള്ള നിയമം കൊണ്ടുവന്നു. (The Karnataka prevention and eradication of in human evil practices and black magic Act 2017) ചില ആചാരങ്ങളെ ആക്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണു ഇവിടെയും അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമനിര്‍മാണം നടത്തിയത്.
മഹാരാഷ്ട്ര ആക്ടില്‍ നിരോധിക്കപ്പെട്ട ദുരാചാരങ്ങള്‍ക്കൊപ്പം മറ്റു ചില ദുരാചാരങ്ങള്‍ കൂടി കര്‍ണാടകയില്‍ നിരോധിച്ചു. മനുഷ്യന്റെ അന്തസ്സിനെ ഇല്ലാതാക്കുന്ന എച്ചിലിലയില്‍ ഉരുണ്ട് രോഗശാന്തിക്കുവേണ്ടി ക്ഷേത്രപരിസരം ഉപയോഗിക്കുക, മൃഗങ്ങളുടെ കഴുത്തിനു കടിച്ചു കൊല്ലുവാന്‍ പ്രേരിപ്പിക്കുക, ശരീരത്തില്‍ കുത്തിയിറക്കിയ കമ്പി ഉപയോഗിച്ചു തേരു വലിക്കുക, അഗ്‌നിയില്‍ കൂടി നിര്‍ബന്ധിച്ചുനടത്തുക, കവിളുകളെ തുളച്ചുകൊണ്ട് കമ്പി കയറ്റുക, ആരാധനയുടെ പേരില്‍ സ്ത്രീകളെ നഗ്‌നരാക്കി ഓടിക്കുക, നഗ്‌നപൂജ (bettale seva) നടത്തുക, സ്ത്രീകള്‍ക്കെതിരായി ദുരാചാരക്രിയകള്‍ നടത്തുക. തുടങ്ങിയ ദുരാചാരങ്ങളാണു വിലക്കിയത്. ഇവിടെയും ഒരു വിജിലന്‍സ് ഓഫീസറുടെ സേവനം പ്രത്യേകമായി അനുവദിച്ചു.
മനുഷ്യന്റെ സാമാന്യബോധത്തിനും, പുരോഗതിക്കും, ലിംഗസമത്വത്തിനും, മാനവികതക്കും എതിരായിട്ടുള്ള എത്രയോ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമാണു ഇന്ത്യയിലെവിടെയും നിലനില്‍ക്കുന്നത് എന്ന് നിരോധിക്കപ്പെടുന്ന ദുരാചാരങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ദുരാചാര നിയന്ത്രണ നിയമം
കേരളത്തില്‍
1953-ല്‍ മൃഗങ്ങളെയും പക്ഷികളെയും ക്ഷേത്രത്തിനകത്തും പരിസരത്തും ദേവപ്രീതിക്കായി കുരുതി കൊടുക്കുന്നതു തിരു-കൊച്ചി സംസ്ഥാന ഗവണ്‍മെന്റ് നിയമം വഴി നിരോധിച്ചു. 1968ല്‍ കേരള സംസ്ഥാനത്തിനാകമാനം ബാധകമായ ഒരു നിയമം (The Kerala animals and birds sacrifice prohibition act 1968) നിലവില്‍ വന്നു. 50 വര്‍ഷം കഴിഞ്ഞപ്പോള്‍ ‘നരബലി’തടയുവാനാവശ്യമായ നിയമനിര്‍മ്മാണം നടത്തേണ്ടുന്ന ഗതികേടിലാണു പ്രബുദ്ധകേരളം.
മഹാരാഷ്ട്രയില്‍ 2013-ല്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നിലവില്‍ വന്നതിനു പിന്നാലെ കേരളത്തിലും അത്തരമൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യം പൊതുസമൂഹത്തില്‍ നിന്നുമുണ്ടായി. പക്ഷെ രാഷ്ട്രീയ നേതൃത്വം ഒരു മെല്ലെപോക്കു നയമാണു സ്വീകരിച്ചത്.
അന്ധവിശ്വാസ ദുരാചാര നിര്‍മ്മാര്‍ജ്ജന നിയമ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഒരു കരടുബില്‍ 2014-ല്‍ കേരള യുക്തിവാദി സംഘം യു.ഡി.എഫ് ഗവണ്‍മെന്റിനു നല്‍കിയെങ്കിലും അത് അവഗണിക്കപ്പെട്ടു. പക്ഷേ അതേ വര്‍ഷം അഡീഷണല്‍ ഡി.ജി.പി. ഹേമചന്ദ്രനെ ഒരു കരടുബില്‍ തയ്യാറാക്കുവാന്‍ ഗവണ്‍മെന്റ് ഏല്പിച്ചു. പക്ഷേ ആ കരടുബില്ലും നിയമസഭയില്‍ അവതരിപ്പിച്ചില്ല. 2017-ല്‍ പതിനാലാം നിയമസഭയില്‍ പി.ടി. തോമസ് അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയുള്ള ഒരു സ്വകാര്യബില്‍ (ബില്‍നമ്പര്‍ 64) നിയമസഭയില്‍ കൊണ്ടുവന്നതും അവഗണിക്കപ്പെട്ടു.
2019-ല്‍ ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായുള്ള ലാ കമ്മീഷന്‍ ഇതുസംബന്ധിച്ച ഒരു കരടുബില്‍ തയ്യാറാക്കി ഗവണ്‍മെന്റിനു സമര്‍പ്പിച്ചെങ്കിലും നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടില്ല. 2021-ല്‍ പതിനഞ്ചാം നിയമസഭയില്‍ കെ.ഡി. പ്രസേനന്‍ കൊണ്ടുവന്ന സ്വകാര്യബില്ല് (ബില്‍നമ്പര്‍ 13), സര്‍ക്കാര്‍, അതുസംബന്ധിച്ച നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നു പറഞ്ഞു അവതരണാനുമതി നിഷേധിച്ചു.
15-ാമതു നിയമസഭയുടെ 2022 ഡിസംബര്‍ സമ്മേളനത്തിലും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്‍ അവതരിപ്പിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. മതാചാരങ്ങളും അന്ധവിശ്വാസ ദുരാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന ലക്ഷ്മണരേഖ എങ്ങനെ സൃഷ്ടിക്കുമെന്ന ആശങ്കയായിരിക്കണം ബില്ല് അവതരണം വൈകുന്നതിന്റെ ഒരു കാരണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുപുലര്‍ത്തുന്ന വോട്ടര്‍മാരെ ചൊടിപ്പിക്കുന്നതു രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ചിലര്‍ ഉപയോഗിക്കുമെന്ന ആശങ്കയും കാണും.
മനുഷ്യനന്മയെക്കാള്‍ പ്രായോഗിക രാഷ്ട്രീയ ലക്ഷ്യങ്ങളും പാരമ്പര്യവാദികള്‍ സൃഷ്ടിക്കുന്ന പൊതുജനാഭിപ്രായവും പൊതുനയത്തെ സ്വാധീനക്കുന്ന കാലഘട്ടമാണല്ലോ ഇന്ന്. പണ്ടു 1932-ല്‍ മിശ്രവിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലപാതകം നടത്തുന്നതു തടയുവാനും, ജാതി തരംതാഴ്ത്തലും, ഭ്രഷ്ടുമെന്ന കാടത്ത ദുരാചാരങ്ങളെ, നിരാകരിക്കുവാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്ന സിവില്‍ മാര്യേജ് ബില്‍ കൊച്ചി നിയമസഭയില്‍ സഹോദരന്‍ കെ. അയ്യപ്പന്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാ സമുദായ പ്രതിനിധികളില്‍ നിന്നും നിശിതമായ എതിര്‍പ്പുകള്‍ ഉണ്ടായി. ബില്‍ പാരമ്പര്യ ആചാരങ്ങളെ ലംഘിക്കുന്നുവെന്നും ‘പൊതുജനാഭിപ്രായം’ അനുകൂലമല്ല എന്നുമാണവര്‍ വാദിച്ചത്. ‘ജനങ്ങളുടെ അജ്ഞതയും പൊതുജനാഭിപ്രായം ഇല്ലാത്തതും പുരോഗമനപരമായ ബില്ലുകള്‍ എതിര്‍ക്കുവാനുള്ള കാരണമാകരുതെന്നു അയ്യപ്പന്‍ വാദിച്ചു. പാരമ്പര്യവാദികള്‍ സൃഷ്ടിക്കുന്ന പൊതുജനാഭിപ്രായം പരിഗണിക്കാതെ തന്നെ സാമൂഹിക മാറ്റത്തിനുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പന്റെ വാദമുഖങ്ങള്‍ക്കും നിശ്ചയദാര്‍ഢ്യത്തിനും മറ്റുള്ളവര്‍ ഒടുവില്‍ കീഴടങ്ങി. കൊച്ചി സിവില്‍മാര്യേജ് ആക്ട് നിലവില്‍ വരുകയും ചെയ്തു.
നവോത്ഥാന നായകര്‍ നല്‍കിയ ജീവിത പാഠങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകണം. മൂല്യബോധത്തെ വളര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വം ജാതി-മതഭേദമില്ലാതെ ഉണ്ടാകണം. അവരെ സഹായിക്കുകയും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വിവേകമതികളായ മതനേതാക്കളും ഉണ്ടാകണം.
ഒരു കാലത്ത് കേരളത്തിലെ വര്‍ത്തമാനപത്രങ്ങളും മാസികകളും ശാസ്ത്രബോധത്തെ വളര്‍ത്തുകയും, അന്ധവിശ്വാസങ്ങളെ നിരാകരിക്കുകയും ചെയ്തെങ്കില്‍, പില്‍ക്കാലത്ത് അന്ധവിശ്വാസങ്ങള്‍ വിറ്റഴിക്കുന്ന മാസികകളും വാരികകളും ജനം സ്വീകരിക്കുവാന്‍ തുടങ്ങി. ടിവിയുടെയും, ഇന്റര്‍നെറ്റിന്റെയും യൂട്യൂബിന്റെയും മറ്റും വ്യാപകമായ ഉപയോഗം അന്ധവിശ്വാസ ഉല്പന്നങ്ങളുടെ കച്ചവടം പതിന്‍മടങ്ങു വര്‍ദ്ധിപ്പിച്ചു. ദുരാചാരങ്ങള്‍ക്കു വര്‍ദ്ധിച്ച ഉപഭോക്താക്കള്‍ ഉണ്ടായി. കോടികളുടെ വരുമാനം കിട്ടുമെന്ന സാദ്ധ്യത ഈ രംഗത്തേക്കുള്ള കുറ്റവാളികളുടെയും മനോവൈകല്യമുള്ളവരുടെയും, ലൈംഗിക ചൂഷകരുടെയും കടന്നുവരവിനും കാരണമായി. ഒന്നിലധികം പേര്‍ ഒത്തുചേര്‍ന്നു നടത്തുന്ന നരബലിയിലെത്തിയിരിക്കുന്നു ആഭിചാര ക്രിയകളുടെ വളര്‍ച്ച.
ഒരു അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നിലവില്‍ വരുന്നുവെങ്കില്‍ ജീവിതത്തില്‍ ഒഴിവാക്കേണ്ട അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള അറിവ് കുട്ടികള്‍ക്കു നല്‍കുവാന്‍ ആ നിയമം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. വിശ്വാസത്തിന്റെ ശരിയും തെറ്റും, ധാര്‍മ്മികതയും അധാര്‍മ്മികതയും തിരിച്ചറിഞ്ഞു വളരുന്ന തലമുറകളെ സൃഷ്ടിക്കുവാനതാവശ്യമാണ്. കുട്ടികളുടെ മനസ്സിലേക്കും ബുദ്ധിയിലേക്കും ആര്‍ജ്ജിച്ചെടുക്കുന്ന മാനവിക നൈപുണ്യങ്ങള്‍ അവരുടെ ജീവിതത്തെയും, പൊതുജീവിതത്തെയും ധന്യമാക്കട്ടെ