ഗുരു അന്ധവിശ്വാസങ്ങൾക്കെതിരെ

കുട്ടിച്ചാത്തന്റെ ഉപദ്രവങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സമീപിച്ചവര്‍ക്ക് കുട്ടിച്ചാത്തനു കൊടുക്കുവാന്‍ കത്ത് നല്‍കി തിരിച്ചയച്ചു ഗുരു. മറ്റൊരവസരത്തില്‍ കുടംബത്തിലെ ദുരിതങ്ങള്‍ക്ക് നിവാരണ മാര്‍ഗ്ഗമായി കര്‍മ്മം ചെയ്യുന്നതിനായി ജ്യോത്സ്യന്‍ നല്‍കിയ അധികം പണച്ചെലവുള്ള ഒരു ചാര്‍ത്തുമായി ഒരു സാധുസ്ത്രീ ഗുരുവിനെ കണ്ടു ദുഃഖം ബോധിപ്പിച്ചു. ഗുരു അവരോട്: ”നാം ഹോമം ചെയ്യുന്നതിനു സമ്മതമാണോ” എന്നു ചോദിച്ചു. സമ്മതം വാങ്ങിയ ശേഷം ആ ചാര്‍ത്ത് കിഴുക്കാന്‍ തൂക്കായി പിടിച്ച് അതിന്റെ ചുവട്ടില്‍ തീ കത്തിച്ചു. അതുമുഴുവനും വെന്തു ചാമ്പലായി ”ഇതോടെ കുടുംബത്തിന്റെ അരിഷ്ടതകളും ദുരിതങ്ങളും നശിച്ചു” എന്നു പറയുകയും ചെയ്തു.

അന്ധവിശ്വാസങ്ങള്‍ സ്വാധീനിക്കുന്ന മനുഷ്യശീലങ്ങള്‍ മാറ്റിയെടുത്തു കേരള സമൂഹത്തെ നവീകരിക്കുവാന്‍ ശ്രമിച്ച ‘സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്നു’ യുഗപുരുഷനായ ശ്രീനാരായണഗുരു. ഒരു സമൂഹത്തിന്റെ ചലനാത്മകത(Social Mobility)യെ ഏറ്റവും തടസ്സപ്പെടുത്തുന്നത് അന്ധവിശ്വാസങ്ങളാണെന്നു തിരിച്ചറിയുകയും, ശാന്തമായി, പലപ്പോഴും ഏകനായി തന്റെ ചുറ്റുമുള്ള മനുഷ്യരുടെ മനസ്സില്‍ നിന്നും അന്ധവിശ്വാസത്തെയും അതിനു കാരണമായതിനെയും നീക്കം ചെയ്യുന്നതിന് ഗുരുവിനെക്കാള്‍ വിജയം കൈവരിക്കുകയും ചെയ്ത മറ്റൊരു സന്ന്യാസി ശ്രേഷ്ഠന്‍ ഇല്ല തന്നെ.

അരുവിപ്പുറം ശിവപ്രതിഷ്ഠ ബ്രാഹ്മണ പൗരോഹിത്യം നൂറ്റാണ്ടുകള്‍ കൊണ്ടു പടുത്തുയര്‍ത്തിയ അന്ധവിശ്വാസകോട്ടയ്ക്കുള്ള ശാന്തമായ പ്രഹരമായിരുന്നു. തുടര്‍ന്നു ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ എല്ലാവര്‍ക്കും ആരാധനാസ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള മാതൃകാസ്ഥാപനങ്ങളും കൂടി ആയിരുന്നു. രക്തരക്ഷസ്, ഗുളികന്‍, മുച്ചാണ്ടിമൂപ്പന്‍, കരിങ്കാളി, യക്ഷി, ഇശക്കി (യക്ഷി) പീഠം, ഭൂതത്താന്‍ പീഠം, കറുപ്പന്‍, ഇരുളന്‍, മുത്താരിയമ്മന്‍, മാടന്‍, കുട്ടിച്ചാത്തന്‍, മറുത തുടങ്ങിയ ആരാധനാ മൂര്‍ത്തികള്‍ മൃഗബലിയും രക്തവും മാംസവും കൊണ്ടുള്ള നിവേദ്യവും കൊണ്ടുമാത്രം തൃപ്തരാകുന്നവരായിരുന്നു. സ്വയം രക്ഷയ്ക്കും ശത്രുപീഡനത്തിനും ഒരുപോലെ ഉപയോഗിക്കപ്പെട്ടിരുന്ന അത്തരം ആരാധനാ മൂര്‍ത്തികളെ മനുഷ്യവാസ സ്ഥലത്ത് നിന്നും മനുഷ്യരുടെ മനസ്സു കളില്‍ നിന്നും ഉന്മൂലനാശം വരുത്തുവാനാണ് ഗുരു പറഞ്ഞതും പ്രവര്‍ത്തിച്ചതും.

ദീര്‍ഘദൂര യാത്രകള്‍ ചെയ്തു നേരിട്ടിടപെട്ടു കൊണ്ടാണു ഗുരുദേവന്‍ അത്തരം ആരാധനാമൂര്‍ത്തികളെയും ജന്തുബലി ഉള്‍പ്പെടെയുള്ള അധമമായ ആരാധനാക്രമത്തെയും ഉപേക്ഷിക്കുവാന്‍ ജനങ്ങളോടാവശ്യപ്പെട്ടത്. അദ്ദേഹം തന്നെ അത്തരം ദുര്‍ദേവതാ വിഗ്രഹങ്ങള്‍ ഇളക്കിയെടുത്തു പുഴയിലും കിണറ്റിലുമൊക്കെ ഇട്ടു. പണ്ട് ബുദ്ധവിഗ്രഹങ്ങള്‍ ഇളക്കിയെടുത്തു കാട്ടിലും പുഴയിലും ഉപേക്ഷിച്ച ശേഷം ബ്രാഹ്മണപൗരോഹിത്യം പ്രോത്സാഹിപ്പിച്ചു നിലനിര്‍ത്തിയിരുന്ന അധമവും അന്ധവിശ്വാസജഡിലവുമായ ആരാധനാക്രമത്തെയാണു ഗുരുദേവന്‍ ശാന്തമായി നിര്‍മ്മാര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നത്. അത്ഭുതമെന്നു പറയട്ടെ, നൂറ്റാണ്ടുകള്‍ കൊണ്ടു ഘനീഭവിച്ച അത്തരം ആരാധനാമൂര്‍ത്തികളെയും അധമമായ ആരാധനാ ക്രമങ്ങളെയും ഇല്ലാതാക്കുവാന്‍ ഗുരു ശ്രമിച്ചപ്പോള്‍ ഒരു എതിര്‍പ്പും സമൂഹത്തില്‍ നിന്നുമുണ്ടായില്ല. ഒരായിരം തീട്ടൂരങ്ങളുടെ ശക്തിയുണ്ടായിരുന്ന ആ യോഗിവര്യന്റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും.

നാട്ടിലുടനീളം അനുയായികളെ അയച്ച് അന്ധവിശ്വാസങ്ങള്‍ക്കും പ്രാണിഹിംസയ്ക്കുമെതിരെ ബോധവല്‍ക്കരണം നടത്തിയതും ഗുരുവിന്റെ തന്നെ ആശ്രയമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു വളരെ പെട്ടെന്നു തന്നെ ഫലം കണ്ടെത്തി എന്നാണു തേഴ്സ്റ്റന്റെ വാക്കുകള്‍ (1909) സൂചിപ്പിക്കുന്നത്. ”വേദപണ്ഡിതനും മതപരിഷ്‌കാരിയുമായ നാണു ആശാന്റെ ശ്രമഫലമായി ഭദ്രകാളി സേവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്”

എന്‍.കെ. അനന്തകൃഷ്ണ അയ്യരും അക്കാലത്തു അഭിപ്രായപ്പെട്ടത് ഗുരുവരുത്തിയ മാറ്റത്തെക്കുറിച്ചായിരുന്നു. ”ദുര്‍ദേവതകളെ ആരാധിക്കുന്ന സമ്പ്രദായം കൊച്ചിയിലും തിരുവിതാംകൂറിലും പലഭാഗത്തും കുറഞ്ഞുവരുന്നു. ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ കൈവരിച്ച നേട്ടങ്ങളും ബ്രഹ്മശ്രീ നാരായണഗുരുസ്വാമികള്‍ എന്ന പണ്ഡിതനും സാത്വികനുമായ സന്ന്യാസിയുടെ മതപരിഷ്‌കാരശ്രമങ്ങളുമാണതിനു കാരണം”

1907-ല്‍ അന്ധവിശ്വാസങ്ങള്‍ സംബന്ധിച്ചുള്ള ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ വിവേകോദയത്തില്‍ പ്രസിദ്ധീകരിച്ചു.

‘പ്രാണിഹിംസാനിഷേധം’ ബ്രഹ്മശ്രീ നാരായണഗുരുസ്വാമി അവര്‍കള്‍ക്കു പ്രാണിദയ, ജ്ഞാനം, ഭക്തി മുതലായ പോലെ തന്നെ പ്രിയതമമായ വിഷയമാകുന്നു.
തിരുവിതാംകൂറിലും കൊച്ചിയിലും സ്വജാതിക്കാരുടെ മാത്രമല്ല, ഇതര ജാതിക്കാരുടെ കൂടിയും ഒട്ടധികം ഭഗവതി ക്ഷേത്രങ്ങളില്‍ പ്രാചീനകാലം മുതല്‍ നടന്നുവന്നിരുന്ന ആട്, കോഴി മുതലായ പ്രാണികളുടെ ഹിംസയെ തടുക്കുന്നതിനായി അനേകം ഭഗവതി ക്ഷേത്രങ്ങളെ ശിവക്ഷേത്രങ്ങളും സുബ്രഹ്മണ്യക്ഷേത്രങ്ങളും ആയി മാറ്റീട്ടുണ്ട്. ഇന്നും അദ്ദേഹം ഇതില്‍ ബദ്ധശ്രദ്ധനാകുന്നു.

പ്രാണിഹിംസയെ നിരോധിപ്പാന്‍ പ്രത്യേകം ഉപദേശിക്കുന്നു. അതുകൊണ്ടു നമ്മുടെ പ്രസംഗകന്മാരുടെ ശ്രദ്ധ പ്രാണിഹിംസാ ശീലത്തെ മാറ്റുന്ന വിഷയത്തിലും പതിയേണ്ടതും,അതിന്റെ വിജയം മതസംബന്ധമായ നമ്മുടെ പരിഷ്‌കരണത്തിന്റെ ഒരു പ്രധാനഭാഗമായി ഗണിക്കപ്പെട്ടിരിക്കുന്നതും ആകുന്നു. ഗുരുദേവന്റെ ഓരോ യാത്രയും അന്ധവിശ്വാസങ്ങള്‍ക്കെതിരായ ധര്‍മ്മയുദ്ധം തന്നെയായിരുന്നു. ബ്രഹ്മശ്രീ നാരായണഗുരുസ്വാമി അവര്‍കളുടെ വടക്കന്‍ യാത്രയില്‍ കോട്ടയം വല്ലഭശ്ശേരി കുടുംബക്കാരുടെ വകയായി വളരെ പുരാതനമായ ഒരു ഭഗവതീ ക്ഷേത്രത്തില്‍ കൊല്ലംതോറും നടന്നുവന്നിരുന്ന അസംഖ്യം ആടുകളുടെയും കോഴികളുടെയും ഹിംസ സ്വാമി അവര്‍കള്‍ നിറുത്തല്‍ ചെയ്തു.

1916–ല്‍ കൊച്ചിക്കടുത്തു പറവൂര്‍ വള്ളുവള്ളി എന്ന സ്ഥലത്ത് ഒരു സ്ത്രീക്ക് അവരുടെ പരദൈവമായി വയലില്‍ പണിക്കരുടെ ആവേശമുണ്ടായി. എപ്പോഴും തുള്ളലും തലയ്ക്കു നല്ല സ്ഥിരമില്ലാത്ത രീതിയിലും വളരെക്കാലം കഴിഞ്ഞുവന്നിരുന്നു. ഗുരുദേവനോടു ബന്ധുക്കള്‍ ആ സ്ത്രീയുടെ ദീനം മാറ്റിക്കൊടുക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ നല്ല വൈദ്യന്മാരെക്കൊണ്ടു ചികിത്സ ചെയ്യണമെന്നാണു അഭിപ്രായപ്പെട്ടത്. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി തൃപ്പാദങ്ങള്‍ ഒരു വിധി എഴുതിക്കൊടുത്തു. അതു കൊണ്ടുപോയി ആ സ്ത്രീയെ വായിച്ചു കേള്‍പ്പിക്കുവാനും, പിന്നീട് അദ്ദേഹം അവിടെ എത്തിക്കൊള്ളാമെന്നും പറഞ്ഞു. വിധി എഴുതിയത് ”ഇനി മേലാല്‍ ഈ സുഖക്കേട് ഉണ്ടാകുകയില്ല” എന്നാണ്. പിന്നീട് ഗുരു ആ സ്ഥലത്തു ചെന്നു ക്ഷേത്രത്തിലിരുന്ന ബിംബം എടുത്തു ആറ്റിലിടുകയും ക്ഷേത്രത്തിലെ വാള് അടുത്തുള്ള കൊല്ലനെ ഏല്പിച്ച് 4 കറിക്കരിയുന്ന കത്തിയുണ്ടാക്കി ആലുവാ അദ്വൈതാശ്രമത്തില്‍ എത്തിക്കണമെന്നും പറഞ്ഞതനുസരിച്ച് കൊല്ലന്‍ അപ്രകാരം ചെയ്യുകയും ചെയ്തു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗുരുവിനെ അസാധാരണമായുള്ള ആത്മീയ ശക്തിയും രോഗപീഡകളില്‍ നിന്നും ഭക്തരെ രക്ഷിക്കുവാന്‍ കഴിവുമുള്ള അസാധാരണ സന്യാസിയായിട്ടാണു മഹാഭൂരിപക്ഷവും കരുതിയിരുന്നത്. ആ സ്ത്രീക്കും ഗുരുവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്നിരിക്കണം. ഒരു മനശാസ്ത്രജ്ഞനെപ്പോലെയുള്ള ഗുരുവിന്റെ ഇനി മേലാല്‍ ഈ സുഖക്കേട് ഉണ്ടാകുകയില്ല എന്ന കത്ത് ഒരു സ്വയം നിര്‍ദ്ദേശം പോലെ അവര്‍ സ്വീകരിക്കുകയും ചെയ്തു. കൂടാതെ ആ സ്ത്രീക്കു അത്തരമൊരു മാനസികാവസ്ഥക്കു കാരണമായ, ബാധയുണ്ടാക്കുന്ന ആരാധന മൂര്‍ത്തിയെയും വാളിനെയും നശിപ്പിക്കുകയും ചെയ്തു. വാള് രൂപാന്തരം വരുത്തി ഉപയോഗപ്പെടുത്തുവാനാണു ഗുരു നിശ്ചയിച്ചതും.

കുട്ടിച്ചാത്തന്റെ ഉപദ്രവങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സമീപിച്ചവര്‍ക്ക് കുട്ടിച്ചാത്തനു കൊടുക്കുവാന്‍ കത്ത് നല്‍കി തിരിച്ചയച്ചു ഗുരു. മറ്റൊരവസരത്തില്‍ കുടംബത്തിലെ ദുരിതങ്ങള്‍ക്ക് നിവാരണ മാര്‍ഗ്ഗമായി കര്‍മ്മം ചെയ്യുന്നതിനായി ജ്യോത്സ്യന്‍ നല്‍കിയ അധികം പണച്ചെലവുള്ള ഒരു ചാര്‍ത്തുമായി ഒരു സാധുസ്ത്രീ ഗുരുവിനെ കണ്ടു ദുഃഖം ബോധിപ്പിച്ചു. ഗുരു അവരോട്: ”നാം ഹോമം ചെയ്യുന്നതിനു സമ്മതമാണോ” എന്നു ചോദിച്ചു. സമ്മതം വാങ്ങിയ ശേഷം ആ ചാര്‍ത്ത് കിഴുക്കാന്‍ തൂക്കായി പിടിച്ച് അതിന്റെ ചുവട്ടില്‍ തീ കത്തിച്ചു. അതുമുഴുവനും വെന്തു ചാമ്പലായി ”ഇതോടെ കുടുംബത്തിന്റെ അരിഷ്ടതകളും ദുരിതങ്ങളും നശിച്ചു” എന്നു പറയുകയും ചെയ്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മാനസിക രോഗങ്ങള്‍ക്കും മന്ത്രവാദവും ബാധ ഒഴിപ്പിക്കലുമല്ല വേണ്ടത്, മറിച്ച് ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിച്ചു സ്വീകരിക്കുകയാണ്. ഗുരുവിന്റെ ഈ നിലപാടാണു വടക്കന്‍ സന്ദര്‍ശനവേളയില്‍ 1913-ല്‍ കോഴിക്കോട് മാനസികരോഗചികിത്സാകേന്ദ്രം സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹം അതിന്റെ നടത്തിപ്പില്‍ തൃപ്തി പ്രകടിപ്പിച്ചു. മാനസികരോഗങ്ങളുടെ ഒരു പ്രധാനകാരണമായി ‘കടുത്ത ദാരിദ്ര്യം’ കണ്ടെത്തിയ പഠനങ്ങള്‍ ഗുരുവിനെ ധരിപ്പിച്ചു. സമീകൃതാഹാരം നല്‍കുക വഴി രോഗികളുടെ ഭാരം വര്‍ദ്ധിക്കുന്നതും രോഗം കുറയുന്നതും ഗുരുവിനെ അവര്‍ ബോധ്യപ്പെടുത്തി.

ശീലിച്ചു പോയ പ്രാകൃതമായ മതാചാരങ്ങളെ വിവേകബുദ്ധി ഉപയോഗിച്ചു വിലയിരുത്തുവാനാണു ഗുരു ആവശ്യപ്പെട്ടത്. ധനദുര്‍വിനിയോഗം, പരിസര നശീകരണം, സമയനഷ്ടം, സാംസ്‌കാരിച്യുതി തുടങ്ങിയവയ്‌ക്കൊക്കെ കാരണമാകുന്ന അത്തരം ആചാരങ്ങള്‍ മനുഷ്യരുടെ പുരോഗതി തടസ്സപ്പെടുത്തുന്നതായി അദ്ദേഹം കണ്ടു. ഭയവും അന്യരോടുള്ള വെറുപ്പും അന്യരെ ശത്രുക്കളായി കാണുവാനുള്ള മനസ്സും ഇഷ്ടമില്ലാത്തവരെ നശിപ്പിക്കണമെന്ന ദുരാഗ്രഹവും ആര്‍ത്തിയുമായിരുന്നു പല ദുരാചാരങ്ങളുടെയും ആധാരം. അധഃപതിച്ച മനുഷ്യര്‍ തങ്ങളുടെ കാര്യസിദ്ധിക്കു വേണ്ടി ദുര്‍ദേവതകളെ ആശ്രയിക്കുകയും, അവരെ പ്രീതിപ്പെടുത്തുവാന്‍ മനുഷ്യവിരുദ്ധമായതൊക്കെ ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു.

ഗുരു തന്റെ ചുറ്റുമുള്ളവരോടു ഭക്തിയില്‍ നിന്നും അന്ധവിശ്വാസങ്ങള്‍ അകറ്റുവാനാണു ആവശ്യപ്പെട്ടത്. ഈശ്വരനും ഭക്തനുമിടയില്‍ കടന്നുകയറുന്ന മന്ത്രവാദിയെയും ആഭിചാരം ചെയ്യുന്നവനെയും ഒഴിവാക്കുന്നവനു ഈശ്വരാനുഗ്രഹവും ആത്മാനന്ദാനുഭൂതിയും നേടുവാന്‍:
”മനമലര്‍കൊയ്തു മഹേശപൂജ ചെയ്യും-
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായ മാറും”
എന്നാണു ഗുരു ആത്മോപദേശ ശതകം 29-ാം ശ്ലോകത്തില്‍ ഭക്തരെ ധരിപ്പിച്ചത്.
കുടുംബങ്ങളില്‍ അന്നു വ്യാപകമായുണ്ടായിരുന്ന സര്‍പ്പാരാധനയാണു ഗുരുവിന്റെ ശ്രദ്ധയില്‍പെട്ട മറ്റൊരാചാരം.

മലബാര്‍ മാന്വലില്‍ ലോഗന്‍ സര്‍പ്പാരാധനയെപ്പറ്റി നിരീക്ഷിക്കുന്നതിങ്ങനെ: ”മനുഷ്യജീവികളില്‍ പാമ്പിന്റെ സ്വാധീനം പല ദുര്‍നിമിത്തങ്ങള്‍ക്കും ഇടയാക്കുമെന്നാണു പ്രചാരത്തിലിരിക്കുന്ന മറ്റൊരു വിശ്വാസം. നാഗകോപം ഒഴിവാക്കണമെങ്കില്‍ സര്‍പ്പക്കാവുകളെ പൂജിക്കണം. മിക്കവാറും എല്ലാ ഭേദപ്പെട്ട മലയാളി തറവാടുകളുടെയും വളപ്പില്‍ തെക്കു പടിഞ്ഞാറേ മൂലയില്‍ വള്ളിക്കെട്ടുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുമരങ്ങളും പൊന്തകളും നിറഞ്ഞ വളച്ചുകെട്ടിയ സര്‍പ്പക്കാവുകള്‍ കാണാം. കുഷ്ഠം, വ്രണം, സ്ത്രീകളിലെ വന്ധ്യത, ബാലമരണം തുടങ്ങിയവയ്ക്കു കാരണമായി കരുതപ്പെടുന്നത് നാഗകോപമാണ്. നിശ്ചിത ദിവസങ്ങളില്‍ നടത്തുന്ന ബലികര്‍മ്മങ്ങളും ആഘോഷങ്ങളും കൊണ്ട് സര്‍പ്പപ്രീതി സാധിക്കാമെന്നാണു സങ്കല്പം”

പ്രാകൃത മനുഷ്യന്‍ പരേതാത്മാക്കളെയും മൃഗങ്ങളെയും പാമ്പിനെയും ആരാധിച്ചിരുന്നു. വനാവൃതമായ കേരളത്തില്‍ തദ്ദേശവാസികള്‍ക്കു പാമ്പുകളുമായി ഇണങ്ങിയും പിണങ്ങിയുമല്ലാതെ അതിജീവനം സാദ്ധ്യമായിരുന്നില്ല. ‘കാവുകള്‍’ എന്ന വന്യദേശങ്ങള്‍ തന്നെയായിരുന്നു അവരുടെ ആരാധനാസ്ഥലങ്ങളും. തദ്ദേശവാസികളല്ലാതിരുന്ന ബ്രാഹ്മണ അധിനിവേശക്കൂട്ടങ്ങള്‍ക്കു പാമ്പുകള്‍ വല്ലാതെ ഭയം സൃഷ്ടിച്ചു. ബ്രാഹ്മണര്‍ അവരുടെ പരമാധികാര ഭൂപ്രദേശങ്ങളായ ‘ഗ്രാമങ്ങള്‍’ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പിടിച്ചെടുത്ത ആവാസസ്ഥലങ്ങളില്‍ സര്‍പ്പങ്ങളെ സ്ഥാനദൈവങ്ങളായി അവരോധിച്ചു. പ്രത്യേകം സ്ഥലം അനുവദിച്ചു കൊടുത്തു. പാമ്പുകള്‍ക്കു ബ്രഹ്മസ്വത്തിന്റെ ‘ഒരോഹരി’ കൊടുത്തു തൃപ്തരാക്കിയ ബ്രാഹ്മണര്‍ തങ്ങളൊഴിച്ചുള്ള മറ്റു മനുഷ്യരുടെയെല്ലാം സ്വത്തവകാശം ഇല്ലാതാക്കുവാനാണു ശ്രമിച്ചത്. കേരളോല്‍പ്പത്തി കഥ പാമ്പുകള്‍ക്കുള്ള ഓഹരിദാനത്തെ ന്യായീകരിക്കുകയും ചെയ്തു.

സ്വത്തുണ്ടായിരുന്ന നായര്‍-ഈഴവ തറവാടുകളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. ‘ശുദ്ധി’ പാലിക്കേണ്ടുന്ന ഇല്ലങ്ങളിലെയും തറവാടുകളിലെയും സര്‍പ്പക്കാവുകള്‍ക്കു സമീപമുള്ള ഇടവഴികളില്‍ തീണ്ടലിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.

മണ്ണാര്‍ശാല, പാമ്പുമേക്കാവ് തുടങ്ങിയ ബ്രാഹ്മണാധീനതയിലുള്ള മഹാസര്‍പ്പക്ഷേത്രങ്ങളും മഹാക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള നാഗാരാധനയും, സര്‍പ്പക്കാവ്, ഭദ്രകാളിക്കാവ്, ദുര്‍ഗ്ഗാക്കാവ്, അയ്യപ്പന്‍കാവ്, യക്ഷിക്കാവ്, മാടന്‍കാവ്, അമ്മദൈവക്കാവ് തുടങ്ങിയ ആയിരക്കണക്കിനു നാഗാരാധനകേന്ദ്രങ്ങളും കൂടാതെയാണു വീട്ടുവളപ്പിലുള്ള നാഗാരാധന വളര്‍ന്നുവന്നത്. വാര്‍ഡ് ആന്റ് കോണര്‍ തിരുവിതാംകൂറില്‍ 15,000 ത്തിലധികം സര്‍പ്പക്കാവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ കണക്കില്‍ ഇല്ലങ്ങളിലും തറവാടുകളിലും ഉണ്ടായിരുന്ന ആയിരക്കണക്കിനു സര്‍പ്പാരാധനക്കാവുകള്‍ ഉള്‍പ്പെട്ടിരുന്നില്ല.

ചുരുക്കത്തില്‍ സര്‍പ്പാരാധനയും അതിനോടനുബന്ധമായ അന്ധവിശ്വാസങ്ങളും ഓരോ കുടുംബത്തെയും വലിച്ചുമുറുക്കിയിരുന്നു. കുടുംബങ്ങളുടെ ആധുനീകരണത്തെയും ദൈനംദിനജീവിതക്രമത്തെയും വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും തറവാടുകളിലെ സര്‍പ്പാരാധന നിയന്ത്രിച്ചു പോന്നു.

ഈയൊരു സാഹചര്യത്തിലാണു ശ്രീനാരായണഗുരു സര്‍പ്പാരാധനയും കാവും ബലികര്‍മ്മങ്ങളും വീട്ടുവളപ്പില്‍ നിന്നും ഒഴിവാക്കുവാന്‍ നേരിട്ടു ഇടപെട്ടത്. നിരന്തരമായ യാത്രകളില്‍ ഗുരു സന്ദര്‍ശിക്കുന്ന വീടുകളില്‍ നിലനിര്‍ത്തിയിരുന്ന സര്‍പ്പസ്ഥാനങ്ങള്‍ ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ത്തന്നെ നീക്കം ചെയ്യുകയായിരുന്നു.

”മെഴുവേലി ക്ഷേത്രത്തില്‍ സ്വാമികള്‍ വിശ്രമിച്ചപ്പോള്‍ ഏതാനും ഈഴവ പ്രമാണികള്‍ ഒരു കരിങ്കല്‍ കഷ്ണം ഭംഗിയായി പണിയിച്ചു മിനുസമാക്കി തൃപ്പാദങ്ങളുടെ സന്നിധിയില്‍ കൊണ്ടുവന്നു. സ്വാമികള്‍ ഇതു കണ്ട് ഇങ്ങനെ ചോദിച്ചു: ”ഇതെന്തിനാണ്? പുഴുങ്ങി തിന്നാന്‍ കൊള്ളാമോ?” പ്രമാണികളില്‍ ഒരാള്‍ ഇങ്ങനെ മറുപടി പറഞ്ഞു. ”തൃപ്പാദങ്ങള്‍ ഇതു ശ്രീകോവിലില്‍ പ്രതിഷ്ഠിക്കണം. അതാണു ഞങ്ങളുടെ ആഗ്രഹം.” സ്വാമികള്‍: ”അതല്ല ഇവിടെ ആവശ്യം. നിങ്ങള്‍ ഒരു ഹൈസ്‌കൂള്‍ സ്ഥാപിക്കണം. അതാ ആ കാണുന്ന സര്‍പ്പക്കാവ് വെട്ടിത്തെളിച്ച് അവിടെ വേണം വിദ്യാലയം സ്ഥാപിക്കുവാന്‍” പ്രതിഷ്ഠാകാര്യം തൃപ്പാദങ്ങള്‍ പാടേ നിരസിച്ചു കളഞ്ഞു. ആ കാവിരുന്നിടത്തു പില്‍ക്കാലത്ത് മെഴുവേലി ‘പത്മനാഭോദയം’ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ നിലവില്‍ വന്നു (സരസകവി മൂലൂര്‍ എസ്. പത്മനാഭപണിക്കരുടെ സ്മാരകമായി)

അന്ധവിശ്വാസമായി വളര്‍ന്ന ക്ഷേത്രാചാരമായിരുന്നു താലപ്പൊലിയും പൂരപ്പാട്ടും. സവര്‍ണനിയന്ത്രണമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലും ഉത്സവകാലത്ത്, തങ്ങള്‍ ഉല്പാദിപ്പിച്ച കാര്‍ഷികവിഭവങ്ങളുമായി ആഘോഷത്തോടെ സവര്‍ണക്ഷേത്രങ്ങളില്‍ എത്തുക അവര്‍ണരുടെ പതിവായിരുന്നു. ക്ഷേത്രം തീണ്ടുന്നതിനായി പോകുന്ന വഴിയില്‍ തെറിപ്പാട്ടുകള്‍ പാടുന്ന പതിവ് പല ക്ഷേത്രങ്ങളും പ്രോത്സാഹിപ്പിച്ചു പോന്നു. ഇത്തരം അധമ സംസ്‌കാരത്തെ ജീവിതചര്യയില്‍ നിന്നും ഒഴിവാക്കുവാന്‍ ഗുരു ഭക്തരോട് ആവശ്യപ്പെട്ടു.

‘ഭരണി’ എന്ന തലക്കെട്ടില്‍ 1919-ല്‍ സഹോദരനില്‍ വന്ന അയ്യപ്പന്റെ കുറിപ്പ്: ”ദേവിയെ ലോകത്തിന്റെ കരുണയേറിയ മാതാവായിട്ടാണു വിചാരിച്ചു പോരുന്നത്. ആ അമ്മയുടെ പ്രീതിക്കെന്നും പറഞ്ഞു നിരുപദ്രവങ്ങളായ അസംഖ്യം ആടുകോഴികളെ നിര്‍ദ്ദയമായി വെട്ടി ബലികൊടുത്ത് രക്തപ്രവാഹം കൊണ്ടു ക്ഷേത്രവും സമീപസ്ഥലങ്ങളും അശുദ്ധവും ഭയങ്കരവും ആക്കി തീര്‍ക്കുന്ന മതഭ്രാന്തന്മാരുടെ തലകീഴായുള്ള ബുദ്ധിയെപ്പറ്റി വ്യസനിക്കയല്ലാതെ നിവൃത്തി കാണുന്നില്ല.

ലോകത്തിനും ശാസ്ത്രത്തിനും നിഷിദ്ധമായ മദ്യം കണക്കിനു കഴിച്ചെങ്കിലല്ലാതെ ‘ഭരണിക്കാര്‍ക്ക്’ അവരുടെ വികൃതിത്തരങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ലെന്നുള്ള നിശ്ചയമാണ്. ‘പൂരംപാട്ട്’ ഈ ഭരണിക്കു പോകുന്നവര്‍ പാടുന്ന ഒരുതരം പാട്ടാണ്. ജുഗുപ്‌സിതങ്ങളായ ചീത്തവാക്കുകളെ കൂട്ടിച്ചേര്‍ത്തു ‘കുമ്മി’ ‘തിരുവാതിരപ്പാട്ട്’ മുതലായവയുടെ രീതിയില്‍ പല്ലവിയും ചരണങ്ങളുമാക്കി ഈ ആഭാസപ്പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നു. ഇവയെ കള്ളുകുടിച്ച് മത്തരായ ഭരണിക്കാര്‍ ‘കൈ കൊട്ടിയും തപ്പടിച്ചും’ ഉച്ചത്തില്‍ പാടുകയും വളഞ്ഞു നിന്നു നൃത്തം ചെയ്യുകയും ചെയ്യുന്നു. അവര്‍ ആഭാസവാക്കുകള്‍ കൊണ്ടു ദേവിയെ അഭിസംബോധന ചെയ്യുന്ന ശ്രമവും ക്ഷേത്രസന്നിധിയില്‍ നിന്നു ചെയ്യുന്ന വാനരചേഷ്ടകളും വര്‍ണ്ണിക്കുവാന്‍ പ്രയാസമായിട്ടുള്ളതാണ്. എന്തു പൈശാചികമായ ദേവാരാധന! എത്ര ഭയങ്കരമായ അധഃപതനം”.

”ഈ ഭരണിക്കു പോകുന്ന അസംഖ്യം ജനങ്ങളില്‍ നായന്മാര്‍ ധാരാളമുണ്ടെങ്കിലും തീയര്‍ അഥവാ ഈഴവരാണു വളരെ അധികം. വടക്കു കടത്തനാട്ടു മുതല്‍ തെക്കു കൊല്ലം വരെ ഉള്ള സ്ഥലങ്ങളില്‍ നിന്നും ഇവര്‍ വ്രതവും നോറ്റു കോഴിക്കാവടികളും കെട്ടിപ്പേറിപ്പോകുന്ന വാശിയും ഉത്സാഹവും കണ്ടാല്‍ അവര്‍ ഏതു ഉപദേശവും കൊണ്ടും പിന്നാക്കം മാറുമെന്ന് ആര്‍ക്കും തോന്നുകയില്ലതന്നെ.

എന്നാല്‍ മഹാത്മാവായ നാരായണഗുരുസ്വാമി അവര്‍കളുടെ യത്‌നം ഈ പരിഷയുടെ മതപരിഷ്‌കാര വിഷയത്തില്‍ വളരെ ഫലവത്തായി വരുന്നുണ്ടെന്നുള്ളത് നിരാക്ഷേപമാണെങ്കിലും ഈ കാര്യത്തില്‍ പൂര്‍ണ്ണഫലപ്രാപ്തി വരുവാന്‍ ഇനിയും അധിക കാലം വേണ്ടി വരുമെന്നു കാണുന്നതില്‍ വ്യസനിക്കേണ്ടിയിരിക്കുന്നു. ഈ സമുദായത്തില്‍ തന്നെ സാമാന്യം മാന്യത ഉള്ള ആളുകള്‍ ആരും ഇപ്പോള്‍ ഭരണി തൊഴാന്‍ പോകാറില്ലെന്നു കാണുന്നതും അല്ലാതുള്ളവരിലും സ്വാമിപാദങ്ങളുടെ പേരിനെയും ഉപദേശങ്ങളെയും പറ്റി ഒരു ബോധം സാമാന്യേന ജനിച്ചിട്ടുണ്ടെന്നുള്ളതും ശുഭസൂചകങ്ങളാണ്” അയ്യപ്പന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ”പ്രിയ സഹോദരരേ, നിങ്ങളുടെ ആത്മീയമായ ഗുണത്തെ ഉദ്ദേശിച്ചു രാപകലില്ലാതെ ശ്രമിക്കുന്ന ആ മഹാത്മാവിന്റെ വിശിഷ്ടങ്ങളായ ഉപദേശങ്ങളെ ശിരസാവഹിച്ച് ഇനിയെങ്കിലും നിങ്ങള്‍ ഈ അന്ധകൂപങ്ങളില്‍ നിന്നും കരകേറണം”

ഭരണിക്കാലത്ത് സഹോദരനും അനുയായികളും ആളുകള്‍ തെറിപ്പാട്ടുകളും പാടി നീങ്ങുന്ന വഴിയരികില്‍ നിന്നുകൊണ്ട് ‘ഭരണിക്കു പോകല്ലേ സോദരരേ’ എന്നു അദ്ദേഹം തന്നെ രചിച്ച പദ്യം ആലപിച്ചു കൊണ്ട് നേരിട്ടു.
”ഭരണിക്കു പോകല്ലേ സോദരരേ
ഭരണിക്കു പോകല്ലേ നിങ്ങളാരും
കനിവറ്റു ജീവിയെ കൊന്നിടുന്ന,
മതിവിട്ടു മദ്യം കുടിച്ചിടുന്ന
തെറി പാടി ലോകം കെടുത്തിടുന്ന
നരകത്തിന്‍ വാതില്‍ ഭരണിയോര്‍പ്പിന്‍”

ഇപ്രകാരം പത്തൊന്‍പത് പദ്യഖണ്ഡങ്ങള്‍ ചേര്‍ത്തു അച്ചടിച്ച് വിതരണം നടത്തിയ ശേഷമാണ് ഭരണിക്കാലത്ത് പൂരപ്പാട്ടുമായെത്തിയ മദ്യപാനികളെ അയ്യപ്പനും കൂട്ടരും നേരിട്ടത്. ലഹരി മൂത്ത ഭക്തന്മാര്‍ സമുദായ പരിഷ്‌കര്‍ത്താക്കളെ വളഞ്ഞു. തെറി വിളിച്ചു. കരിക്കിന്‍ തൊണ്ണന്‍ കൊണ്ട് എറിഞ്ഞു. ഷര്‍ട്ടിനു പിടിച്ചു വലിച്ചു കീറി. നല്ല തല്ലും കൊടുത്തു. പോലീസ് സംഘം എത്തിച്ചേര്‍ന്നാണു സന്നദ്ധ സംഘത്തെ രക്ഷപ്പെടുത്തി അയച്ചത്”.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത സഹോദരസംഘത്തെ പിന്‍തുടര്‍ന്നു കേരളത്തില്‍ യുക്തിവാദി സംഘവും യുക്തിവാദി മാസികയും നിലവില്‍ വന്നു (1928-30). ഇക്കാലത്തു നിലവില്‍ വന്ന പല സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങളും അന്ധവിശ്വാസങ്ങളെ നിരാകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. തുടര്‍ന്നു കേരളത്തില്‍ രൂപമെടുത്ത കമ്യൂണിസ്റ്റു പ്രസ്ഥാനവും അന്ധവിശ്വാസങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ എടുത്തു പോന്നു. ശ്രീനാരായണഗുരു ആരംഭിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരായ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകളും പ്രസ്ഥാനങ്ങളും ഏറ്റെടുത്തതോടെ, അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന ഒരു പരിച്ഛേദം പൊതുസമൂഹത്തിലുണ്ടായി. മധ്യവര്‍ഗത്തില്‍പ്പെട്ടവരും വിദ്യാസമ്പന്നരുമായവരായിരുന്നു അവരിലേറിയ പങ്കും, അന്ധവിശ്വാസങ്ങളും മൃഗീയവും മ്ലേച്ഛവുമായ ആചാരങ്ങളും പുറംതള്ളുവാന്‍ അന്നത്തെ ജനങ്ങളില്‍ ഒരുവിഭാഗം തയ്യാറായി.
(തുടരും)

Author

Scroll to top
Close
Browse Categories