തിരയൊടുങ്ങി വിഴിഞ്ഞം

തുറമുഖ നിർമ്മാണം പൂർണമായും തടഞ്ഞ് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ഓരോ ദിവസവും പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ പരിസമാപ്തിയിൽ ആര് എന്ത് നേടിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഓരോ തവണ അനുരഞ്ജന ചർച്ച നടത്തുമ്പോഴും സമരസമിതി ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ പുതുതായി ഒന്നുപോലും നേടിയെടുക്കാതെയാണ് സമരം അവസാനിപ്പിച്ചതെന്നത് കൗതുകവും ഒപ്പം ദുരൂഹമായും തോന്നിയേക്കാം.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ 140 ദിവസത്തോളം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി നടത്തിയ രൂക്ഷമായ സമരം പൊടുന്നനെ അവസാനിപ്പിച്ചു. സർക്കാരുമായും മുഖ്യമന്ത്രിയുമായും നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്ന് ഡിസംബർ 6 നാണ് സമരം അവസാനിപ്പിക്കാൻ സമരസമിതി നിർബ്ബന്ധിതരായത്. അതിന് രണ്ട് ദിവസം മുമ്പ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വരെ ക്രൂരമായി തല്ലിച്ചതച്ച സംഭവമാണ് സമരസമിതിക്ക് വിനയായി മാറിയത്. അതുവരെ മെല്ലെപ്പോക്കും അഴകൊഴമ്പൻ നിലപാടും സ്വീകരിച്ചിരുന്ന സംസ്ഥാന സർക്കാർ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയടക്കം പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതോടെ സമരസമിതി കടുത്ത നിലപാടിൽ നിന്ന് താഴേയ്ക്കിറങ്ങാൻ നിർബ്ബന്ധിതരായി. സമരക്കാരെ നേരിടാൻ കോടതിയുടെ ഇടപെടലിലൂടെ കേന്ദ്രസേന എത്തുമെന്ന നിലവന്നത് സമരസമിതിക്കും സർക്കാരിനും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. തുറമുഖ നിർമ്മാണം പൂർത്തീകരണത്തിലേക്ക് കടന്ന വേളയിലായിരുന്നു സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. തുറമുഖ നിർമ്മാണം പൂർണമായും തടഞ്ഞ് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതെ ഓരോ ദിവസവും പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ പരിസമാപ്തിയിൽ ആര് എന്ത് നേടിയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഓരോ തവണ അനുരഞ്ജന ചർച്ച നടത്തുമ്പോഴും സമരസമിതി ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ പുതുതായി ഒന്നുപോലും നേടിയെടുക്കാതെയാണ് സമരം അവസാനിപ്പിച്ചതെന്നത് കൗതുകവും ഒപ്പം ദുരൂഹമായും തോന്നിയേക്കാം.

സമരം അവസാനിച്ചതിനു പിന്നാലെ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം ശരവേഗത്തിലായി. കരിങ്കല്ലുകളുമായി നൂറുകണക്കിന് ടിപ്പറുകളാണ് അവിടേക്ക് എത്തുന്നത്. 126 ലോഡ് കരിങ്കല്ലാണ് ഒറ്റ ദിവസം എത്തിയത്. കടൽമാർഗ്ഗം ബാർജുകളിലും പാറഎത്തുന്നു. തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തെ വിവിധ ക്വാറികളിൽ നിന്നുമുള്ള പാറയും ഉടനെ വിഴിഞ്ഞത്തെത്തും. ഒരേസമയം 500 ലേറെ തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. പുലിമുട്ട് നിർമ്മാണം കൂടാതെ ബർത്തിലെ ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടുത്ത ഓണത്തിന് തുറമുഖത്തേക്ക് ആദ്യകപ്പൽ എത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണിത് നൽകുന്നത്.

സമരത്തിനാധാരം
7 ആവശ്യങ്ങൾ

ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം. അതിൽ ചിലത് ന്യായമായതു തന്നെ. യാതൊരു സൗകര്യവുമില്ലാതെ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിൽ കഴിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം. അത് നടപ്പാക്കേണ്ടത് തന്നെയാണ്. മണ്ണെണ്ണ വിലവർദ്ധനവിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും അതിന് പരിഹാരം കാണാൻ മറ്റ് മാർഗ്ഗങ്ങൾ തേടാം എന്ന ഉറപ്പുവരെ മുഖ്യമന്ത്രി നൽകിയിരുന്നു. ഷെഡ്ഡുകളിൽ കഴിയുന്നവർക്ക് താമസിക്കാൻ തലസ്ഥാനത്ത് എട്ടേക്കർ സ്ഥലം ഏറ്റെടുത്തു. വീടുകൾ പണിതു നൽകുന്നതുവരെ അവർക്ക് പ്രതിമാസം 5500 രൂപ വാടകയ്ക്ക് വീടുകൾ എടുത്തുനൽകാനുള്ള ഉത്തരവും ഇറക്കി. തുറമുഖ നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ സൗജന്യനിരക്കിൽ ഊർജ്ജം നൽകാമെന്നും ഒപ്പം അനുബന്ധ തൊഴിലുകളിൽ മത്സ്യതൊഴിലാളികൾക്ക് മുൻഗണന നൽകാമെന്നും നിയമസഭയിൽ ഉറപ്പുനൽകി. കേന്ദ്ര സർക്കാരിന്റെ ഏജൻസി തന്നെ ആറുമാസത്തിലൊരിക്കൽ പഠനം നടത്തുന്നുണ്ടെങ്കിലും പുതിയൊരു വിദഗ്ദ്ധസമിതിയെ നിയോഗിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് അംഗീകരിക്കാതിരുന്നത്. ഇത്രയും ബൃഹത്തായൊരു പദ്ധതിയുടെ മുക്കാൽ ഭാഗത്തോളം നിർമ്മാണം പൂർത്തിയായ ശേഷം അത് നിർത്തി വയ്ക്കുകയെന്നത് സംസ്ഥാനത്തിന്റെ വികസന സ്വപ്നത്തിന് വലിയ തിരിച്ചടിയാകുമെന്നതുകൊണ്ടു മാത്രമാണ് അംഗീകരിക്കാതിരുന്നത്. സമരസമിതിക്ക് പിന്തുണ നൽകാൻ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടന അടക്കം വിഴിഞ്ഞത്ത് എത്തിയതും വിദേശസഹായം ലഭിക്കുന്നുവെന്നതും സമരത്തിനിടെ വ്യക്തമായിരുന്നു. ഇതന്വേഷിക്കാൻ എൻ.ഐ.എ സംഘം വിഴിഞ്ഞത്ത് എത്തിയതും സമരസമിതി തിരിച്ചറിഞ്ഞു.

ഉന്നയിച്ച ആവശ്യങ്ങളിൽ ഭാഗികമായ പരിഹാരം മാത്രമാണുണ്ടായതെന്നും തൽക്കാലത്തേക്ക് സമരം പിൻവലിക്കുകയാണെന്നും പൂർണ തൃപ്തിയില്ലെന്നുമുള്ള സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേരയുടെ വാക്കുകൾ കീഴടങ്ങിയെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് നൽകിയത്. സമവായത്തിന്റെ ഭാഗമായുള്ള സർക്കാർ സമീപനത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കുന്ന ഇടയലേഖനം ഡിസംബർ 11 ന് കുർബാന മദ്ധ്യെ അതിരൂപതയുടെ പള്ളികളിൽ വായിച്ചു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നതൊഴികെ മറ്റു 6 ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാർ വാദം മാത്രമാണെന്നും ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഒപ്പിട്ട ഇടയലേഖനത്തിൽ പറഞ്ഞു. 140 നാളുകൾ നീണ്ട സമരം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന കുറ്റസമ്മതമാണ് ഇടയലേഖനത്തിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ ജൂലായ് 20 ന് ആദ്യമായി സെക്രട്ടേറിയറ്റിനു മുന്നിലാണ് വിഴിഞ്ഞം സമരം തുടങ്ങിയത്. സർക്കാ‌ർ കാര്യമായ ശ്രദ്ധ കൊടുക്കാതായതോടെ സമരം ആഗസ്റ്റ് 16 ന് തുറമുഖ നിർമ്മാണ കവാടത്തിലേക്ക് മാറ്റി. അതോടെ തുറമുഖത്തേക്ക് കൊണ്ടുവന്ന നിർമ്മാണ സാമഗ്രികളടക്കം തടയുകയും നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു. സമരസമിതിയും സർക്കാരും തമ്മിൽ നിരവധി തവണ അനുരഞ്ജന ചർച്ച നടന്നെങ്കിലും ചർച്ചയിൽ സമവായം ഉണ്ടായെന്ന് പറയുകയും എന്നാൽ പുറത്തിറങ്ങിയ ശേഷം സമരസമിതി വാക്ക് മാറുന്നതുമായിരുന്നു കണ്ടത്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണത്തിനനുകൂലമായ സമരവും ആരംഭിച്ചു. നവംബർ 26 ന് തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കൈയ്യാങ്കളിയിലും കല്ലേറിലും എത്തി. നാട്ടുകാരിൽ ചിലരുടെ വീടുകളിൽ കയറി അക്രമിസംഘം അഴിഞ്ഞാടുകയും ചെയ്തു. തീരദേശവും മത്സ്യതൊഴിലാളികളും തൊട്ടാൽ പൊള്ളുന്ന സംഗതിയാണെന്ന് പറഞ്ഞ് അവിടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം സാക്ഷിയായി നോക്കുകുത്തിയെപ്പോലെ നിൽക്കുകയായിരുന്നു പൊലീസ്. 26 നുണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതിനെതിരായ പ്രതിഷേധമാണ് 27 ന് വൻ സംഘർഷത്തിലെത്തിയതും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കലാശിച്ചത്.

പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വിഴിഞ്ഞം എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഈ സംഭവത്തിൽ പൊലീസും സർക്കാരും സ്വീകരിച്ച നിസ്സംഗ നിലപാടാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചത്. വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിനെതിരായി 130 ദിവസമായി ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ തുടർന്നുവന്ന സമരത്തിന്റെ ഏറ്റവും ബീഭൽസമായ മുഖമാണ് 27 ന് രാത്രിയുണ്ടായത്. സമരകാലയളവിനിടെ ഹൈക്കോടതിയിൽ നിന്ന് നിരവധി ഉത്തരവുകൾ ഉണ്ടായിരുന്നു. സമരം വഴിവിടുന്നുവെന്നും നിയന്ത്രിക്കാൻ സംസ്ഥാന പൊലീസിനാകില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും വരെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അവിടെ യാതൊരു നടപടിയും ഉണ്ടായില്ല. തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി നേതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് വിശ്വസിച്ച് 27 ന് രാവിലെ നിർമ്മാണസാമഗ്രികളുമായെത്തിയ ലോറികൾ തടഞ്ഞത് സംഘർഷത്തിനും ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കലാശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അന്ന് രാത്രി സ്ത്രീകളടക്കം വൻ ജനക്കൂട്ടം എത്തി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ പോലും അക്രമികൾ അനുവദിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസെടുത്തുവെന്നല്ലാതെ മറ്റു യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. തൽക്കാലം ആരെയും അറസ്റ്റ് ചെയ്യേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. വിഴിഞ്ഞത്ത് കലാപത്തിന് സമാനമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കാനോ കൂടുതൽ സേനയെ വിന്യസിക്കാനോ കഴിഞ്ഞില്ലെന്നത് ആഭ്യന്തര വകുപ്പിന്റെയും ക്രമസമാധാന പാലനത്തിലെയും ഗുരുതര വീഴ്ചയായാണ് വിലയിരുത്തിയത്. ഏറ്റവും നാണംകെട്ട പ്രീണന രാഷ്ട്രീയത്തിന്റെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെയും ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞത്തുണ്ടായത്. സർക്കാരിന് തലവേദനയായി മാറിയ ഒരു സമരം അവസാനിപ്പിക്കാൻ സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ തല്ലിച്ചതയ്ക്കുന്നതിനായി സർക്കാർ കാത്തിരുന്നുവെന്ന് പറയുന്നതാകും ശരി. പ്രശ്നപരിഹാരത്തിനുള്ള അപൂർവ്വമായൊരു ഫോർമുലയാണ് ഇവിടെ സർക്കാർ പ്രയോഗിച്ചത്.

വിഴിഞ്ഞം തുറമുഖം

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പേ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കണ്ടെത്തിയിരുന്നു. ഈ പ്രകൃതിദത്ത തുറമുഖത്തിന്റെ മേൽക്കോയ്മ ലക്ഷ്യമിട്ട് 15-ാം നൂറ്റാണ്ടിൽ ഡച്ചുകാരും പോർച്ചുഗീസുകാരും പരസ്പരം പടവെട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യം സ്ഥാപിച്ച കോളനിയും വിഴിഞ്ഞത്തായിരുന്നു. എന്നാൽ ആധുനിക കേരളത്തിന്റെ ഭരണാധികാരികൾ തുറമുഖനിർമ്മാണത്തിനു തുടക്കമിടാൻ 2015 വരെ കാത്തിരുന്നു.

വിജയിച്ചതാര് ?

ഇത്രയും ഗുരുതരമായ സംഭവത്തിൽ പ്രതികളായ മത്സ്യതൊഴിലാളികളെയോ അവർക്ക് നേതൃത്വം നൽകിയ വൈദികരെയോ അറസ്റ്റ് ചെയ്യാൻ ഈ നിമിഷം വരെ സർക്കാർ തയ്യാറായിട്ടില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതിയ്ക്കെതിരെ സമരം ചെയ്ത ലത്തീൻ സഭയ്ക്ക് പിന്തുണയുമായെത്തിയ കോൺഗ്രസ് ലക്ഷ്യമിട്ടത് രാഷ്ട്രീയ ലാഭം മാത്രമാണെന്നതിൽ സംശയമില്ല. അതിന്റെ നേട്ടം അവർക്കുണ്ടാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും.

വിഴിഞ്ഞം സമരം അവസാനിക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. വിജയി ആര് ? സഭാ നേതൃത്വമോ സർക്കാരോ അതോ അദാനിയോ ? സഭാ നേതൃത്വത്തിന് എന്തായാലും അവർ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നത് ഡിസംബർ 11 ന് പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ വ്യക്തമാകുന്നുണ്ട്. സർക്കാരിന് തൽക്കാലം തടിരക്ഷിച്ചുവെന്ന് ആശ്വസിക്കാമെങ്കിലും ഇടതുമുന്നണിക്കും സിപിഎമ്മിനും രാഷ്ട്രീയമായി ഇത് ഗുണകരമാകില്ല. അടുത്തുവരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ലത്തീൻ സമുദായത്തിൽ നിന്ന് ഇതിന്റെ തിരിച്ചടി ഉണ്ടാകുമെന്നതിൽ സംശയമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശമാണ് ലത്തീൻസഭയുടെ ശക്തികേന്ദ്രങ്ങൾ. ഇതുവരെയുള്ള കണക്കെടുപ്പിൽ നഷ്ടം സംഭവിച്ചത് ഒരുകൂട്ടം പൊലീസുകാർക്കാണ്. അക്രമികളുടെ ആക്രമണത്തിൽ പരിക്കേറ്റ 40 ഓളം പൊലീസുകാർക്കുവേണ്ടി അവരുടെ അസോസിയേഷൻ പോലും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ തല്ലിച്ചതയ്ക്കുകയും രേഖകളും മറ്റും നശിപ്പിക്കുകയും ചെയ്തതിന് സമാനമായ സംഭവങ്ങൾ അടുത്തകാലത്തെങ്ങും കേരളത്തിലെന്നല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. ഇത്രയും ഗുരുതരമായ സംഭവത്തിൽ പ്രതികളായ മത്സ്യതൊഴിലാളികളെയോ അവർക്ക് നേതൃത്വം നൽകിയ വൈദികരെയോ അറസ്റ്റ് ചെയ്യാൻ ഈ നിമിഷം വരെ സർക്കാർ തയ്യാറായിട്ടില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതിയ്ക്കെതിരെ സമരം ചെയ്ത ലത്തീൻ സഭയ്ക്ക് പിന്തുണയുമായെത്തിയ കോൺഗ്രസ് ലക്ഷ്യമിട്ടത് രാഷ്ട്രീയ ലാഭം മാത്രമാണെന്നതിൽ സംശയമില്ല. അതിന്റെ നേട്ടം അവർക്കുണ്ടാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും.

സംഘടിത മതന്യൂനപക്ഷങ്ങളുടെ വോട്ടുബാങ്ക് ആയുധമാക്കി നേട്ടങ്ങൾ കൊയ്യാൻ പൗരോഹിത്യം നേതൃത്വം നൽകുന്ന സമരങ്ങൾക്കും സർക്കാരിനുമേലുള്ള സമ്മർദ്ദങ്ങൾക്കും കേരളം പലതവണ സാക്ഷിയായിട്ടുണ്ട്. കുഞ്ഞാടുകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാൻ സഭാനേതൃത്വത്തിനുള്ളത്ര കഴിവ് മറ്റാർക്കുമില്ല. അത് പശ്ചിമഘട്ടത്തിലാണെങ്കിലും തീരദേശത്താണെങ്കിലും. വസ്തുതകൾക്കപ്പുറം പുരോഹിതർ പറഞ്ഞാൽ അതാണ് കുഞ്ഞാടുകൾക്ക് ആപ്തവാക്യം. അതുതന്നെയാണ് വിഴിഞ്ഞത്ത് സംഭവിച്ചതും. ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ തെരുവിലിറങ്ങുമ്പോൾ വിശ്വാസികളായ മത്സ്യത്തൊഴിലാളികൾക്ക് നോക്കിനിൽക്കാനാകില്ലല്ലോ. സമരത്തെ മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട സമ്പത്തും സൗകര്യങ്ങളും നൽകുന്നവരുടെ വിവരങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി 2015 ൽ പണി ആരംഭിച്ചപ്പോൾ പൊടുന്നനെ പൊട്ടിവീണതൊന്നുമല്ല.

തിരുവനന്തപുരത്തുനിന്ന് 17 കി.മീ. ദൂരെയാണ് കടലോരപ്രദേശമായ വിഴിഞ്ഞം. പ്രകൃദത്തമായ തുറമുഖം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതിനാൽ വലിയ കപ്പലുകൾക്കും ഇവിടെ എത്തി ചേരാൻ സാധിക്കും. തുറമുഖത്തിൽ നിന്ന് കപ്പൽ ചാലിലേക്കുള്ള ദൂരം മറ്റു തുറമുഖങ്ങളെ അപേക്ഷിച്ച് കുറവായതിനാൽ തുറമുഖത്തുനിന്ന് കപ്പൽ ചാലിലേക്ക് വളരെ പെട്ടെന്ന് കപ്പലുകൾക്ക് എത്താനാകും.

2001-2005 കാലത്തെ യു.ഡി.എഫ് സർക്കാരിൽ തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി എം.വി. രാഘവനാണ് വിഴിഞ്ഞം തുറമുഖം എന്ന ആശയം വീണ്ടും ഉയർത്തികൊണ്ടുവന്നത്. കേന്ദ്രാനുമതി ലഭിച്ചെങ്കിലും പിന്നെയും തടസ്സങ്ങളുണ്ടായി.

പദ്ധതി ഇങ്ങനെ

കടലിൽ 130.91 ഏക്കർ നികത്തും. 220.28 ഏക്കർ കരയും ഉൾപ്പെടെ 351.19 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. 7525 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) ആയാണ് തുറമുഖം നിർമ്മിക്കുക. ഇതിൽ പി.പി.പി ഘടകമായ 4089 കോടിയുടെ 40 ശതമാനമായ 1635 കോടിയാണ് സർക്കാർ മുടക്കേണ്ടത്. 2454 കോടിയാണ് അദാനിയുടെ മുതൽ മുടക്ക്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ലാഭക്ഷമതാ ഘടകമായി (വി.ജി.എഫ്) 1635 കോടി നൽകുന്നുണ്ട്. ഇതിൽ 818 കോടി കേന്ദ്ര വിഹിതവും 817 കോടി സംസ്ഥാന വിഹിതവുമാണ്. ഇന്ത്യയിൽ വി.ജി.എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതി കൂടിയാണിത്. 3100 മീറ്റർ നീളത്തിൽ പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമ്മിക്കും.1463 കോടി ചെലവുള്ള ഇതിന്റെ നിർമ്മാണ ചുമതല അദാനിയ്ക്കാണ്. ഭൂമി, റെയിൽവെ, വൈദ്യുതി, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന വികസനത്തിനാവശ്യമായ 1973 കോടിയും മുടക്കേണ്ടത് സർക്കാരാണ്. നാലു വർഷത്തെ നിർമ്മാണ കാലാവധി ഉൾപ്പെടെ 36 വർഷമാണ് കരാർ കാലാവധി. രണ്ടാം ഘട്ട വികസനം 30 വർഷം മുമ്പായി നടത്തിയാൽ 20 വർഷത്തെ കാലാവധി കൂടി നീട്ടി നൽകും. തുറമുഖ നടത്തിപ്പിന്റെ 15-ാം വർഷം മുതൽ വരുമാന വിഹിതം ഉണ്ടാകും. തുറമുഖ നടത്തിപ്പിന്റെ ഏഴാം വർഷം മുതൽ 10 ശതമാനം വരുമാന വിഹിതം സംസ്ഥാനത്തിന് ലഭിക്കും. 18000 മുതൽ 24000 ടി.ഇ.യു വരെ ശേഷിയുള്ള കണ്ടെയ്നർ കപ്പലുകൾക്ക് അടുക്കാൻ സാദ്ധ്യമായ വിധത്തിലാണ് തുറമുഖം രൂപകൽപ്പന ചെയ്യുന്നത്.

2006- 2011ലെ വി.എസ്. സർക്കാർ പദ്ധതി പൊതുമേഖലയിൽ നടപ്പാക്കാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് മുന്നോട്ടു പോയെങ്കിലും ഉദ്ദേശിച്ച രീതിയിൽ അത് സാദ്ധ്യമായില്ല. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ പൊതുമേഖല എന്ന ആശയം ഉപേക്ഷിച്ച് പദ്ധതി സ്വകാര്യമേഖലയിൽ നടപ്പാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അദാനി പോർട്ട് ലിമിറ്റഡ് പദ്ധതിയുടെ ചുമതല ഏറ്റെടുക്കുകയും കരാറിൽ ഏർപ്പെടുകയും ചെയ്തത്. 2015 ൽ പണി തുടങ്ങുകയും 1000 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അന്ന് യു.ഡി.എഫിനുള്ളിൽ പോലും പദ്ധതി അദാനിക്ക് നൽകിയതിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇടതുമുന്നണിയും കരാറിലെ പല വ്യവസ്ഥകളെയും എതിർത്തു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ പദ്ധതിയെ എല്ലാവിധത്തിലൂം മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിച്ചത്. 1000 ദിവസത്തിനകം പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനി പോർട്ട് സംസ്ഥാനത്തിന് ഓരോ ദിവസവും ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ സംസ്ഥാനത്തിന്റെ ഇടപെടൽ മൂലം പദ്ധതിയുടെ പ്രവർത്തനം തടസപ്പെടുത്തുകയാണെങ്കിൽ സംസ്ഥാന സർക്കാർ വലിയൊരു തുക നഷ്ടപരിഹാരം നൽകേണ്ടിവരും. കരാർ പ്രകാരം 2020 ൽ പദ്ധതി പൂർത്തിയാകേണ്ടതാണ്. ഓഖി, പ്രളയം, കോവിഡ് മഹാമാരി, കൂടാതെ പുലിമുട്ട് നിർമ്മാണത്തിന് വേണ്ട പാറ ലഭിക്കുന്നതിനുള്ള തടസം എന്നിവ ചൂണ്ടിക്കാട്ടി അദാനി കമ്പനി സർക്കാരിനോട് സമയം നീട്ടിചോദിച്ചുവെങ്കിലും സർക്കാർ അതിന് വഴങ്ങിയില്ല. വിഷയം ഇപ്പോൾ ആർബിട്രേഷൻ മുമ്പാകെയാണ്. ഈ സാഹചര്യത്തിൽ കരാർ കമ്പനി തന്നെ സ്പോൺസർ ചെയ്ത സമരമാണോ ഇതെന്ന സംശയവും ഉയർന്നിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ അത് പ്രതികൂലമായി ബാധിക്കുന്ന ദുബായ് പോർട്ട്, ശ്രീലങ്കയിലെ തുറമുഖങ്ങൾ എന്നിവയ്ക്കൊക്കെ നേതൃത്വം നല്‍കുന്നവരുടെ കൈകളും ഈ സമരത്തിനു പിന്നിലുണ്ടാകാമെന്ന സംശയം സ്വാഭാവികമാണ്.

പുറത്തുനിന്നുള്ളവരാണ് വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് തീർത്തും ശരിയാണെന്ന് അവിടത്തെ ജനവിഭാഗങ്ങളുടെ ഘടന പരിശോധിച്ചാൽ വ്യക്തമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കോട്ട് തീരശോഷണം സംഭവിക്കുന്നു എന്നാണ് സമരത്തിനാധാരമായി പറഞ്ഞ ഒരു കാരണം. സമരത്തിലുള്ളത് ലത്തിൻ സഭ മാത്രവും. എന്നാൽ വിഴിഞ്ഞത്ത് വളരെ കുറച്ച് ലത്തീൻ സഭക്കാർ മാത്രമാണുള്ളത്. 11 കിലോമീറ്റർ മാറി പൂന്തുറ എത്തുമ്പോഴാണ് പിന്നെ അവരുള്ളത്. ഇതിനിടയിലുള്ളവർക്കൊന്നും ഇല്ലാത്ത പരാതി ഇവർക്കെങ്ങനെ ഉണ്ടായി എന്നതാണ് പ്രധാന സംശയം.

വിഴിഞ്ഞത്ത് മുല്ലൂർ എന്ന സ്ഥലമാണ് പദ്ധതി പ്രദേശം. ഇതൊരു തുറമുഖമല്ല. നാടാർ സമുദായക്കാരായ ചിപ്പിത്തൊഴിലാളികളും നായർ, ഈഴവ സമുദായങ്ങളുമാണ് അവിടെയുള്ളത്. അവിടെ നിന്ന് വടക്കോട്ട് വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ മുസ്ലിങ്ങളായ മത്സ്യത്തൊഴിലാളികളാണ് ഭൂരിപക്ഷവും. തെക്ക് ലത്തീൻ സഭക്കാരും വടക്ക് ഭാഗത്ത് മുസ്ലിങ്ങളും. വിഴിഞ്ഞം തുറമുഖം കഴിഞ്ഞ് ഏതാണ്ട് 11 കിലോമീറ്റർ കഴിഞ്ഞ് പൂന്തുറയിലാണ് ലത്തീൻ സഭക്കാരുള്ളത്.

പൂന്തുറ ഒരു വലിയ കടപ്പുറമാണ്. അതിന്റെ തെക്കുഭാഗത്ത് ലത്തീന്‍ സഭക്കാരും നടുക്ക് കുറച്ച് ധീവരരും വടക്ക് ജോനക പൂന്തുറ എന്നറിയപ്പെടുന്ന ബീമാപ്പള്ളിയിൽ മുസ്ലിങ്ങളും. ഇവിടെ ലത്തീൻ- മുസ്ലീം സമുദായങ്ങൾ ഏതാണ്ട് തുല്യമാണ്.

ഇവിടെ നിന്നു വടക്കോട്ട് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പെരുമാതുറ വരെ 28 കിലോമീറ്റർ ലത്തീൻ സഭയുടെ സമാന്തര ഭരണത്തിലുള്ളതാണ്. അവിടത്തെ നിയമസഭ പള്ളിയാണ്. മെത്രാനും വൈദികരമാണിവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ. പൊലീസും പട്ടാളവും കോടതിയും ഒക്കെ പള്ളിയാണ്. ആരെങ്കിലും ചോദിച്ചാൽ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി കൈയൂക്ക് കാട്ടും. ഫ്ളോറി എന്ന ഗർഭിണി കൊല്ലപ്പെട്ട വിമോചന സമരകാലം മുതലേ ഈ പ്രദേശത്ത് നടന്നിട്ടുള്ളത് എട്ടോളം വെടിവയ്പുകളാണ്. കടൽ സഭയ്‌ക്കൊരു ഖജനാവാണ്. പാവപ്പെട്ട മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തി ഉണ്ടാക്കുന്ന വരുമാനത്തിൽ നല്ലൊരുപങ്കും അവരിൽ നിന്ന് സഭ പിഴിഞ്ഞെടുക്കുന്നത് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടേയും നേർച്ച കാഴ്ചകളുടെയും മറവിലാണ്. കടപ്പുറത്ത് വന്ന് മത്സ്യം ലേലത്തിൽ എടുക്കുന്നവർ ലക്ഷങ്ങൾ സഭയ്ക്കും പള്ളികൾക്കും നൽകണം.

വിഴിഞ്ഞം പദ്ധതി തുടങ്ങിയശേഷം കടലേറ്റവും വീടുകൾ നഷ്ടപ്പെടുന്നതും കാര്യമായി ഉണ്ടായിട്ടില്ല. വിശ്വാസികളായ മത്സ്യത്തൊഴിലാളികളെ കൂട്ടി വൈദികന്മാർ തെരുവിലിറങ്ങുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലുമൊക്കെ ഉദ്ദേശ്യലക്ഷ്യങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല.

Author

Scroll to top
Close
Browse Categories