ഡോ.പി. പല്പുവിന്റെ ധര്‍മ്മയുദ്ധം

ജ്ഞാനാഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ബുദ്ധിയും അനുകമ്പ കൊണ്ടു ആര്‍ദ്രമായ മനസ്സും മനുഷ്യപുരോഗതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള വാക്കും കര്‍മ്മവും ജീവിതത്തിലുടനീളം പുലര്‍ത്തിയ മഹാനായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ നീണ്ട ചാതുര്‍വര്‍ണ്യവും, ജാതി വിവേചനവും, തീണ്ടലും മൂലം അടിച്ചമര്‍ത്തപ്പെട്ടിരുന്ന അവര്‍ണ വിഭാഗങ്ങളുടെ സ്ഥിതിസമത്വത്തിനും, പൗരാവകാശങ്ങള്‍ക്കും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച മഹാത്യാഗിയായിരുന്നു ഡോ. പി. പല്പു (1863-1950).

ജ്ഞാനാഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ബുദ്ധിയും അനുകമ്പ കൊണ്ടു ആര്‍ദ്രമായ മനസ്സും മനുഷ്യപുരോഗതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള വാക്കും കര്‍മ്മവും ജീവിതത്തിലുടനീളം പുലര്‍ത്തിയ മഹാനായിരുന്നു അദ്ദേഹം.

ബൗദ്ധപാരമ്പര്യവും ബുദ്ധിയും തൊഴില്‍ നൈപുണ്യ ങ്ങളും കര്‍മ്മശേഷിയും ഉണ്ടായിരുന്നിട്ടും സവര്‍ണരുടെയും, സവര്‍ണജാതി സര്‍ക്കാരിന്റെയും അടിച്ചമര്‍ത്തലുകള്‍ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു അവര്‍ കടപ്പെട്ടിരിക്കുന്ന മഹാത്മാവാണ് ഡോ. പല്പു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ആരെന്നു തിരിച്ചറിയുമ്പോള്‍, അവകാശങ്ങള്‍ വിവേചനമില്ലാതെ പ്രജകള്‍ക്കു നല്‍കുവാന്‍ ബാദ്ധ്യസ്ഥരായ ഭരണകൂടത്തോടു ചോദിച്ചു വാങ്ങണം. ഗവണ്‍മെന്റ് സവര്‍ണര്‍ നിയന്ത്രിക്കുന്നതും ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിധേയമായതുമാണെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതു ദുഷ്‌കരമായിരുന്നു.

ധര്‍മ്മരാജ്യമെന്നു പേരുകേട്ട തിരുവിതാംകൂറിൽസര്‍ക്കാര്‍ നാട്ടിലുടനീളം തുടങ്ങിയ ‘ഊട്ടുപുരകള്‍’ അഥവാ സൗജന്യ സദ്യാലയങ്ങള്‍ ബ്രാഹ്മണര്‍ക്കു മാത്രമുള്ളതായിരുന്നെങ്കില്‍ 1836-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച സൗജന്യ വിദ്യാലയം സവര്‍ണര്‍ക്കു മാത്രമുള്ളതായിരുന്നു.

1864-ല്‍ കായംകുളം, കോട്ടാര്‍, ചിറയിന്‍കീഴ് എന്നീ പ്രദേശങ്ങളില്‍ ഡിസ്‌ട്രിക്ട് ഇംഗ്ലീഷ് സ്‌കൂളുകള്‍ ആരംഭിച്ചു. 1874- ആയപ്പോഴേക്കും അത്തരം 22 സ്‌കൂളുകള്‍ നിലവില്‍ വന്നു. 1866-ല്‍ നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ചു. പിന്നീട് ഓരോ പ്രവൃത്തിയിലും (വില്ലേജ്) പ്രൈമറി വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1872-ല്‍ അത്തരം 141 സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 1870-ലും തിരുവിതാംകൂറിലെ ഈഴവര്‍ക്ക് തീര്‍ത്തും പ്രവേശനം നിരോധിക്കപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രങ്ങളിലെന്നപോലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അവര്‍ണര്‍ക്കു പ്രവേശനം നിഷേധിച്ചപ്പോള്‍ അവരുടെ തുണക്കു ഇക്കാലത്തു ഉണ്ടായിരുന്നത് മിഷണറി സ്‌കൂളുകളായിരുന്നു.

മിഷണറി സ്‌കൂളുകളില്‍ പഠിച്ചു ഒരു സര്‍ക്കാര്‍ ഉദ്യോഗം നേടാമെന്നതു ഈഴവരെ സംബന്ധിച്ചു ഒരു വ്യാമോഹം മാത്രമായിരുന്നു. 1889-ലെ ഔദ്യോഗിക കണക്കു പ്രകാരം തിരുവിതാംകൂറില്‍ 10 രൂപയും അതിലധികവും ശമ്പളം ലഭിച്ചിരുന്ന 3407 ഉദ്യോഗങ്ങളില്‍ മലയാളി ശുദ്രര്‍ 1875-ഉം, നഞ്ചിനാട് ശുദ്രര്‍ 75-ഉം, നസ്രാണികള്‍ 76-ഉം, 1144 ഉദ്യോഗങ്ങള്‍ അന്യരാജ്യ ഹിന്ദുക്കളും (അവരില്‍ 1000 ബ്രാഹ്മണരായിരുന്നു) പങ്കിട്ടെടുത്തപ്പോള്‍ ഈഴവര്‍ക്കു ലഭിച്ചത് വെറും പൂജ്യം. യഥാര്‍ത്ഥത്തില്‍ അഞ്ചുരൂപ ശമ്പളം വാങ്ങുന്ന ഒരു ഈഴവനുമില്ലായിരുന്നു.

തിരുവിതാംകൂര്‍
ഭരണകൂടത്തിന്റെ ഭ്രഷ്ട്

ഈഴവരായതു കൊണ്ടു മാത്രം അവസരസമത്വം നിഷേധിക്കപ്പെട്ടവരായിരുന്നു അന്നത്തെ ഈഴവ കുടുംബങ്ങള്‍. അതിലൊരു കുടുംബമായിരുന്നു ഡോ. പല്പുവിന്റേത്. മിഷണറി സ്‌കൂളില്‍ പഠിച്ചു ഒരു സര്‍ക്കാര്‍ ഉദ്യോഗം നേടുവാന്‍ ശ്രമിച്ച പല്പുവിന്റെ അച്ഛന്‍ തച്ചക്കുടിയില്‍ ടി. പപ്പുവിനും മദ്രാസില്‍ പോയി ഈഴവ സമുദായത്തിലെ ആദ്യ ബി.എ.ക്കാരനായി തിരിച്ചെത്തിയ ജ്യേഷ്ഠന്‍ പി. വേലായുധനും ഭരണകൂടം ജോലി നിഷേധിച്ചു. 1884-ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനു സംവരണം ചെയ്യപ്പെട്ട പത്ത് സീറ്റുകളിലേക്കു നടത്തിയ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ച പല്പുവിനെയും ഈഴവനായിപ്പോയി എന്ന കാരണത്താല്‍ പ്രവേശനം നിഷേധിച്ച് രാഷ്ട്രീയ വിവേചനത്തിനിരയാക്കി.

അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റും കടംവാങ്ങിയും പല്പു മദ്രാസിലെത്തി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1888-ല്‍ എൽ.എം.എസ് എന്ന മെഡിക്കല്‍ ബിരുദമെടുത്ത പല്പു തിരുവിതാംകൂറില്‍ ഒരു ജോലിക്കു അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നു ഡോക്ടര്‍ പല്പു റസിഡന്റിനു നിവേദനം നല്‍കി. കൊച്ചിയിലും തിരുവിതാംകൂറിലും ഡോ. പല്പുവിനു ഉദ്യോഗം തരപ്പെടുത്തുവാനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നാണു റസിഡന്റ് മറുപടി നല്‍കിയത്.

മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് പത്രാധിപര്‍ ജി. പരമേശ്വരന്‍പിള്ളയുടെ പില്‍ക്കാല പ്രതികരണം ഇങ്ങനെ: ”ഈഴവ സമുദായം മുഴുവന്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ എത്രയെന്നു തിരുവിതാംകൂറിലെ ഒരു തീയ കുടുംബത്തോടുള്ള (പല്പുവിന്റെ കുടുംബം) തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ പെരുമാറ്റം കൊണ്ടു ഭംഗിയായി തെളിയിക്കാവുന്നതാണ്. ഈ തീയ്യ കുടുംബത്തോടു തിരുവിതാംകൂര്‍ ഗവണ്‍മെന്റ് അനുഷ്ഠിച്ച നയം തിരുവിതാംകൂറിലെ താഴ്‌ന്ന ജാതിക്കാരോടുള്ള തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അനുഭാവ ശൂന്യതയെ പ്രത്യക്ഷമാക്കുന്നു”

ഔദ്യോഗിക ജീവിതം
മറ്റു നാടുകളില്‍

മദ്രാസ് സര്‍ക്കാരിന്റെ കീഴില്‍ വാക്‌സിന്‍ സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.പല്പു 1891-ല്‍ മൈസൂര്‍ മെഡിക്കല്‍ സര്‍വീസില്‍ 100 രൂപ ശമ്പളത്തില്‍ (അതു പില്‍ക്കാലത്ത് 1000 രൂപയായി) ഉദ്യോസ്ഥനായി 1894-ല്‍ ഭ്രാന്താശുത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ചാര്‍ജ്ജും നല്‍കപ്പെട്ടു.

1898-ല്‍ മൈസൂരില്‍ പ്ലേഗ് ബാധയുണ്ടായപ്പോള്‍ മരണപത്രം എഴുതി വച്ചിട്ട് പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായി അദ്ദേഹം രാപ്പകല്‍ ജോലി ചെയ്തു. ആരോഗ്യ മേഖല എക്കാലവും ആദരവോടെ സ്മരിക്കേണ്ട മാതൃകാ ഡോക്ടറായിരുന്നു ഡോ. പല്പു. പ്ലേഗ് ഡ്യൂട്ടി കഴിഞ്ഞ പല്പുവിനെ മൈസൂര്‍ സര്‍ക്കാര്‍ യൂറോപ്പില്‍ ഉപരിപഠനത്തിനയച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും സി.പി.എച്ച്, ലണ്ടനില്‍ നിന്നും എഫ്.ആര്‍.പി തുടങ്ങിയ ബഹുമതികള്‍ നേടി തിരികെ വന്നു ജോലിയില്‍ പ്രവേശിച്ചു. ഹെല്‍ത്ത് ഓഫീസര്‍, ഡെപ്യൂട്ടി സാനിട്ടറി കമ്മീഷണര്‍, വാക്‌സിനേഷന്‍ ഇന്‍സ്‌പെക്ടര്‍, ജയില്‍ സൂപ്രണ്ട് തുടങ്ങിയ തസ്തികകളില്‍ 1920- വരെ സ്തുത്യര്‍ഹമായ സേവനം നല്‍കി. ഇതിനിടെ മൈസൂര്‍ നഗരത്തിലുണ്ടായ ‘വിഷൂചിക’യില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുവാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.

രണ്ടുവര്‍ഷം (1917-18) ബറോഡ ഗവണ്‍മെന്റിന്റെ കീഴില്‍ 1200 രൂപ ശമ്പളത്തില്‍ സാനിട്ടറി അഡ്‌വൈസര്‍ ആയും ജോലി ചെയ്തു. ദിവാനായിരുന്ന പി.വി. മാധവറാവുമായിട്ടും മഹാരാജാവുമായിട്ടും പല്പുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബറോഡയിലായിരിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണം സംബന്ധിച്ചു ഒരു നാടകം എഴുതി അവതരിപ്പിക്കുകയും ഗയിക്കുവാന്‍ മഹാരാജാവ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പ്രശംസനേടുകയും ചെയ്തു. മൈസൂരിലും ഡോക്ടര്‍ ഈ നാടകം അവതരിപ്പിച്ചു. നാടകം കണ്ടു തൃപ്തനായ മൈസൂര്‍ മഹാരാജാവ് നാടകം മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം നടത്തുവാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ബറോഡയില്‍ ഒരു ആരോഗ്യപ്രദര്‍ശനം വിജയകരമായി സംഘടിപ്പിച്ച പല്പു, മൈസൂര്‍ ജയില്‍ സൂപ്രണ്ടായിരിക്കുമ്പോള്‍ അവിടത്തെ അന്തേവാസികളില്‍ തൊഴില്‍ നൈപുണ്യവികസനവും, വരുമാനവും വളര്‍ത്തുവാന്‍ കരകൗശല സാധനങ്ങള്‍ നിര്‍മ്മിക്കുകയും അവയുടെ പ്രദര്‍ശനം നടത്തുകയും ചെയ്തു. പില്‍ക്കാലത്ത് ശ്രീനാരായണധര്‍മ്മ പരിപാലന യോഗത്തിന്റെ ഉപാദ്ധ്യക്ഷനായ ഡോ. പല്പു മുന്‍കൈയ്യെടുത്തു സംഘടിപ്പിച്ച കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനങ്ങളും സാഹിത്യസമാജങ്ങളും, ചെറുകിട വ്യവസായ സംരംഭങ്ങളും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന സാമൂഹിക സേവനത്തിന്റെയും മനുഷ്യപുരോഗതിയുടെയും അടയാളങ്ങളായിരുന്നു.

തിരുവിതാംകൂര്‍ ഭരണകൂടത്തിനെതിരെ ധര്‍മ്മയുദ്ധം

തികഞ്ഞ അര്‍പ്പണ മനോഭാവത്തോടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും ഡോ. പല്പുവിന്റെ ഹൃദയം ഈഴവ സമുദായത്തിന്റെ ശ്രേയസിനു വേണ്ടി തുടിച്ചു. ഈഴവ സമുദായത്തിനു തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടുന്ന രാഷ്ട്രീയ നീതി ഉറപ്പാക്കുവാനുള്ള അക്ഷീണ ശ്രമത്തിലായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളോട് – ദിവാന്‍, മഹാരാജാവ്, ഗവര്‍ണര്‍, വൈസ്രോയി, സ്റ്റേറ്റ് സെക്രട്ടറി – നേരിട്ടും നിവേദനങ്ങളും വഴി സംവദിച്ച പല്പു മദ്രാസ് നിയമസഭയിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും ഈഴവ പ്രശ്‌നം അവതരിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി. ഒരു ഒറ്റയാള്‍ പട്ടാളത്തെപ്പോലെ, സ്വന്തം സമ്പാദ്യം ചെലവഴിച്ചു നിരന്തരമായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കു വ്യത്യസ്ത സമുദായങ്ങളിലെ ഉത്പതിഷ്ണുക്കളായ വ്യക്തികളുടെ അംഗീകാരവും സഹകരണവും ലഭിച്ചു. തിരുവിതാംകൂറില്‍ നടന്ന ‘വിദ്യാഭ്യാസ പുരോഗതി’ സവര്‍ണരെ ശാക്തീകരിക്കുകയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അവരുടെ സാന്നിദ്ധ്യം കുത്തകയാക്കുയും ചെയ്തു. എന്നാല്‍ തദ്ദേശീയരല്ലാത്ത സവര്‍ണര്‍, പ്രത്യേകിച്ചും തമിഴ്ബ്രാഹ്മണര്‍, തിരുവിതാംകൂറിലെ ദിവാന്‍പദവി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ജോലികളും സ്ഥാനമാനങ്ങളും കയ്യടക്കുന്ന അവസ്ഥയുണ്ടായി .തിരുവിതാംകൂറിലെ തദ്ദേശീയരുടെ ആവശ്യങ്ങള്‍ മഹാരാജാവിനെ അറിയിക്കുവാന്‍ നായര്‍, ഈഴവ, നമ്പൂതിരി, ലാറ്റിന്‍ക്രിസ്ത്യന്‍, സിറിയന്‍ ക്രിസ്ത്യന്‍, ആംഗ്ലോഇന്ത്യന്‍ സമുദായങ്ങളില്‍ നിന്നുമുള്ള 10038 പേര്‍ ഒപ്പിട്ട 16 പേജ് വരുന്ന ഒരു മെമ്മോറാണ്ടം – മലയാളി മെമ്മോറിയല്‍- തയ്യാറാക്കി 1891 ജനുവരിയില്‍ സമര്‍പ്പിച്ചു. ഡോ.പല്പു മെമ്മോറാണ്ടത്തില്‍ മൂന്നാമത് ഒപ്പുവച്ചു. സഹോദരനായ പി. പരമേശ്വരനും ഒപ്പുവച്ചിരുന്നു.

ജാതി-മത-വംശ ഭേദമില്ലാതെ തിരുവിതാംകൂറിലെ തദ്ദേശിയരെ ഉദ്യോഗങ്ങളില്‍ പരിഗണിക്കണമെന്നു മെമ്മോറാണ്ടം ആവശ്യപ്പെട്ടു. ഈഴവാദി സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തുറന്നുകൊടുക്കണമെന്നും അപേക്ഷിച്ചു. ഈഴവരെക്കുറിച്ചു പ്രത്യേകം ഇങ്ങനെ പരാമര്‍ശിച്ചു. ”ഇതിനെ എല്ലാറ്റിനെയുംകാള്‍ കഷ്ടതരമായിട്ടുള്ളത് മാസം 5 രൂപയോ അതിനു മേലോ ശമ്പളം ഉള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഇല്ലാത്തതാകുന്നു. ബുദ്ധിമാന്‍മാരും വിദ്യാഭ്യാസം ചെയ്തിട്ടുള്ളവരും ആയ ആളുകള്‍ അവരില്‍ ഇല്ലാഞ്ഞിട്ടല്ല”.

സവര്‍ണപ്രീണനവും ജാതിയതയുമാണു സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പ്രതിഫലിച്ചത്. ”അവര്‍ പൊതുവെ വിദ്യാഹീനരും സര്‍ക്കാര്‍ ഉദ്യോഗത്തിനു അവരെ പ്രാപ്തന്മാരാക്കുന്ന വിദ്യാഭ്യാസത്തിനു പോകുന്നതിനെക്കാൾ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയറുപിരിപ്പ്, തെങ്ങുചെത്ത് മുതലായവയെക്കൊണ്ടു തൃപ്തിപ്പെട്ടിരിക്കുന്നവരും ആകുന്നു” അന്തസുള്ള സര്‍ക്കാരുദ്യോഗങ്ങള്‍ക്ക് ഈഴവന്റെ സാമൂഹ്യസ്ഥിതി (ജാതി) പ്രതിബന്ധമാണെന്നും വ്യക്തമാക്കപ്പെട്ടു.

1891 -ഫെബ്രുവരി 19-ാം തീയതി മദ്രാസ് മെയില്‍ പത്രത്തില്‍ ‘തിരുവിതാംകോട്ടെ ഒരു തീയന്‍’ എന്ന പേരില്‍ പല്പു പ്രസിദ്ധീകരിച്ച കത്തില്‍ ചൂണ്ടിക്കാണി ച്ചത്:
എന്റെ ജാതിക്കാര്‍ കായ ക്ലേശമുള്ള പ്രവൃത്തി ചെയ്യുന്നതിനും പരിശ്രമ ശീലത്തിനും പ്രസിദ്ധന്മാരാകുന്നു. ക്രിസ്തുമതത്തെ സ്വീകരിച്ച ദക്ഷിണ തിരുവിതാംകൂറിലുള്ള ചാന്നാന്മാരുടെ അവകാശങ്ങള്‍ ഗവണ്‍മെന്റ് സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ സംസ്ഥാനത്തിലേക്ക് അധികം നികുതി കൊടുക്കുന്നവരാണ്. ഇപ്പോഴും ഹിന്ദുക്കളായിത്തന്നെ ഇരിക്കുന്നതിനാല്‍ ഞങ്ങളുടെ അവകാശങ്ങള്‍ വിസ്‌മൃതപ്രായങ്ങളായി തന്നെ കിടക്കുന്നു. തുടര്‍ന്നു പല്പുവിന്റെ കുടുംബം നേരിട്ട വിവേചനങ്ങളും വിവരിച്ചിരുന്നു.


1891 ഏപ്രില്‍ 21-ാം തീയതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണ ഉത്തരവിനു മറുപടിയായി മലയാളി മെമ്മോറിയല്‍ പ്രവര്‍ത്തകര്‍ വീണ്ടും മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഹിന്ദുജന സമുദായത്തില്‍ നാലിലൊരു ഭാഗം ഉണ്ടായിരിക്കയും സംസ്ഥാനത്തിന്റെ നികുതിയില്‍ കൂടുതലായ ഒരു ഭാഗത്തെ കൊടുക്കുന്നവരായിരിക്കയും ചെയ്തിട്ടും അവര്‍ തങ്ങളുടെ സ്വന്തം തൊഴിലുകളെ കൊണ്ടു തന്നെ തൃപ്തരാണെന്ന സര്‍ക്കാര്‍ ന്യായം അവര്‍ക്കു ഉദ്യോഗം കൊടുക്കാതിരിക്കുന്നതിനുള്ള ഒരു സമാധാനമായിട്ടാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നു ചൂണ്ടിക്കാട്ടി, യുണിവേഴ്‌സിറ്റി പരീക്ഷ ജയിച്ചിട്ടുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നില്ലെന്നും, വിവേചനത്തിനു വിധേയരായവര്‍ നല്‍കുന്ന ഹര്‍ജികള്‍ കൊണ്ടു ഒരു ഫലവും ഉണ്ടായിട്ടില്ല എന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.

1895- മേയില്‍ പല്പു ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്ക് ഒരു മെമ്മോറിയല്‍ നേരിട്ടയച്ചു. തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ ഈഴവരെക്കുറിച്ച് പറഞ്ഞിട്ടുള്ള വസ്തുതകള്‍ ഉദ്ധരിച്ചായിരുന്നു തുടക്കം. ”ഈഴവര്‍ വളരെ ജനസംഖ്യയുള്ളവരും പരിശ്രമശീലന്മാരും ആകുന്നു. ഇവരില്‍ അസംഖ്യം പേര്‍ വസ്തു ഉടമസ്ഥന്‍മാരും ചിലര്‍ വൈദ്യന്മാരും ചിലര്‍ ജോത്സ്യന്മാരും മറ്റുമാകുന്നു. എന്നാല്‍ ഭൂരിപക്ഷം ജനങ്ങളും കൃഷി, കയറുപിരിപ്പ്, തെങ്ങുചെത്ത്, നെയ്ത്ത് മുതലായ തൊഴിലുകളെകൊണ്ടു കാലക്ഷേപം ചെയ്തുവരുന്നു. ശേഷം സമുദായക്കാര്‍ കൊടുത്തുവരുന്ന എല്ലാ നികുതികള്‍ക്കും പുറമെ, കലാല്‍ സംബന്ധമായ നികുതി മുഴുവനും ഇവര്‍ തന്നെ കൊടുത്തു വരുന്നതുകൊണ്ട്, ശേഷം ഉള്ള സമുദായക്കാരേക്കാള്‍ ഇവര്‍ ശരാശരിക്ക് അധികം നികുതി കൊടുക്കുന്നവരാണ്. ബുദ്ധി സാമര്‍ത്ഥ്യത്തെ സംബന്ധിച്ചിടത്തോളം ഇവര്‍ മറ്റു സമുദായക്കാരേക്കാളും ഒട്ടും താണവരല്ല” തുടര്‍ന്നു അദ്ദേഹം എഴുതി: തിരുവിതാംകൂര്‍ ഗവണ്‍മെന്റ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ഒരു തീയനും യാതൊരു പ്രോത്സാഹനവും ചെയ്തുകൊടുത്തിട്ടില്ല. ഏറ്റവും താണതരത്തിലുള്ള ജീവനം പോലും, തീയന്മാര്‍ക്ക് വേണ്ടതിലധികം യോഗ്യതയുണ്ടായിരുന്നിട്ടും, അവരുടെ ജാതി നിമിത്തം ഇതേവരെ കൊടുത്തിട്ടില്ല. ഇപ്പോള്‍ ഒരു തീയന് ക്രിസ്ത്യാനിയോ മുഹമ്മദീയനോ ആകാതെ അവന്റെ സ്വരാജ്യത്ത് ഒരു ഉദ്യോഗം ലഭിക്കുന്നതല്ല. യൂണിവേഴ്‌സിറ്റി പരീക്ഷ ജയിച്ചിട്ടുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നില്ലെന്നും വിവേചനത്തിനു വിധേയമായവര്‍ നല്‍കുന്ന ഹര്‍ജികള്‍ കൊണ്ടു ഒരു ഫലവും ഉണ്ടായിട്ടില്ല എന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.

ബ്രിട്ടീഷ് ഇന്ത്യയില്‍ നാട്ടുകാര്‍ക്ക് പ്രവേശിക്കാവുന്ന എത്ര വലിയ ഉദ്യോഗത്തിലും ഒരു തീയനു തടസ്സം കൂടാതെ പ്രവേശിക്കാം. ഈ സംസ്ഥാനത്തെ അനേകം ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളില്‍ ഇപ്പോഴും തീയന്മാരെ ചേര്‍ത്തു പഠിപ്പിക്കുന്നില്ല. ഗവണ്‍മെന്റ് അവര്‍ക്കും ഇപ്പോഴത്തേതിലും അധികം പള്ളിക്കൂടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുംഅവരില്‍ യോഗ്യത സിദ്ധിച്ചവരെ സര്‍ക്കാരുദ്യോഗങ്ങളില്‍ നിയമിക്കുകയും ചെയ്യാതെ, ഇപ്പോഴുള്ള ജാതിസ്പര്‍ദ്ധകളെ കുറയ്ക്കാനോ ഉന്മൂലനം ചെയ്യാനോ സാദ്ധ്യമല്ല. ഇംഗ്ലീഷ് പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന തീയ്യക്കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ് കൊടുക്കണം. ആണ്ടുതോറും ഒരു ഗ്രാന്റ് നല്‍കണം.

ഈ ഹര്‍ജിക്ക് യാതൊരു മറുപടിയും ലഭിച്ചില്ല. രണ്ടു ഓര്‍മ്മക്കത്തുകള്‍ കൂടി അയച്ചു. എന്നിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ തിരുവനന്തപുരത്തെത്തി ദിവാനെ 1896- ഫെബ്രുവരിയില്‍ നേരില്‍ കണ്ടു സംഭാഷണം നടത്തി. ”നിങ്ങള്‍ ജയിച്ചു വന്നപ്പോള്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിങ്ങളെ നിയമിക്കേണ്ടതായിരുന്നു. ഒരു തെറ്റാണു സംഭവിച്ചത്” എന്ന് ദിവാന്‍ പല്പുവിനോടു പറഞ്ഞു. ”പബ്ലിക് സര്‍വ്വീസില്‍ നിന്നും നിങ്ങളുടെ സമുദായത്തെ ഒഴിവാക്കുന്നതു നിമിത്തം മതപരിവര്‍ത്തനം വര്‍ദ്ധിക്കുവാന്‍ സംഗതിയാകുന്നു എന്നുള്ള നിങ്ങളുടെ അഭിപ്രായം ശരിയാണ്” എന്നും ദിവാന്‍ സമ്മതിച്ചു. നാട്ടുക്രിസ്ത്യാനികളെയും മുഹമ്മദീയരെയും നിയമിക്കാറുള്ള ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരേയും നിയമിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും അറിയിച്ചു. റവന്യൂ ഒഴിച്ചുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും അവര്‍ക്കു പ്രവേശിക്കാവുന്നതാണെന്നും ദിവാന്‍ പറഞ്ഞു. (റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് ദേവസ്വം ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമായിരുന്നു) എല്ലാ പള്ളിക്കൂടങ്ങളിലും തീയന്മാരെ നിര്‍ബന്ധപൂര്‍വം പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും, അവര്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് പുതിയ സ്‌കൂളുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും അറിയിച്ചു. ”സമുദായത്തിനു വേണ്ടി കഴിവുള്ളതെല്ലാം ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറുള്ളപ്പോള്‍ പത്രങ്ങളില്‍ കൂടി പ്രക്ഷോഭണം നടത്തിയിട്ടു കാര്യമില്ല” എന്നും ദിവാന്‍ ഓര്‍മിപ്പിച്ചു.

പക്ഷേ ഇതിനു ശേഷവും തീയബിരുദധാരികള്‍ ജോലിക്കു അപേക്ഷിച്ചെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. വകുപ്പ് മേധവികള്‍ ജാതിവിവേചനം തുടരുന്ന കാര്യം വീണ്ടും ദിവാന് കത്തുകള്‍ ഉദാഹരണം കാണിച്ച് അയച്ചു.

സമ്മര്‍ദ്ദതന്ത്രത്തിന്റെ അടുത്ത പടിയെന്ന നിലവില്‍ പല്പു അക്ഷീണ പരിശ്രമം നടത്തി 13176 ഈഴവര്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി 1896- സെപ്തംബര്‍ 3-ാം തീയതി മഹാരാജാവിനു സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രവേശനവും സര്‍ക്കാര്‍ സര്‍വീസ് പ്രവേശനവുമാണ് ഈഴവ മെമ്മോറിയല്‍ മുഖ്യമായും ആവശ്യപ്പെട്ടിരുന്നത്. ഈഴവര്‍ക്കു അവരുടെ ദുരവസ്ഥയില്‍ നിന്നും മോചനമുണ്ടാകുവാന്‍ സ്വരാജ്യത്തെയോ, സ്വമതത്തെയോ ഉപേക്ഷിച്ചാൽ അല്ലാതെ കഴിയില്ല എന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അവരുടെ വിവേചന നയങ്ങള്‍ തുടര്‍ന്നാല്‍ ഒന്നുകില്‍ കൂട്ടത്തോടെ മതം മാറേണ്ടി വരും. അതല്ലെങ്കില്‍ കൂട്ടത്തോടെ തിരുവിതാംകൂര്‍ വിട്ടു പോകേണ്ടി വരും എന്ന സൂചനയും നല്‍കി. ദിവാന്‍ നല്‍കിയ മറുപടിയില്‍ ജാതിവ്യത്യാസം ഭിന്നവര്‍ഗ്ഗങ്ങളുടെ അന്യോന്യാവകാശങ്ങള്‍ നിശ്ചയിക്കുന്നു എന്നും ജാതി വ്യവസ്ഥിതി നിലനിര്‍ത്തുന്ന സാമൂഹ്യബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതു രാജ്യത്തു ഇപ്പോഴുള്ള കെട്ടുറപ്പിനെ ഇല്ലാതാക്കുമെന്ന ഭയവും പ്രകടിപ്പിച്ചു. എല്ലാ ജാതിക്കാരെയും ഓരോ പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ ജാതിസമ്പ്രദായം അനുവദിക്കുന്നില്ല എന്നും ദിവാന്‍ മറുപടിയില്‍ ആവര്‍ത്തിച്ചു.

തികഞ്ഞ സവര്‍ണപ്രീണനമാണു തിരുവിതാംകൂര്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം പല്പുവിനെ വേദനിപ്പിച്ചു. എന്നാല്‍ പല്പുവിന്റെ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു ഭാഗികമായ ഫലം ഉണ്ടായി. പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന സ്‌കൂളുകള്‍ക്കു ഗ്രാന്റ് ഇന്‍ – എ യ് ഡ് കോഡ് 1895-ല്‍ നടപ്പിലാക്കി. 1896-ല്‍ ഗവണ്‍മെന്റ് പതിനഞ്ചു സ്‌കൂളുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി തുറന്നു.

സര്‍ക്കാരിന്റെ നയം മനുഷ്യാവകാശങ്ങളുടെ നിഷേധരൂപം നിലനിര്‍ത്തുന്നതു ജനങ്ങളെ ധരിപ്പിക്കുവാന്‍ ഡോ. പല്പു ടൈംസ് ഓഫ് ഇന്ത്യ, മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്, ഹിന്ദു, ഇന്ത്യന്‍ സ്‌പെക്‌റ്റേറ്റര്‍, വെസ്റ്റേണ്‍ സ്റ്റാര്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും മലയാളമനോരമ, മലയാളി, കേരള സഞ്ചാരി തുടങ്ങിയ മലയാള പത്രങ്ങളിലും പല്പു നല്‍കിയ ഹര്‍ജികള്‍, ഈഴവ മെമ്മോറിയല്‍, ദിവാന്റെ മറുപടികള്‍ തുടങ്ങിയവയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു, എഡിറ്റോറിയല്‍ എഴുതിപ്പിച്ചു. അവര്‍ണ വിഭാഗങ്ങള്‍ക്കെതിരെ കണ്ണുംകാതും വായും മൂടിക്കെട്ടിയ തിരുവിതാംകൂര്‍ ധര്‍മ്മരാജ്യത്തിന്റെ സവര്‍ണവിധേയത്വവും വിഭാഗീയതയും പല്പു തുറന്നുകാട്ടി.

മദ്രാസ് നിയമനിര്‍മ്മാണ സഭയില്‍ ഈഴവരെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അന്യനാട്ടു പ്രശ്‌നമായതിനാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നു പല്പു നല്‍കിയ ഹര്‍ജി ഗവര്‍ണര്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനു അയച്ചു കൊടുത്തു സമാധാനം ചോദിച്ചു.

ഈഴവ-പ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനായിരുന്നു അടുത്ത ശ്രമം. അതിലേക്കായി ജി. പരമേശ്വരന്‍ പിള്ളയുടെ സഹായം ലഭിച്ചു. 1897- ജൂലൈ 19-നു ഹെര്‍ബര്‍ട്ട് റോബര്‍ട്ട്‌സ് എന്ന പാര്‍ലമെന്റംഗം ചോദ്യം ഉന്നയിച്ചു. ഈഴവര്‍ നിലവിലുള്ള സാമൂഹിക ആചാരങ്ങളില്‍ നിന്നും വിമുക്തരായിട്ടില്ലെന്നും അതുകൊണ്ട് അവര്‍ക്കും കീഴ് ജാതി വിഭാഗങ്ങള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ അനുവദിച്ചു കൊടുത്തതായി തിരുവിതാംകൂര്‍ ദിവാന്‍ മദ്രാസ് ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് പാര്‍ലമെന്റില്‍ മറുപടി നല്‍കി.

ഇന്ത്യ വൈസ്രോയി കഴ്‌സണ്‍ പ്രഭുവിനു മൈസൂരില്‍ വച്ച് ഡോ. പല്പു ഒരു ഹര്‍ജി നല്‍കിയെങ്കിലും പ്രാദേശിക ഭരണത്തിലെ ‘ചെറിയ കാര്യങ്ങളില്‍’ വൈസ്രായി ഇടപെടുന്നതല്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടെ തിരുവിതാംകൂര്‍ ദിവാന്‍ എസ്. ശങ്കരസുബ്ബയ്യര്‍ ബാംഗ്ലൂരിലെത്തി മൈസൂര്‍ ദിവാനായ സര്‍ ശേഷാദ്രി അയ്യരോട് പല്പു തിരുവിതാംകൂര്‍ സര്‍ക്കാരിനെ വല്ലാതെ ശല്യപ്പെടുത്തുന്നതായി അറിയിച്ചു. മെമ്മോറിയലുകളുടെ പകര്‍പ്പുകള്‍ വായിച്ച മൈസൂര്‍ ദിവാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈഴവ സമുദായത്തോട് അനീതിയാണു കാണിക്കുന്നത് എന്നു പറഞ്ഞു.

ഡോ. പല്പു ലണ്ടനില്‍ ഉപരിപഠനത്തിനു പോയ സമയത്ത് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യാക്കാരനായ അംഗമായിരുന്ന ദാദാബായ് നവറോജിയുമായി ആലോചിച്ച് ഒരു ഹര്‍ജി തയ്യാറാക്കി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലോര്‍ഡ് ജോര്‍ജ്ജ് ഹാമില്‍ട്ടണു നല്‍കി, നേരിട്ടുകണ്ടു വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ നാട്ടുരാജ്യമായതിനാല്‍ ഈ അസ്വാതന്ത്ര്യങ്ങള്‍ക്കു പൂര്‍ണ്ണമായ നിവാരണം ഉണ്ടാക്കാന്‍ പ്രയാസമാണെന്നായിരുന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ മറുപടി.

ഈഴവരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ശാക്തീകരണം ജീവിതവ്രതമാക്കിയ പല്പുവിന്റെ അടുത്തശ്രമം അവരെ സംഘടനയിലൂടെ ശക്തരാക്കുക എന്നതായിരുന്നു. സ്വാമി വിവേകാനന്ദനുമായുണ്ടായിരുന്ന ഊഷ്മള ബന്ധം പല്പുവില്‍ പുതിയ ഉണര്‍വുണ്ടാക്കി. ഒടുവില്‍ ശ്രീനാരായണഗുരുവിന്റെ സന്നിധിയില്‍ പല്പു എത്തി. പല്പുവിന്റെ ആശയങ്ങളും കര്‍മ്മപരിപാടികളും ഗുരുവിനു ഇഷ്ടമായിരുന്നു.

1903- മേയ് 15-നു ശ്രീനാരായണധര്‍മ്മപരിപാലന യോഗം ജന്മമെടുത്തു. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ. പല്പു ഉപാദ്ധ്യക്ഷനും, കുമാരനാശാന്‍ സെക്രട്ടറിയുമായി ശ്രീനാരായണധര്‍മ്മപരിപാലന യോഗം പ്രവര്‍ത്തനം ആരംഭിച്ചു.

1904-ല്‍ സ്ഥാപിതമായ ശ്രീമൂലം പ്രജാസഭയില്‍ ഈഴവ ശബ്ദം ഉയരുവാന്‍ കാരണം ഡോ.പല്പുവായിരുന്നു സംഘടനകളില്‍ നിന്നും പ്രതിനിധികളെ ദിവാനു നോമിനേറ്റു ചെയ്യാമെന്ന ശ്രീമൂലം പ്രജാസഭാ ചട്ടമനുസരിച്ചാണ് 1905-ല്‍ കുമാരനാശാന്‍ സഭയിലെത്തിയത്. പല്പുവുമായി മൈസൂരിലും ബറോഡയിലും അടുത്തബന്ധം പാലിച്ചിരുന്ന പി.വി. മാധവറാവു ആയിരുന്നു തിരുവിതാംകൂര്‍ ദിവാന്‍.

യോഗം ആരംഭിച്ച നാള്‍ മുതല്‍ ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡോ. പല്പു, എന്‍. കുമാരനാശാന്‍, എം. ഗോവിന്ദന്‍ തുടങ്ങിയവര്‍ നടപ്പിലാക്കിയ നവോത്ഥാന പദ്ധതികള്‍ കേരളത്തിലെ മുഴുവന്‍ അവര്‍ണവിഭാഗങ്ങള്‍ക്കും അന്തസ്സും, അവകാശങ്ങളും മനുഷ്യ വികസനവും നല്‍കുന്നവയായിരുന്നു.

Author

Scroll to top
Close
Browse Categories