വെള്ളാപ്പള്ളി നടേശന്‍ മനുഷ്യത്വത്തിന്റെ കാവലാള്‍: കര്‍ണാടക മന്ത്രി അശ്വത് നാരായണന്‍

യോഗനാദത്തിന്റെ വെബ്‌സൈറ്റും, യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്‍ പ്രത്യേക പതിപ്പിന്റെ മുഖചിത്ര പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ 25 വര്‍ഷങ്ങളുടെ കര്‍ണാടകയിലെ ആഘോഷം കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത്‌ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

മൈസുരു: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മനുഷ്യത്വത്തിന്റെ കാവലാളാണെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായണന്‍ പറഞ്ഞു. യോഗനേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് കര്‍ണാടകയിലെ ആഘോഷങ്ങള്‍ മൈസുരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധന്യസാരഥ്യത്തിന്റെ ഉപഹാരസമര്‍പ്പണം മന്ത്രി ഡോ. അശ്വത് നാരായണന്‍ നിർവഹിച്ചു.

എസ്.എന്‍.ഡി.പി യോഗത്തിനും എസ്.എന്‍.ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശന്‍ നല്‍കി വരുന്ന ഉജ്ജ്വല നേതൃത്വത്തിന്റെ തെളിവാണ് യോഗത്തിന്റെ ഇന്നത്തെ വളര്‍ച്ച.

യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തിൽ സംസാരിക്കുന്നു

കേരളം ലോകത്തിന് നല്‍കിയ അമൂല്യവും ആത്മീയവുമായ ചൈതന്യമാണ് ശ്രീനാരായണഗുരുദര്‍ശനം. ആ ദര്‍ശനം ആഴത്തിലും പരപ്പിലും ജനഹൃദയങ്ങളിലും പ്രായോഗിക തലത്തിലും എത്തിക്കുന്നതില്‍ മുഖ്യപങ്ക് യോഗത്തിനും എസ്.എന്‍. ട്രസ്റ്റിനുമാണ്. ആ മഹത് സംഘടനകളുടെ സാരഥ്യത്തില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശന്‍ ഗുരുവിന്റെ ഉപദേശങ്ങള്‍ പൂര്‍ണതോതില്‍ നടപ്പിലാക്കിയ ജനനേതാവാണ്. അനുകരണീയമായ നേതൃപാടവവും ഇച്ഛാശക്തിയും പ്രായോഗിക ബുദ്ധിയും അദ്ദേഹത്തിന്റെ സവിശേഷതകളാണ്. സാമ്പത്തിക വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോഫിനാന്‍സ് പദ്ധതി രാജ്യത്തിന് മാതൃകയാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.

ഐക്യം കാലഘട്ടത്തിന്റെ
അനിവാര്യത:
സ്വാമി ഗുരുപ്രസാദ്

ഗുരുദേവനാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തിന്റെയും ശ്രീനാരായണധര്‍മ്മ സംഘത്തിന്റെയും ലക്ഷ്യം ഗുരുവിന്റെ ധര്‍മ്മം പ്രചരിപ്പിക്കുകയാണെന്നും, ഇതില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്വാമി ഗുരുപ്രസാദ് പറഞ്ഞു.ഇരുസംഘടനകളുടെയും ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനെ തകര്‍ക്കാനോ, പിളര്‍ത്താനോ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതവും, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ബിനുകണ്ണന്താനം, യോഗം കൗണ്‍സിലര്‍, പി.ടി. മന്മഥന്‍ എന്നിവര്‍ ക്ലാസെടുത്തു

മൈസൂരുവില്‍

ഉന്നത വിദ്യാഭ്യാസ

സ്ഥാപനം

യോഗം ജനറല്‍ സെക്രട്ടറി ചോദിച്ചു:
മന്ത്രി അശ്വത് സമ്മതിച്ചു.

മൈസൂരു: എസ്.എന്‍.ഡി.പി യോഗത്തിന്റെ രൂപീകരണത്തിന് കാരണഭൂതനായ ഡോ. പല്പുവിന്റെ ധന്യമായ കര്‍മ്മവും സേവനവും നിറഞ്ഞു നിന്ന മൈസൂരുവിന്റെ മണ്ണില്‍ ആ സ്മരണകള്‍ നിലനിറുത്താന്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചു തരണമെന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യം അംഗീകരിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത്‌നാരായണന്‍.
യോഗത്തിന്റെ അപേക്ഷ ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അശ്വത് അറിയിച്ചു. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍പന്തിയിലുണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഗുരുദര്‍ശനം മതവൈരത്തിന്
അറുതി വരുത്തുന്ന മൃതസഞ്ജീവനി

എസ്.എന്‍.ഡി.പി യോഗം ത്രിദിന നേതൃത്വ ക്യാമ്പ് ഡോ. പല്പു നഗറില്‍ (റിയോ മെറിഡിയന്‍ ഹോട്ടല്‍, മൈസൂരു) യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. യോഗം വൈസ്‌ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ വേദിയില്‍.

മൈസൂരു: അരുവിപ്പുറത്ത് ശ്രീനാരായണഗുരുദേവന്‍ ശിവപ്രതിഷ്ഠയിലൂടെ ഉയര്‍ത്തിയ ദാര്‍ശനിക ചിന്താധാരയാണ് ഭേദമില്ലാത്ത ലോകമെന്ന ദര്‍ശനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂണിയന്‍ നേതാക്കള്‍ക്കായി നടത്തുന്ന ത്രിദിന നേതൃത്വ ക്യാമ്പ് ഡോ. പല്പുനഗറില്‍ (റിയോമെറിഡിയന്‍ ഹോട്ടല്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭേദമില്ലാത്ത ഏക ലോകസൃഷ്ടിയായിരുന്നു ഗുരുസന്ദേശത്തിന്റെ കാതല്‍. സ്ഥിതി സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രഖ്യാപനം കൂടിയായിരുന്നു ആ സന്ദേശം. മതവൈരത്തിന് അറുതി വരുത്തുന്ന മൃതസഞ്ജീവനിയാണ് ഗുരുദര്‍ശനം.

മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാന്ദേശമാണ് ആധുനികകേരളം ഉള്‍ക്കൊള്ളേണ്ടത്. ആത്മീയതയും ആധുനികതയും സമന്വയിപ്പിക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനരീതി. കൊവിഡ് കാലത്ത് ഗുരുവിന്റെ ശുചിത്വവിപ്ലവം വഴിയും വഴികാട്ടിയുമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ വെടക്കാക്കി തനിക്കാക്കാനുള്ള കപടരാഷ്ട്രീയ നയങ്ങളാണ് ലീഗടക്കമുള്ള കക്ഷികള്‍ പയറ്റുന്നത്. ഇതിന്റെ ഫലമായി സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നു. ജനസംഖ്യാനുപാതികമായ അധികാരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുത്തന്‍ പോര്‍മുഖങ്ങള്‍ തുറക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. ജയ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലചന്ദറിന്റെ നേതൃത്വത്തില്‍ വെള്ളാപ്പളളി നടേശനും, തുഷാര്‍വെള്ളാപ്പള്ളിക്കും സ്വീകരണം നല്‍കി. അഡ്വ. എ. ജയശങ്കര്‍, അഡ്വ. സിനില്‍മുണ്ടപ്പിള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ 25 വര്‍ഷങ്ങളുടെ കര്‍ണാടകയിലെ ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം പ്രാർത്ഥനയോടെ തുടങ്ങുന്നു

യോഗം കൗണ്‍സില്‍ അംഗങ്ങള്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റെ സെക്രട്ടറിമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍, യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ്പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

വെള്ളാപ്പളളി നടേശന്‍ ക്യാമ്പ് നഗരിയില്‍ പതാക ഉയര്‍ത്തി. ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷം കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത്‌നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തുഷാര്‍വെള്ളാപ്പള്ളി സ്വാഗതവും, അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. ഡോ. ബിനു കണ്ണന്താനം, യോഗം കൗണ്‍സില്‍ പി.ടി. മന്മഥന്‍ എന്നിവര്‍ ക്ലാസെടുത്തു.

കേരളം ആര് ഭരിക്കണമെന്ന്
തീരുമാനിക്കാന്‍ യോഗത്തിന് കഴിയണം

മൈസൂരു : സംഘടിച്ച് നിന്നാല്‍ കേരളം ആരു ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാന്‍ കഴിയുമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍. ട്രസ്റ്റിലും, യോഗത്തിലും വെള്ളാപ്പള്ളി നടേശന്റെ 25 വര്‍ഷത്തെ ധന്യസാരഥ്യത്തിന്റെ ആഘോഷചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ആര് ഭരണത്തില്‍ വന്നാലും ഈഴവ സമൂഹത്തെ അവഗണിക്കുകയാണ്. സംഘടിത മതശക്തികള്‍ക്കും വോട്ട്ബാങ്കിനും എന്തും വാരിക്കോരി കൊടുക്കാന്‍ എല്ലാ രാഷ്ട്രീയനേതൃത്വങ്ങളും തയ്യാറാവുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ഈഴവരാണ്. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ എം.എല്‍.എ. മാരിൽ ഈഴവ സമുദായത്തില്‍ നിന്ന് ഒരാള്‍ മാത്രം.പാര്‍ട്ടികളുടെ നയങ്ങളും ചിന്തകളും മാറിത്തുടങ്ങി. പിന്നാക്ക വിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ ഒരു പരിധിവരെ ഇടതുപക്ഷ പ്രവര്‍ത്തകരാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് അവരും അടവ് നയം സ്വീകരിച്ച് തുടങ്ങി. സംഘടിത മതശക്തികളെ കൂട്ടുപിടിക്കാതെ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് അവരും ചിന്തിക്കുന്നു.എന്നും നീതി നിഷേധിക്കപ്പെട്ട സമുദായമാണ് ഈഴവര്‍. കോട്ടയം ജില്ലയില്‍ ഈഴവര്‍ക്ക് ഒരു കോളേജ് മാത്രമുള്ളപ്പോള്‍ മറ്റൊരു സമുദായത്തിന് 17 കോളേജുകളുണ്ട്. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളവര്‍ സാമ്പത്തികമായും സാമൂഹ്യപരമായും ഉയരും. രാഷ്ട്രീയ അധികാരത്തിലൂടെ സാമൂഹ്യനീതി നേടിയെടുക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

കാശ്മീരിഷാള്‍, തലപ്പാവ്, പഞ്ചഫലവര്‍ഗ്ഗങ്ങള്‍;
യോഗം ജനറല്‍ സെക്രട്ടറിക്ക്
സാംസ്‌കാരികത്തനിമയില്‍ രാജകീയ വരവേല്‍പ്പ്

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടക് യൂണിയനും മൈസൂരു ശാഖയും ചേർന്ന് സ്വീകരിച്ചപ്പോൾ

മൈസൂരു: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈസൂരുവില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. മൈസൂരുവിന്റെ സാംസ്‌കാരികത്തനിമയില്‍ യോഗം ശാഖാഭാരവാഹികളുടെയും മറ്റ് യൂണിയന്‍ നേതാക്കളുടെയും നേതൃത്വത്തില്‍ കാശ്മീരിഷാള്‍, പൂച്ചെണ്ട്, മൈസൂര്‍പേട്ട എന്നറിയപ്പെടുന്ന തലപ്പാവ് പഞ്ചഫലവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി രാജകീയ വരവേല്‍പ്പാണ് നല്‍കിയത്.

ഡോ. പല്പു നഗറില്‍ (റിയോ മെറിഡിയന്‍ ഹോട്ടല്‍) നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകളോടെ ക്യാമ്പിന് തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. യോഗം നിയമാവലിയെക്കുറിച്ച് അഡ്വ. സിനില്‍മുണ്ടപ്പള്ളിയും, യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും ക്ലാസുകള്‍ നയിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.

യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതടക്കമുള്ള വിവിധ സാമൂഹ്യപദ്ധതികളുടെ രൂപരേഖയും ക്യാമ്പില്‍ അവതരിപ്പിച്ചു. വിദേശത്ത് നിന്നടക്കം നാനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

സ്വീകരണ സമ്മേളനത്തിന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പ്രീതിനടേശന്‍, സന്ദീപ് പച്ചയില്‍, എബിന്‍അമ്പാടി, ബേബിറാം കെ. പ്രസന്നന്‍, പി.എസ്.എന്‍. ബാബു, കെ. പത്മകുമാര്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മൈസൂര്‍ശാഖ പ്രസിഡന്റ് രാജേന്ദ്രന്‍ ജി., സെക്രട്ടറി അനില്‍കുമാര്‍ ടി.ഡി., വൈസ്പ്രസിഡന്റ് സുകുമാരന്‍, ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ജി. ഹരിദാസ്, പവിത്രന്‍ കെ.കെ., പ്രൊഫ. വിജയ് സി. ആര്‍.സുരേഷ്ബാബു, രാധാകൃഷ്ണന്‍, കെ. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ധ്രുവീകരണം ശക്തം, വിലപേശൽ ശക്തി
ഇല്ലാത്തവർ പിന്തള്ളപ്പെടുന്നു: അഡ്വ. എ. ജയശങ്കര്‍

യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കർ സംസാരിക്കുന്നു

മൈസൂരു: കേരളത്തിൽ ഭയാനകമായ മതസാമുദായിക ശക്തി ധ്രുവീകരണമാണ് നടക്കുന്നതെന്നും വിലപേശൽ ശക്തിയോ, രാഷ്ട്രീയ ഇച്ഛാശക്തിയോ ഇല്ലാത്ത ഹിന്ദുവിഭാഗങ്ങളുടെ താത്പ്പര്യങ്ങൾ പരിപൂർണമായി അവഗണിക്കപ്പെടുകയാണെന്നും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു.ഇതൊരു വലിയ സാമൂഹ്യ യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അഡ്വ.ജയശങ്കർ. നരേന്ദ്രമോദി രണ്ടാമതും അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസ് ഇനി അടുത്തെങ്ങും അധികാരത്തില്‍ വരില്ലെന്ന ധാരണ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായി. കത്തോലിക്ക സഭയ്ക്ക് അജണ്ടകളുണ്ട്. വിദേശ വിനിമയചട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിര്‍ത്തൽ, മതപരിവര്‍ത്തനം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സഭയ്ക്കുണ്ട് .കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സഭയുടെ തീരുമാനത്തിന് ഒരുകാരണം ഇതാണ്. കടുത്തമുസ്ലിം വിരുദ്ധ വികാരമാണ് ക്രൈസ്തവരുടെ ഇടയിൽ രൂപപ്പെട്ടിരിക്കുന്നത്.

കൊളംബോയിൽ മുസ്ലീം ഭീകരരുടെ ക്രിസ്ത്യന്‍പള്ളി ആക്രമണവും, തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി പ്രശ്‌നവും വർഗീയ വികാരം ആളിക്കത്തിക്കാൻ ഉപയാേഗിച്ചു.കൂടാതെ ലൗജിഹാദ് പ്രശ്നവും മെത്രാൻമാർവീണ്ടും കൊണ്ടുവന്നു.

മുസ്ലീം വിഭാഗക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം കിട്ടുന്ന 80:20 ശതമാനം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ലീം മന്ത്രിമാര്‍ക്ക് നല്‍കരുതെന്ന ആവശ്യം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തു. ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്‍ കേരളാ കോണ്‍ഗ്രസിനും കൊടുത്തു.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിനെ കൊണ്ട് തിരുത്തിച്ച് മുസ്ലിം സംഘടനകളും കരുത്ത് കാണിച്ചു. ഈ സംഘടനകൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയപ്പോൾ ആലപ്പുഴയിൽ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടിയെ സ്വാഗതം ചെയ്യാൻ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ തയ്യാറായില്ല. നിരോധനം കൊണ്ട് വലിയ കാര്യമില്ലെന്ന് എം.വി. ഗോവിന്ദനും വി.ഡി. സതീശനും പറയുന്നു. മുസ്ലിംലീഗില്‍ എം.കെ. മുനീര്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്തപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആ നിലപാടില്ല. പോപ്പുലര്‍ഫ്രണ്ടിന് പ്രവര്‍ത്തകരും വോട്ടും കുറവാണെങ്കിലും അവരുടെ ചെയ്തികളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം മുസ്ലീം സമുദായത്തിലുണ്ട്. ഇതാണ് രാഷ്ട്രീയക്കാര്‍ ഉരുണ്ട് കളിക്കാന്‍ കാരണം. -അഡ്വ.ജയശങ്കര്‍ പറഞ്ഞു.

യോഗനാദം വെബ് സൈറ്റ് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത്‌നാരായണന്‍ റിലീസ് ചെയ്യുന്നു
യോഗനാദം കുമാരനാശാൻ പതിപ്പിന്റെ പുറം ചട്ട മന്ത്രി ഡോ. സി.എന്‍. അശ്വത്‌നാരായണന്‍ റിലീസ് ചെയ്യുന്നു

Author

Scroll to top
Close
Browse Categories