ജാതി സെന്‍സസ് :
മുന്നിട്ടിറങ്ങി ബീഹാര്‍

പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ കഴിഞ്ഞ രണ്ടു മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ യാതൊരു ആധികാരിക സര്‍വ്വെ റിപ്പോര്‍ട്ടുകളും ഇന്നില്ല എന്നുളളതാണ് വസ്തുത. ഒരു പതിറ്റാണ്ട് മുമ്പെങ്കിലുമുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസുണ്ടാക്കിയാലേ അതിന്റെ അടിസ്ഥാനത്തില്‍ എങ്കിലും ആനുകൂല്യങ്ങളും സംവരണവും എല്ലാം നിശ്ചയിക്കാനും കഴിയുകയുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്ത് 1931 ലാണ് ഏറ്റവുമൊടുവില്‍ ജാതി സെന്‍സസ് എടുത്തിട്ടുള്ളത്. ജാതി സെന്‍സെസ് എടുത്തിട്ട് 9 പതിറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.

പിന്നാക്ക സംവരണത്തിനുവേണ്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രക്ഷോഭണങ്ങളും പ്രവര്‍ത്തനങ്ങളും നടന്നിട്ടുള്ള സംസ്ഥാനമാണ് ബീഹാര്‍. ജാതി സെന്‍സസിനായി അവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനായി ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തന്നെ സജീവമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവും തേജസ്വി യാദവും അദ്ദേഹത്തോടൊപ്പമുണ്ട്.

സെന്‍സസ് ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തോട് നിര്‍ദ്ദേശം തേടിയിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് പ്രതികരിച്ചത്. അതേ സമയം വിഷയത്തില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിലെ വിള്ളല്‍ തുറന്ന് കാട്ടുന്നതില്‍ നിതീഷ്‌കുമാര്‍ ഒരുക്കിയ കെണിയാണ് സര്‍വ്വകക്ഷിയോഗമെന്നും പരക്കെ സംസാരമുണ്ട്.

പ്രതിപക്ഷനേതാവ് തേജസ്വി യാദവുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വ്വകക്ഷിയോഗത്തിന് മുഖ്യമന്ത്രി തീരുമാനം എടുത്തത്. ഇതിനു പിന്നാലെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദിന്റെ വീട്ടില്‍ സി.ബി.ഐ റെയ് ഡ് നടത്തിയതും പുതിയ അഴിമതികേസ് കുത്തിപ്പൊക്കിയതും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ എതിര്‍പ്പിന്റെ ഫലമാണെന്നാണ് ആര്‍.ജെ.ഡി ആരോപിക്കുന്നത്.

ജാതി സെന്‍സസിന് ബി.ജെ.പി എതിരല്ലെന്നും, വിഷയം സംബന്ധിച്ച് ബീഹാര്‍ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തെ പാര്‍ട്ടി പിന്തുണച്ചിരുന്നു എന്നുമാണ് മുതിര്‍ന്ന നേതാവും മുന്‍ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാറിന്റെ വാദം.
2021 സെന്‍സസില്‍ പിന്നോക്ക ജാതി സെന്‍സസ് കണക്കാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബീഹാറിലെ ഒ.ബി.സി വിഭാഗക്കാര്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. ജനസംഖ്യയില്‍ ജാതി അനുപാതം മനസ്സിലാക്കിയാലേ വിവിധ ക്ഷേമപദ്ധതികള്‍ അര്‍ഹമായ ഗുണഭോക്താക്കളിലേക്ക് കൂടുതല്‍ കൃത്യമായി എത്തിക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടപ്പിലാ ക്കണമെന്നതില്‍ കേന്ദ്രനിലപാടിനെതിരെ ഉറച്ചു നില്‍ക്കും എന്നതായിരുന്നു നിതീഷ്‌കുമാറിന്റെ നിലപാട്. ജാതി സെന്‍സസിന് അനുകൂലമായി പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് എടുത്ത നിലപാടും ഇത്തരം ഒരു സമീപനം കൈക്കൊളളുന്നതിന് നിതീഷ്‌കുമാറിനെ നിര്‍ബന്ധിതനാക്കി. ജാതി സെന്‍സസിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ ങ്ങളിലേക്ക് ആര്‍.ജെ.ഡി നീങ്ങുമെന്ന് കണ്ടതോടെ തേജസ്വിയാദവുമായി ഒത്തുതീര്‍പ്പിന് നിതീഷ്‌കുമാര്‍ മുന്‍കൈയെടുക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജെ.ഡി.യുവും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ആര്‍.ജെ.ഡി വീണ്ടും രാഷ്ട്രീയ വിഷയമായി ജാതി സെന്‍സെസിനെ ഉയര്‍ത്തിയതോടെ നിതീഷും രംഗത്തിറങ്ങുകയായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ജാതികളും, അതിന്റെ പേരിലുള്ള അനീതികളും, അടിച്ചമര്‍ത്തലുകളും വിശദമായി പഠന വിഷയമാക്കേണ്ട ഒന്നാണ്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സമൂഹിക-സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലക്കാണ് നടക്കുന്നത്, ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. 2021 -ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് സോഷ്വോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസ് (എസ്.ഇ.സി.സി) എന്ന പേരില്‍ ഒരു സെന്‍സസ് നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ജാതി സംവരണം ഫലപ്രദമായി തുടരേണ്ടതായിട്ടുണ്ട്. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു തന്നെ ജാതി സെന്‍സസ് എടുക്കാന്‍ കഴിയും. ബീഹാര്‍ ഗവണ്‍മെന്റ് അതിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. പിന്നോക്ക ജനവിഭാഗങ്ങള്‍ കൂടുതലുള്ള കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ ജാതി സെന്‍സെസ് എടുക്കുന്ന കാര്യത്തില്‍ ഇനിയും അമാന്തിക്കരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ നിലയിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളും കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ട സമയമാണിത്.

ജാതി സംവരണം ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. സംവരണം ഉദ്യോഗ നിയമനത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മറ്റ് ആനുകൂല്യ വിതരണത്തിനും തികച്ചും സത്യസന്ധമായി നടക്കണമെങ്കില്‍ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചുള്ള ആധികാരികമായ രേഖകള്‍ ആവശ്യമാണ്. അതാണിപ്പോള്‍ നമ്മുടെ രാജ്യത്ത് ഇല്ലാതിരിക്കുന്നത്. ആധികാരികമായ ഈ വിഷയത്തിലെ ഒരു രേഖയുണ്ടാക്കി എടുക്കുന്നതിനാണ് ജാതി സെന്‍സസ് നടത്തണമെന്ന ശക്തമായ ജനകീയ ആവശ്യം ഉയരുന്നത്.

ഇന്ത്യയില്‍ മഹാഭൂരിപക്ഷവും പിന്നോക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളാണ്. രാജ്യത്തെ 75% ല്‍ അധികം വരുന്ന ഈ ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ആദ്യം പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണവും, തുടര്‍ന്ന് പിന്നോക്ക-ന്യൂനപക്ഷ സംവരണവുമെല്ലാം ഏര്‍പ്പെടുത്തിയത്. പട്ടികജാതി സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍പോലും ചില കേന്ദ്രങ്ങളില്‍ നിന്നും ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ തന്നെ ശക്തമായ എതിര്‍പ്പാണുണ്ടായതെന്ന വസ്തുത നമുക്ക് വിസ്മരിക്കാന്‍ കഴിയുകയില്ല.

പിന്നോക്ക-ന്യൂനപക്ഷ സമുദായക്കാര്‍ക്കും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ചില സമുദായക്കാര്‍ക്കും ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കപ്പെട്ടതിനെ ചൊല്ലി ചിലര്‍ ഭരണഘടനയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ.അംബേദ്ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ”എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പിന്നോക്ക-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടന നിര്‍മ്മാണ സഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വ്വം ആണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ഇത് ചെയ്തിരുന്നില്ലെങ്കില്‍ അന്തച്ഛിദ്രവും സംഘര്‍ഷങ്ങളും രാജ്യത്ത് ആദ്യമേ തന്നെ നാമ്പെടുക്കുമായിരുന്നു.”

പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ കഴിഞ്ഞ രണ്ടു മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ തയ്യാറാക്കിയ യാതൊരു ആധികാരിക സര്‍വ്വെ റിപ്പോര്‍ട്ടുകളും ഇന്നില്ല എന്നുളളതാണ് വസ്തുത. ഒരു പതിറ്റാണ്ട് മുമ്പെങ്കിലുമുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസുണ്ടാക്കിയാലേ അതിന്റെ അടിസ്ഥാനത്തില്‍ എങ്കിലും ആനുകൂല്യങ്ങളും സംവരണവും എല്ലാം നിശ്ചയിക്കാനും കഴിയുകയുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്ത് 1931 ലാണ് ഏറ്റവുമൊടുവില്‍ ജാതി സെന്‍സസ് എടുത്തിട്ടുള്ളത്. ജാതി സെന്‍സെസ് എടുത്തിട്ട് 9 പതിറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.

ലേഖകന്റെ ഫോണ്‍ നമ്പര്‍ : 9847132428

Author

Scroll to top
Close
Browse Categories