താളപ്പിഴ വിവാദങ്ങളില്‍ കുടുങ്ങി ഇളയരാജ
തമിഴകത്ത് ഇളയരാജയെ ചുറ്റിപ്പറ്റി അലയടിക്കുന്നത് വിവാദങ്ങളുടെ സംഗീതം. അടുത്തിടെ പ്രധാനമന്ത്രിയേയും അംബേദ് കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരുപുസ്തകത്തില്‍ എഴുതിയ ആമുഖത്തെതുടര്‍ന്നാണ് വിവാദത്തിന്റെ സംഗീതം മുഴങ്ങിതുടങ്ങിയത്. നരേന്ദ്രമോദിയെ ഇളയരാജ വാനോളം പുകഴ്‌ത്തിയത് ചില കാര്യങ്ങള്‍ നേടാനാണെന്ന് ദോഷൈകദൃക്കുകള്‍ ആക്ഷേപിച്ചു. പിന്നെ വാര്‍ത്തകള്‍ മാറി മാറി വന്നു. രാജ്യസഭാ സീറ്റിലേക്ക് ഇളയരാജയെ പരിഗണിക്കുന്നുവെന്നായിരുന്നു ആദ്യവാര്‍ത്ത. ഇതിനിടെ ഇളയരാജയ്ക്ക് ഭാരതരത്നം നല്‍കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, തെലുങ്കാന ഗവര്‍ണര്‍ തമിഴ് ഇസൈ സൗന്ദര്‍രാജന്‍ എന്നിവര്‍ പിന്തുണച്ചു.
കാര്യങ്ങള്‍ ഇങ്ങനെ നീങ്ങവെയാണ് സംഗീത ചക്രവര്‍ത്തിക്ക് കേന്ദ്രചരക്ക് സേവന നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് വരുന്നത്.വരുമാനത്തില്‍ നിന്നുള്ള നികുതിയായ 1.87 കോടിരൂപ ഉടന്‍ അടക്കണം .മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നോട്ടീസിലുണ്ട്. കഥയുടെ ക്ലൈമാക്സ് എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം.