പുള്ളിക്കാരൻ സ്റ്റാറാ..
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയവഴി കണ്ടെത്താന്‍ കോണ്‍ഗ്രസിനെ മിനുക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച ശേഷം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ബിഹാറില്‍ പദയാത്രയ്ക്കൊരുങ്ങുകയാണ്. ഗാന്ധിജി സത്യഗ്രഹ സമരത്തിന് തുടക്കമിട്ട ചാമ്പരനില്‍ നിന്ന് മൂവായിരം കിലോമീറ്റര്‍ കാല്‍നടയായി മുന്നേറാനാണ് ഈ തന്ത്രജ്ഞന്റെ ഉദ്ദേശ്യം. ഒക്ടോബര്‍ രണ്ടിന് പദയാത്ര തുടങ്ങും. 2011 ല്‍ 34-ാം വയസ്സില്‍ ബി.ജെ.പിക്ക് ഉപദേശം നല്‍കിക്കൊണ്ടാണ് പി.കെ. എന്ന പ്രശാന്ത്കിഷോര്‍ രംഗത്ത് വരുന്നത്.. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ വിജയം നേടി അധികാരത്തില്‍ വന്നു.
തിരഞ്ഞെടുപ്പ് പരീക്ഷ പാസാകാന്‍ പ്രശാന്ത്കിഷോറിന്റെ ഉപദേശം സ്വീകരിച്ച് ഉയര്‍ന്ന മാര്‍ക്കില്‍ പാസായി അധികാരം നേടിയവരില്‍ തീപ്പൊരി നേതാക്കളും മുഖ്യമന്ത്രിമാരുമായ അരവിന്ദ് കേജ്രിവാള്‍, മമതാ ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഡി, എം.കെ. സ്റ്റാലിന്‍ എന്നിവര്‍ ഉള്‍പ്പെടും. രാഷ്ട്രീയ നേതാക്കള്‍ക്ക് ‘ട്യൂഷന്‍’ എടുക്കുന്നത് നിര്‍ത്തി സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ തുടക്കമാണ് പദയാത്രയെന്ന് സൂചനയുണ്ട്. ജന്മനാടായ ബീഹാറില്‍ നിന്നായിരിക്കും ആ പരീക്ഷണം ആരംഭിക്കുക.