ലോകത്തെ അമ്പരപ്പിച്ച ചരിത്രമെഴുത്ത്

ഇന്ത്യാ വിഭജനത്തെ തുടർന്ന് നടന്ന കലാപവും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരകൃത്യങ്ങളും സിനിമാ തിരക്കഥ പോലെ ‘ഇന്ത്യയെ കണ്ടെത്ത’ലിൽ
ലാപിയറും കോളിൻസും ചേർന്ന് അവതരിപ്പിച്ചു
ഡൊമിനിക് ലാപിയര്‍ (1931-2022)

പത്രപ്രവര്‍ത്തകന്റെ കാഴ്ചപ്പാടോടെ ചരിത്രമെഴുതി ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു ഡോമിനിക് ലാപിയര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്തെ കലാപങ്ങളും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളും ഒരു ചരിത്രപുസ്തകം എന്നതിലേറെ ഒരു സിനിമാ തിരക്കഥ പോലെ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുസ്തകത്തില്‍ ലാപിയറും ലാറികോളിന്‍സും ചേര്‍ന്ന് അവതരിപ്പിച്ചു. കൊല്‍ക്കത്തയിലെ ചേരികളിലെ കണ്ണീരായിരുന്നു ‘സിറ്റി ഓഫ് ജോയി’യില്‍. ചരിത്രമെഴുതി ചരിത്രകാരനായി മാറിയ എഴുത്തുകാരാനായിരുന്നു ലാപിയർ.
ചെറിയ സംഭവങ്ങളും അപൂര്‍വമുഹൂര്‍ത്തങ്ങളും ഗവേഷകന്റെ മനസോടെ അവതരിപ്പിച്ചു. അതില്‍ രാഷ്ട്രീയം മാത്രമല്ല, ഭാഷ, വേഷം, മതം, നിറം അങ്ങനെ എല്ലാമെല്ലാം നിറഞ്ഞു നിന്നു.

മൂന്നു വര്‍ഷത്തെ വിപുലമായ ഗവേഷണം വേണ്ടി വന്നു ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രി’യില്‍ എഴുതാന്‍ ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ ആസ്പദമാക്കിയ ‘ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇന്‍ ഭോപ്പാല്‍’ എന്ന പുസ്തകങ്ങള്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന രചനകളാണ് .ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ലാപിയര്‍.
ജനനം ഫ്രാന്‍സിലെ നതോലയില്‍.പിതാവ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ബാല്യവും കൗമാരവും. യാത്രകളോടും എഴുത്തിനോടും അങ്ങനെ പ്രിയമായി.
ലാപിയർ കണ്ടെത്തിയ ജിന്ന
ഇന്ത്യ-പാക് വിഭജനത്തിന്റെ നായകൻ മുഹമ്മദലി ജിന്നയെകുറിച്ച് ലാപിയർ എഴുതി:
ജിന്നയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവുണ്ടായത് 1937ലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ്. ഗണ്യമായ മുസ്ലീം ന്യനപക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുസ്ലീം ലീഗിനെയും അധികാരത്തില്‍ പങ്കാളികളാക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. വലിയ പൊങ്ങച്ചക്കാരനായ ജിന്ന കോണ്‍ഗ്രസിന്റെ നടപടി വ്യക്തിപരമായ നിന്ദയായാണ് എടുത്തത്. ഹിന്ദു- മുസ്ലീം ഐക്യത്തിന്റെ മുന്‍ പ്രവാചകന്‍ കഷ്ടിച്ച് നാലുകൊല്ലം മുമ്പ് മാത്രം ‘അസാധ്യമായ സ്വപ്‌നം’ എന്നു താന്‍ മുദ്ര കുത്തിയിരുന്ന പാകിസ്ഥാന്‍ സിദ്ധാന്തത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത അഭിഭാഷകനായി മാറി.
ഇന്ത്യയിലെ ജനസാമാന്യത്തിന് ഇത്രയും അനുയോജ്യനല്ലാത്ത മറ്റൊരു നേതാവിനെപ്പറ്റി ചിന്തിക്കാന്‍ പോലും വിഷമമാണ്. മുഹമ്മദലി ജിന്നയെ സംബന്ധിച്ചിടത്തോളം മുസ്ലീമായി ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മതം. അദ്ദേഹം മദ്യപിച്ചിരുന്നു; പന്നിയിറച്ചി തിന്നിരുന്നു; മതപരമെന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ത്തന്നെ നിത്യവും രാവിലെ താടി വടിച്ചിരുന്നു; മതപരമായ വാശിയോടു കൂടിത്തന്നെ വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു. ജിന്നയുടെ ലോകവീക്ഷണത്തില്‍ ദൈവത്തിനും ഖുറാനും സ്ഥാനമേ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുവായ ഗാന്ധിക്ക്, മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വാക്യങ്ങള്‍ അദ്ദേഹത്തേക്കാള്‍ കൂടുതലായി അറിയാമായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും കൂറു സമ്പാദിക്കുകയെന്ന അസാധാരണമായ നേട്ടം കൈവരിച്ചത് അവരുടെ പരമ്പരാഗത ഭാഷയായ ഉര്‍ദുവില്‍ ഏതാനും വാചകങ്ങളിലപ്പുറം സംസാരിക്കാന്‍ പോലും കഴിവില്ലാതെയാണ്.
ജിന്നയെ കുറിച്ച് മനോഹരമായ ചിത്രം അക്ഷരങ്ങളിൽ വരച്ചിട്ടിരിക്കുന്നു ‘ഇന്ത്യയെ കണ്ടെത്തലിൽ.
ഗാന്ധിജിയുടെ വിയോഗത്തെക്കുറിച്ച് പുസ്തകത്തില്‍ ഇങ്ങനെ..
1948 ഫെബ്രുവരി 13ന് അലഹബാദിലെ ത്രിവേണി സംഗമത്തില്‍, ഒരാള്‍ ഒരു വെള്ളിക്കുടത്തിലെ ചിതാഭസ്മം ഒഴുക്കി. ഇന്ത്യയിലെ കോടാനുകോടി മനുഷ്യരുടെ സുഖങ്ങളും യാതനകളും തന്റേതാക്കി മാറ്റിയ അവരുടെ വിമോചകന്റെ – മഹാത്മാഗാന്ധിയുടെ ചിതാഭസ്മമായിരുന്നു അത്.
18-ാം വയസ്സില്‍ യു.എസില്‍ ഇക്കണോമിക്‌സ് പഠിക്കുന്ന കാലത്ത് തന്നെ പത്രപ്രവര്‍ത്തനം തുടങ്ങി. 1954ല്‍ ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ടറായ ലാറികോളിന്‍സിനെ കണ്ടുമുട്ടിയത്. ലോകം അറിയുന്ന ഒരു കൂട്ടുകെട്ടായി അത് മാറി. അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനവും ചരിത്രഗവേഷണവും ഒന്നിച്ച ഈ കൂട്ടുകെട്ടില്‍ വായനയിലെ ഹിറ്റുകള്‍ പിറന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അതിലൊന്നു മാത്രം. കോളിന്‍സ് 2005ല്‍ അന്തരിച്ചു. ഇന്‍ പാരീസ് ബേണിംഗ്, 1966ലും സിറ്റി ഓഫ് ജോയ് 1992ലും സിനിമയായി. 2007ല്‍ കേരളം കാണാന്‍ ലാപിയര്‍ വന്നിരുന്നു.2008 ൽപത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ഒരുപാട് കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദേശിയരായ രണ്ടുപേര്‍ ചേര്‍ന്ന് രചിച്ച ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ പുസ്തകത്തിന് ലഭിച്ച പ്രചാരം മറ്റൊന്നിനും ലഭിച്ചില്ല.
ലൂയി മൗണ്ട് ബാറ്റ് മുതല്‍ ഗാന്ധി വധക്കേസിലെ പ്രതികള്‍ വരെ നൂറുകണക്കിനാളുകളുമായി ലാപിയറും കോളിന്‍സും നേരിട്ട് സംസാരിച്ചു. ഒട്ടേറെ രേഖകള്‍ പരിശോധിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചു. ഇന്ത്യാ വിഭജനകാലഘട്ടത്തെക്കുറിച്ച് എഴുതിയ ഗ്രന്ഥങ്ങളും ഡയറിക്കുറിപ്പുകളും പത്രറിപ്പോര്‍ട്ടുകളും തേടിപ്പിടിച്ച് പഠിച്ചു.
മഹാത്മാഗാന്ധി, ലൂയി മൗണ്ട് ബാറ്റന്‍ ,ആറ്റ്‌ലി, ചര്‍ച്ചില്‍, എഡ്വിന, മൗണ്ട്ബാറ്റണ്‍, നെഹ്‌റു, പട്ടേല്‍, ജിന്ന, വി.പി മേനോന്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ വേറിട്ട രീതിയില്‍ അവതരിപ്പിച്ചു.
ചോരപ്പുഴയൊഴുകിയ വിഭജന നാളുകൾ

ഇന്ത്യാവിഭജനത്തെ തുടർന്ന് നടന്ന കലാപവും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരകൃത്യങ്ങളും അറിഞ്ഞ് ലോകം ഞെട്ടിയത് ലാപിയറുടേയും കോളിൻസിന്റെയും ‘ഇന്ത്യയെ കണ്ടെത്തൽ വായിച്ചാണ്. ആ കാലഘട്ടത്തെ വിവരിക്കുന്ന അദ്ധ്യായങ്ങളിൽ നിന്ന് ഏതാനും ഭാഗങ്ങൾ:
മോണ്ട് ഗോമറി ബസാറിലെ ചായക്കച്ചവടക്കാരനായ നിരഞ്ജന്‍ സിംഗ് എന്ന സിക്കുകാരന്‍ പതിനഞ്ചു കൊല്ലമായി നിത്യേന ഒരു പാത്രം ആസാം ചായ നല്‍കിപ്പോന്ന ഒരു മുസ്ലീം തുകല്‍പ്പണിക്കാരന്‍ ആ ആഗസ്റ്റ് മാസത്തിലെ ഒരു പ്രഭാതത്തില്‍ ചായക്കടയിലക്ക് ഓടിച്ചെന്നു. സിംഗ് തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്, തന്റെ ആ സ്ഥിരം പറ്റുവരവുകാരന്‍ വെറുപ്പുകൊണ്ടു വികൃതമായ മുഖത്തോടെ തന്നെ ചൂണ്ടി ‘കൊല്ലവനെ, കൊല്ലവനെ’ എന്നാക്രോശിക്കുന്നതാണ്.
മുസ്ലീങ്ങളായ ഒരു ഡസനോളം തെരുവുപോക്കിരികള്‍ ഇടവഴിയില്‍ നിന്ന് ഓടിയെത്തി സിംഗിന്റെ കാല്‍ ഒരുവാള്‍ കൊണ്ട് മുട്ടിന്മേല്‍ വച്ച് വെട്ടിമാറ്റി. ഒരു നിമിഷത്തിനകം അയാളുടെ തൊണ്ണൂറു തികഞ്ഞ പിതാവിനെയും ഏകപുത്രനേയും അവര്‍ കൊന്നു കഴിഞ്ഞു. സ്വബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ, അയാള്‍ അവസാനമായി കണ്ട കാഴ്ച, പേടിച്ച് അലമുറയിടുന്ന തന്റെ പതിനെട്ടുകാരിയായ പുത്രിയെ താന്‍ പതിനഞ്ചു വര്‍ഷം ചായ നല്‍കിപ്പോന്ന മനുഷ്യന്‍ തോളിലേറ്റി കൊണ്ടുപോകുന്നതാണ്.
രക്തം മഴപോലെ
ചില ജില്ലകളില്‍ ഒരൊറ്റ ഗ്രാമം പോലും ആക്രമിക്കപ്പെടാതെ ഉണ്ടായിരുന്നില്ല. ഒരൊറ്റ അങ്ങാടി പോലും അവശേഷിച്ചില്ല. എങ്ങും ന്യൂനപക്ഷ സമുദായം ഭയാശങ്കകളുടെ പിടിയിലമര്‍ന്നു. ‘നഗരത്തിലെ ആനന്ദമത്തരായ മുസ്ലിങ്ങള്‍ നൃത്തം ചെയ്തും പാട്ടുപാടിയും കൊടികള്‍ വീശിയും തങ്ങളുടെ ഏറ്റവും പുതിയ മുദ്രാവാക്യം ആവര്‍ത്തിച്ചു.. ‘ഹസ് കെലിയെ, പാകിസ്ഥാന്‍, ലഡ്‌കെ ലേംഗെ ഹിന്ദുസ്ഥാന്‍- ചിരിച്ചുകൊണ്ടു ഞങ്ങള്‍ പാകിസ്ഥാന്‍ നേടി; പടവെട്ടിക്കൊണ്ട് ഇന്ത്യയെയും നേടും’

ലാഹോറിനു വടക്കുള്ള ഒരു കച്ചവട കേന്ദ്രമായ ഷെയ്ക്ക്പുരത്തെ മുഴുവന്‍ ഹിന്ദു-സിക്ക് സമുദായക്കാരെയും ഒരു പടുകൂറ്റന്‍ ഗോഡൗണില്‍ ആട്ടിത്തെളിച്ചു കൊണ്ടുചെന്നാക്കി. ആ പട്ടണത്തിലെ ബാങ്ക്, കടം കൊടുത്തതിന് പലിശയായിക്കിട്ടുന്ന ധാന്യങ്ങള്‍ സംഭരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ആ വലിയ ഗോഡൗണ്‍. അതിനകത്തു കുടുങ്ങിപ്പോയ നിസ്സഹായരായ ഹിന്ദുക്കളെ മുസ്ലീം പോലീസുകാരും പട്ടാളത്തില്‍ നിന്ന് ഒഴിഞ്ഞു പോന്നവരും യന്ത്രത്തോക്കു കൊണ്ടു വെടിവെച്ചു വീഴ്ത്തി. ഒറ്റയാളും അവശേഷിച്ചില്ല. ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ പട്ടാളത്തില്‍ തുടര്‍ന്നു സേവനമനുഷ്ടിക്കാന്‍ ഇവിടെത്തന്നെ നിന്ന ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ചുണ്ടുകളില്‍ നിന്ന് ആവര്‍ത്തിച്ചു കേട്ട പല്ലവി ഇതായിരുന്നു: ‘ഞങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കണ്ട എന്തിനെക്കാളും എത്രയോ ചീത്തായിയിരുന്നു അത്’
ന്യൂയോര്‍ക്ക് ടൈംസിന്റെ പഴക്കം ചെന്ന ലേഖകന്മാരില്‍ ഒരാളായ റോബര്‍ട്ട് ട്രംബുള്‍ എഴുതി: ‘തരാവയിലെ കടപ്പുറത്ത് കുന്നുകൂടിക്കിടന്ന മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ പോലും ഞാന്‍ഇതുപോലെ തളര്‍ന്നിട്ടില്ല. ഇന്ത്യയില്‍ മഴ ചെയ്യുന്നതിനെക്കാള്‍ എളുപ്പത്തിലാണ് രക്തം ഒഴുകുന്നത്. നൂറുകണക്കിനു മൃതദേഹങ്ങളും അതിലും എത്രയോ ഭയാനകമാംവിധം കണ്ണോ കാലോ ഇല്ലാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ ശരീരങ്ങളും ഞാന്‍ കണ്ടുകഴിഞ്ഞു. വെടിയേറ്റുള്ള മരണം ദയാപൂര്‍ണവും അസാധാരണവുമാണിവിടെ. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പതിവായി ഗദകൊണ്ടടിച്ചോ കല്ലുകൊണ്ടെറിഞ്ഞോ ചതച്ച് ചാവാന്‍ വിടുന്നു; അവരുടെ മരണവേദന, കഠിനമായ ചൂടും അവരെ പൊതിയുന്ന ഈച്ചകളും വര്‍ദ്ധിക്കുന്നു.
നാട്ടുരാജാക്കൻമാർ,വികൃത മനസുകൾ
ഹൈദരാബാദിലെ നൈസാം ഛായാഗ്രഹണത്തിലും അശ്ലീല ചിത്രങ്ങളിലുമായി തന്റെ അഭിനിവേശങ്ങളെ കൂട്ടിയിണക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിപുലമായ അശ്ലീല ഛായാചിത്രശേഖരം അദ്ദേഹത്തിന്റെയായിരുന്നു എന്നു കരുതപ്പെടുന്നു. അവ ശേഖരിക്കുന്നതിന് കിഴവന്‍ നൈസാം തന്റെ അതിഥിമന്ദിരങ്ങളുടെ ഭിത്തികളിലും മേല്‍ത്തട്ടിലും സ്വയം പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഒളിപ്പിച്ചുവെക്കുമായിരുന്നു. അവിടെ നടക്കുന്നതെല്ലാം അവ രേഖപ്പെടുത്തിപ്പോന്നു. കൊട്ടാരത്തില്‍ അതിഥികള്‍ക്കായുള്ള കുളിമുറിയിലെ കണ്ണാടിക്കു പിന്നില്‍ പോലും ഒരു ക്യാമറ അദ്ദേഹം സ്ഥാപിച്ചിരുന്നു. ക്യാമറയുടെ കൊയ്ത്ത്! ഇന്ത്യയിലെ മഹാന്മാരും അവരോടടുത്ത സ്ഥാനമുള്ളവരും നൈസാമിന്റെ കക്കൂസിലിരുന്നു വിസര്‍ജനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഛായാചിത്ര ശേഖരത്തില്‍ മാന്യസ്ഥാനമുണ്ടായിരുന്നു.
ഒളികാമറ ഹരമാക്കിയ നൈസാം
കുട്ടികളെ ഇരയാക്കി
വേട്ടനടത്തിയ മഹാരാജാവ്
രാജസ്ഥാന്‍ അതിര്‍ത്തികളില്‍ എട്ടു ലക്ഷം ജനങ്ങളുള്ള രാജ്യമായിരുന്നു ആള്‍വാര്‍. തന്റെ ചെയ്തികളിലെല്ലാം സഹിഷ്ണുത പ്രകടിപ്പിക്കാന്‍ പാകത്തില്‍ വൈസ്രോയിമാരെയെല്ലാം വശീകരിക്കാന്‍ ആള്‍വാര്‍ മഹാരാജാവിനു കഴിഞ്ഞിരുന്നു. താന്‍ ശ്രീരാമന്റെ അവതാരമാണെന്ന് അദ്ദേഹം എങ്ങനെയോ വിശ്വസിച്ചു. തന്മൂലം ദൈവികങ്ങളായ തന്റെ വിരലുകള്‍ കേവലം മനുഷ്യമാംസത്തില്‍ തൊട്ടു മലിനപ്പെടാതിരിക്കാന്‍ അദ്ദേഹം കറുത്ത കൈയുറകള്‍ എപ്പോഴും ധരിച്ചു പോന്നു. ഇംഗ്ലണ്ടിലെ രാജാവിനു ഹസ്തദാനം ചെയ്യാന്‍ വേണ്ടിപ്പോലും അത് ഊരിവെക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ശ്രീരാമന്റെ തലപ്പാവിന്റെ കൃത്യമായ ആകൃതി നിര്‍ണയിക്കാന്‍ അദ്ദേഹം പല ഹിന്ദുമതപണ്ഡിതന്മാരെയും ഏര്‍പ്പെടുത്തി. എന്തിനെന്നാല്‍, അതിന്റെ ശരിയായ ഒരു പകര്‍പ്പു തനിക്കുവേണ്ടി നിര്‍മ്മിക്കാന്‍.
അധികാരം പ്രയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കുന്ന ആളായിരുന്നില്ല ആള്‍വാര്‍ മഹാരാജാവ്. നായാട്ടുകളില്‍ കടുവകള്‍ക്കുള്ള ഇരകളായി കുട്ടികളെ ഉപയോഗിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു. ഏതെങ്കിലും കുടിലില്‍ നിന്ന് കുട്ടികളെ പൊക്കിയെടുക്കുമ്പോള്‍, ആ കുട്ടികളെ കടുവാ പിടിക്കുന്നതിന് മുമ്പ് കടുവയെ താന്‍ വെടിവെച്ചു വീഴ്ത്തുമെന്ന് പേടിച്ചരണ്ടു നില്‍ക്കുന്ന അച്ഛനമ്മമാര്‍ക്ക് അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു.
അവർ എത്തും മുമ്പെ
സ്വയം മരണം വരിച്ചു
സിയാല്‍ക്കോട്ടിനടുത്ത ഒരു ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ മറ്റെന്തിനെക്കാളുമേറെ വെറുത്തിരുന്ന ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് സിക്കുകാരനായ സര്‍ദാര്‍ പ്രേംസിങ്. അയാള്‍ ഒരു പണമിടപാടുകാരനായിരുന്നു. ‘ഞാന്‍ ഒരു സമ്പന്ന കുടുംബത്തില്‍പ്പെട്ടവനായിരു ന്നു ‘ പ്രേംസിങ് പറഞ്ഞു: ‘എനിക്കു രണ്ടുനിലയും മുമ്പില്‍ കരുത്തുള്ള ഇരുമ്പു ഗേറ്റുകളുമുള്ള ഒരു വലിയ വീടാണുണ്ടായിരുന്നത്. ആ ഗ്രാമത്തില്‍ വെച്ച് ഏറ്റവും പണക്കാരന്‍ ഞാനാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. പല മുസ്ലീങ്ങളും തങ്ങളുടെ ആഭരണങ്ങള്‍ എന്റെ അടുക്കല്‍ പണയം വെച്ചു. ഒരു ഇരുമ്പു സേഫിലാണു ഞാന്‍ അതെല്ലാം സൂക്ഷിച്ചു പോന്നത്. ആ ഗ്രാമത്തിലെ മിക്കവാറും എല്ലാ മുസ്ലീങ്ങളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തങ്ങളുടെ ആഭരണങ്ങള്‍ എന്റെ അടുക്കല്‍ പണപ്പെടുത്തിയവരായിരുന്നു.
സ്വാതന്ത്ര്യം കിട്ടിയതിനു തൊട്ടടുത്ത ഒരു പ്രഭാതത്തില്‍ അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടം ഗദകളും ഇരുമ്പുവടികളും കത്തികളുമൊക്കെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്റെ വീടിനുനേരെ വരുന്നത് പ്രേംസിങ് കണ്ടു. ആ ജനക്കൂട്ടത്തിലെ മിക്കവാറും എല്ലാ പുരുഷന്മാരെയും അയാള്‍ തിരിച്ചറിഞ്ഞു. ഒരവസരത്തിലല്ലെങ്കില്‍ മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ ഇടപാടുകാരായവരായിരുന്നു അവരൊക്കെത്തന്നെ. ‘സേഫ്, സേഫ്’ എന്ന് അവര്‍ ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു.
ലോക ശ്രദ്ധ നേടിയ രചനകള്‍
ലോക ശ്രദ്ധ നേടിയ രചനകള്‍
ലാറികോളിന്‍സുമായുള്ള
കൂട്ടുകെട്ടില്‍പിറന്ന രചനകള്‍.
●ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975)
●ഓ ജറുസലേം (1972)
●ഈസ് പാരീസ് ബേണിംഗ് (1965)
●ദ ഫിഫ്ത് ഹോഴ്‌സ് മാന്‍ (1980)
●ഈസ് ന്യൂയോര്‍ക്ക് ബേണിംഗ് (2005)
●ഓര്‍ ഐ വില്‍ ഡ്രസ് യു ഇന്‍ മോണിംഗ് (1968)
മറ്റുപ്രധാനകൃതികള്‍
●ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇന്‍ ഭോപ്പാല്‍ (2005)
(സ്പാനിഷ് എഴുത്തുകാരന്‍ ഹവിയര്‍ മോറോയുമായി ചേര്‍ന്ന് രചിച്ചത്)
●എ ഡോളര്‍ ഫോർ തൗസന്‍ഡ് ഇയേഴ്‌സ് (1949) ആദ്യപുസ്തകം
●സിറ്റി ഓഫ് ജോയി (1985)
‘നല്ല കൊയ്ത്തു നടത്താമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രേംസിങ്ങിനു മനസ്സിലായി. അയാളുടെ സേഫില്‍, പക്ഷേ, മുസ്ലീങ്ങളുടെ ആഭരണങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്. രണ്ടുകുഴലുള്ള ഒരു തോക്കും 25 ഉണ്ടകളും അതിനകത്തു വെച്ചുപൂട്ടിയിരുന്നു. സിങ് സേഫ് തുറന്നു തോക്കു വലിച്ചെടുത്തു. രണ്ടാം നിലയിലേക്കു കുതിച്ചു. തന്റെ ഗേറ്റു തകര്‍ക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നു കുടുംബത്തെ രക്ഷിക്കാനായി ഒരു മണിക്കൂര്‍ നേരം അയാള്‍ ഒരു ജനലില്‍ നിന്നു മറ്റൊന്നിലേക്ക് ഓടിക്കൊണ്ടിരുന്നു. അയാള്‍ അങ്ങനെ ചെയ്തുകൊണ്ടിരിക്കെ , താഴത്തെ നിലയില്‍ ബീഭത്സമായ ഒരു സംഭവം നടക്കുകയായിരുന്നു. മുസ്ലീം ജനക്കൂട്ടം വീട്ടിലേക്കു തള്ളിക്കയറുമെന്നു തീര്‍ച്ചയായപ്പോള്‍ പ്രേംസിങിന്റെ ഭാര്യ അയാളുടെ ഓഫീസ് മുറിയിലേക്കു തങ്ങളുടെ ആറു പെണ്‍മക്കളേയും വിളിച്ചുവരുത്തി. ഒരു വലിയ വീപ്പ മണ്ണെണ്ണ കൊണ്ടുവന്നു അവള്‍ അതു സ്വന്തം ദേഹത്തിലൊഴിച്ച് സിക്കു ഗുരുവായ നാനാക്കിന്റെ കരുണയ്ക്കായി യാചിച്ചുകൊണ്ടും തന്റെ മാതൃക പിന്തുടരാന്‍ മക്കളോട് അഭ്യര്‍ത്ഥിച്ചു കൊണ്ടും സ്വന്തം ശരീരത്തിനു തീ കൊളുത്തി.
മേലെ നിലയില്‍ അപ്പോഴും രണ്ടും കല്പിച്ച് പടവെട്ടിക്കൊണ്ടിരുന്ന അവളുടെ ഭര്‍ത്താവിനെ താഴെ നിന്നുയര്‍ന്ന മനംപുരട്ടലുണ്ടാക്കുന്ന ഗന്ധം അമ്പരപ്പിച്ചു. അവസാനം, അയാളുടെ കൈയില്‍ അഞ്ച് വെടിയുണ്ട മാത്രം അവശേഷിക്കവെ, മുസ്ലീം ജനക്കൂട്ടം പിന്തിരിഞ്ഞു. ക്ഷീണിതനായ സിങ് താഴേക്കു വലിഞ്ഞിറങ്ങി. അവിടെ സംഭീതനായ ആ പണമിടപാടുകാരന്‍ തന്നെ അലട്ടിയ ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടെത്തി. അയാളുടെ തുറന്നു കിടന്ന സെയ് ഫിനു മുന്നില്‍ അയാളുടെ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും വെന്തുകരിഞ്ഞ മൃതദേഹങ്ങള്‍ കിടന്നിരുന്നു. മുസ്ലീങ്ങളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിലും ഭേദം സ്വയം ആത്മാഹുതി ചെയ്യുകയാണെന്നു തീരുമാനിച്ചതായിരുന്നു അവര്‍.