അയിത്തമോ അതെന്താണ്?
”സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവരാണ് ബ്രാഹ്മണന് എന്നാണ് പറയുക. അവര്‍ പൂജയും യാഗങ്ങളും നടത്തുന്നു. ബ്രഹ്മാവിന്റെ കൈയില്‍നിന്നുണ്ടായ ക്ഷത്രിയ ജാതിക്കാര്‍ രാജ്യം ഭരിക്കുന്നു. വയറ്റില്‍ നിന്നുണ്ടായ വൈശ്യര്‍ കൃഷിയും കച്ചവടവും നടത്തുന്നു. പാദത്തില്‍ നിന്നുണ്ടായ ശൂദ്രര്‍ എല്ലാവര്ക്കും വേണ്ടി വേലചെയ്യുന്നു.”
എത്ര ആലോചിച്ചിട്ടും ഒരു വ്യത്യാസവും കണ്ടുപിടിക്കാനാവുന്നില്ല. തേവനും പാക്കനും കാളിയും കളിക്കൂട്ടുകാരാണ്. പാടത്തിനക്കരെ തോട്ടുവക്കിലാണ് അവരുടെയെല്ലാം കുടില്‍. കണ്ടിട്ടുണ്ട്. അവിടെ പോയിട്ടുമുണ്ട്.
ഒരുദിവസം അവിടെ പോയകാര്യം വീട്ടില്‍ പറഞ്ഞപ്പോഴാണ് എല്ലാവരും കൂടി വിലക്കിയത്.
”ഇനി അവിടെ പോകരുത്.”
അമ്മാവന് വെറ്റില മുറുക്കുന്നതിനിടയില്‍ ഉപദേശിച്ചു.
”അവരുമായി കൂട്ടുകൂടരുത്. ഒക്കെ അയിത്ത ജാതികളാണ്.”
”അയിത്തം എന്നു പറഞ്ഞാലെന്താണ്?”
കൗതുകത്തോടെ കൊച്ചുനാണു ചോദിച്ചു.
”അത് ജാതിഭേദം കൊണ്ടുണ്ടാവുന്നതാണ്. പരസ്പരം തൊട്ടു തീണ്ടിക്കൂടാ..”
കൃഷ്ണന് വൈദ്യര് പറഞ്ഞു.
”നമ്മള് ഈഴവരാണ്. പൊലജാതിക്കാരെ തൊട്ടാല്‍ കുളിച്ചേ അകത്തു കയറാന്‍ പാടുള്ളൂ.”
”അപ്പോള്‍ അവര്‍ നമ്മെ തൊട്ടാലോ?”
കൊച്ചു മരുമകന് സംശയം കൂടുതലാണ്. വൈദ്യര്‍ക്ക് തോന്നി. ഏതു കാര്യത്തിന്റെയും വേരുംപടലും അറിഞ്ഞേ പറ്റു. അല്പം ഉറക്കെ പറഞ്ഞു.
”അയിത്തജാതിക്കാരെ നാം തീണ്ടിയാലും അവര്‍ നമ്മെ തീണ്ടിയാലും അശുദ്ധിയായി. ആ അശുദ്ധി മാറണമെങ്കില്‍ കുളത്തില്‍ മുങ്ങിക്കുളിക്കണം.”
എന്നിട്ടും കാര്യം മനസ്സിലായില്ല.
”അപ്പോള്‍ തീണ്ടല് എന്നുപറയുന്നതും അയിത്തം എന്നുപറയുന്നതും ഒന്നല്ലേ?”
കൊച്ചു നാണുവിന്റെ സംശയം തീരുന്നില്ല.
”അയിത്തം എന്നു പറഞ്ഞാല്‍ അശുദ്ധി. തൊട്ടാലും തീണ്ടിയാലും അയിത്തമാകും. തീണ്ടുക എന്നാല്‍ അടുത്തുവരിക. ഓരോ ജാതിക്കാര്‍ക്കും അടുത്തു നില്‍ക്കാനുള്ള അകലം കല്പിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണനില്‍നിന്ന് പുലയന് അറുപത്തിനാല് അടി മാറിനില്‍ക്കണം. ഈഴവന് പന്ത്രണ്ടടി ദൂരെ നില്‍ക്കണം. നായര്‍ നാലടി അകലെ നിന്നാല്‍ മതി. രാജാവ് ക്ഷത്രിയ ജാതിക്കാരനാണ്. അവര്‍ക്ക് രണ്ടടി അകലം പാലിച്ചാല്‍ മതി. ഇതിനെ ‘തീണ്ടാപ്പാട് അകലം’ എന്നുപറയുന്നു.
കൃഷ്ണന് വൈദ്യര് വിശദീകരണം കഴിഞ്ഞ് മരുമകന്റെ മുഖത്തുനോക്കി ചോദിച്ചു.
”മനസ്സിലായോ?”
”ഇല്ല.”
മരുമകന്റെ ഉത്തരം കേട്ട് കൃഷ്ണന് വൈദ്യര് ഒരു നിമിഷം ശങ്കിച്ചു. എന്നിട്ടു പതുക്കെ പറഞ്ഞു.
”സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവരാണ് ബ്രാഹ്മണന് എന്നാണ് പറയുക. അവര്‍ പൂജയും യാഗങ്ങളും നടത്തുന്നു. ബ്രഹ്മാവിന്റെ കൈയില്‍നിന്നുണ്ടായ ക്ഷത്രിയ ജാതിക്കാര്‍ രാജ്യം ഭരിക്കുന്നു. വയറ്റില്‍ നിന്നുണ്ടായ വൈശ്യര്‍ കൃഷിയും കച്ചവടവും നടത്തുന്നു. പാദത്തില്‍ നിന്നുണ്ടായ ശൂദ്രര്‍ എല്ലാവര്ക്കും വേണ്ടി വേലചെയ്യുന്നു.”
കുറച്ചു സംസ്കൃതമൊക്കെ അറിയാവുന്ന കൃഷ്ണന് വൈദ്യര് ഋഗ്വേദത്തിലെ പുരുഷസൂക്തവും ഭഗവദ്ഗീതയിലെ ശ്ലോകവും ഓര്‍ത്തു. രണ്ടിലും വര്‍ണ്ണങ്ങളുടെ ഉത്ഭവത്തെപ്പറ്റി പറയുന്നുണ്ട്. വായിക്കാറാകുമ്പോള് അതൊക്കെ പഠിക്കട്ടെ.
കൃഷ്ണന് വൈദ്യരുടെ വിശദീകരണം കേട്ടുകൊണ്ടിരുന്ന മാടനാശാന് ചോദിച്ചു.
”ലോകത്തില്‍ രണ്ടു വിഭാഗം ആളുകളേയുള്ളു എന്നാണല്ലോ പറയുക! സവര്‍ണ്ണനും അവര്‍ണ്ണനും. സവര്‍ണ്ണരാണ് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും. മറ്റെല്ലാവരും അവര്‍ണ്ണര്‍. നാം ഈഴവരും തീയ്യരും നാടാരും, പുലയനും പറയനും തുടങ്ങിയ ജാതിക്കാരൊക്കെ ബ്രഹ്മാവിന്റെ സൃഷ്ടി തന്നെയാണോ?”
വയല്‍വാരം വീടിന്റെ ഉമ്മറത്തിരുന്ന് മാടനാശാനും കൃഷ്ണന്‍വൈദ്യരും തമ്മില്‍ ജാതിക്കാര്യം പറയുന്നതു കേട്ടപ്പോള്‍ അകത്തിരുന്ന സ്ത്രീകളൊക്കെ വാതിലിന്നടുത്തു വന്നു അതു ശ്രദ്ധിച്ചു.
അച്ഛനും അമ്മാവനും പറയുന്നതൊക്കെ വലിയ വലിയ കാര്യങ്ങളാണെങ്കിലും അത് ശരിയാണെന്നു തോന്നുന്നില്ല.
കണ്ണുകൊണ്ട് കാണാനോ കൈകൊണ്ട് തൊട്ടറിയാനോ കഴിയാ ത്ത ജാതി എന്തൊരു കാര്യമാണ്. മനുഷ്യനും മൃഗവും രണ്ടു ജാതി. മനുഷ്യന് രണ്ടു കാലില്‍ നടക്കുന്നു. മൃഗം നാലു കാലില്‍ നടക്കുന്നു. മൃഗങ്ങളില്ത്തന്നെ പശു, ആട്, എരുമ, നായ, പൂച്ച, നരി, സിംഹം ഇങ്ങനെ എത്രയോ തരങ്ങള്‍. അവയെ കണ്ടാലറിയാം രൂപത്തില്‍ വ്യത്യാസമുണ്ട്.
മനുഷ്യരില്‍ രണ്ടു ജാതി. ആണും പെണ്ണും. കണ്ടാല്‍ ആണുങ്ങളെല്ലാം ഒരുപോലെ, പെണ്ണുങ്ങളെല്ലാം ഒരുപോലെ.
ജാതി, അയിത്തം, തീണ്ടല്, തൊടീല് എല്ലാം വെറും മഠയത്തരം തന്നെ.
പിറ്റെന്നു രാവിലെ. വയല്ക്കരയില് കളിച്ചുകൊണ്ടിരുന്ന തേവന്റെയും പാക്കന്റെയും കാളിയുടെയും കൂട്ടത്തില്‍ ചെന്നു അവരോടൊപ്പം ചേര്‍ന്നു കളിച്ചു. പറയക്കുടിലിലെ നാലഞ്ചു കൂട്ടുകാരുമെത്തി. എല്ലാവരുമായി തൊട്ടും പിടിച്ചും വലിച്ചും ഓടിയും ചാടിയും കളിച്ചു.
നല്ല രസം. ഉച്ചയാവോളം കളി തുടര്‍ന്നു. ഭക്ഷണത്തിനു വീട്ടിലെത്തിയപ്പോഴാണ് അമ്മാവന് ഇന്നലെ പറഞ്ഞ കാര്യം ഓര്‍ത്തത്.
അയിത്ത ജാതിക്കാരെ തൊട്ടാല്‍ കുളിക്കണം. ഇല്ല കുളിക്കുന്നില്ല. അവരോടൊപ്പം തൊട്ടു കളിച്ചതുകൊണ്ട് തനിക്ക് ഒരു മാറ്റവുമു ണ്ടായിട്ടില്ല.
പതിവുപോലെ വീട്ടിലെ എല്ലാവരെയും തൊട്ടും പിടിച്ചുമാണ് അകത്ത് നടന്നത്. ഭക്ഷണവും എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നു കഴിച്ചു. അതു കഴിഞ്ഞാണ് അമ്മാവന് വന്നത്. മുഴങ്ങുന്ന ഒരു ചോദ്യം കേട്ടു.
”നാരായണന് വന്നുവോ? കുളിച്ചിട്ടാണോ അകത്തുകയറിയത്?”
”കുളിച്ചില്ല.”
”ഭക്ഷണം കഴിച്ചുവോ?”
”കഴിച്ചു.”
കൊച്ചു നാരായണന് അമ്മാവന്റെ അടുത്തുവന്നു കൈ നിവര്‍ത്തിപ്പിടിച്ചു കാണിച്ചു. എന്നിട്ട് തുടര്‍ന്നു പറഞ്ഞു.
”കൈകള്‍ നന്നായി കഴുകിയിരുന്നു.”
ഒന്നും പറയാനാവാതെ കൃഷ്ണന് വൈദ്യര് സഹോദരി കുട്ടിയമ്മയുടെ മുഖത്തു നോക്കി. അമ്മ മനസ്സില്‍ പറഞ്ഞു. അമ്മാവനെക്കാള്‍ കേമനായിത്തീരും മരുമകന്. ഇപ്പോള്‍ത്തന്നെ അമ്മാവനെ ഉത്തരം മുട്ടിച്ചില്ലേ?
മകന് അമ്മയുടെ അടുത്തുചെന്നു ചേര്‍ന്നുനിന്നു. അയിത്തവും ശുദ്ധിയും മനസ്സിലാണ് എന്നോര്‍ത്തുകൊണ്ട് അമ്മ മകനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു.”
9400432008