അശുദ്ധം എന്ന അയിത്തം
വയല്‍വാരം വീടിന്റെ മുറ്റത്ത് പന്തുകളിച്ചുകൊണ്ടിരിക്കുകയാണ് നാണു. പടിപ്പുരയ്ക്കപ്പുറം ഒരു പുലയനും കുട്ടിയും ഓണക്കാഴ്ചക്കുലകളുമായി വന്നുനില്ക്കുന്നു.
കളിക്കിടയില്‍ പന്ത് പടിപ്പുരക്കപ്പുറത്തേക്ക് ചെന്നുവീണു. നാണു പന്തെടുക്കാന്‍ പടിപ്പുരയിലേക്ക് ഓടി. അപ്പോഴേക്കും പുലയക്കുട്ടി പന്തെടുത്ത് വന്നു. നാണുവിന്റെ കൈയില്‍ കൊടുത്തു. പരിചയമുള്ള ചങ്ങാതിയാണ്. നന്ദിപൂര്‍വ്വം ചിരിച്ചു സംസാരിച്ചു. ഇതെല്ലാം കണ്ട ഒരു ബന്ധു ചിന്തിച്ചു. നാണു പുലയക്കുട്ടിയെ തൊട്ടു തീണ്ടി. അശുദ്ധമായി, ഇനി കുളിക്കാതെ വീട്ടിന്നകത്തു കയറി എല്ലാവരെയും അശുദ്ധമാക്കും.
നാണുവിന്റെ അമ്മയെ കണ്ട് അയാള്‍ പരാതിപറഞ്ഞു. നാണു വന്നപ്പോള്‍ അമ്മ ചോദിച്ചു.
”നീ അവനെ തൊട്ടോ?”
”തൊട്ടു.”
സത്യം പറഞ്ഞു. ചിരിച്ചുകൊണ്ട് അമ്മയുടെ കൈ പിടിച്ചു. കൈ കുടഞ്ഞു മാറ്റിയിട്ട് കുട്ടിയമ്മ മകനോട് കോപത്തോടെ പറഞ്ഞു.
”പോയി കുളിച്ചിട്ടു വരൂ. എന്നിട്ട് അകത്തു കയറിയാല്‍ മതി.”
”എങ്കില്‍ അമ്മയും വരൂ കുളിക്കാന്‍, അമ്മയെ ഞാന്‍ തൊട്ടില്ലേ. അയിത്തം മാറാന്‍ നമുക്കു രണ്ടുപേര്‍ക്കും പോയി കുളിക്കാം.”
ചിരിച്ചുകൊണ്ടുള്ള മകന്റെ മറുപടി കേട്ടപ്പോള്‍ അമ്മയും ചിരിച്ചു മകനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു.
9400432008