ശക്തനും സൗമ്യനും

എവിടെയും ശക്തിയുള്ളവന് അധികാരം സ്ഥാപിക്കാനുള്ള ആവേശമാണ്. അങ്ങനെയല്ല വേണ്ടത് എന്നു പറയാം പക്ഷെ പ്രയോഗത്തില്‍ വരുത്താനാണ് പ്രയാസം. മനുഷ്യരുടെ കാര്യത്തില്‍ ശക്തിയുള്ളവനാണ് അധികാരിയായിത്തീരുന്നത്.

രാജാവ് ശക്തനല്ലെങ്കില്‍ രാജ്യം നശിക്കും. മൃഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ശക്തന്‍ തന്നെയാണ് എന്നും ജയിക്കുന്നത്. ആനയാണ് കാട്ടിലെ വലിയ ജീവിയെങ്കിലും സിംഹത്തെയാണ് എല്ലാവരും ഭയപ്പെടുന്നത്.
വാരണപ്പള്ളിയില്‍ രണ്ടു പട്ടികളുണ്ട്. ഒന്ന് തടിച്ചുകൊഴുത്ത് നല്ല രോമങ്ങളുള്ളത്. മറ്റൊന്ന് നേര്‍ത്തുമെലിഞ്ഞത്. എപ്പോഴും അലസനെപ്പോലെ ഒരിടത്തു ചടഞ്ഞുകൂടിക്കിടക്കും.

കരുത്തും സൗന്ദര്യവും ശൗര്യവുമുള്ള പട്ടിയെയാണ് എല്ലാവര്‍ക്കും ഇഷ്ടം. അതിനെ തൊട്ടുതലോടാനും തീറ്റ കൊടുക്കാനും എപ്പോഴും ആളുകളുണ്ട്. വീട്ടുകാരും അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികളും ഒരുപോലെ വലിയ പട്ടിയെ പരിചരിക്കുന്നു. നാണു മെലിഞ്ഞുണങ്ങിയതുപോലുള്ള നാടന്‍പട്ടിക്കാണ് ആഹാരം കൊടുക്കുക. അതിന്റെ ദേഹത്ത് വെള്ളമൊഴിച്ചുകൊടുക്കും. കുളിപ്പിക്കും.

ആ പട്ടിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നാണുവിനെ അകലെനിന്നു കണ്ടാല്‍ ഓടി അടുത്തുചെന്ന് വാലാട്ടി പിന്നാലെ നടക്കും. പോകുന്നേടത്തൊക്കെ കൂടെയുണ്ടാവും. ധ്യാനിച്ചിരിക്കുമ്പോള്‍ രക്ഷകനെപ്പോലെ ശ്രദ്ധയോടെ അടുത്തു കിടക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ക്ഷമയോടെ അടുത്തുവന്നിരിക്കും.
നാണു ഭക്ഷണം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ആ സാധു പട്ടിക്കുള്ള ആഹാരം കരുതിയിട്ടുണ്ടാവും. അത് മുന്നില്‍ വെച്ചുകൊടുത്താല്‍ പതുക്കെ നടന്നുവന്ന് അതു തിന്നും. ചിലദിവസങ്ങളില്‍ വലിയ നായ ഓടിവന്ന് ആ ഭക്ഷണം തിന്നുതുടങ്ങും. എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ചെറിയ പട്ടി കുരച്ചുകൊണ്ട് തന്റെ എതിര്‍പ്പു പ്രകടിപ്പിക്കും. അപ്പോള്‍ സൗമ്യനെ കടിച്ചുകീറാന്‍ മുന്നോട്ടു കുതിക്കും. ഭയന്ന് സൗമ്യന്‍ പിന്‍വാങ്ങും.
നാണു സൗമ്യനെ സമാധാനിപ്പിക്കും.
”അതിന്റെ മനസ്സ് ചീത്തയാണ്.”
ആഹാരം കിട്ടാതെ തളര്‍ന്നിരിക്കുന്ന നായക്ക് എവിടെനിന്നെങ്കി ലും അല്പം ചോറു സംഘടിപ്പിച്ചു കൊണ്ടുവന്നു കൊടുക്കും.
പലദിവസങ്ങളിലും ശക്തന്‍ സൗമ്യന്റെ ആഹാരം അക്രമിച്ചു കഴിക്കുന്നതുകണ്ടപ്പോള്‍ ഇനിയും അങ്ങനെ വിട്ടുകൊടുക്കരുതെന്നു തോന്നി.
ശക്തനോട് എതിരിടണമെങ്കില്‍ സൗമ്യനും അത്രത്തോളം ശൗര്യവും ബലവും വേണം. അതില്ലാത്തവര്‍ പരാജയപ്പെടും. തുല്യശക്തികള്‍ തമ്മിലേ മത്സരം പാടുള്ളു. അതില്ലെങ്കില്‍ സൗമ്യന്‍ ശക്തനെ നേരിടേണ്ടത് ബുദ്ധികൊണ്ടാവണം.
ജീവിതത്തിലെ വലിയൊരു പാഠമാണ് ഇവിടെവെച്ചു പഠിച്ചത്. അവശരും ആര്‍ത്തരുമായ അനേകം ആളുകള്‍ ചുറ്റിലുമുണ്ട്. അവര്‍ ശക്തരും അധികാരികളുമായ ദുഷ്ടബുദ്ധികള്‍ക്കു മുന്നില്‍ പരാജയപ്പെടുകയാണ്. അനേകായിരം പേര്‍ സമൂഹത്തില്‍ മനുഷ്യരെന്ന സ്ഥാനംപോലുമില്ലാതെയുണ്ട്. എല്ലാം അവര്‍ നിശ്ശബ്ദം സഹിക്കുകയാണ്.

സൗമ്യന്‍ പട്ടിയെ ശക്തന്റെ അക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ തീരുമാനിച്ചു. ഒരാളുടെ ശാന്തഭാവം അയാളുടെ പരാജയത്തിനു കാരണമാകരുത്. അന്നൊരു ദിവസം സൗമ്യന് ചോറു കൊടുത്തതിനുശേഷം നാണു അവിടെത്തന്നെ നിന്നു. സൗമ്യനു ഭക്ഷണം കിട്ടിയെന്നു കണ്ടപ്പോള്‍ ശക്തന്‍ മുരണ്ടുകൊണ്ട് ഓടിവന്നു. നാണു അവന്റെ മുന്നില്‍ ചാടിനിന്നു രൂക്ഷമായി ശക്തന്റെ കണ്ണുകളില്‍ നോക്കി. ശക്തന്‍ ഭയന്നുപോയി. പിന്നെ ചുറ്റും നോക്കി പരാജിതനെപ്പോലെ അകലെപ്പോയി നിലത്ത് അമര്‍ന്നു. സൗമ്യന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് ചോറുമുഴുവന്‍ തിന്നു. നന്ദിയോടെ വാലാട്ടി നിന്നു.
ആരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ടാണ് അവശരുടെ മേല്‍ വീണ്ടും വീണ്ടും അക്രമം ഉണ്ടാവുന്നത്. അവര്‍ക്ക് ധൈര്യം പകരാനാവണം. എങ്കില്‍ അധര്‍മ്മം അവര്‍ പൊറുപ്പിക്കുകയില്ല.

സൗമ്യനെ നോക്കി നാണു പറഞ്ഞു.
”നിനക്ക് ഒന്ന് ഉറക്കെ കുരച്ച് നിന്റെ എതിര്‍പ്പ് അറിയിച്ചുകൂടായിരുന്നോ?”
സൗമ്യന്‍ അടുത്തു വന്ന് ഉത്സാഹത്തോടെ വാലിളക്കി ചങ്ങാത്തം കൂടുകയാണ്, ചോറുകിട്ടിയതിന്റെ നന്ദി.
”തനിച്ചുനില്‍ക്കുന്നവരെ ആര്‍ക്കും ഭയമില്ല. കൂട്ടുവേണം, കൂടെയാളു വേണം. അപ്പോള്‍ അക്രമികള്‍ മടിച്ചുനില്‍ക്കും.”
നാണു സ്വയം പറഞ്ഞു.
”ശക്തരെ നേരിടാന്‍ സംഘബലം വേണം.”
ഒരു മഹാതത്വം മനസ്സില്‍ കുറിച്ചിട്ടു.
സംഘടനകൊണ്ട് ശക്തരാവാം.

Author

Scroll to top
Close
Browse Categories