കൊച്ചു കർഷകൻ
മുറ്റത്തും പറമ്പിലും പലതരം ചെടികളും വള്ളികളും മരങ്ങളുമുണ്ട്. കുരുമുളകുവള്ളിയെ പരിചരിക്കാനും മരത്തില്‍ പിടിച്ചു ചേര്‍ത്തുകെട്ടി പടര്‍ത്താനുമൊക്കെ മുതിര്‍ന്നവര്‍ക്ക് നല്ല താല്പര്യമാണ്. അതുപോലെ വെറ്റിലക്കൊടി വളര്‍ത്താനും നല്ല ഉത്സാഹമുണ്ട്. കൊച്ചുനാണു അതൊക്കെ കണ്ടു മനസ്സിലാക്കി. സ്വയം വെറ്റിലക്കൊടി മുളപ്പിച്ചു വളര്‍ത്തി.
തളിര്‍വെറ്റില കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ അത് പറിച്ചെടുത്ത് ചുണ്ണാമ്പ് തേച്ച് ചവച്ചരക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. ആരോടു പറയാന്‍. വെറ്റിലവള്ളിയെ കുഞ്ഞിക്കൈകള്‍ കൊണ്ടെടുത്ത് മരത്തില്‍ കയറ്റിവിടും. പക്ഷെ വീട്ടിലെ മുതിര്‍ന്നവരൊക്കെ കൈയെത്തുന്ന അകലത്തില്‍ വെറ്റിലക്കൊടി കണ്ടാല്‍ അപ്പോള്‍ നുള്ളിയെടുക്കും.
കണ്ണങ്കര എഴുത്തുകളരിയില്‍ നിന്നു വന്നാല്‍ ഒഴിവുകിട്ടുമ്പോള്‍ പാടത്തു പോകും. ചെറിയ ചെറിയ ജോലികള്‍ ചെയ്യാന്‍ സന്തോഷമാണ്.
വിത്തു വിതക്കുന്നത് മുളപൊട്ടി നാമ്പിലകള്‍ പുറത്തുവരുന്നത്, വേര് മണ്ണിലേക്ക് താഴ്ത്തി നിവര്‍ന്നു നില്‍ക്കുന്നത്, പിന്നെയും ഇലകള്‍ വിരിയുന്നത് അങ്ങനെ ഓരോ ചെടിയുടേയും വളര്‍ച്ച ശ്രദ്ധിക്കുമ്പോള്‍ അത്ഭുതം തോന്നും.
വളരാനും ജീവിക്കാനും മനുഷ്യരെപ്പോലെ ചെടികളും ആഗ്രഹിക്കുന്നു. കൊച്ചുനാണു കരുതി. പക്ഷെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തു പോകാന്‍ സസ്യങ്ങള്‍ക്ക് ആവില്ല. ഏതോ ശാപംകിട്ടിയതുപോലെ ഒരേ നില്പാണ്. എന്നാലും വേരുകള്‍ മണ്ണിനടിയിലൂടെ സഞ്ചരിക്കുന്നുണ്ട്.
കൃഷികാര്യങ്ങളില്‍ നാണുവിന്റെ ശ്രദ്ധയും ഉത്സാഹവും കണ്ടപ്പോള്‍ വീട്ടില്‍ വന്ന രാമന്‍ കാരണവര്‍ അനുജനായ കൃഷ്ണന്‍ വൈദ്യരോടു പറഞ്ഞു.
”വയല്‍വാരത്തെ കൃഷി മുഴുവന്‍ ഇനി നാണു നടത്തിക്കൊള്ളും സകലതും അവനറിയാം.”
”ഞാനും അത് മനസ്സിലാക്കിയിട്ടുണ്ട്. പഠിക്കുന്ന കാര്യത്തില്‍ ഇതിലും ഉത്സാഹമുണ്ട് എന്ന കാര്യവും നാം ഓര്‍ക്കണം.”
കൃഷ്ണന്‍ വൈദ്യര്‍ ജ്യേഷ്ഠന്റെ അഭിപ്രായത്തെ അംഗീകരിച്ചു. എന്നാല്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് സൂചിപ്പിക്കുകയും ചെയ്തു.
”ഏതുവരെയായി? മുത്തപിള്ളയ്ക്ക് സുഖം തന്നെയല്ലേ?”
കണ്ണങ്കര ഗുരുനാഥനെപ്പറ്റിയാണ് അന്വേഷണം. അതുകേട്ടപ്പോള്‍ നാണു പറഞ്ഞു.
”സിദ്ധരൂപം ബാലപ്രബോധനം പഠിച്ചുകഴിഞ്ഞു. അമരമാണിപ്പോള്‍ പാഠഭാഗം.”
”ഓഹോ! അത്രയൊക്കെ ആയോ?”
”അമരവും കഴിയാറായി.”
കൊച്ചുനാണുവിന്റെ പഠനത്തിലുള്ള ഉത്സാഹം വാക്കുകളിലുണ്ട്. വലിയമ്മാവന് സന്തോഷമായി. നാണുവിനെ അടുത്തുപിടിച്ചു നിര്‍ത്തി. കൈകളില്‍ പച്ചിലമരുന്നിന്റെ മണം. വൈദ്യരായ രാമന്‍ കാരണവര്‍ക്ക് കാര്യം മനസ്സിലായി. പറമ്പിലുള്ള പച്ചമരുന്നുചെടികള്‍ ആവശ്യമില്ലാത്ത കളകളാണെന്നു കരുതി നാണു നശിപ്പിക്കുന്നുണ്ടോ? സംശയമായി.
”എന്തിനാണ് മരുന്നുചെടികള്‍ പറിച്ചു നശിപ്പിക്കുന്നത്?”
അല്പം കോപത്തോടെയാണ് ചോദിച്ചത്. തൊടിമുഴുവന്‍ മരുന്നുചെടികള്‍ നട്ടു മുളപ്പിച്ചത് വൈദ്യരെന്ന നിലയില്‍ ആവശ്യത്തിന് ഉപയോഗിക്കാനാണ്. അതു നശിപ്പിക്കാന്‍ തുടങ്ങിയാല്‍…
ജ്യേഷ്ഠന്റെ സംസാരവും ഭാവവും കൃഷ്ണന്‍ വൈദ്യര്‍ക്ക് മനസ്സിലായി. അനുജന്‍ ജ്യേഷ്ഠനോടു പറഞ്ഞു.
”നാണു പച്ചമരുന്നു ചെടിയൊന്നും നശിപ്പിക്കില്ല. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ മരുന്നു പറിച്ചത്. ഈ പ്രായത്തില്‍ത്തന്നെ മരുന്നുചെടികളെപ്പറ്റി നല്ല അറിവുണ്ട്.”
കൃഷ്ണന്‍ വൈദ്യര്‍ കൊച്ചു മരുമകന്റെ മിടുക്കിനെയും ഔഷധസസ്യജ്ഞാനത്തെയും പറ്റി സംസാരിച്ചു. രാമന്‍ വൈദ്യര്‍ക്ക് സന്തോഷമായി.
”ങ്ങാ… പാരമ്പര്യം കൊണ്ടുനടക്കാന്‍ തറവാട്ടില്‍ ഒരാളുണ്ടല്ലോ. അതുതന്നെ ആശ്വാസം.”
”അതു മാത്രമല്ല ഈ തൊടിയിലെ ഔഷധസസ്യങ്ങളെ പരിപാലിക്കുന്നതും നാണുവാണ്. മരുന്നുകളുടെ ഗുണവും ഇവനറിയാം.”
കൃഷ്ണന്‍ വൈദ്യര്‍ നാണുവിന്റെ കഴിവില്‍ അഭിമാനിച്ചു. തുടര്‍ന്നു പറഞ്ഞു:
”ആസവങ്ങളും അരിഷ്ടവും ഗുളികകളുമെല്ലാം തയ്യാറാക്കുന്നേടത്ത് നാണുവും ഉണ്ടാവും. എല്ലാം കണ്ടറിയട്ടെ.”
”അതെ, കണ്ടു പഠിക്കട്ടെ.”
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ രാമന്‍ വൈദ്യര്‍ക്ക് സന്തോഷമായി. നാണുവിനെ അടുത്തുവിളിച്ച് തലയില്‍ കൈവെച്ചനുഗ്രഹിച്ചു.
നാണു ആദരവോടെ കുമ്പിട്ട് വലിയമ്മാവന്റെ കാല്‍ തൊട്ടു വണ ങ്ങി വിനയപൂര്‍വ്വം ഒതുങ്ങിനിന്നു. രാമന്‍ വൈദ്യര്‍ അനുഗ്രഹം ചൊരിഞ്ഞു:
”നന്നായ് വരട്ടെ.”
ഹൃദയത്തില്‍നിന്നും ആത്മാര്‍ത്ഥമായ വാക്കുകള്‍ പറന്നിറങ്ങി വന്നു കൊച്ചുനാണുവിന്റെ മനസ്സില്‍ മധുരനാദമായി ലയിച്ചു.