ജീവനുള്ള മാവ്

ചെമ്പഴന്തി മൂത്തപിള്ള ആശാന്റെ വിദ്യാലയത്തെ കണ്ണങ്കര കളരി എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കളരിയിലേക്ക് പോകുന്ന വഴിയില്‍ ഒരു മാവുണ്ട്. അധികം വലിപ്പമില്ലാത്തതാണെങ്കിലും മാമ്പഴക്കാലമായാല്‍ അതു നിറയെ പൂത്തു കായ്ക്കും. ചില്ലകളില്‍ മാമ്പഴം തൂങ്ങിക്കിടക്കുന്നതു കാണാന്‍ നല്ല രസമാണ്.

കളരിയിലേക്കു പോകുന്ന കുട്ടികള്‍ മാവില്‍ ചെറിയ മാങ്ങകള്‍ കണ്ടുതുടങ്ങുന്നതു മുതല്‍ കല്ലെടുത്ത് അവ എറിഞ്ഞുവീഴ്ത്തും. ഓടിച്ചെന്നെടുത്ത് കടിച്ചുതിന്നും.

മാങ്ങ വീഴ്ത്താനാണ് കല്ലെറിയുന്നതെങ്കിലും ഉന്നംതെറ്റി മാവിലാണ് ഏറ് കൊള്ളുക. ഏറുകൊണ്ട് മാവിന്റെ തൊലി പലേടത്തും ഇളകിപ്പോയി. മൂപ്പെത്താത്ത ഉണ്ണിമാങ്ങ എറിഞ്ഞു വീഴ്ത്തി നശിപ്പിക്കുകയും ചെയ്യും. ഏറുകൊണ്ട് മാവിലകള്‍ അടര്‍ന്നുവീഴുന്നതു കാണുമ്പോള്‍ കുട്ടികള്‍ ആര്‍ത്തുചിരിക്കും. മാങ്ങയില്ലെങ്കിലും ഇലകള്‍ എറിഞ്ഞുവീഴ്ത്തി എണ്ണി രസിക്കുന്നതും കുട്ടികളുടെ ഒരുതരം കളിയായി മാറി.

നാണുവിന് കൂട്ടുകാരുടെ ഇത്തരം തമാശകളും പ്രവര്‍ത്തനങ്ങളും ഇഷ്ടപ്പെട്ടില്ല. മാവിനും ജീവനുണ്ട്. ഏറുകൊള്ളുമ്പോള്‍ അതിനും വേദനയുണ്ടാകും. മനുഷ്യശരീരത്തില്‍ മുറിവേറ്റാലുണ്ടാകുന്ന വേദനപോലെ തന്നെയാണ് തൊലിയിളകിയാല്‍ മാവിനുണ്ടാകുന്ന വേദന എന്നു നാണു കരുതി.
മാവിനെ എറിയരുതെന്നു പറഞ്ഞു. ആരും അനുസരിച്ചില്ല. മാവിനു ജീവനുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു വലിയ തമാശ കേട്ടതുപോലെ കൂട്ടുകാര്‍ ചിരിച്ചു. കല്ലേറില്‍ മാവിന്റെ തൊലി പൊട്ടുന്നതും ഇലകള്‍ മുറിഞ്ഞുവീഴുന്നതും മാവിനു വേദനയുണ്ടാക്കുമെന്നു പറഞ്ഞപ്പോള്‍ കുട്ടികളെല്ലാം ആര്‍ത്തുചിരിച്ചു നാണുവിനെ കളിയാക്കി. വീണ്ടും അവര്‍ കല്ല് എടുത്ത് എറിഞ്ഞു തുടങ്ങി. മാവിന്‍ചില്ലകള്‍ തോറും തൂങ്ങിക്കിടക്കുന്ന ഉണ്ണിമാങ്ങകള്‍ നശിപ്പിക്കുന്നതിലായിരുന്നു വേദന. അവ വലുതായി മൂത്ത് പഴുത്താല്‍ നല്ല സ്വര്‍ണ്ണക്കനിയായിത്തീരും. അണ്ണാനും പക്ഷികളും അവ തിന്നാന്‍ വന്നെത്തും. കാറ്റില്‍ ഉലഞ്ഞാടുന്ന ചില്ലകളില്‍നിന്ന് നല്ല പഴുത്ത മാമ്പഴം താഴെ വീഴും. അപ്പോള്‍ ആര്‍ക്കും അതെടുത്തു തിന്നാം.
നല്ല തേന്‍കനിയാണ്. തിന്നാല്‍ കൊതിതീരില്ല. ആവോളം മാമ്പഴം തിന്നാം. പക്ഷെ ഇപ്പോള്‍ പൂങ്കുലയൊക്കെ എറിഞ്ഞു നശിപ്പിച്ചാല്‍ മൂത്തുപഴുക്കാന്‍ ഒരു മാങ്ങപോലുമുണ്ടാവില്ല.
”മാവിനെറിയരുത്.”
നാണു എറിയുന്നവരെ തടഞ്ഞുകൊണ്ടു പറഞ്ഞു. കല്ലെടുത്ത് മാവിനെ ഉന്നംപിടിച്ചു നിന്നവര്‍ നാണുവിന്റെ വാക്കു കേട്ടില്ല. വീണ്ടും എറിഞ്ഞു.
”എറിയരുതെന്നു പറഞ്ഞാല്‍-”
ശബ്ദം അല്പം ഉറക്കെയായി. വികൃതികാട്ടുന്നവരുടെ ചിരിയും ശകാരവും അതിലും ഉറക്കെയായി. ആരും പറഞ്ഞാല്‍ കേള്‍ക്കില്ല എന്നു മനസ്സിലായി.
കൊച്ചുനാണു മാവിന്റെ നേരെ നടന്നു. മാവിനെ കെട്ടിപ്പിടിച്ചു നിന്നു. മാവിനെ ആശ്വസിപ്പിക്കാനെന്നതുപോലെ അതിന്റെ തടിയില്‍ പതുക്കെ തലോടി.
മാവില്‍ എറിയാന്‍ ഉന്നംപിടിച്ചു നിന്നവര്‍ കൈതാഴ്ത്തി കോപത്തോടെ നാണുവിനെ നോക്കിനിന്നു. ദേഹത്തെങ്ങാന്‍ കല്ലുചെന്നു വീണാല്‍ അതു വലിയ കുഴപ്പമാകും. മൂത്തപിള്ളയാശാന്‍ നല്ല ശിക്ഷ നല്‍കും. നാണു ആശാന്റെ പ്രിയ ശിഷ്യനാണ്. പഠിക്കാനുള്ളതൊക്കെ കൃത്യമായി പഠിച്ചു ചൊല്ലിക്കൊടുക്കും. പഠനത്തില്‍ എല്ലാവരേക്കാളും മുമ്പിലാണ്. എല്ലാ കാര്യത്തിലും ഒന്നാമനായതു കാരണം ‘നാണുച്ചട്ടമ്പി’ എന്നാണ് ഗുരുനാഥന്‍ വാത്സല്യത്തോടെ വിളിക്കുക.
കുട്ടികള്‍ ഏറുനിര്‍ത്തി അവരുടെ വഴിക്കുപോയി. ആശ്വാസമായി നാണുവും വീട്ടിലേക്ക് പോയി

Author

Scroll to top
Close
Browse Categories