രണ്ടിലൊന്ന് ഇവിടെ നില്‍ക്കട്ടെ
മരുമകനെ ഉപരിവിദ്യാഭ്യാസത്തിന് അയക്കണം. കൃഷ്ണന്‍ വൈദ്യര്‍ കുറേ ദിവസങ്ങളായി അതേപ്പറ്റിയാണ് ആലോചിക്കുന്നത്. മലയാളവും സംസ്‌കൃതവും തമിഴും നാണുവിന്നറിയാം. സാധാരണനിലയിലുള്ള ഒരു അദ്ധ്യാപകന്‍ പോരാതെ വരും. നാണുവിന്റെ ഗുരുനാഥന്‍ മഹാപണ്ഡിതനും ജ്ഞാനിയുമായിരിക്കണം. എങ്കിലേ പഠിക്കാന്‍ താല്പര്യമുണ്ടാവുകയുള്ളു.
അങ്ങനെ ആരുണ്ട്? പലരുമായി ആലോചിച്ചു. മഹാപണ്ഡിതനും ആചാര്യനുമായി അങ്ങനെ ഒരാളേ തിരുവിതാംകൂറിലുള്ളു.
കായംകുളം പുതുപ്പള്ളിയില്‍ കുമ്മമ്പള്ളി രാമന്‍പിള്ളയാശാന്‍!
എല്ലാവര്‍ക്കും ഈ ഒരു പേരേ പറയാനുള്ളു. രാമന്‍പിള്ളയാശാന്‍ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കഥകളി നടനാണ്. ജ്യോതിഷപണ്ഡിതനാണ്. ജാതിഭേദമില്ലാതെ എല്ലാ കുട്ടികളെയും സംസ്‌കൃതവും കാവ്യങ്ങളും എല്ലാം പഠിപ്പിക്കുന്നു. മരുമകനെ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചു.
കായംകുളം ദൂരെയാണ്. അവിടെ ബന്ധുഗൃഹമൊന്നുമില്ല. ആശാ ന്റെ ഗൃഹത്തില്‍ താമസിപ്പിച്ച് പഠിക്കാനുള്ള സൗകര്യവുമില്ല. അപ്പോഴാണ് ഒരു കാര്യമറിയുന്നത്. അവിടെ അടുത്തു തന്നെ സൗജന്യ താമസ സ്ഥലവും ഭക്ഷണസൗകര്യവുമുണ്ട്.
പ്രസിദ്ധമായ വാരണപ്പള്ളി തറവാട്ടില്‍ ഈഴവക്കുട്ടികള്‍ക്ക് ഭക്ഷണവും താമസസൗകര്യവുമുണ്ട്. വാരണപ്പള്ളി തറവാട്ടുകാരണവര്‍ കൃഷ്ണപ്പണിക്കര്‍ ഈഴവക്കുട്ടികളെക്കൂടി സംസ്‌കൃതം പഠിപ്പിക്കണമെന്ന് രാമന്‍പിള്ള ആശാനോട് ആവശ്യപ്പെട്ടു. ഗുരുകുല രീതിയില്‍ നടന്നിരുന്ന വിദ്യാഭ്യാസത്തിന്നായി എത്തുന്നവരെ എവിടെ താമസിപ്പിക്കും എന്നു രാമന്‍പിള്ള ആശാന്‍ ചോദിച്ചപ്പോള്‍ അവരെ സ്വന്തം തറവാട്ടില്‍ താമസിപ്പിക്കുമെന്ന് കൃഷ്ണപ്പണിക്കര്‍ പറഞ്ഞു.
ചെമ്പഴന്തിയില്‍ നിന്നുള്ള നാണുവും തിരുവനന്തപുരത്തുനിന്നുള്ള പെരുനെല്ലി കൃഷ്ണനും വെളുത്തേരി കേശവനുമൊക്കെ പഠിക്കാന്‍ തയ്യാറായി എത്തുന്നുണ്ടെന്നറിഞ്ഞു. സന്തോഷം.
മരുമകന്‍ ഉപരിപഠനത്തിന് അന്യദേശത്തേക്ക് പോവുകയാണല്ലോ. കരുതല്‍ എന്ന നിലയില്‍ കുറച്ചു പണം കൊടുക്കണം. കൃഷ്ണന്‍ വൈദ്യര്‍ കരുതി.
വീട്ടില്‍ എല്ലാവരോടും യാത്ര ചോദിച്ചു. വീടുവിട്ടു പോവുന്നതിന്റെ പ്രയാസമൊന്നും നാണുവിന്റെ മുഖത്തില്ല. അതു പതിവല്ലേ? പൂര്‍ണ്ണസ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നു എന്നൊരു ഭാവമാണ്. സാധാരണ വീട്ടില്‍നിന്നും നാലഞ്ചു ദിവസത്തേക്ക് മാറിനില്‍ക്കുന്നതുപോലെയെന്നേ കരുതിയുള്ളു. എന്നാല്‍ പഠനത്തിനായി പോകുന്നതിന്റെ ആവേശമായിരുന്നു മനസ്സുനിറയെ.
യാത്ര പുറപ്പെടുന്നതിനു മുമ്പെ അമ്മാവന്റെ അനുഗ്രഹം വാങ്ങാന്‍ മരുമകന്‍ മുന്നില്‍ച്ചെന്നു. കാലില്‍ തൊട്ട് നമസ്‌കരിച്ചു. മരുമകനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട്് കരുതിവെച്ചിരുന്ന പണമെടുത്തു കൊടുക്കാന്‍ കൈനീട്ടി.
അമ്മാവന്റെ കൈയില്‍ പണമാണെന്നു കണ്ടപ്പോള്‍ മരുമകന്‍ ആദരവോടെ പറഞ്ഞു.
”വേണ്ട.”
കൃഷ്ണന്‍ വൈദ്യര്‍ അത് അവഗണിച്ചുകൊണ്ടു പറഞ്ഞു.
”കുറച്ചു പണമാണ്. കൈയില്‍ ഇരിക്കട്ടെ. എന്തെങ്കിലും ആവശ്യത്തിനുപകരിക്കും.”
‘വേണ്ട, ഇപ്പോള്‍ എനിക്ക് പണം ആവശ്യമില്ല.”
അമ്മാവന്‍ നല്‍കിയ പണം വാങ്ങിയില്ല എന്നതുകൊണ്ട് വിഷമിച്ചുനില്‍ക്കുന്ന കൃഷ്ണന്‍ വൈദ്യരോട് മരുമകന്‍ പറഞ്ഞു.
”ഒരേ സമയം അമ്മാവന്‍ എന്നോടും പണത്തോടും വേര്‍പെടുന്നത് ശരിയല്ല. ഒന്ന് അമ്മാവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ.”
നാണുവിന്റെ ആദരസ്വരത്തിലുള്ള മറുപടി കേട്ടപ്പോള്‍ കൃഷ്ണന്‍ വൈദ്യര്‍ക്ക് സന്തോഷമായി. എത്ര യുക്തിപൂര്‍വ്വമാണ് ആ വിരഹവേളയെ മരുമകന്‍ അനുകൂല സാഹചര്യമാക്കിയത്. മനസ്സുകൊണ്ട് വീണ്ടും അനുഗ്രഹിച്ചു.
”നന്നായി വരട്ടെ.”