ദയ സ്‌നേഹം തന്നെ

കൃഷിപ്പണി നടക്കുമ്പോള്‍ വയലില്‍ പോവുന്നത് നാണുവിന് വളരെ സന്തോഷമുള്ള കാര്യമാണ്. കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുകയില്ല.
ഒരു ദിവസം വയലില്‍ ചെന്നപ്പോള്‍ ജോലിക്കാരന്‍ കാളയെക്കൊ ണ്ട് നിലം ഉഴുതിടുകയാണ്. കഴുത്തിനു മുകളില്‍ നുകംവെച്ച ഇരട്ടക്കാളകള്‍ തലയാട്ടി ഒരേ താളത്തില്‍ നടക്കുന്നു. കാളകളുടെ കഴുത്തില്‍ തൂങ്ങിയാടുന്ന കുടമണികള്‍ കിലുങ്ങുന്നു.

കാളകളുടെ കഴുത്തില്‍ ബന്ധിച്ച നുകത്തിനു കീഴെയാണ് കാളകള്‍, നല്ല കൊഴുത്തുമിനുത്ത കാളകള്‍. നുകവുമായി ബന്ധിച്ച നീണ്ട തണ്ടില്‍ ഉറപ്പിച്ച കലപ്പ മണ്ണില്‍ ആഴ്ന്നിറങ്ങുന്നു. കാളകള്‍ മുന്നോട്ടു നടക്കുമ്പോള്‍ കലപ്പകളുടെ ഇരുമ്പുനാക്ക് മണ്ണില്‍ വലിയ ചാലുകീറുന്നു. ചാലുകളില്‍ നിന്നുള്ള മണ്‍കട്ട രണ്ടു വശത്തേക്കും വീഴുന്നു.
കാലിക്കാരെന്നാണ് ഉഴവുകാരെ വിളിക്കുന്നത്. കാലിക്കാരുടെ ഭാഷ കാളകള്‍ക്കറിയാം. കാലിപൂട്ടുന്നവരുണ്ടാക്കുന്ന ശബ്ദങ്ങളും അതു കേള്‍ക്കുമ്പോള്‍ കാള തലകുലുക്കി സമ്മതിച്ചുകൊണ്ടെന്നപോലെ നടക്കുന്നതുമൊക്കെ നല്ല കാഴ്ചകളാണ്.
ഉഴവുകാരുടെ വായ്ത്താരിയാണ് തിത്തിത്തി തിത്തിത്തി എന്നതും മുമ്മുമ്മു മുമ്മുമ്മു എന്നതും. തിരിഞ്ഞു നട കാളേ എന്നാണ് തിത്തിത്തിയുടെ അര്‍ത്ഥം എന്ന് കാളകള്‍ക്കറിയാം. മുന്നോട്ട് മുന്നോട്ട് എന്നാണ് മുമ്മുമ്മു ശബ്ദത്തിന്റെ അര്‍ത്ഥം.
ശബ്ദം തിരിച്ചറിഞ്ഞ് കാളകള്‍ അനുസരിക്കും. എന്നാല്‍ ചിലപ്പോള്‍ ചില കാളകള്‍ അനുസരണക്കേടു കാണിക്കും. അപ്പോള്‍ നല്ല അടികൊടുത്ത് അനുസരിപ്പിക്കും.
കൂട്ടത്തില്‍ ഒരാളുണ്ട് കാളകളെ അനുസരിപ്പിക്കാനായും അല്ലാതെയും വെറുതെ നിര്‍ദ്ദയം അടിച്ചുകൊണ്ടിരിക്കും. ചില കാളകള്‍ക്ക് അയാളെ തീരേ ഇഷ്ടമല്ല. നേരെക്കണ്ടാല്‍ കൊമ്പുചുഴറ്റി അയാളെ നോക്കും. അപ്പോള്‍ കൈയിലുള്ള വടി ഉയര്‍ത്തിക്കാണിച്ച് അയാള്‍ പരുത്ത സ്വരത്തില്‍ കാളകളെ ശകാരിക്കും. എന്നിട്ടും അടങ്ങിയില്ലെങ്കില്‍ കാളകളുടെ കൊഴുത്ത ദേഹത്തില്‍ നല്ല അടി വീഴും.
നാണുവിന് ഇതൊന്നും ഇഷ്ടമല്ലെന്ന് അയാള്‍ക്കറിയാം. ആരും അയാളെ എതിര്‍ത്തു സംസാരിക്കാറില്ല. മെരുങ്ങാത്ത കാളകളെ മെരുക്കാന്‍ അയാള്‍ വേണമെന്നാണ് കൃഷ്ണന്‍വൈദ്യരുടെ അഭിപ്രായം. മാത്രമല്ല കൃഷിക്കാര്യങ്ങളില്‍ നല്ല അറിവും ഉണ്ട്.
ഒരു ദിവസം നാണു വയലില്‍ ചെന്നപ്പോള്‍ അയാള്‍ കാളകളെ അടിക്കുന്നതാണ് കണ്ടത്.
”അടിക്കല്ലേ?”
നാണു വിളിച്ചുപറഞ്ഞു.
കലപ്പ പിടിച്ചുനിന്ന അയാള്‍ നാണുവിനെ നോക്കി ഉറക്കെ വിളിച്ചുചോദിച്ചു.
”അടിക്കാതെയെങ്ങനെയാണ് കാളകളെ അനുസരണം പഠിപ്പിക്കുക?”
”കാളകളെ സ്‌നേഹിക്കണം എന്നാല്‍ അവ അനുസരിക്കും.”
നാണു പെട്ടെന്നു പറഞ്ഞു.
”അതിനു കാളകള്‍ക്ക് ബുദ്ധിയുണ്ടോ? മൃഗമല്ലേ?”
നിലം ഉഴുതുകൊണ്ടുതന്നെ അയാള്‍ പറഞ്ഞു. കാല് പുല്ലില്‍ കുരു ങ്ങി നടത്തത്തിന്റെ താളംതെറ്റിയ കാളയെ അയാള്‍ വീണ്ടും അടിച്ചു.
”സഹജീവികളോട് ദയകാണിക്കണം. സ്‌നേഹം എല്ലാ ജീവജാലങ്ങള്‍ക്കും പെട്ടെന്നു മനസ്സിലാകും. സ്‌നേഹം തന്നെയാണ് ദയ. അല്ലെങ്കില്‍ ദയയാണ് സ്‌നേഹം.”
ഇത്രയും കേട്ടപ്പോള്‍ അയാള്‍ കൈയിലെ വടി വലിച്ചെറിഞ്ഞു. കൊച്ചുനാണുവല്ല ദയാമൂര്‍ത്തി തന്നെയാണ് തന്നോട് സംസാരിച്ചതെന്ന് അയാള്‍ക്ക് തോന്നി.
അയാള്‍ കാളകളെ അടിക്കുകയില്ലെന്നു നിശ്ചയിച്ചു. അവയെ ദയയോടെ സ്‌നേഹംകൊണ്ട് മെരുക്കാന്‍ കഴിയുമെന്നു മനസ്സിലാക്കി.