തെളിച്ച വഴിയേ നടന്നില്ലെങ്കില്‍ നടന്ന വഴിയേ തെളിക്കുക

ഒരു ദിവസം കാളപൂട്ടുകാരില്‍ ഒരാള്‍ ജോലിക്കെത്തിയില്ല. അതിരാവിലെ തന്നെ വയല്‍വാരത്ത് എത്തി കൃഷ്ണന്‍ വൈദ്യരെ കണ്ടു പറഞ്ഞിരുന്നു. ഇന്ന് ജോലിക്ക് വരാന്‍ പറ്റില്ല എന്ന്.

കാലത്തുതന്നെ കാളകളെയെല്ലാം തെളിച്ചുകൊണ്ട് വയലിലെത്തിയതാണ്. ജോലിക്കാര്‍ കാളകളെ നുകത്തില്‍ പൂട്ടിയൊരുക്കിയെങ്കിലും കലപ്പത്തണ്ടില്‍ പിടിച്ച് കാളകളെ നടത്താന്‍ ഒരാളില്ല. എത്തേണ്ട ആള്‍ വന്നില്ല. അവിടെയുണ്ടായിരുന്ന നാണു കാളകളെ നുകത്തില്‍ പൂട്ടി നടത്താന്‍ തയ്യാറായി മുന്നോട്ടു ചെന്നു.

നിലം ഉഴുതു പരിചയമില്ലാത്ത കൊച്ചുനാണു വലിയ കാളകളെ മെരുക്കി എങ്ങനെ വയല്‍ ഉഴുതുചാലിടും എന്നായി മറ്റുള്ളവരുടെ സംശയം.
വീട്ടിലെ പശുവായാലും കാളയായാലും അവയെയെല്ലാം അവസരം കിട്ടുമ്പോഴൊക്കെ അഴിച്ചുകൊണ്ടുപോയി മേയ്ക്കുന്നത് നാണുവാണ്. നല്ലതുപോലെ അവയ്ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കും. കുളിപ്പിക്കേണ്ടവയെ കുളിപ്പിക്കാന്‍ മറ്റുള്ളവരെ സഹായിക്കും. തൊട്ടും തലോടിയും അവയുടെ പരിചരണത്തിലൊക്കെ പങ്കാളിയാവാറുണ്ട്.

കാളകള്‍ താന്‍ പറഞ്ഞാല്‍ അനുസരിക്കും എന്ന ആത്മവിശ്വാസത്തോടെ കന്നുപൂട്ടാനായി കാളകളെ മുന്നോട്ടു നടത്തിച്ചു. അപ്പോള്‍ അത് അത്ര ഇഷ്ടപ്പെടാത്ത ഒരാള്‍ ചോദിച്ചു.
”കാളകള്‍ അനുസരിക്കാതെ തെളിച്ച വഴിയേ നടന്നില്ലെങ്കില്‍ എന്തുചെയ്യും?”
ഒട്ടും താമസിക്കേണ്ടിവന്നില്ല നാണു ഉത്തരം പറഞ്ഞു.
‘തെളിച്ചവഴിയേ നടന്നില്ലെങ്കില്‍ നടന്ന വഴിയേ തെളിക്കും.”
മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

കാളകളെ പൂട്ടി നിലം ഉഴുവാന്‍ തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമുള്ള ജോലിയല്ലെന്നു മനസ്സിലായത്. കാളകള്‍ രണ്ടും അനുസരണക്കേടു കാണിച്ചുതുടങ്ങി. കാലിക്കോലുപോലും എടുക്കാതെയാണ് കലപ്പത്തണ്ട് പിടിക്കാന്‍ ചെന്നത്. നാണുവും കാളകളും വയലില്‍ എന്തുചെയ്യുന്നു എന്നു നോക്കിക്കൊണ്ടിരുന്നവര്‍ അനുസരണയില്ലാത്ത കാളകളുടെ വെകിളിപ്പാടു കണ്ടു ചിരിച്ചുനിന്നതേയുള്ളു. ആരും സഹായിക്കാന്‍ ചെന്നില്ല.
കാളകളുടെ പുറത്ത് അടിയേറ്റതിന്റെ പാടുകള്‍ തെളിഞ്ഞുകാണാനുണ്ട്. ആരോ അടിച്ച് അനുസരിപ്പിച്ചതിന്റെ കുഴപ്പമാണിത് എന്നു തോന്നി.
നാണു പതിഞ്ഞ സ്വരത്തില്‍ കാളകളോട് സംസാരിച്ചു. തോന്നിയതുപോലെ പെരുമാറിയ കാളകള്‍ പതുക്കെപ്പതുക്കെ ശാന്തരായി. നല്ല അനുസരണയുള്ളവയായി.

നടന്ന വഴിയേ തെളിച്ചു തെളിച്ചു കൊണ്ടുപോയ കാളകള്‍ ഇപ്പോള്‍ തെളിക്കുന്ന വഴിയേ നല്ല ഉത്സാഹത്തോടെ ചെവികൂര്‍പ്പിച്ച് പറയുന്നത് അനുസരിച്ചുകൊണ്ട് തലയാട്ടി നടക്കുന്നു.
അത്ഭുതം കാണുന്നതുപോലെ മറ്റുള്ളവര്‍ ഉഴവു നിര്‍ത്തി നാണുവിനെയും അനുസരണയുള്ള കാളകളെയും നോക്കിനിന്നു. അവര്‍ കേള്‍ക്കാനായി നാണു വിളിച്ചുപറഞ്ഞു.
”നല്ല ക്ഷമയും അല്പം സ്‌നേഹവും കാരുണ്യവുമുണ്ടെങ്കില്‍ ആരെയും നമുക്കൊപ്പം നിര്‍ത്താം. ആദ്യം അവരെ അനുസരിക്കുക. പിന്നീട് അവര്‍ നമ്മെ അനുസരിക്കും.”
ഏറ്റവും വലിയ ജീവിതപാഠമാണ് നാണു പറയുന്നത് എന്ന് എല്ലാവര്‍ക്കും തോന്നി.

Author

Scroll to top
Close
Browse Categories