ക്ഷേത്രത്തിനകത്ത് കയറിക്കിടന്നു

പള്ളിക്കൂടത്തില്‍ പോവുന്നില്ല. എന്നാല്‍ വെറുതെ ഇരിക്കാനുമാവില്ല. വയലില്‍ ജോലിക്കാര്‍ക്കൊപ്പം ചേരും. പറമ്പില്‍ പലതരം വിളവുകള്‍ നട്ടുവളര്‍ത്തി. കാലി മേയ്‌ച്ചും അവയെ പരിചരിച്ചും കഴിഞ്ഞു.

വീട്ടിലും പരിസരത്തുമായി പല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും മനസ്സ് പലേടത്തും പറന്നുനടക്കുകയാണ്. പഠിച്ചതു പോരെന്നൊരു തോന്നലുണ്ട്. നാട്ടില്‍ കൂടുതല്‍ പഠിക്കാനുള്ള സൗകര്യമില്ല.
ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും വെറുതെ നടക്കും. ആളുകളെ കാണുകയും അവരെപ്പറ്റി ചിന്തിക്കുകയും ചെയ്യും. ആളുകളുടെ ദുരിതങ്ങളില്‍ മനസ്സലിഞ്ഞു.

ജാതിയും ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. നമ്പൂതിരിക്ക് നായര്‍ അയിത്തക്കാരന്‍, നായര്‍ക്ക് ഈഴവന്‍ തീണ്ടിക്കൂടാത്തവന്‍. ഈഴവന് പുലയന്‍ അകലെനിര്‍ത്തേണ്ടവന്‍. പുലയന് പറയന്‍ തൊട്ടുകൂടാത്തവന്‍. എന്നാല്‍ എല്ലാവരും മനുഷ്യര്‍ തന്നെ.
സ്ഥിതിഭേദമല്ലാതെ രൂപഭേദമില്ല. എല്ലാവരും പരസ്പരം ഭയപ്പെടുന്നു. നല്ല വൃത്തിയില്‍ കുളിച്ചുനടന്നാല്‍ കുറേ പ്രശ്‌നങ്ങള്‍ മാറും.
നാണു എന്നും കാലത്ത് കുളിച്ച് കുറിയിട്ട് അലക്കിവെളുപ്പിച്ചത് ഉടുത്തു പുറത്തിറങ്ങിനടക്കും. ചിലപ്പോള്‍ ബന്ധുവീടുകളിലൊക്കെ പോവും. അപ്പോഴും പ്രശ്‌നം തന്നെയാണ്. പല വഴികളിലും നടക്കാന്‍ പറ്റില്ല. അവയൊക്കെ അയിത്തക്കാര്‍ക്ക് വിലക്കുള്ളവയാണ്. ജാതി തന്നെയാണ് എല്ലാവരും ചോദിക്കുകയും പറയുകയും ചെയ്യുന്നത്.

യാത്രകള്‍ പതിവായി. തിരുവനന്തപുരം, അഞ്ചുതെങ്ങ്, കായിക്കര, വെണ്ണിയോട്, നെടുങ്ങണ്ടം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിലൊക്കെ ചെന്നു താമസിക്കും. അവിടെയും വേണ്ട കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യും. അതുകൊണ്ട് എവിടെ ചെന്നാലും അവിടെയുള്ളവര്‍ക്കെല്ലാം നാണു പ്രിയപ്പെട്ടവനാണ്.
ഒരിക്കല്‍ പതിനെട്ടു ദിവസത്തോളം നാണു വീട്ടില്‍നിന്നും വിട്ടുനിന്നു. ഏതെങ്കിലും ബന്ധുഗൃഹത്തിലുണ്ടാവും. വീട്ടുകാര്‍ സമാധാനിച്ചു. പത്തൊമ്പതാം ദിവസം കുളിച്ചൊരുങ്ങിയതുപോലെ നാണു വീട്ടിലെത്തി.
മുഖത്തും ശരീരം മുഴുവനും വസൂരി ബാധിച്ച് ഉണങ്ങിയ കറുത്ത പാടുകള്‍. നാണുവിനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും പരിഭ്രമമായി.
”എവിടെയായിരുന്നു ഇതുവരെ?”
അച്ഛന്‍ മാടനാശാന്‍ ചോദിച്ചു.
”വസൂരിയാണെന്നു കണ്ടപ്പോള്‍ ഭഗവതിക്ഷേത്രത്തിന്നകത്തു കയറിക്കിടന്നു. ഭഗവതി രോഗം മാറ്റി.”
നാണു ചിരിച്ചുകൊണ്ടു പറഞ്ഞു.
”എന്ത്? പകല്‍പോലും ഭയപ്പെട്ട് ആരും പോകാത്ത ക്ഷേത്രത്തിന്നകത്തോ? ഒറ്റയ്ക്ക്!”
അമ്മാവന്‍ കൃഷ്ണന്‍ വൈദ്യര്‍ക്ക് സംശയം തീരുന്നില്ല. നിത്യപൂജയോ സന്ദര്‍ശകരോ ഇല്ലാത്ത കാടുപിടിച്ചുകിടക്കുന്ന ക്ഷേത്രപരിസരത്ത് ഒന്നും തിന്നാനും കിട്ടില്ല.
”ഭക്ഷണം എവിടെനിന്നു കിട്ടി?”
അമ്മയുടെ വാത്സല്യപൂര്‍വ്വമുള്ള ചോദ്യം കേട്ടപ്പോള്‍ മകന്‍ പറഞ്ഞു.
”കുറേ കശുമാവുകള്‍ അവിടെയുണ്ട്. നിറയെ പറങ്കിമാങ്ങയുമുണ്ടായിരുന്നു. അതുപറിച്ച് മതിവരുവോളം തിന്നും. പിന്നെ അരുവിയിലെ വെള്ളവും കുടിച്ചു.”
അമ്മാവന്‍ കൃഷ്ണന്‍ വൈദ്യര്‍ വസൂരി നിശ്ശേഷം ഉണങ്ങിയിട്ടുണ്ടോ എന്നു പരിശോധിച്ചു തൃപ്തിപ്പെട്ടു. സ്വയം ചികിത്സ ഫലിച്ചു. അമ്മ വീണ്ടും ചോദിച്ചു.
”അന്നാഹാരം കിട്ടിയില്ല അല്ലേ?”
”ചില രാത്രികളില്‍ പുറത്തിറങ്ങും. ഏതെങ്കിലും വീട്ടില്‍ചെന്ന് ഭക്ഷണം ചോദിച്ചുവാങ്ങും.”
മകന്റെ കഷ്ടപ്പാടുകളെപ്പറ്റി കേട്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവര്‍ ചോദിച്ചു.
”ഇങ്ങോട്ടു പോരാമായിരുന്നില്ലേ?”
”ഇവിടെ രോഗവുമായി വന്നാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും വസൂരി പകര്‍ന്നാലോ എന്നു കരുതി.”
നാണുവിന്റെ ഉത്തരം കേട്ടപ്പോള്‍ മകന്റെ കരുതലും ശ്രദ്ധയും എത്രത്തോളമാണെന്ന് മാടനാശാന്‍ ചിന്തിച്ചു. സ്വയം പറഞ്ഞു. പ്രായത്തിലും കൂടിയ പക്വതയുണ്ട് മകന്. നന്നായിരിക്കട്ടെ.
”എന്താണ് മരുന്നു കഴിച്ചത്?”
കൃഷ്ണന്‍ വൈദ്യര്‍ ചോദിച്ചു.
”മരുന്നൊന്നും കഴിച്ചില്ല.”
നാണുവിന്റെ മറുപടി കേട്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. കൃഷ്ണന്‍ വൈദ്യര്‍ക്ക് ആ മറുപടി അത്രയും വിശ്വസനീയമായി തോന്നിയില്ല. ചില പച്ചമരുന്നുകളുടെ പ്രയോഗത്തെപ്പറ്റിയൊക്കെ പലപ്പോഴും ചോദിച്ചു മനസ്സിലാക്കാറുണ്ട്. അതില്‍ ഏതെങ്കിലും ഒരു മരുന്ന് പരീക്ഷിച്ചിരിക്കും. വൈദ്യര്‍ കരുതി.
‘പിന്നെ എന്തു ചെയ്തു?”
”മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ‘വൈരാഗ്യോല്പാദകം’ എന്ന പദ്യഗ്രന്ഥം മുഴുവന്‍ ചൊല്ലി മന:പാഠമാക്കി.”
നാണു കൈയിലുണ്ടായിരുന്ന ഗ്രന്ഥം അമ്മാവനെ ഏല്പിച്ചു. അവിശ്വാസവും അത്ഭുതവും നിറഞ്ഞ കണ്ണുകളോടെ അമ്മാവന്‍ മരുമകനെ നോക്കി. നാണുവിന്റെ ചിന്തയും പ്രവൃത്തിയും അസാധാരണമാണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ വസൂരിരോഗം വന്നാല്‍ പരസഹായത്തിനായി കരഞ്ഞുകിടക്കുകയേയുള്ളു. നാണുവാകട്ടെ ആ വിശ്രമകാലവും പഠനത്തിനായി മാറ്റിവെച്ചു.

അല്പം അഭിമാനവും അതിലേറെ സ്‌നേഹവും തോന്നി അമ്മാവന്. നാണുവിനെ വാത്സല്യത്തോടെ പിടിച്ച് അരികില്‍ നിര്‍ത്തി. അതു കണ്ടപ്പോള്‍ എല്ലാവരുടെ മനസ്സിലും സന്തോഷത്തിരയിളകി.
അന്നുതന്നെ മരുമകന്റെ ശരീരത്തിലെ വസൂരിക്കല മായാനുള്ള മരുന്ന് ശരീരം മുഴുവന്‍ തേച്ചുപിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. കലകള്‍ വേഗം മാറുകയും ചെയ്തു.
9400432008

Author

Scroll to top
Close
Browse Categories