ഗുരുവും ശിഷ്യനും

കുമ്മമ്പള്ളി രാമന്‍പിള്ള ആശാനും നാണുവും ഗുരുവും ശിഷ്യനുമാണ്. എന്നാല്‍ ഗുരു ശിഷ്യനെയും ശിഷ്യന്‍ ഗുരുവിനെയും പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നതിനാല്‍ ഇളയ സഹോദരനോടെന്നപോലെയാണ് ആശാന്‍ ശിഷ്യനോട് പെരുമാറിയിരുന്നത്.

രാമായണവായനയുടെ അവസാനഭാഗമായ പട്ടാഭിഷേകം വിപുലമായ നിലയില്‍ നടത്തുന്ന സ്ഥലങ്ങളില്‍നിന്നും ആശാനെ ക്ഷണിച്ചുകൊണ്ടുപോകാന്‍ ആളുകള്‍ വരും. ശ്രീരാമപട്ടാഭിഷേകത്തോടെയാണ് അദ്ധ്യാത്മരാമായണം അവസാനിക്കുക. അതാണ് പട്ടാഭിഷേക ചടങ്ങിന്റെ അടിസ്ഥാനം. ചെമ്പഴന്തിയില്‍ ഇതു നടന്നിരുന്നത് നാണു ഓര്‍ത്തു.
പണ്ഡിതന്മാരുടെ വാദപ്രതിവാദവേദിയാണ് രാമായണപാരായണം നടക്കുന്ന വീടുകളും ക്ഷേത്രങ്ങളും. വായനക്കിടയില്‍ അര്‍ത്ഥവിവരണം നടത്തണം. അതു കേട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ എന്തെങ്കിലും സംശയം ചോദിച്ചാല്‍ പിന്നെ വാക്കിന്റെ അര്‍ത്ഥവും വാചകത്തിന്റെ ആശയവും അതല്ലെന്നു പറഞ്ഞു മറുവാദം വരും.

രാമന്‍പിള്ള ആശാനാണ് അവിടെ അവസാന വാക്ക് പറയേണ്ടത്. വാദപ്രതിവാദം നടത്തുന്നവര്‍ അതാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ആശാന്‍ ശിഷ്യനായ നാണുവിനെക്കൊണ്ടാണ് അര്‍ത്ഥം പറയിക്കുക. ആശാനും മറ്റുള്ളവര്‍ക്കും അത് തൃപ്തികരമായിരിക്കും.

നാണുവിനെ ആശാന്‍ പണ്ഡിതസദസ്സുകളില്‍ പരിചയപ്പെടുത്തുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അത്ര ഇഷ്ടമായില്ല. തങ്ങളെക്കൂടി കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആശാന്‍ അടുത്ത രാമായണസദസ്സിലേക്ക് എല്ലാവരേയും കൊണ്ടുപോകാന്‍ തീരുമാനിച്ചു. കാര്യമറിഞ്ഞപ്പോള്‍ വാരണപ്പള്ളിയിലെ കാരണവര്‍ കൊച്ചുകൃഷ്ണപ്പണിക്കരും കൂട്ടത്തില്‍ ചേര്‍ന്നു. എല്ലാവരുമായി യാത്രയായി.

രാമായണപാരായണം നടക്കുന്ന സ്ഥലത്ത് പണ്ഡിതന്മാരും കേള്‍ വിക്കാരുമെല്ലാം എത്തിയിട്ടുണ്ട്. എല്ലാവരും ആശാനെ വന്ദിച്ച് എഴുന്നേറ്റു. ഗുരുവിനോടുള്ള ആദരവ് എത്രത്തോളമാണെന്ന് ശിഷ്യന്മാര്‍ കണ്ടറിഞ്ഞു.
രാമായണവായനക്കുള്ള സമയമായപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ആശാന്റെ ശിഷ്യന്‍ രാമായണം വായിക്കണമെന്ന് ആവശ്യപ്പെട്ടു.
”ഏതു ശിഷ്യന്‍?”
ആശാന്‍ തന്റെ ശിഷ്യന്മാരെ മുഴുവന്‍ നോക്കി ചോദിച്ചു. ഓരോരുത്തരെയായി മുന്നോട്ടു വിളിച്ചു.
”അല്ല.”
സദസ്സില്‍നിന്നും ചിലര്‍ അല്ല, ഇതല്ല എന്നു പറഞ്ഞുതുടങ്ങി. നാണുവിന്റെ ഊഴമായപ്പോള്‍ വളരെ വിനയത്തോടെ നാണു മുന്നോട്ടു നീങ്ങി നിന്നു.
”ഇതുതന്നെ. നാണു വായിച്ചാല്‍ മതി.”
”നാരായണന്‍ പാരായണം ചെയ്യട്ടെ.”
എന്നിങ്ങനെ പറഞ്ഞുതുടങ്ങി.
ആശാന്‍ ശിഷ്യന്മാരെയെല്ലാവരെയും നോക്കി പതുക്കെ പറഞ്ഞു.
”നിങ്ങള്‍ക്ക് ഇവിടെ നിന്നൊരു പാഠം പഠിക്കാനുണ്ട്.”
എന്തു പാഠം എന്ന് ചിന്തിച്ച് ശിഷ്യന്മാര്‍ നിന്നു. അപ്പോള്‍ പൂജിച്ച് പീഠത്തില്‍ വെച്ചിരുന്ന രാമായണമെടുത്ത് നിവര്‍ത്തി ആശാന്‍ നാണുവിനെ അരികിലേക്ക് വിളിച്ചു.

നാണു ഭക്തിബഹുമാനങ്ങളോടെ അടുത്തുവന്നു. ആശാന്റെ കാല്‍ തൊട്ടു വന്ദിച്ചു. പതുക്കെ എഴുന്നേറ്റു നിന്നു കൈകള്‍ കൂപ്പി നീട്ടി രാമായണം സ്വീകരിച്ചു. മന്ദംമന്ദം നടന്നുചെന്ന് വേദിയില്‍ ചമ്രം പടിഞ്ഞിരുന്നു. സദസ്സ് നിശ്ശബ്ദമായി. മധുരസ്വരത്തില്‍ സംഗീതാര്‍ച്ചനപോലെ നാണു രാമായണം വായിച്ചുതുടങ്ങി.

രാമായണാലാപനം ഒരു മധുര കീര്‍ത്തനം പോലെ സദസ്സ് ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു. സംശയങ്ങളും ദുരര്‍ത്ഥ വ്യാഖ്യാനങ്ങളും തോന്നുന്നുണ്ടെങ്കിലും വായന തടസ്സപ്പെടുത്താന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൊച്ചുകൃഷ്ണപ്പണിക്കര്‍ക്കു തോന്നി ഇതുവരെ ഇത്ര മനോഹരമായി രാമായണവായന കേട്ടിട്ടില്ല. അക്ഷരശുദ്ധിയും വ്യക്തതയുമുള്ള ആലാപനം.
ആശാന്‍ പാരായണം നിര്‍ത്താന്‍ നാണുവിനോട് ആവശ്യപ്പെട്ടു. നാണു വായന നിര്‍ത്തി.
”ഇനി ആരെങ്കിലും അര്‍ത്ഥം പറയട്ടെ.”
ആശാന്‍ ശിഷ്യന്മാരോടായി പറഞ്ഞു. സദസ്സ് കാതോര്‍ത്തിരുന്നു. ആരും പറഞ്ഞില്ല. ഇതുപോലൊരു സദസ്സില്‍ അര്‍ത്ഥവിശദീകരണം നടത്തുമ്പോള്‍ തെറ്റുപറ്റിയാല്‍…ശിഷ്യര്‍ സംശയിച്ചുനിന്നു.
ആശാന്റെ ശിഷ്യരുടെ കഴിവ് എന്താണെന്നറിയാനുള്ള അവസരമാണിത്. ചില കുബുദ്ധികള്‍ അങ്ങനെ ചിന്തിച്ചു. ആരും മുന്നോട്ടു വന്നില്ല. ഒന്നും പറഞ്ഞില്ല. നാണു ആശാന്റെ മുഖം ശ്രദ്ധിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. വായിച്ച ഭാഗത്തിന്റെ അര്‍ത്ഥം സുസ്വരത്തില്‍ പറഞ്ഞുതുടങ്ങി. ആശാന്റെ മുഖത്ത് അമാവാസി മറഞ്ഞു പൗര്‍ണ്ണമിയായി.
തിരിച്ചുപോരുമ്പോള്‍ രാമന്‍പിള്ള ആശാന്‍ കൊച്ചുകൃഷ്ണപ്പണിക്കരോടു പറഞ്ഞു.
”നാണുവിനെപ്പോലെ ഒരു ശിഷ്യനെ കിട്ടുക അപൂര്‍വ്വമാണ്.”
കൊച്ചുകൃഷ്ണപ്പണിക്കര്‍ തലകുലുക്കി അതു സമ്മതിച്ചു. എന്നിട്ടു സ്വയം പറഞ്ഞു.
”ഇങ്ങനെയുള്ള ഗുരുവും ശിഷ്യനും അപൂര്‍വ്വമായേ ഉണ്ടാവുകയുള്ളു.”

Author

Scroll to top
Close
Browse Categories