വാരണപ്പള്ളിയില്‍ നിന്നും ചെമ്പഴന്തിയിലേക്ക്

പഠിക്കാനുള്ള താല്പര്യം മറച്ചുവെച്ചില്ല. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനോട് എന്തു സംശയം ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ ചോദ്യങ്ങള്‍ക്കെല്ലാം ആശാന്‍ അനുകൂല മറുപടിയും നല്‍കുമായിരുന്നു.

എഴുത്തുകളരിയില്‍ കാവ്യം, നാടകം, അലങ്കാരം എന്നീ വിഭാഗങ്ങളിലെല്ലാം മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ നാണു മുന്നിലാണെന്ന് ആശാനറിഞ്ഞു. അത് ശിഷ്യനോടുള്ള പ്രിയം വര്‍ദ്ധിപ്പിച്ചു. വേദാന്തം പഠിപ്പിച്ചു കഴിഞ്ഞു.
കുമ്മമ്പള്ളി ആശാന്‍ ജ്യോതിഷത്തിലും ആയുര്‍വ്വേദത്തിലും പാണ്ഡിത്യവും ക്രിയാപാരമ്പര്യവുമുള്ള ആളാണെന്ന് മനസ്സിലായി. ജ്യോതിഷകാര്യങ്ങള്‍ക്കായി ആശാനെ സമീപിക്കുന്നവരും ചികിത്സ തേടി എത്തുന്നവരുമുണ്ട്. ആയുര്‍വ്വേദത്തിന്റെ ബാലപാഠങ്ങള്‍ ചെമ്പഴന്തിയില്‍വെച്ച് അമ്മാവന്റെ കീഴില്‍ പഠിച്ചിട്ടുണ്ട്. അതിന്റെ അനുഭവപരിചയം കുമ്മമ്പള്ളി ആശാനറിയാം. പച്ചമരുന്നു പറിക്കാനും ചില മരുന്നുകൂട്ടുകള്‍ തയ്യാറാക്കാനും ആശാന്‍ പ്രിയപ്പെട്ട നാണനെയാണ് നിയോഗിക്കുക. തൃപ്തികരമായി അതു ചെയ്യും.
ജ്യോതിഷവും വൈദ്യവും നാണുവിനെയും പഠിപ്പിച്ചു. അടങ്ങാത്ത ജ്ഞാനതൃഷ്ണയുള്ള ശിഷ്യനെ കൂടെ നിര്‍ത്തുകയും ചെയ്തു.
നാണുവിന്റെ പഠനം അവസാനിച്ചുകഴിഞ്ഞു. ഇനി ചെമ്പഴന്തിയിലേക്ക് പോകണം. സഹപാഠികളുടെ സംശയം തീര്‍ത്തുകൊടുക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്നത് നാണുവാണ്. നാണു കൂടെ നില്‍ ക്കട്ടെ അത് തനിക്കൊരു സഹായമാവും എന്നൊരാലോചനയുണ്ടായി. നാണുവിനും അവിടെനിന്നു കൂടുതല്‍ പഠിക്കണമെന്നും ആഗ്രഹമുണ്ട് എന്ന് രാമന്‍പിള്ള ആശാനു തോന്നിയിരുന്നു.

ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലെന്ന് നാണുവിനെപ്പറ്റി ഒരു പരാതിയുണ്ട്. അതു ശരിയാണെന്നു തെളിഞ്ഞു. നാണുവിന് കഠിനമായ വയറുകടി രോഗം പിടിപെട്ടു. പൂര്‍ണ്ണമായി മാറുന്നില്ല. കുറേ ദിവസങ്ങള്‍ വിഷമിച്ചു.
ചെമ്പഴന്തിയില്‍ വിവരം അറിഞ്ഞു. കൃഷ്ണന്‍വൈദ്യരും മാടനാശാനും വാരണപ്പള്ളിയില്‍ എത്തി. ചികിത്സ ഇനി വീട്ടിലാകാം എന്ന് മാടനാശാന്‍ കൃഷ്ണന്‍ വൈദ്യരോടു പറഞ്ഞു. അതുതന്നെ നല്ലത് എന്ന് കൃഷ്ണന്‍ വൈദ്യരും തീരുമാനിച്ചു.

കുമ്മമ്പള്ളി രാമന്‍പിള്ള ആശാനെ കണ്ടു സമ്മതം വാങ്ങി അമ്മാവനും അച്ഛനും നാണുവിനെ ചെമ്പഴന്തിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
രണ്ടുവര്‍ഷം ഭക്ഷണവും കിടക്കാനിടവും നല്‍കിയ വാരണപ്പള്ളിയിലെ കാരണവരെ കണ്ടു നന്ദിപറഞ്ഞു. കൊച്ചുകൃഷ്ണപ്പണിക്കര്‍ നാണുവിനെപ്പറ്റി നല്ലതു പറഞ്ഞു മതിയാവാത്തതുപോലെ കൂടെ നിന്നു. വീട്ടിലെ സ്ത്രീകള്‍ക്കും നാണു പോകുന്നതില്‍ വിഷമമുണ്ട്. വിദ്യയും വിനയവും ഒത്തിണങ്ങിയ ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലാണ് അവര്‍ നാണുവിനെ കണ്ടത്. ഇത്രയും സല്‍സ്വഭാവിയായ ഒരു കുട്ടിയെ രോഗാവസ്ഥയില്‍ വീട്ടുകാര്‍ വന്ന് കൂട്ടിക്കൊണ്ടുപോവുകയാണ്.
”ഇനി വരുമോ?”
വാരണപ്പള്ളിയിലെ മുത്തശ്ശി ചോദിച്ചു.
”വരണമെന്നുണ്ട്. പക്ഷെ..”
നാണു തുടര്‍ന്നു പറഞ്ഞില്ല.
”രാമന്‍പിള്ള ആശാന്‍ വേണ്ടതെല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.”
കൃഷ്ണന്‍ വൈദ്യരുടെ സംസാരം കേട്ടപ്പോള്‍ നാണുവിനെ തിരിച്ചയക്കേണ്ടതില്ല എന്നൊരു ചിന്തയാണെന്ന് തോന്നി. അതു മകന്റെ മുഖത്ത് സങ്കടം പരത്തുന്നത് മാടനാശാന് കാണാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
”നാണുവിന് ഇനിയും പഠിക്കണമെങ്കില്‍ ആകാം. ഇവിടെത്തന്നെ വന്നുകൊള്ളട്ടെ.”
അച്ഛന്‍ തനിക്കുവേണ്ടിയാണ് പറയുന്നത്. എന്നാല്‍ അവസാന വാക്ക് അമ്മാവന്റേതായിരിക്കും.
അച്ഛനും അമ്മാവനും കൊച്ചുകൃഷ്ണപ്പണിക്കരും സംസാരിക്കുകയാണ്. നാണു തറവാട്ടിലെ സ്ത്രീകളുടെ അടുത്തേക്ക് പതുക്കെ നടന്നു.
ഒന്നും പറയാന്‍ കഴിഞ്ഞില്ല. നാണുവിന്റെ കണ്ണുകളില്‍ നന്ദിയുടെയും ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രകാശമുണ്ടെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു.
”പോയിട്ട് വരട്ടെ മുത്തശ്ശി”
നാണു എല്ലാവരെയും നോക്കി. മുത്തശ്ശിയെ പ്രത്യേകം വിളിച്ചു യാത്രചോദിച്ചു.
”പോയിട്ടു വാ മോനേ.”
മുത്തശ്ശി യാത്രാനുവാദം നല്‍കി. അവിടെ കൂടിയിരിക്കുന്ന സ്ത്രീ കള്‍ തലയാട്ടി സമ്മതിച്ചു. എല്ലാവര്‍ക്കും നാണു പോകുന്നതില്‍ ദുഃഖമുണ്ട്. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടറി.
നാണുവിനെ വാരണപ്പള്ളിയിലെ കുടുംബാംഗങ്ങളില്‍ ഒരാളായാ ണ് എല്ലാവരും കരുതിയിരുന്നത് എന്ന് മാടനാശാന് തോന്നി. അവര്‍ക്ക് നാണുവിനെ വിട്ടുപിരിയാന്‍ മനസ്സില്ല. എങ്കിലും കൊണ്ടുപോകാതിരിക്കാന്‍ പറ്റില്ല.
കൂടെ പഠിച്ചിരുന്ന കുട്ടികള്‍ക്കും പ്രയാസമുണ്ട്. ജോലിക്കാരില്‍ ചിലര്‍ കണ്ണീരണിഞ്ഞുകൊണ്ടാണ് നാണുവിനെ യാത്രയയക്കാനെത്തിയത്.
സ്‌നേഹകാരുണ്യത്തിന്റെ സാന്ത്വനസ്പര്‍ശമായിരുന്നു വാക്കുകളും പ്രവൃത്തികളും. പ്രിയപ്പെട്ടവരുടെ നിശ്ശബ്ദവിലക്കുകള്‍ നീക്കിവേണം പോകുവാന്‍. തലതാഴ്ത്തി മന്ദം നടന്നു.
എവിടെ നിന്നെന്നറിയാതെ സൗമ്യന്‍ നായ ഓടിയെത്തി നാണുവിന്റെ മുന്നില്‍ നിന്നു. പിന്നെ പതുക്കെ തലയും താഴ്ത്തി കാലില്‍ മുട്ടിയുരുമ്മി നടന്നു. നിത്യവും ആഹാരം കൊടുത്തിരുന്ന ആള്‍ പോവുകയാണ് എന്നറിഞ്ഞതുപോലെയാണ് അതിന്റെ പെരുമാറ്റം. കാലില്‍ തടഞ്ഞ് വിലക്കുന്നു.

വാരണപ്പള്ളിയിലെ തറവാട്ടു കാരണവര്‍ കൊച്ചുകൃഷ്ണപ്പണിക്കര്‍ക്ക് കുടുംബത്തിലെ ഒരു അംഗവും കൂട്ടുകാരനും വിട്ടുപോകുന്നതുപോലെയാണ് തോന്നിയത്. പ്രായത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ജ്ഞാനത്തില്‍ തന്നെക്കാള്‍ മീതെയാണ് നാണു എന്നു തോന്നിയിരുന്നു. വയോവൃദ്ധനും ജ്ഞാനവൃദ്ധനും തമ്മിലുള്ള ബന്ധമാണ് തങ്ങളുടേതെന്ന് പണിക്കര്‍ പറഞ്ഞിരുന്നു.
യാത്ര ചോദിക്കാനെത്തിയ നാണു പണിക്കരുടെ കാല്‍ തൊട്ടു വന്ദിക്കാനൊരുങ്ങിയപ്പോള്‍ ചുമലില്‍ പിടിച്ചു തനിക്കൊപ്പം നിര്‍ത്തി, മാടനാശാനോടും കൃഷ്ണന്‍ വൈദ്യരോടും പറഞ്ഞു.
”ഇവിടുത്തെ പുരാണവായനക്കാരനെയാണ് നിങ്ങള്‍ കൊണ്ടുപോകുന്നത്. രാമായണവും മഹാഭാരതവും ഭാഗവതവും പുരാണങ്ങളും വായിച്ച് അര്‍ത്ഥം പറയാന്‍ ആരാണ് ഞങ്ങള്‍ക്കുള്ളത്?”
പണിക്കര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് തുടര്‍ന്നു പറഞ്ഞു.
”കീര്‍ത്തിമാനായിത്തീരട്ടെ.”
മടക്കയാത്ര ആരംഭിക്കുകയാണ്. സതീര്‍ത്ഥ്യരും, വാരണപ്പള്ളിയിലെ അംഗങ്ങളും അവിടുത്തെ ജോലിക്കാരും കായലോരം വരെ കൂടെച്ചെന്നു യാത്രാനുവാദം നല്‍കി. മംഗളങ്ങള്‍ നേര്‍ന്നു. വേഗംതന്നെ തിരിച്ചുവരാന്‍ കഴിയട്ടെ എന്ന് പലരും പ്രാര്‍ത്ഥിച്ചു.
കൃഷ്ണന്‍ വൈദ്യര്‍ പറഞ്ഞതനുസരിച്ച് കെട്ടുവള്ളത്തില്‍ നാണുവിന് കിടക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. എല്ലാവരും വഞ്ചിയില്‍ കയറി. ഒരിക്കല്‍ക്കൂടി കരയില്‍ നില്‍ക്കുന്നവരോട് യാത്രാനുവാദം വാങ്ങി. വഞ്ചി നീങ്ങി. ഓളങ്ങള്‍ മുറിച്ച് നീങ്ങുന്ന വഞ്ചിയോടൊപ്പം കരയില്‍ നില്‍ക്കുന്നവരുടെ കണ്ണുകളും ദീര്‍ഘദൂരം സഞ്ചരിച്ചു.

Author

Scroll to top
Close
Browse Categories