പട്ടാഭിഷേകം
കീര്‍ത്തനങ്ങളും ശ്ലോകങ്ങളും നാരായണീയം തുടങ്ങിയ കാവ്യങ്ങളും മധുരസ്വരത്തില്‍ ആലപിക്കും. എന്തും മനഃപാഠമാക്കാനുള്ള എളുപ്പവിദ്യയായിരുന്നു ഉറക്കെയുള്ള ചൊല്ലല്‍. ഒന്നോ രണ്ടോ തവണ കേട്ടുകഴിയുമ്പോള്‍ നാണു അത് പഠിച്ചിരിക്കും. അനന്തരവന്റെ ഈ സിദ്ധി മനസ്സിലാക്കിയ കൃഷ്ണന്‍ വൈദ്യര്‍ നാണു എന്തൊക്കെയാണ് പഠിക്കുന്നത് എന്ന് ശ്രദ്ധിച്ചിരുന്നു.
ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’യും ഭര്‍ത്തൃഹരിയുടെ ‘വൈരാഗ്യശതക’വും ചെറുപ്രായത്തില്‍ത്തന്നെ പഠിച്ചിരുന്നു. ഭക്തിഭാവവും ശാന്തസ്വഭാവവും സന്ന്യാസവിഷയങ്ങളിലുള്ള അമിതതാല്പര്യവും കുട്ടികളില്‍ ഇത്ര വേണ്ടതില്ല. എന്നാല്‍ നാണു മറ്റു കുട്ടികളെപ്പോലെയല്ലല്ലോ വളരുന്നത് എന്നു ചിന്തിച്ചപ്പോള്‍ അല്പം അഭിമാനവും സന്തോഷവും തോന്നി.
ആരെയും ആകര്‍ഷിക്കുംവിധം സംഗീതാത്മകമായി കൃതികള്‍ പാരായണം ചെയ്യാനുള്ള കഴിവ് നാണുവിനുണ്ട്. ഇതു മനസ്സിലാക്കിയ മാടനാശാന്‍ മകനെക്കൊണ്ട് രാമായണം വായിപ്പിക്കും. നാണുവിന് ഏറെ സന്തോഷമുള്ള കാര്യമാണത്.
നാണു രാമായണം വായിക്കുന്നത് കേള്‍ക്കാന്‍ വീട്ടിലെയും അയല്‍ വീടുകളിലെയും ആളുകള്‍ വരും. അവരുടെ മുമ്പിലിരുന്നാണ് രാമായണം വായിക്കേണ്ടത്. പട്ടാഭിഷേകം എന്നാണ് രാമായണവായനയെ വിശേഷിപ്പിക്കുക. പ്രത്യേക പീഠത്തില്‍ വെച്ച് പൂജിച്ച രാമായണ ഗ്രന്ഥം അവിടെ കൂടിയിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ മാന്യ വ്യക്തിയാണ് ഭക്തിപൂര്‍വ്വം എടുക്കുക. അദ്ദേഹം കണ്ണുകളടച്ച് ധ്യാനിച്ച് രാമായണം വിടര്‍ത്തി വായനക്കാരനെ ഏല്പിക്കും. വായിക്കുന്ന ആള്‍ വലതുവശത്തെ ഏടില്‍നിന്ന് ഏഴുവരിയും ഏഴ് അക്ഷരവും തള്ളി ആദ്യംവരുന്ന മൂന്നക്ഷരങ്ങളുടെ ഗണവും അര്‍ത്ഥവും പറയും.
പാരായണം കേള്‍ക്കാനെത്തിയിരിക്കുന്ന പണ്ഡിതന്മാരും സാധാരണക്കാരും ഗണത്തിന്റെ അര്‍ത്ഥം പറഞ്ഞു വാദം തുടങ്ങും. മഗണം, യഗണം, രഗണം, സഗണം, ജഗണം, ഭഗണം, നഗണം എന്നിങ്ങനെയാണ് ഗണത്തിന്റെ പേരുകള്‍. ഇത് ഓര്‍ത്തിരിക്കാന്‍ വേണ്ടി ‘മല്ലാക്ഷീം യശോദാം രാഗിണി സരസാം താമ്രൈവ ജഘാന ഭാവയു നൃവര’ എന്നിങ്ങനെ ഒരു ശ്ലോകമുണ്ട്. അതു ചൊല്ലി ഏതു ഗണമാണോ കണ്ടത് അതിന്റെ അര്‍ത്ഥവിസ്താരമായിരിക്കും ഒരാള്‍ നടത്തുക. അത് ശരിയല്ല, സ്ഥലകാലസന്ദര്‍ഭങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊര്‍ത്ഥമാവും ഒരാള്‍ എതിര്‍വാദമായി ഉന്നയിക്കുക. ഈ വാദപ്രതിവാദങ്ങള്‍ അവസാനിക്കണമെങ്കില്‍ ആരെങ്കിലും ഒരാള്‍ വ്യക്തവും യുക്തവുമായ ഒരു തീരുമാനം പറയണം. പലപ്പോഴും നാണുവാണ് അതുപറയുക.
രാമായണം വായന തുടങ്ങിയാല്‍ അതിന്റെ അര്‍ത്ഥവും പറയണം. അപ്പോഴും എതിര്‍ അഭിപ്രായങ്ങളുണ്ടാവും. ഇതെല്ലാം പാണ്ഡിത്യ പ്രകടനത്തിനുള്ള അവസരമായാണ് പലരും ഉപയോഗിക്കുക. ഇവിടെയും ഒരാള്‍ അവസാന വാക്കു പറയണം.
രാമായണ വായനക്കിടയിലുണ്ടാകുന്ന അര്‍ത്ഥസംബന്ധമായ തര്‍ ക്കങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ വായനക്കാരനായ നാണു മറ്റാരും കാണാ ത്ത അദ്ധ്യാത്മീകാര്‍ത്ഥം പറയും. അതോടുകൂടി അപ്പോഴത്തെ വാദങ്ങള്‍ കെട്ടടങ്ങും.
സൗമ്യവും വശ്യവുമായ സ്വരത്തില്‍ നാണു പറയുന്നതെല്ലാവരും ശ്രദ്ധിക്കും. ചെറിയ പ്രായത്തില്‍ത്തന്നെ നാണു നേടിയ പുരാണേതിഹാസകഥാജ്ഞാനം പലരിലും നാണുവിനോടുള്ള സ്‌നേഹമായും അടുപ്പമായും മാറും. നാണുവിന്റെ ആത്മീയജ്ഞാനത്തെപ്പറ്റിയാണ് വേറെ ചിലര്‍ ആരാധനാപൂര്‍വ്വം ആലോചിക്കുക.
മകന്റ കഴിവില്‍ മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ആനന്ദത്തോടെ മാടനാശാനും കുട്ടിയമ്മയും കേട്ടുനില്‍ക്കും. കൃഷ്ണന്‍ വൈദ്യര്‍ക്കും സന്തോഷമാവും.