അമ്മ സ്നേഹത്തണല്‍
അമ്മ സ്നേഹമായിരുന്നു. എന്നും തണലായിരുന്നു. ഏതു കുസൃതിയും ക്ഷമിക്കുന്ന വാത്സല്യമായിരുന്നു.
ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ അമ്മ മകനെ കൂടെ കൊണ്ടുപോകും. അമ്മയില്‍നിന്നും ലഘുകീര്‍ത്തനങ്ങള്‍ പഠിച്ചു. അമ്മയുടെ സ്വരത്തോടൊപ്പം മകന്റെ മധുരസ്വരവും ക്ഷേത്രമുറ്റങ്ങളില്‍ ഉയര്‍ന്നു. കൂടെയുള്ളവര്‍ക്കും അത് ആനന്ദം നല്കി.
അമ്മയെ എല്ലാവരും ‘കുട്ടി’ എന്നാണ് വിളിച്ചിരുന്നത്. അമ്മയായപ്പോഴും പ്രായത്തില്‍ കൂടിയവരും കുട്ടി എന്നുതന്നെ വിളിച്ചു. അത്രയും പ്രിയപ്പെട്ടവളായിരുന്നു കുട്ടി. സമപ്രായക്കാരും പ്രായം കുറഞ്ഞവരും അമ്മയെ കുട്ടിയമ്മ എന്നു വിളിച്ചു. അമ്മയെ കുട്ടിയമ്മ എന്നു വിളിച്ചുകേള്ക്കുന്നതിലായിരുന്നു നാണുവിന് സന്തോഷം.
പലദിവസങ്ങളിലും അച്ഛന് വയല്‍വാരം വീട്ടില്‍വെച്ച് ഏതെങ്കിലും ഒരു പുരാണഗ്രന്ഥം വായിച്ച് കഥ പറയും. ആ കഥ കേള്‍ക്കാന്‍ വീട്ടുകാര്‍ മാത്രമല്ല അടുത്ത വീട്ടുകാരും സമയത്തിന് മുമ്പെ വന്നുചേരും. എല്ലാവരെയും സ്വീകരിച്ചിരുത്തുന്നത് അമ്മയാണ്. അവര്‍ക്കൊക്കെ കുട്ടിയമ്മയെ ഇഷ്ടമാണ്.
രാമായണത്തിലെ കഥകള്‍ അച്ഛന് പറയുമ്പോള്‍ നാണു മുന്നില്‍ ത്തന്നെ ഇരുന്നു കേള്‍ക്കും. ഹനുമാനെപ്പോലെ അതിശക്തനും ഭക്തനുമായ മറ്റൊരാള്‍ പുരാണകഥകളില്‍ വേറെയില്ല.
ജ്യോതിഷത്തില്‍ നല്ല അറിവുണ്ടായിരുന്ന അച്ഛനെയും തേടി പലരും വരും. മുഹൂര്ത്തനിശ്ചയത്തിനും പ്രശ്നചിന്തയ്ക്കും വരുന്നവരെ അച്ഛന് മനസ്സറിഞ്ഞു സഹായിക്കും.
ചെമ്പഴന്തിയില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തുപോകുന്ന അച്ഛനെ നാട്ടുകാര്‍ പല കാര്യങ്ങളും ഏല്പിക്കും. ഹജൂരില്‍ നികുതി അടക്കുക, സര്വ്വേകാര്യങ്ങള് നോക്കുക. ആളുകളെ സഹായിക്കുന്നതില്‍ അച്ഛനും സന്തോഷമേയുള്ളു.
വെള്ള മുണ്ടുടുത്ത് രണ്ടാം മുണ്ട് തോളത്തിട്ട് തിരുവനന്തപുരത്തേക്ക് നടന്നുപോകുന്ന മാടനാശാനെ കണ്ടാല്‍ എല്ലാവരും സ്നേഹബഹുമാനങ്ങളോടെ ചിരിച്ചും തൊഴുതും നില്ക്കും. പലപ്പോഴും അച്ഛന്റെ കൂടി എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആളുകളുടെ സ്നേഹം കാണുമ്പോള്‍ നാണു ചോദിക്കും.
”വീട്ടില്‍ അമ്മയെ എല്ലാവര്ക്കും ഇഷ്ടമാണ്. നാട്ടില്‍ അച്ഛനെയും എല്ലാവര്ക്കും ഇഷ്ടമാണ്. അതെന്തുകൊണ്ടാണ്?”
”നല്ല മനസ്സുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും.”
അച്ഛന് നന്മയെപ്പറ്റി പറഞ്ഞുതുടങ്ങും. എല്ലാം കേട്ടു കഴിയുമ്പോള്‍ കൊച്ചുനാണു തീരുമാനിക്കും. നന്മയോടെ ജീവിക്കണം.
ആനന്ദകരമായി എല്ലാവരും ജീവിക്കുന്ന വയല്‍വാരം വീട്ടില്‍ എല്ലാവരുടെയും സ്നേഹവാത്സല്യങ്ങള്‍ നാണുവിന് ലഭിച്ചു.
കൊച്ചുനാണുവിനും സഹോദരിമാരായ കൊച്ച്, ദേവി, മാത എന്നിവര്‍ക്കും അമ്മയും അച്ഛനുമാണ് മാതൃക. എങ്കിലും സഹോദരിമാരെ ചേര്‍ത്തുപിടിച്ച് പലതും ഉപദേശിക്കുക നാണുവിന്റെ കടമയായി.
വീട്ടില്‍ സ്ഥിരമായി കഴിയാനുള്ള താല്പര്യമില്ലാതായി. യാത്രകള്‍കൊണ്ട് പുതിയ അനുഭവങ്ങള്‍ തേടുക പതിവായി. കാല്‍നടയായി അകലെയുള്ള ബന്ധുഗൃഹങ്ങളില്‍ ചെന്നു താമസം നടത്തും.. എന്നാ ല്‍ എവിടെയും അധികദിവസങ്ങള്‍ തങ്ങില്ല