ഒരു കത്തും മറുപടിയും

വയല്‍വാരം വീട്ടിലേക്ക് ഒരു കത്തു വന്നു. പണ്ഡിതനും സാഹിത്യരസികനുമായ കൃഷ്ണന്‍ വൈദ്യനുള്ള കത്താണ്. കത്തയച്ചിരിക്കുന്നത് പരവൂര്‍ കേശവനാശാന്‍ എന്ന പണ്ഡിതനാണ്.

സംസ്‌കൃതത്തിലാണ് കത്തെഴുതിയിരിക്കുന്നത്. അക്കാലത്ത് പണ്ഡിതന്മാര്‍ക്കിടയിലെ ഒരു സാഹിത്യവിനോദമായിരുന്നു വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കത്തെഴുത്ത്.

പാണ്ഡിത്യം പ്രകടിപ്പിക്കാനും മറ്റുള്ളവരെ കളിയാക്കാനും അഹങ്കാരികളെ ഒതുക്കാനുമുള്ള വഴിയായിരുന്നു കത്തെഴുത്ത്. ചിലപ്പോള്‍ കത്തുകളില്‍ ഉത്തരം പറയാന്‍ പ്രയാസമായ ചോദ്യങ്ങളുണ്ടായിരിക്കും. അല്ലെങ്കില്‍ ഒരു സംസ്‌കൃതശ്ലോകത്തിന്റെ അര്‍ത്ഥം എന്താണെന്ന് അന്വേഷിച്ചുകൊണ്ടുള്ള കത്തായിരിക്കും. ശരിയായ നിലയില്‍ ഇതിനൊന്നും ഉത്തരം നല്‍കാനാവാത്തവരെപ്പറ്റി മാന്യന്മാര്‍ക്കിടയില്‍ അവമതിപ്പുണ്ടാകും വിധം വീണ്ടും കത്തുകളെഴുതും.

ഒരുതരത്തിലുള്ള പാണ്ഡിത്യപ്രകടനവും മത്സരവുമാണിത്. ഇത്തരം കത്തുകളെ ‘കുത്തുകത്ത്’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കൃഷ്ണന്‍വൈദ്യര്‍ക്ക് പരവൂര്‍ കേശവനാശാന്‍ അയച്ചത് ഇത്തരം ഒരു കുത്തുകത്താണ്.

മറുപടി അയക്കുന്നതിനുമുമ്പെ കത്ത് നന്നായി വായിക്കണം. അതില്‍ കുത്താനായി ഒളിച്ചുവെച്ച കുന്തങ്ങളൊക്കെ കണ്ടെത്തണം. കൃഷ്ണ ന്‍ വൈദ്യര്‍ കത്ത് രണ്ടുമൂന്നു വട്ടം വായിച്ചിട്ടും അര്‍ത്ഥം വ്യക്തമായില്ല. ഇനി ആരെ കണ്ടു കത്തു വായിപ്പിക്കണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മരുമകന്‍ നാണു മുമ്പില്‍ വന്നത്.
കൃഷ്ണന്‍ വൈദ്യര്‍ കത്ത് മരുമകനെ ഏല്പിച്ചുകൊണ്ട് പറഞ്ഞു:
”ഈ കത്ത് വായിച്ച് ശരിയായി അര്‍ത്ഥം പറയണം. ഇത്തരം കത്തുകളില്‍ അര്‍ത്ഥം എഴുതിയ വാക്കുകളിലേതു മാത്രമാവില്ല. വരികള്‍ക്കിടയിലും ഗൂഢാര്‍ത്ഥങ്ങളുണ്ടാവും. അതും മനസ്സിലാക്കണം.”
”ഞാന്‍ നോക്കാം.”
കത്ത് വാങ്ങി വായിച്ചു. വാക്കുകളിലൂടെ വ്യക്തമാകുന്ന ആശയം ആദ്യം വിശദീകരിച്ചു. പദപ്രയോഗത്തില്‍ കാണിച്ച രചനാകൗശലം മൂലം പെട്ടെന്നു തിരിച്ചറിയാനാവാത്ത ഗൂഢാര്‍ത്ഥവും പറഞ്ഞു.
കൃഷ്ണന്‍ വൈദ്യര്‍ ആഹ്ളാദത്തോടെ മരുമകന്റെ മുഖത്തു നോക്കി. പരവൂര്‍ കേശവനാശാന്റെ രചനാകൗശലത്തിന്റെ പെരുങ്കോട്ടയാണ് നാണു തകര്‍ത്തത്. ഇത്രയും പ്രതീക്ഷിച്ചില്ല.
”ങ്ങാ..നാണു പറഞ്ഞതു ശരിയാണല്ലോ?”
മരുമകന്‍ പറഞ്ഞ അര്‍ത്ഥം സമ്മതിച്ചുകൊണ്ട് കാരണവര്‍ മറ്റൊരു കാര്യമാണ് ചിന്തിച്ചത്.

ഈ എഴുത്തിന് ഇതിലും കടുത്ത ഒരു കുത്ത്കത്ത് അയക്കണം. അത് ആരെഴുതും? വൈദ്യര്‍ ആലോചിച്ചിരിക്കുന്നതു കണ്ടപ്പോല്‍ മരുമകന്‍ ചോദിച്ചു.
”അമ്മാവാ ഇതിനൊരു മറുപടി എഴുതണം.”
അമ്മാവന്‍ മറുപടി എഴുതണമെന്നാണ് മരുമകന്‍ ഉദ്ദേശിച്ചത്. എന്നാല്‍ നാണുതന്നെ ഒരു മറുപടി എഴുതണം എന്നാണ് വൈദ്യര്‍ തീരുമാനിച്ചത്.
”പണ്ഡിതോചിതമായ ഒരു മറുപടി തന്നെ വേണം.”
വൈദ്യര്‍ മരുമകനെ നോക്കി തുടര്‍ന്നു പറഞ്ഞു.
”നാണുതന്നെ ഒരു മറുപടി എഴുതി കാണിക്കൂ.”
പരവൂര്‍ കേശവനാശാന്റെ പേരില്‍ ഒരു മറുപടി കത്തെഴുതുക. ഓര്‍ത്തപ്പോള്‍ത്തന്നെ ചെറിയ ഭയം തോന്നി. അക്ഷരത്തിനും വാക്കി നും വാചകത്തിനും ആശയത്തിനും കുറ്റം കണ്ടുപിടിച്ച് പരിഹസിക്കുന്ന പണ്ഡിതന്മാരുണ്ട്. അവരുടെ കാലവുമാണിത്. എങ്ങനെ ഒരു മറുപടി കത്തെഴുതും? മരുമകന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ അമ്മാവന്‍ പ്രോത്സാഹിപ്പിച്ചു.
”നീ എഴുതിക്കോളൂ. വായിച്ചുനോക്കി എനിക്കു ബോധ്യപ്പെട്ടാലേ ഞാന്‍ അയക്കുകയുള്ളു.”
മരുമകന്‍ കത്തെഴുതി അമ്മാവനെ ഏല്പിച്ചു. പരവൂര്‍ കേശവനാശാന് കൊടുക്കേണ്ട കുത്തുകളെല്ലാം കത്തിലുണ്ട്. എന്നാലും അതി ന്റെ ഭാഷയിലും ശൈലിയിലും പ്രകടമാവുന്ന മാന്യസ്വരവും ഭാവവും വൈദ്യരെ അതിശയിപ്പിച്ചു. ഇത്രത്തോളം പ്രതീക്ഷിച്ചില്ല.
കൃഷ്ണന് വൈദ്യര്‍ തികഞ്ഞ അഭിമാനത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും അല്പം അഹങ്കാരത്തോടെയും ആ കത്ത് പരവൂര്‍ കേശവനാശാന് അയച്ചുകൊടുത്തു. മറുപടി കാത്തിരുന്നു.
പരവൂര്‍ കേശവനാശാന്റെ മറുപടി കത്തു വന്നു. മലയാളത്തിലാണ് ആ കത്തെഴുതിയിരിക്കുന്നത്. സംസ്‌കൃതത്തിലെഴുതാതെ കേശവനാശാന്‍ മലയാളത്തില്‍ എഴുതിയത് എന്തുകൊണ്ടെന്ന് സംശയിച്ചാണ് കത്ത് വായിച്ചത്. മറുപടി അത്രയേ അര്‍ഹിക്കുന്നുള്ളു എന്നാവാം സൂചന. നാണു എഴുതിയ മറുപടി വായിച്ചിട്ട് തനിക്കു തന്നെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. കേശവനാശാനും അര്‍ത്ഥം പിടികിട്ടിയിട്ടുണ്ടാവില്ല. അതാണ് എഴുത്ത് ഇപ്പോള്‍ മലയാളത്തിലാക്കിയത്. കൃഷ്ണന്‍ വൈദ്യര്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ട് എഴുത്ത് വായിച്ചുതുടങ്ങി.

”പ്രിയപ്പെട്ട കൃഷ്ണന്‍ വൈദ്യന്, ഞാന്‍ താങ്കള്‍ക്ക് എഴുതി അയച്ച കത്തിനു താങ്കള്‍ അയച്ചുതന്ന മറുപടി കിട്ടി. എന്നാല്‍ ഞാന്‍ തുറന്നുപറയട്ടെ, ഞാനയച്ച കത്തു വായിച്ച് മറുപടിയെഴുതിയത് താങ്കളല്ലെന്ന് എനിക്ക് മനസ്സിലായി. ഇത് ഏതോ സിദ്ധപുരുഷന്റെ കൈപ്പടയും വാചകഘടനയുമാണ്. ആയതിനാല്‍ ആ ദിവ്യാത്മാവിനെ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു.”

കത്തു വായിച്ച് കൃഷ്ണന്‍ വൈദ്യര്‍ ഒരുനിമിഷം അത്ഭുതാഹ്ളാദത്തോടെ നിന്നു. സ്വന്തം മരുമകന്‍ മഹാപണ്ഡിതനായ പരവൂര്‍ കേശവനാശാന്റെ വായനാനുഭവത്തില്‍ സിദ്ധപുരുഷനായിത്തീര്‍ന്നിരിക്കുന്നു. കൈപ്പട കണ്ട് സ്വഭാവമഹിമ വെളിപ്പെടുത്തുന്നു. ഭാഷാ പ്രയോഗവും വാചകഘടനയും മഹാത്മാവിന്റേതാണെന്ന് കണ്ടെത്തുന്നു.
നേരില്‍ കണ്ടിട്ടില്ലെങ്കിലും നാണുവെഴുതിയ കത്ത് വായിച്ച് സിദ്ധപുരുഷനാണെന്ന് സങ്കല്പിച്ച് ആശാന്‍ സാഷ്ടാംഗം പ്രണാമം നടത്തുന്നു.
കൃഷ്ണന്‍ വൈദ്യരുടെ കണ്ണുകള്‍ നിറഞ്ഞു. ആനന്ദക്കണ്ണീര്‍. സ്വന്തം മരുമകന് കിട്ടിയ ഈ പ്രശംസ തനിക്കുകൂടിയുള്ളതാണ്. അല്ലെങ്കില്‍ ആ സിദ്ധപുരുഷ സാന്നിദ്ധ്യത്തിനുള്ള സാക്ഷ്യപത്രമാണ്.
എവിടെ സിദ്ധപുരുഷന്‍? അഭിമാനത്തോടെ കൃഷ്ണന്‍വൈദ്യര്‍ നാണുവിനെ കാണാന്‍ ചുറ്റും നോക്കി.
മരുമകന്‍ നാണു അപ്പോള്‍ ഒരു മരച്ചുവട്ടില്‍ കന്നുകാലികള്‍ക്ക് വെള്ളം പകര്‍ന്നു നല്‍കുകയായിരുന്നു. അതു കഴിഞ്ഞ് നേരെ അടുത്തുള്ള വെറ്റില വള്ളി എടുത്ത് താങ്ങുമരത്തില്‍ ചേര്‍ത്തുവെച്ചു. പിന്നെ ഔഷധച്ചെടികള്‍ വളരുന്നേടത്തേക്ക് നടന്നു.
”നാണുവിനെ കൂടുതല്‍ പഠിപ്പിക്കണം.”
കൃഷ്ണന്‍വൈദ്യര്‍ മനസ്സില്‍ നിശ്ചയിച്ചു.

Author

Scroll to top
Close
Browse Categories