മാറ്റത്തിന്റെ കേന്ദ്രബിന്ദു

കുമ്മമ്പള്ളി കളരിയില്‍ ആശാനറിയാതെ ഒരു ഈച്ചപോലും പറക്കുകയില്ല എന്നാണ് കുട്ടികള്‍ ഭയത്തോടെ പറയുക. അത്രയും ശ്രദ്ധയുണ്ട് ആശാന്. അച്ചടക്കത്തിലും പഠനത്തിലും കുട്ടികള്‍ എന്നും മുന്നിലാവണം എന്നാണ് ആശാന്റെ ചിന്ത.

എന്നാല്‍ പല കാലങ്ങളിലായി പല സ്ഥലങ്ങളില്‍നിന്നും വരുന്നവരാണ് വിദ്യാര്‍ത്ഥികള്‍. അവരുടെ കുടുംബസ്ഥിതിയും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും വേണ്ടതെന്താണെന്നറിഞ്ഞാണ് ആശാന്‍ പഠിപ്പിക്കുന്നത്.
എത്ര തവണ കേട്ടാലും മനസ്സില്‍ നില്‍ക്കാത്തവരുണ്ട്. എങ്ങനെ പറഞ്ഞാലും മനസ്സിലാവാത്തവരുമുണ്ട്. അവരൊക്കെ ആശ്രയിക്കുന്നത് നാണുവിനെയാണ്. ആശാന്‍ പഠിപ്പിച്ചാലും മനസ്സില്‍ നില്‍ക്കാത്തത് നാണു പറഞ്ഞാല്‍ മറക്കില്ല. ചെറിയ ഉദാഹരണങ്ങളിലൂടെയാണ് നാണു പാഠഭാഗങ്ങള്‍ വിശദീകരിക്കുക. സംശയങ്ങള്‍ ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നാണുവില്‍നിന്നും കിട്ടും. ആര്‍ക്കും എപ്പോഴും ഏതുകാര്യത്തിലും നാണുവിനെ സമീപിക്കാം.
കുട്ടികളില്‍ നാണു വന്നതിനുശേഷം വലിയ മാറ്റം കാണുന്നുണ്ട്. രാമന്‍പിള്ള ആശാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. നാണുവിന്റെ ഒരഭിപ്രായം അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു.
”സംസ്‌കൃതം പഠിക്കുകയല്ലേ. ഇനിമുതല്‍ സംസ്‌കൃതത്തിലാവാം സംഭാഷണം.”
ഒരുദിവസം നാണു നിശ്ചയിച്ചു. പാഠശാലയില്‍ കുട്ടികളുമായി സംസ്‌കൃതത്തില്‍ സംസാരിച്ചു. മലയാളത്തില്‍ ചോദിച്ചാല്‍ മറുപടി സംസ്‌കൃതത്തിലാണ്. പതുക്കെപ്പതുക്കെ എല്ലാവരും സംസ്‌കൃതം തന്നെ പറഞ്ഞുതുടങ്ങി. എല്ലാവരും സംസ്‌കൃതം പറഞ്ഞുതുടങ്ങിയപ്പോള്‍ നാണുവിന്റെ കഴിവില്‍ ആശാന്‍ അഭിമാനിച്ചു.
ജാതിചിന്തയില്ലാതെ എല്ലാവരുമായി കൂടിച്ചേര്‍ന്നു കഴിഞ്ഞവര്‍ക്ക് നാണുവാണ് കേന്ദ്രബിന്ദു. അവിടെയാണ് ആദ്യം മാറ്റമുണ്ടാകുന്നത്. പിന്നീട് അത് എല്ലാവരിലേക്കും പടരുകയാണ്.
സംസ്‌കൃതവും മലയാളവും വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ പദ്യവും ഗദ്യവും എഴുതണമെന്ന് ഒരുദിവസം നാണു പറഞ്ഞു. സംസ്‌കൃതത്തിലും മലയാളത്തിലും ചില ശ്ലോകങ്ങള്‍ എഴുതി കേള്‍പ്പിച്ചു. അപ്പോള്‍ പലര്‍ക്കും അതുപോലെ എഴുതണമെന്നു തോന്നി. അവര്‍ എഴുതുകയും ചെയ്തു. പാഠശാല ഒരു കവിതക്കളരിയായിമാറി.
കവിതയും ശ്ലോകങ്ങളും കീര്‍ത്തനങ്ങളും എഴുതുക, അത് പരസ്പരം ചൊല്ലിക്കേള്‍പ്പിക്കുക, നാണുവിന്റെ അഭിപ്രായം കേള്‍ക്കുക. ഈ തരത്തില്‍ ഒരു മാറ്റമുണ്ടായതില്‍ രാമന്‍പിള്ള ആശാനും സന്തോഷിച്ചു. ഒരു കവികൂടിയായ ആശാന്‍ ആവശ്യപ്പെട്ടതനുസരിച്ച് പലരും കവിതകളെഴുതി. കാണിച്ചു അഭിനന്ദനം നേടി.
കളരിയില്‍ എല്ലാവര്‍ക്കും നാണുവിനെ വളരെയേറെ ഇഷ്ടമാണ്. എന്നുമാത്രമല്ല ഓരോരുത്തരും നാണുവിന് തന്നോടാണ് ഏറ്റവും അധി കം ഇഷ്ടം എന്നാണ് കണക്കാക്കിയത്. കൊടുത്താല്‍ ഇരട്ടിയായി കിട്ടുന്ന ഒന്നുമാത്രമേയുള്ളു ലോകത്തില്‍. അതാണ് സ്‌നേഹമെന്ന് നാണു എല്ലാവരെയും പറയാതെ പഠിപ്പിച്ചു.