ഗുസ്തി: വികാരവും ആവേശവും
ലോഗോസ് ബുക് സ് പ്രസിദ്ധീകരിച്ച ഇടക്കുളങ്ങര ഗോപന്റെ പുതിയ നോവൽ കറണ്ട് മസ്താൻ ഗുസ്തിയുടെ ആവേശത്തിലേക്ക് വായനയെ നാട്ടി നിർത്തുന്നു
ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥ.ഗുസ്തിയുടെ ഈറ്റില്ലമായിരുന്ന കൊല്ലം ജില്ലയിലെ ഗുസ്തിക്കാരുടെ കഥ പറയുന്ന നോവൽ .
ഗോദയിലേക്ക് മല്ലന്മാർ ഇറങ്ങിയാലുടനെ പരസ്പരം കൈ കൊടുക്കുന്നത് ഒരു ഉപചാരമാണ്.. പക്ഷെ മൈതീന്റെ കൈയിൽ തൊട്ടാൽ ആ നിമിഷം കറണ്ട് അടിച്ച മാതിരി എതിരാളിയെ മലർത്തിയടിക്കും. അങ്ങനെയാണ് മൈതീന് ഇലക്ട്രിക് മൈതീൻ എന്ന പേര് വീണത്..ആ വല്ലാടൻ മൈതീൻ കുഞ്ഞ് ആണോ ഈ കറണ്ട് മസ്താൻ.
ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും ഗുസ്തിക്കാരുടെ കഥ പറയുന്ന കറണ്ട് മസ്താൻ വായനക്കാർക്ക് വേറിട്ട അനുഭവമാകുമെന്ന് കുറച്ചു വായിച്ചപ്പോൾ തന്നെ ബോധ്യമായി.ഗോദയിലെ ശക്തിയും അടവും പ്രണയവും പകയും പോരാട്ടങ്ങളും ഇനിയും ഈ പുസ്തകത്തിൽ കൂടി വായിച്ചറിയാം.
ഇത് വെറുമൊരു ഗുസ്തിക്കാരന്റെ മാത്രം കഥയല്ല.. ഒരു ദേശത്തിന്റെ, ഒരു കാലഘട്ടത്തിന്റെ കഥയാണ്.ഗുസ്തി മത്സരവും ഗുസ്തിക്കാരും ഒരു ദേശത്തിന്റെ തന്നെ സ്വകാര്യ അഹങ്കാരമായിരുന്ന കാലം.നോവലിസ്റ്റ് ആ കാലത്തെ കുറിച്ചും അന്നത്തെ ഭാഷയുടെ രീതിയും അവതരണവും ഗുസ്തിയെ കുറിച്ചുമെല്ലാം ഗവേഷണം നടത്തി തന്നെയാണ് എഴുതിയിട്ടുള്ളതെന്ന് നോവൽ വായിക്കുമ്പോൾ മനസ്സിലാകും. ഒരിടത്തൊരു ഫയൽവാനും, ഗോദയും ഒക്കെ മാത്രമാണ് ഗുസ്തിയുമായി ബന്ധപ്പെട്ട് ഞാൻ കണ്ട സിനിമകൾ.. ആദ്യമായി ആണ് ഗുസ്തിയെ സംബന്ധിച്ച് ഒരു വായനയും.. പുതിയ തലമുറയ്ക്ക് അന്യമായ ഒരു കായികവിനോദം, അവരുടെ മുൻ തലമുറയുടെ അഭിമാനം മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഈ നോവൽ.
വായനക്കാരന്റെ മനസ്സിൽ പഴയകാലത്തെ ഗുസ്തിക്കാരും ഗോദയും അന്നത്തെ മനുഷ്യരും ഭാഷയുമെല്ലാം ദൃശ്യം പോലെ തങ്ങിനിൽക്കുന്നതിൽ എഴുത്തുകാരന്റെ കഴിവ് അപാരം.വായന കഴിയുമ്പോഴേക്കും ഗോദയിൽ ഒരു ഗുസ്തി മത്സരം കണ്ട പ്രതീതി.. കറണ്ട് മസ്താൻ മനസ്‌സിൽ നിന്നും മായുന്നേയില്ല.മായുകയുമില്ല.