ജനശബ്ദത്തിന്റെ’മാറ്റൊലി’
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയും തൊഴിലാളികൾക്ക് അക്ഷര വെളിച്ചമേകാൻ ‘തൊഴിലാളി’ എന്ന പത്രം ആരംഭിക്കുകയും ചെയ്ത വാടപ്പുറം പി.കെ ബാവയുടെ പൗത്രനായ രമേശ്ബാബുവിന്റെ എഴുത്തുവഴിയിൽ ആ പൈതൃകത്തിന്റെ മാറ്റൊലിയുണ്ട്.
നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത് പറഞ്ഞു തേഞ്ഞ് ‘ക്ളീഷെ’ ആയൊരു പ്രയോഗമാണെങ്കിലും മാധ്യമങ്ങൾ ഒരു ദേശത്തിന്റെ നാഡീസ്പന്ദനമാണെന്നതിൽ സംശയമില്ല. എല്ലാ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഏതെങ്കിലുമൊരു പക്ഷം ഉണ്ടാകുമെങ്കിലും വസ്തുതകൾ സത്യസന്ധമായും നിഷ് പക്ഷമെന്ന് തോന്നാവുന്ന രീതിയിലും അവതരിപ്പിക്കുമ്പോഴാണ് ഒാരോ വാർത്തയ്ക്കും വിശ്വാസ്യതയേറുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനും കഥാകൃത്തുമായ രമേശ്ബാബു ‘ജനയുഗം’ പത്രത്തിൽ ‘മാറ്റൊലി’ എന്ന തന്റെ കോളത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ‘മാറ്റൊലി’ എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ അത് വായനയുടെ വേറിട്ട മുഖം സമ്മാനിക്കുന്ന അനുഭവമാണ് പകർന്നു നൽകുന്നത്. പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളെ തന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പംക്തിയെന്ന നിലയിൽ ജനയുഗത്തിലെ രമേശ്ബാബുവിന്റെ പംക്തിക്ക് നല്ല സ്വീകാര്യത വായനക്കാരിൽ നിന്ന് ലഭിക്കുന്നുവെന്നത് തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാടുകൾക്കുള്ള അംഗീകാരമായി വിലയിരുത്താം. സി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമാണ് ജനയുഗം എന്നതിനാൽ അവർക്കൊരു പക്ഷം ഉണ്ടെന്നത് വിസ്മരിക്കപ്പെടേണ്ട വസ്തുതയല്ല. എങ്കിലും കൺമുന്നിൽ കാണുന്ന ആനുകാലികസംഭവങ്ങളെയും അതിനുപിന്നിലെ അടിയൊഴുക്കുകളെയും ജനയുഗത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുതന്നെ സത്യസന്ധമായി ചടുലത ചോരാതെ അവതരിപ്പിക്കാനായി എന്നിടത്താണ് രമേശ്ബാബു എന്ന മാധ്യമപ്രവർത്തകൻ അഭിനന്ദിക്കപ്പെടുന്നത്.
ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് നമ്മൾ ഇടുമ്പോൾ അത് ട്രൗസറും മറ്റുള്ളവർ ഇടുമ്പോൾ അത് വള്ളിനിക്കറുമെന്ന മനോഭാവം ഇവിടത്തെ ഇടത്, ലിബറലുകൾ പുലർത്തുന്ന മനോഭാവത്തെ സൂചിപ്പിച്ച് പറയാറുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് സദാചാരം പോലെയുള്ള സംഗതിയായി മാറിയിട്ടുണ്ടെന്ന് ‘സ്വാതന്ത്ര്യം തേടുന്ന ആവിഷ്ക്കാരം’ എന്ന ലേഖനത്തിലൂടെ രമേശ് ബാബു വരച്ചുകാട്ടുന്നുണ്ട്. . കേരളം അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട കെ റെയിൽ പദ്ധതിയുടെ ന്യായന്യായങ്ങൾ വിശകലനം ചെയ്യുന്ന ലേഖനത്തിൽ അടുത്തടുത്ത വർഷങ്ങളിലായി രണ്ട് പ്രളയദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ പുതിയ യാത്രാ മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളാണ് വഴികാട്ടേണ്ടതെന്ന സത്യത്തിന് അടിവരയിടുന്നു. കേരളം ദൈവത്തിന്റേതല്ല, രാഷ്ട്രീയകൊലപാതകങ്ങളുടെ നാടായി മാറിയെന്നാണ് കണക്കുകൾ ഉദ്ധരിച്ച് ‘ചോരചൊരിയും കാലം’ എന്ന ലേഖനത്തിലൂടെ സമർത്ഥിക്കുന്നത്. സംസ്ഥാനത്തിന്റെ വലിപ്പവും ജനസംഖ്യയും പരിശോധിക്കുമ്പോൾ ദേശീയാനുപാതത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തും. രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങൾ തമ്മിലുള്ള അനുപാതം ഉത്തർപ്രദേശിൽ 0.59 ഉം ബീഹാറിൽ ഒന്നും കേരളത്തിൽ 4.9 ഉം ആണ്. ലക്ഷം ആളുകൾക്കിടയിൽ എത്രകൊലപാതകങ്ങൾ നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സമ്പൂർണ സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിൽ ജാതിമത രാഷ്ട്രീയത്തിനപ്പുറം പൗരബോധം വളർന്നിട്ടില്ലെന്നതിന്റെ തെളിവാണ് അടിയ്ക്കടിയുണ്ടാകുന്ന കൊലപാതകങ്ങൾ. കേരളത്തിലെ സാംസ്ക്കാരിക പ്രവർത്തകരുടെ കപടമുഖം അനാവരണം ചെയ്യപ്പെടുകയാണ് ‘മുഞ്ഞ ബാധയേറ്റവർ’ എന്ന ലേഖനത്തിലൂടെ. മുഞ്ഞബാധിച്ചതിനാൽ കേരളത്തിൽ നടക്കുന്ന ഏത് ഹീനപ്രവൃത്തിയും കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഈ പ്രത്യേക വിഭാഗം. വടക്ക്നോക്കി യന്ത്രം പോലെ പ്രവർത്തിച്ചിരുന്നവർക്ക് ഭരണമാറ്റം വന്നപ്പോൾ ധനസമ്മാന ലഭ്യതകൾക്കൊന്നും തരമില്ലെന്ന് തിരിച്ചറിഞ്ഞു. . വിഷയവൈവിദ്ധ്യമാണ് ഈ പംക്തിയുടെ സവിശേഷത. അതിൽ പ്രബുദ്ധ കേരളത്തിലെ സ്ത്രീവിരുദ്ധതയും രാഷ്ട്രീയ, സാമൂഹിക വിമർശനവും രാജ്യത്തെ പൗരാവകാശ ധ്വംസനവും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയുമൊക്കെ ജനപക്ഷത്ത് നിന്നുകൊണ്ട് രമേശ്ബാബു വിലയിരുത്തുമ്പോൾ അത് ജനശബ്ദത്തിന്റെ മാറ്റൊലിയായി മാറുന്നു.
‘മാറ്റൊലി’ എന്ന പംക്തി ‘കേരളകൗമുദി’ ഓൺലൈൻ എഡിഷനിൽ 1997 മുതലാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഓരോ ആഴ്ചയും പംക്തി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഗൾഫിൽ നിന്നുമുള്ള പ്രവാസികളുടെ അഭിനന്ദനം ഇ മെയിലുകളായി എത്തിയത് പ്രചോദനമുണർത്തിയെന്ന് രമേശ്ബാബു സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് 2009 ൽ ജനയുഗത്തിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കവെ എക്സിക്യൂട്ടീവ് എഡിറ്ററായ രാജാജി മാത്യു തോമസിന്റെ നിർദ്ദേശപ്രകാരമാണ് ‘മാറ്റൊലി’ എന്ന പേരിൽ തന്നെ ജനയുഗത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച 75 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയും തൊഴിലാളികൾക്ക് അക്ഷര വെളിച്ചമേകാൻ ‘തൊഴിലാളി’ എന്ന പത്രം ആരംഭിക്കുകയും ചെയ്ത വാടപ്പുറം പി.കെ ബാവയുടെ പൗത്രനായ രമേശ്ബാബുവിന്റെ എഴുത്തുവഴിയിൽ ആ പൈതൃകത്തിന്റെ മാറ്റൊലിയുണ്ട്. ആലപ്പുഴ സനാതനം വാർഡിൽ ആർ.ബി രവീന്ദ്രന്റെയും കെ.കെ തങ്കമ്മയുടെയും മകനായ രമേശ്ബാബു കുട്ടിക്കാലം മുതലേ തിരുവനന്തപുരത്താണ് താമസം. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിലും പബ്ളിക് റിലേഷൻസിലും പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമയും നേടിയ രമേശ്ബാബു നിരവധി കഥകളും തിരക്കഥയും രചിക്കുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കേരള മീഡിയ അക്കാഡമി ഫെല്ലോഷിപ്പ്, തകഴി അവാർഡ്, പൊൻകുന്നം വർക്കി കഥാ അവാർഡ്, ചെറുകഥയ്ക്കുള്ള ഫൊക്കാന ഗ്ളോബൽ ലിറ്റററി അവാർഡ്, സി.വി ശ്രീരാമൻ പുരസ്ക്കാരം, പത്രാധിപർ സുകുമാരൻ സ്മാരക അവാർഡ്, പി.കെ ബാലകൃഷ്ണൻ സ്മാരക ചെറുകഥാ അവാർഡ് തുടങ്ങിയവ അതിൽ ചിലത് മാത്രം. പരവൂർ എസ്.എൻ.വി ആർ.സി ബാങ്ക് ജീവനക്കാരി മിന്നുവാണ് ഭാര്യ. വർഷ രമേശ്, കീർത്തന രമേശ് എന്നിവർ മക്കൾ.