വിദ്യാലയങ്ങള്‍ അനുവദിക്കുന്നതില്‍ സാമൂഹ്യനീതി വേണം

പടിയൂര്‍ ശ്രീനാരായണ യു.പി. സ്‌കൂള്‍ പുതിയ കെട്ടിടം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി (കണ്ണൂര്‍): വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സാമൂഹ്യനീതി കാണിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പടിയൂര്‍ ശ്രീനാരായണ യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ മേഖലയില്‍ എസ്.എന്‍. ട്രസ്റ്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പിന്നാക്കാവസ്ഥയുണ്ടാവാന്‍ കാരണം സാമൂഹ്യനീതിയുടെ അഭാവമാണ്.

ഒരു വിഭാഗം കൂടുതല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയെടുക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കുന്ന പല നിയമങ്ങളും ചട്ടങ്ങളും ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി മാറുന്ന കാഴ്ചയാണുള്ളത്. അവര്‍ സംഘടിച്ച് ശക്തരായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വലിയ പുരോഗതി കൈവരിച്ചു. മറുഭാഗത്ത് ഇതിനെതിരെ ശബ്ദിക്കാന്‍ പോലുമാകുന്നില്ല. അതാണ് പിന്നാക്കാവസ്ഥയ്ക്ക് കാരണമായതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ചടങ്ങില്‍ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ എം.എല്‍.എ. , പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍, ഇരിക്കൂര്‍ എ.ഇ.ഒ. പി.കെ. ഗിരീഷ് മോഹന്‍, ആര്‍. മിനി, എം.ആര്‍. ഷാജി, കെ.വി. അജി, സിബികാവനാല്‍, കെ. അനിത, രാജീവന്‍, ലൂസി ശിവദാസ്, റീന, സി. രജീഷ്, സിന്ധുസന്തോഷ്, രാമചന്ദ്രന്‍, ശീതളടീച്ചര്‍, രശ്മി പുളിക്കല്‍, കെ.കെ.സോമൻ,പി.ഷിനോജ്,പി.പി ബാലന്‍, സബാഫ്, പി.ഡി.അമ്പിളി, ഇ.വി. കുമാരന്‍, അനൂപ്, ശശിധരന്‍ മുന്നോടിയില്‍, കെ.എന്‍. വിനോദ്, കൃഷ്ണന്‍കുട്ടി, എം. സുരേന്ദ്രന്‍, പി.ജി. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി പി.എന്‍. ബാബു സ്വാഗതവും അജേഷ് പടിയൂര്‍ നന്ദിയും പറഞ്ഞു. ചാലക്കുടി സലിലന്റെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.

പടിയൂര്‍ ശ്രീനാരായണ യു.പി. സ്‌കൂളിന് ഒരു ബസും കുട്ടികള്‍ക്ക് ഭക്ഷണശാലയും എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് കെ.കെ. ശൈലജ ചടങ്ങില്‍ പ്രഖ്യാപിച്ചു.

Author

Scroll to top
Close
Browse Categories