പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് ശക്തമായ പോരാട്ടം അനിവാര്യം

കണ്ണൂര്‍ എസ്.എന്‍.കോളേജിലെ പഞ്ചലോഹ ഗുരു പ്രതിമ അനാച്ഛാദനം എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

കണ്ണൂര്‍: ഈഴവ, തീയ്യ പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ പഞ്ചലോഹ ഗുരുപ്രതിമ അനാവരണം ചെയ്യുകയായിരുന്നു എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി കൂടിയായ അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളെ വെറും വോട്ട് ബാങ്ക് മാത്രമായി കാണുന്നതാണ് ഇപ്പോഴത്തെ പ്രവണത. മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും ആവശ്യങ്ങള്‍ കേള്‍ക്കുവാനോ പരിഹാരം കാണാനോ ശ്രമിച്ചില്ല. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോഴും നമുക്കുള്ളത്. മറ്റു സമുദായങ്ങള്‍ക്ക് സ്‌കൂളുകളും മറ്റും വാരിക്കോരി നല്‍കിയപ്പോള്‍ ഈഴവ, തീയ്യ വിഭാഗത്തെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നു മോചനം നേടാനാണ് എല്ലാ ജില്ലകളിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഈ മനോഭാവം മാറ്റിയെടുക്കാന്‍ പൊരുതുന്ന ശക്തിയായി പിന്നാക്ക ജനത മാറണം -വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കണ്ണൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രതിമ മണ്ഡപം അനാച്ഛാദനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

കല്ലെറിയാനും ആക്രമിക്കാനുമായി ചില്ലുകൂട്ടില്‍ പ്രതിമ സ്ഥാപിച്ചിരുന്ന കാലം മാറി. ഇപ്പോള്‍ സംരക്ഷണം കൂടി ഉറപ്പുവരുത്തുന്ന നിലയിലാണ് എസ്.എന്‍. ട്രസ്റ്റിന്റെ വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും പ്രതിമ സ്ഥാപിച്ചു വരുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ പ്രീതിനടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. എക്‌സി. അംഗം അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായി, ട്രസ്റ്റ് എക്‌സി. അംഗം പി.എം. രവീന്ദ്രന്‍, അഡ്വ. സി.കെ. രത്‌നാകരന്‍, ആര്‍.ഡി.സി. എക്‌സി. അംഗം ടി.കെ. രാജേന്ദ്രന്‍, ഡോ. എം.പി. ഷനോജ്, പ്രത്യുഷ് പുരുഷോത്തമന്‍, എം.കെ. വിനോദ്, ഡോ. കെ. അജയകുമാര്‍, പ്രതിമ സ്‌പോണ്‍സര്‍ ചെയ്ത വിവേക്, ശ്രീഷ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ. കെ.പി. പ്രശാന്ത് സ്വാഗതം പറഞ്ഞു. എസ്.എന്‍. കോളേജ് ഓഫ് അഡ്വാന്‍സ് ഡ് സ്റ്റഡീസിലും ഗുരുപ്രതിമ അനാവരണം വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

Author

Scroll to top
Close
Browse Categories