സമാനതകളില്ലാത്ത നേതൃപാടവം

വെള്ളാപ്പള്ളിനടേശന്റെ പ്രത്യേകതയാർന്ന സവിശേഷ പാടവം കൊണ്ടാണ് അദ്ദേഹത്തിന് മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ മുന്നണിയിൽ നിൽക്കാനും അതിനെ നയിക്കാനും കഴിഞ്ഞത്. അദ്ദേഹത്തിൽ ഒരു ജനത അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് അതിനെ കാണാൻ കഴിയുക.

പി. പ്രസാദ്
(കൃഷി വകുപ്പ് മന്ത്രി)
സമാനതകളില്ലാത്ത നേതൃപാടവത്തിന്റെ രംഗത്തു നിന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ മൂന്ന് പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗത്തെ മുന്നോട്ട് നയിക്കുന്നത്. നന്നേ ചെറിയ പ്രായത്തിൽ കണിച്ചുകുളങ്ങരയിലെ ദേവസ്വത്തിന്റെ ഭാരവാഹിയായി, നീണ്ട 6 പതിറ്റാണ്ട് കാലമായി അതിനെയും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുകയാണ്. ഇതെല്ലാം ഒരു നേതൃപാടവത്തിന്റെ പ്രത്യേകതകളാണ്. മതങ്ങൾക്കെല്ലാം ഉപരിയായി മാനവികതയെ പ്രതിഷ്ഠിച്ച മഹത്തായ ഈ പ്രസ്ഥാനത്തിന്റെ അമരത്ത് മൂന്ന് പതിറ്റാണ്ടായി അതിന് നേതൃത്വം നൽകുന്നുവെന്നത് ചെറിയ കാര്യമല്ല. ആദരണീയനായ വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോൾ ചേർത്തലയിലെ ശ്രീനാരായണീയർ ഒരു മഹാസംഗമം ഒരുക്കി സ്വീകരണ സമ്മേളനം ഒരുക്കുന്നുവെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
കേരളീയ നവോത്ഥാനത്തിന്റെ മുൻനിര പ്രസ്ഥാനത്തിന്റെ പേരാണ് എസ്.എൻ.ഡി.പി യോഗം എന്നത്. കേരളീയ നവോത്ഥാനത്തെ ഒരു തീവണ്ടിയോടുപമിച്ചാൽ അതിന്റെ എൻജിനായി നമുക്ക് യോഗത്തെ കണക്കാക്കാൻ കഴിയും. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ചിന്താഗതിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് മതേതരത്തിന്റെ ആശയം ലോകത്താദ്യം അവതരിപ്പിച്ച് പ്രായോഗികതലത്തിൽ എത്തിച്ചതെല്ലാം ശ്രീനാരായണ ഗുരുദേവനാണ്. ഗുരുദേവനാൽ സംഘടിപ്പിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം കേരളീയ നവോത്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചത് ഉൾപുളകം സമ്മാനിക്കുന്ന ചരിത്രമാണ്. വലിയ പ്രത്യേകതകളുള്ള ഒരു സമ്മേളനത്തിലാണ് നാമെല്ലാം പങ്കെടുക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്, നവോത്ഥാന മുന്നേറ്റത്തിന് വലിയ ചരിത്രപാരമ്പര്യം ഉള്ള ഒരിടമാണ് ചേർത്തല. ഈ മണ്ണ് ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. അഖിലകേരള തീയ്യ യുവജന സംഘടനയുടെ ആദ്യ സമ്മേളനം ചേരുന്നത് ചേർത്തലയിലെ പട്ടണക്കാടാണ്. ആ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഒരു ജനത അന്ന് പ്രഖ്യാപിച്ചത്, ഈഴവർ ഹിന്ദുക്കളല്ലെന്ന്. കേരളം ഉൾപ്പുളകത്തോടെ കേട്ട , ഒരുപാടിടങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കിയ ധീരമായ ഒരു വിളംബരമായിരുന്നു, പ്രഖ്യാപനമായിരുന്നു അത്. ആ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയമാണ് പിന്നീട് കേരളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങുന്നത്. ‘സ്വതന്ത്ര സമുദായം’ എന്ന പേരിൽ ഇറങ്ങിയ ആ പുസ്തകത്തെ പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിരോധിക്കുന്നതിലേക്ക് വരെ ചെന്നെത്തുന്ന സാഹചര്യം ഉണ്ടായി.
ഈ സ്കൂളിൽ ഈ പരിപാടി സംഘടിപ്പിക്കുമ്പോൾ അവിടെയും വലിയ ചരിത്ര പ്രാധാന്യമുണ്ട്. തണ്ണീർമുക്കം വടക്കുംപാട്ട് മുറിയിലെ കൊച്ചയ്യപ്പൻ ദാനയാധാരമായി ശ്രീനാരായണ ഗുരുദേവന് കൊടുത്ത മണ്ണാണ് നാം ഇരിക്കുന്ന ഈ മണ്ണ്, ആശ്രമം സ്ഥാപിക്കാനായി കൊടുത്ത ഈ മണ്ണ് വിദ്യാലയം സ്ഥാപിക്കാനായി ഈ നാട്ടുകാർ ആലുവയിലെത്തി ഗുരുദേവനെ കാണുമ്പോൾ ഗുരു വളരെയധികം സന്തോഷത്തോടെ ആശ്രമത്തിനായി ലഭിച്ച ഭൂമി സ്കൂളിനു വേണ്ടി കൈമാറുകയായിരുന്നു. ആ സ്കൂളാണ് ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളായി ഇന്ന് ചേർത്തലയിൽ തലയുയുർത്തി നിൽക്കുന്നത്. എത്രയോ പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഈ സ്കൂളിന്.
ഈ സ്കൂളിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ എത്തേണ്ടതുണ്ട്.
ഈ സർക്കാരിന്റെ കാലത്താണ് 8.28 കോടി രൂപ ഈ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചത്. ചേർത്തലയുടെ ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പഴയ കെട്ടിടം ഇവിടെയുണ്ട്. എല്ലാവർക്കും പങ്കെടുക്കാനും എല്ലാവർക്കും പ്രവേശിക്കാനും കഴിയുന്ന തരത്തിൽ ഒരു ശ്രീനാരായണ മ്യൂസിയമായി അതിനെ മാറ്റിക്കൊണ്ട് വലിയ വികസന പ്രവർത്തനമാണ് ഈസ്കൂളിൽ അരങ്ങേറാൻ പോകുന്നത്, അതിനായി എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പറഞ്ഞത് വെള്ളാപ്പള്ളി നടേശനാണ്. ഞാൻ അദ്ദേഹത്തെ നന്ദിപൂർവം സ്മരിക്കുകയാണ്. ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ മിക്സഡ് സ്കൂളാക്കി മാറ്റണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. കഴിഞ്ഞയാഴ്ച ഈ സ്കൂളിനെ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുന്ന വിദ്യാലയമായി മാറ്റിയിരിക്കുന്നു എന്ന കാര്യം കൂടി അറിയിക്കട്ടെ. ഇന്ന് രണ്ട് പെൺകുട്ടികൾ അഞ്ചാം ക്ലാസിലേക്ക് ഇവിടെ വന്ന് പ്രവേശനം നേടിയിട്ടുണ്ട്. ഇന്നത്തെ ദിവസം അതിനും തുടക്കം കുറിച്ചു.കേരള സർക്കാരും ഈ സ്കൂളിന്റെ ഇത്തരം പ്രവർത്തനങ്ങളോട് അങ്ങേയറ്റം അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
മതനിരപേക്ഷത എന്നത് ഏറ്റവും പ്രമുഖമായ ഒന്നാണെന്ന് ഈ കേരളം ഉറക്കെ ഉറക്കെ പറയുന്നുണ്ട്. അതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം നേരിടേണ്ടി വരുമ്പോൾ ഒരു കൊടുങ്കാറ്റിനു മുന്നിലും തളരാതെയും പതറാതെയും ഈ കേരളത്തെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്ര സമ്മേളനത്തിലേക്കെത്തുമ്പോൾ അത് അഭിമാനകരമായ ഒന്നായിക്കൂടി മാറുന്നുണ്ട്. ഒരു സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് എന്നത് ചെറിയ കാര്യമല്ല. അത് വെള്ളാപ്പള്ളിനടേശന്റെ പ്രത്യേകതയാർന്ന സവിശേഷ പാടവം കൊണ്ടാണ് അദ്ദേഹത്തിന് മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ മുന്നണിയിൽ നിൽക്കാനും അതിനെ നയിക്കാനും കഴിഞ്ഞത്. അദ്ദേഹത്തിൽ ഒരു ജനത അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് അതിനെ കാണാൻ കഴിയുക. ചേർത്തല യൂണിയൻ ഇങ്ങനെയൊരു മഹാസംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമ്പോൾ അനേകായിരങ്ങൾ ഇവിടെ ഒത്തുചേർന്നു എന്നതും സന്തോഷകരമായ കാര്യം തന്നെയാണ്. എല്ലാ അർത്ഥത്തിലും കേരളത്തെ മുന്നോട്ട് നയിക്കാൻ നമുക്ക് ഇത്തരം ആശയങ്ങളും ചിന്താഗതികളും അനിവാര്യം തന്നെയാണ്. ഗുരു ഉയർത്തിപ്പിടിച്ച ചിന്താഗതികളും ഗുരു ദർശനവും കേരളത്തെ മുന്നോട്ട് നയിക്കാൻ അത്യന്താപേക്ഷിതമായ കാര്യം തന്നെയാണ്. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് നമുക്ക് ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഏറ്റവും പ്രധാന ആയുധം ഗുരുദേവ ചിന്തകൾ തന്നെയാണ്. ഗുരുദർശനം തന്നെയാണ്. ആ ചിന്താഗതിയിലൂടെയാണ് ആ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ എല്ലാവരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളിനടേശനെ ചേർത്തലയുടെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന് ഞാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
(യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമത്തിൽ നടത്തിയ പ്രസംഗം)