മനുഷ്യപ്പറ്റുള്ള മതേതരവാദി

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മനുഷ്യപ്പറ്റുള്ളയാളാണ്. മനഃസാക്ഷിയുള്ളയാളാണ്, മതേതരവാദിയാണ്. അത്രയും മനുഷ്യത്വമുള്ള, മാനവികതയുള്ള ഒരു വ്യക്തിയായതു കൊണ്ടാണ് 30 വർഷം ഇത്രയും പ്രതിസന്ധികളിലൂടെ, പ്രയാസങ്ങളിലൂടെ ഈ സംഘടനയെ നയിച്ച് ഇവിടെ എത്തിയത്. ഇനിയും കഴിവുള്ള ,ആരോഗ്യമുള്ള കാലത്തോളം ഈ പ്രസ്ഥാനത്തെ നയിക്കും.

മഹാസംഗമവേദിയിൽ മന്ത്രി സജി ചെറിയാനും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും സംഭാഷണത്തിൽ

സജിചെറിയാൻ
ഫിഷറീസ്, സാംസ്കാരികവകുപ്പ്, യുവജനക്ഷേമ മന്ത്രി

മനുഷ്യപ്പറ്റുള്ള മന:സാക്ഷിയുള്ള മതേതരവാദിയാണ് വെള്ളാപ്പള്ളി നടേശൻ. അത് പറയുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. വെള്ളാപ്പള്ളി നടേശനെ വിശ്വസിക്കാം ആരെയും വഴിയിലിട്ട് ചതിക്കില്ലെന്ന് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയുന്നു. വിശ്വസിക്കാൻ കൊള്ളാവുന്നതു കൊണ്ടാണ് ഇത്രയും കാലം എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനായത്. ചിലരുടെ നേട്ടങ്ങൾക്കു വേണ്ടി വാക്കുകൾ വക്രീകരിച്ചു വളച്ചൊടിക്കുന്ന കാലത്ത് വെള്ളാപ്പള്ളി നടേശനെതിരെയും അത്തരത്തിൽ നീക്കം നടന്നു. അതിലെ യാഥാർത്ഥ്യം പറഞ്ഞതിന്റെ പേരിൽ എനിക്ക് നേരെയും ഒരു വിഭാഗം തിരിഞ്ഞു. ഒരുമതത്തിനെതിരായും വെള്ളാപ്പള്ളിനടേശൻ നിലപാടെടുത്തിട്ടില്ല. ഐക്യത്തിനും യോജിപ്പിനുമായുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്. വർഗ്ഗീയശക്തികളെ കേരളത്തിന്റെ മണ്ണിൽ നിന്നകറ്റുന്നതിൽ വലിയപങ്കാണ് യോഗനേതൃത്വത്തിലിരുന്ന് അദ്ദേഹം വഹിക്കുന്നത്.

ശ്രീനാരായണ സന്ദേശങ്ങൾ പഠിപ്പിക്കുന്ന ശ്രീനാരായണ പഠന കേന്ദ്രം സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ചെമ്പഴന്തിയിൽ ഇന്ന് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ശ്രീനാരായണ കൾച്ചറൽ സെന്റർ കൊല്ലത്ത് ഏതാണ്ട് 60 കോടി രൂപ ചെലവഴിച്ച് അതിന്റെ ഉദ്ഘാടനം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭൂമിയിൽ ശ്രീനാരായണ പാർക്ക്. ഇതെല്ലാം കേരളത്തിൽ പിണറായി വിജയൻ സർക്കാർ വന്ന ശേഷം നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളാണ്. രണ്ട് പ്രധാനപ്പെട്ട ചരിത്ര മുഹൂർത്തങ്ങൾ- ഒന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വർഷം, അതിൽ ശ്രീനാരായണ ഗുരുവിന്റെ പങ്കാളിത്തം, ടി.കെ മാധവന്റെ സാന്നിദ്ധ്യം, നേതൃത്വം. അത് കേരളത്തിലെമ്പാടും പ്രചരിപ്പിക്കാനുള്ള വലിയൊരു പ്രവർത്തനമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ഒരു വർഷമായി നടത്തുന്നത്. പതിനായിരക്കണക്കിന് ജനങ്ങളെ ശ്രീനാരായണഗുരുവിന്റെ സാന്നിദ്ധ്യവും ഇടപെടലും സന്ദേശവും നമുക്ക് പഠിപ്പിക്കാൻ കഴിഞ്ഞു.

സർവമതസമ്മേളനത്തിന്റെ നൂറാം വർഷം അതിവിപുലമായാണ് കേരളത്തിൽ നടപ്പാക്കിയത്. പ്രചാരണ പ്രവർത്തനം ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചുള്ള ശ്രീനാരായണ ദർശന പഠന പരിപാടികൾ കേരളത്തിലെമ്പാടും നടത്താൻ കഴിഞ്ഞു. ഞാനിതെല്ലാം ഇവിടെ സൂചിപ്പിച്ചത് ഒരു മഹാപ്രസ്ഥാനം അതിന്റെ ആശയങ്ങളുടെ അടിത്തറയിലാണ് അത് ശക്തിപ്പെട്ട് ഈ നിലയിലേക്ക് വളർന്നു വന്നത്. അതിന് കക്ഷിരാഷ്ട്രീയമോ ജാതിമത ചിന്തകളോ ഇല്ല. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളും ദർശനങ്ങളും കേരളത്തിൽ ഉള്ളകാലത്തോളം കേരളത്തിലെ മതനിരപേക്ഷത നിലനിൽക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. 30 വർഷം ആ മതനിരപേക്ഷത നിലനിർത്താൻ പ്രവർത്തിച്ച, ഞാൻ ഏറ്റവും സ്നേഹം കൊടുക്കുന്ന പിതൃതുല്യനായി കാണുന്ന വെള്ളാപ്പള്ളി നടേശൻ ആ മേഖലയിൽ അദ്ദേഹം നടത്തിയ മതനിരപേക്ഷമായ ഒരു കേരളത്തിനുവേണ്ടിയുള്ള പ്രവർത്തനത്തെയാണ് ഞാൻ അങ്ങേയറ്റം ആത്മാർത്ഥമായി അഭിനന്ദിക്കുന്നത്.
ഒരു വർഗ്ഗീയശക്തിയെയും കേരളത്തിൽ വളരാൻ അനുവദിക്കാത്തതിന്റെ പ്രധാന കാരണം നവോത്ഥാന പ്രസ്ഥാനങ്ങളും ആ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചാമ്പ്യനായിട്ടുള്ള എസ്.എൻ.ഡി.പി യോഗവുമാണെന്ന് അഭിമാനത്തോടെ പറയാൻ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിനടേശന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകൻ എന്നോട് ചോദിച്ചു. എന്നെ വല്ലാതെ ആക്ഷേപിച്ചു. ഞാൻ സത്യസന്ധമായി ഒരു കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് നല്ലതുപോലെ അറിയാം. കാരണം പത്തിരുപത് വർഷമായി നല്ല ആത്മബന്ധമാണ്. പിന്നീട് ഞാൻ കേട്ടത് മുഴുവൻ തെറിവിളിയാണ്. എന്തിനാണ് ഇത്രയും തെറിവിളിക്കുന്നത് ? അദ്ദേഹം പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചു. നമ്മുടെ സമൂഹത്തിൽ ഏത് വാർത്തകളെയും വക്രീകരിച്ച് വ്യക്തിനിഷ്ടമാക്കി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വളച്ചൊടിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഏത് കാര്യം പറഞ്ഞാലും അതിനെ വക്രീകരിക്കും. ഒരുവാക്കായിരിക്കും അതിൽ നിന്നെടുക്കുന്നത്. പക്ഷെ ആ പ്രസംഗത്തിലുടനീളം വരുന്ന പലകാര്യങ്ങളും മറച്ചുവച്ച് ഒരു വാക്കെടുത്ത് സാമൂഹ്യമായ നമ്മുടെ ഐക്യത്തെയും യോജിപ്പിനെയും ഉൾപ്പെടെ തകർക്കാൻ നടത്തുന്ന കുൽസിതമായ ശ്രമങ്ങൾ നാം ഗൗരവമായി കാണണം. അതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിനടേശൻ പറഞ്ഞ പ്രസംഗത്തിൽ എന്താണുദ്ദേശിച്ചതെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനെച്ചൊല്ലി വിവാദം ഉണ്ടാക്കിയത്. ഇന്ന് വളരെ ഭംഗിയായി അതെപ്പറ്റി മുഖ്യമന്ത്രി ഇവിടെ വിശദീകരിച്ചു. ഒരുകാര്യം പറഞ്ഞ് ഞാൻ അവസാനിപ്പിക്കുകയാണ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മനുഷ്യപ്പറ്റുള്ളയാളാണ്. മനസാക്ഷിയുള്ളയാളാണ്, ഒരു മതേതരവാദിയാണ്.

ഇവിടെ ആരും പറയാത്തൊരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ഒരു നേതാവിനു പിന്നിൽ ചുമ്മാതെ ആളുകൾ വട്ടംകൂടില്ല. അവരിൽ അപ്പോൾ എന്തോ ഒന്നുണ്ട്. അവരുടെ ലീ‌ഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകാം. നേതൃത്വപാടവം ഉണ്ടാകാം. സംഘടനാപാടവം ഉണ്ടാകാം. പ്രസംഗപാടവം ഉണ്ടാകാം. അങ്ങനെയുള്ള എത്രയോ പേർ ഈ നാട്ടിലുണ്ട്. അവരുടെ ചുറ്റുമൊന്നും ആള് കൂടിയിട്ടില്ല. ആ സംഘടനാ പാടവവും നേതൃത്വപാടവവും അവരുടെ ധാർമ്മികതയുമെല്ലാം നിലനിൽക്കുമ്പോഴും ചുറ്റും വിശ്വസ്തതയോടെ ആളുകൾ കൂടാൻ കാരണം ആ നേതാവിനെ വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും അതുകൊണ്ടാണ്. ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ അദ്ദേഹം എന്നെ സ്നേഹിക്കുന്നു. ഞാനങ്ങോട്ടും അങ്ങനെ സ്നേഹിക്കുന്നു. പ്രീതിചേച്ചി ഇവിടെ ഇരിപ്പുണ്ട്. കാരുണ്യ രംഗത്ത് ഇത്രയും കനിവുള്ളൊരു മനുഷ്യനാണ് അദ്ദേഹം.. ഞാൻ അദ്ദേഹത്തെക്കൊണ്ട് ഒരുപാട് കാര്യങ്ങളൊന്നും നടത്താൻ പോയിട്ടില്ല. പക്ഷെ എന്റെ അറിവിൽ ഒരുകാര്യം ഞാൻ പറയാം. വ്യത്യസ്ത സമുദായത്തിൽ പെട്ട, അദ്ദേഹത്തിനു തന്നെ അതോർമ്മയുണ്ടാകുമോ എന്നറിയില്ല. ഞാൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ്. ഇതൊക്കെ പറയാതെ പോയാൽ പിന്നെ ചരിത്രത്തിൽ അത് രേഖപ്പെടുത്തില്ല. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായ ഒരു കുടുംബത്തിന് ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഞാനൊരു കത്ത് അദ്ദേഹത്തിന് കൊടുത്തുവിട്ടു. ആ കുടുംബത്തിന്റെ വീട് ജപ്തി ചെയ്തുപോകുന്ന കേസായിരുന്നു. സാധാരണ ആര് വന്നാലും ഞാൻ കത്ത് കൊടുക്കും. എന്നോട് വന്ന് കാര്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വെള്ളാപ്പള്ളി നടേശന് ഒരു കത്ത് കൊടുക്കാമെന്ന്. ആദ്യമായൊരു കത്ത് കൊടുക്കുകയാ. എന്തായാലും ഒന്നുപോയി കാണാൻ ആ കുടുംബത്തോട് പറഞ്ഞു. ചിലപ്പോൾ അദ്ദേഹം സഹായിക്കാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞു. ആ സ്ത്രീ ഈ മനുഷ്യന്റെ വീട്ടിൽ ചെന്നു. പ്രീതിചേച്ചിയുണ്ടായിരുന്നു. കത്ത് വാങ്ങി, കാര്യങ്ങളൊക്കെ തിരക്കി. ബാങ്കിൽ അഞ്ചരലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു. ബാങ്കിൽ അന്വേഷിപ്പിച്ച് ഈ മനുഷ്യൻ 5 ലക്ഷം രൂപ ആ ബാങ്കിൽ അടച്ച് ആ കുടുംബത്തെ രക്ഷിച്ചു. ഇതെന്റെ അനുഭവമാണ്. എന്നെ വിളിച്ചുപറഞ്ഞതുമില്ല, എന്നോട് അതെക്കുറിച്ച് ചോദിച്ചതുമില്ല. പക്ഷെ പിന്നീട് ആ സ്ത്രീ എന്നോട് വന്നു പറഞ്ഞു, സാർ, ആമനുഷ്യനെ ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുമ്പോൾഓർമ്മിക്കും. ഞാനിങ്ങനെ ജീവിക്കുന്നതിന്റെ കാരണം ആ മനുഷ്യനാണെന്ന് പറഞ്ഞു. അത്രയും മനുഷ്യത്വമുള്ള, മാനവികതയുള്ള ഒരു വ്യക്തിയായതു കൊണ്ടാണ് 30 വർഷം ഇത്രയും പ്രതിസന്ധികളിലൂടെ പ്രയാസങ്ങളിലൂടെ ഈ സംഘടനയെ നയിച്ച് ഇവിടെ എത്തിയത്. ഇനിയും കഴിവുള്ള ,ആരോഗ്യമുള്ള കാലത്തോളം ഈ പ്രസ്ഥാനത്തെ നയിക്കും. ജനങ്ങളുടെ സ്നേഹവും പിന്തുണയും എല്ലാ അർത്ഥത്തിലും ഉണ്ടാകും.

(യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമത്തിൽ നടത്തിയ പ്രസംഗം)

Author

Scroll to top
Close
Browse Categories