അസാധാരണം, കരുത്തും കർമ്മശേഷിയും

മൂന്ന് പതിറ്റാണ്ട് കാലം വിശ്രമരഹിതമായി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യബോധത്തോടെ ത്യാഗമനോഭാവത്തോടെ എവിടെയാണോ സംഘടനയെ എത്തിക്കേണ്ടത്, ആ സ്ഥാനത്ത് സംഘടനയെ എത്തിക്കാൻ കഴിഞ്ഞ നേതൃത്വപാടവമാണ് ഇവിടെ ശ്രദ്ധേയമായി മാറുന്നത്.

വി.എൻ വാസവൻ
(സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി)
ഒരാൾ ലീഡറാകുന്നത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നത് ‘ക്രൈസിസ് മാനേജ്മെന്റി’ലൂടെയാണ്. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ കരുത്തും കർമ്മശേഷിയോടെയും മുന്നോട്ട് വരുമ്പോഴാണ് ഒരാൾ ലീഡറാകുക. ചുരുക്കിപ്പറഞ്ഞാൽ ക്രൈസിസ് മാനേജരാണ് ലീഡർ. അത് നമുക്ക് കാണാൻ കഴിയുന്നത് വെള്ളാപ്പള്ളി നടേശനിലാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഒരു സംഘടനയുടെ അമരക്കാരനായിരുന്ന് എല്ലാവരുടെയും സ്നേഹാദരവുകൾ പിടിച്ചു പറ്റി തന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്ന വെള്ളാപ്പള്ളിനടേശന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ അർപ്പിക്കുകയാണ്.
നാളിതുവരെ ഒരു സംഘടനക്കും ഏതെങ്കിലുമൊരു പ്രസ്ഥാനത്തിനും ഇത്രയുകാലം ഒരു സംഘടനയുടെ അമരത്തു നിന്നുകൊണ്ട് എല്ലാവിധ എതിർപ്പുകളെയും വെല്ലുവിളികളെയും അതിജീവിച്ച് എല്ലാവരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റി മുന്നോട്ട് പോകാൻ കഴിഞ്ഞ ചരിത്രം വേറെയില്ല. ഇവിടെ ശ്രദ്ധേയമായൊരു കാര്യമാണെനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എല്ലാവരും 58 വയസ്സെത്തുമ്പോൾ പെൻഷൻ പറ്റി സർക്കാരിൽ നിന്ന് വിശ്രമജീവിതത്തിലേക്ക് കടക്കും. ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്, വിശ്രമ ജീവിതത്തിലേക്ക് എല്ലാവരും പ്രവേശിക്കുന്ന സമയത്ത് പോരാട്ടവീഥിയിലേക്ക് കടന്നുവരുന്ന ഒരു ജനറൽ സെക്രട്ടറിയെ ആണ്. ആ പ്രത്യേകതയിൽ അദ്ദേഹം മൂന്ന് പതിറ്റാണ്ട് കാലം വിശ്രമരഹിതമായി നിശ്ചയദാർഢ്യത്തോടെ ലക്ഷ്യബോധത്തോടെ ത്യാഗമനോഭാവത്തോടെ എവിടെയാണോ സംഘടനയെ എത്തിക്കേണ്ടത്, ആ സ്ഥാനത്ത് സംഘടനയെ എത്തിക്കാൻ കഴിഞ്ഞ നേതൃത്വപാടവമാണ് ഇവിടെ ശ്രദ്ധേയമായി മാറുന്നത്.
കേരളത്തിൽ മറ്റാർക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്തതും ഇനി ഒരുപക്ഷെ ലഭിക്കാൻ കഴിയാത്തതുമായ കാര്യമെന്നതാണ് എടുത്തുപറയേണ്ടത്. കാരണം 58 വയസ്സ് കഴിഞ്ഞ് 60 എത്തുമ്പോൾ ഷഷ്ടിപൂർത്തിയിലെത്തും. ഇവിടെ ആ സമയത്താണ് അദ്ദേഹം യൗവ്വനത്തിന്റെ ഊർജ്ജസ്വലതയോടെ, ഒരുപക്ഷെ തന്റെ മുൻഗാമികൾ സൃഷ്ടിച്ച പലരൂപത്തിലുള്ള പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്തിലൂടെ ഊർജ്ജസ്വലതയും അനുഭവസമ്പത്തുമെല്ലാം കോർത്തിണക്കി മുന്നോട്ട് വന്ന് ഈ സംഘടനയെ നയിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ സഹധർമ്മിണിയും എസ്.എൻ.ഡി.പി യോഗത്തോട് ചേർന്ന് നിന്നുകൊണ്ട് സഹായിക്കുന്ന സാഹചര്യം പല ഘട്ടങ്ങളിലും നമുക്ക് കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ നാമെല്ലാം വായിച്ചിട്ടുണ്ട്. മനോഹരമായ ആ കാവ്യഭാവനയിൽ ഒരുഘട്ടത്തിൽ രാജാവ് ചതുരംഗം കളിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ രാജാവ് കളിയിൽ പരാജയപ്പെടുന്നൊരു ഘട്ടമെത്തും. അപ്പോൾ രാജ്ഞി സ്വന്തം കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്ന സമയത്ത് വളരെ പെട്ടെന്ന് താരാട്ടപാട്ടിലൊരു മാറ്റം വരുത്തി പാട്ട് പാടി. ‘ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്ത് ഉന്തുന്തുന്തുന്തുന്താളെ ഉന്ത്…’യഥാർത്ഥത്തിൽ കളിക്കളത്തിൽ ആളെ ഉന്തിയാൽ ചതുരംഗത്തിൽ ആ കളി ജയിക്കും. രാജ്ഞിക്ക് അപ്പോൾ തോന്നിയ ഒരു കവിതയാണ് താരാട്ടിലൂടെ രാജ്ഞി അവതരിപ്പിച്ചത്. പെട്ടെന്ന് രാജാവ് ആളെ ഉന്തി ആ കളിക്കളത്തിൽ ജയിക്കുന്നു. അങ്ങനെയൊരു രാജ്ഞിയായി സഹധർമ്മിണിയും കൂടെയുണ്ടെന്നതാണ് വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.
കേരളത്തിന്റെ എല്ലാഭാഗങ്ങളിലും ഓടിയെത്തി സമയബന്ധിതമായി പ്രശ്നങ്ങളിൽ ഇടപെട്ട് സന്ദർഭോചിതമായി വിഷയങ്ങൾ പഠിച്ച് നിർഭയമായി തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന ശൈലിയും അതോടൊപ്പം തങ്ങളോടൊപ്പം നിൽക്കുന്ന ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ കാട്ടുന്ന കരുതലും കൈത്താങ്ങുമെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഗുണമാണ്. ഒരു നേതാവിനുണ്ടാകേണ്ട സവിശേഷ ഗുണങ്ങളായ അർപ്പണമനോഭാവം, ലക്ഷ്യബോധം, നിശ്ചയദാർഢ്യം, സേവനസന്നദ്ധത ഒപ്പം ഏത് ക്രൈസിസിനെയും നേരിടാനുള്ള ആത്മധൈര്യം. അത്തരത്തിലുള്ള എല്ലാമായി മുന്നോട്ട്പോകുമ്പോഴാണ് നേതൃതലത്തിൽ ഒരാൾക്ക് തിളങ്ങാനാകുന്നത്. കോട്ടയം നാഗമ്പടം ക്ഷേത്രമൈതാനത്തെ മാവിൻ ചുവട്ടിൽ ധ്യാനത്തിന്റ സമയത്ത് വല്ലഭശ്ശേരി വൈദ്യരും കിട്ടൻ റൈറ്ററും എല്ലാം ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ മുന്നിൽ പോയി ആവശ്യപ്പെട്ട തീർത്ഥാടനത്തിന്റെ കാലഘട്ടവും തീർത്ഥാടനത്തിനായി മുന്നോട്ട് വച്ച ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങൾ, അതിൽ വിദ്യാഭ്യാസവും ശുചിത്വവും കൃഷിയും വ്യവസായവും സംഘടനയും ഭക്തിയും തൊഴിലും അടക്കമുള്ള 8 കാര്യങ്ങളാണ് ശിവഗിരി തീർത്ഥാടനത്തിൽ ഗുരുദേവൻ നിർദ്ദേശിച്ചത്. മഹാസംഗമം നടക്കുന്ന ഈ സ്കൂളിലാണ് വയലാർ രാമവർമ്മ പഠിച്ചത്. അദ്ദേഹം ഗുരുവിനെക്കുറിച്ചെഴുതിയ കവിതയുടെ ഏതാനും ഭാഗങ്ങൾ കൂടി അവതരിപ്പിക്കുകയാണ്.
‘മതങ്ങൾക്കതീതമായ് മനുഷ്യൻ
മറ്റാരുമീ മധുരാക്ഷര മന്ത്രം ചൊല്ലിയില്ലിന്നേവരെ
മരണം മരണം എന്നോർമ്മിപ്പിക്കുന്നവർ
ആ ഗുരുവിന്റെ ശബ്ദത്തിൽ നടുങ്ങിപ്പോയി
കർമ്മത്തിൽ നിന്നും കർമ്മചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്‌കാരങ്ങൾ
ആ ശിവഗിരിക്കുന്നിൽ കത്തിച്ച വിളക്കത്ത്
വിശ്വസൗഹാർദ്ദത്തിൻ യജ്ഞമൊന്നാരംഭിച്ചു
മനുഷ്യത്വത്തെ തള്ളിപ്പറഞ്ഞ മതങ്ങൾ
ആ മണൽതട്ടിൽ നിലത്തെഴുത്തിന്നിരുന്നപ്പോൾ
വടിയുംകുത്തിച്ചെല്ലുമാ കർമ്മ യോഗീന്ദ്രന്റെ
മിഴികളിൽ വിശ്രമം കൊണ്ടു വിശ്വം’
വയലാറിന്റെ ഈ വരികളിൽ ഗുരുസന്ദേശത്തിന്റെ എല്ലാം അടങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ സെഞ്ച്വറി ആഘോഷത്തിനായി നമുക്ക് ഒരുമിച്ച് കൂടാം. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
(യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമത്തിൽ നടത്തിയ പ്രസംഗം)