നന്മയുള്ളിടത്താണ് തിന്മയെ പ്രതി അസ്വസ്ഥരാകുക

ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ തെരുവോരങ്ങളില്‍ നിരന്തരമായി പ്രതികരിച്ച ഒരു രീതിയുണ്ടായിരുന്നു. പാട്ടും നാടകവും പ്രസംഗവുമൊക്കെയായി ഒരു സാംസ്‌കാരികാഘോഷമായാണ് അത്തരം സംഘടനകള്‍ തങ്ങളുടെ പ്രതിഷേധത്തെയും പുതുവഴികളെയും ആവിഷ്‌കരിച്ചത്. ആ ധാരയുടെ അപചയം ചെറിയരീതിയിലൊന്നുമല്ല നമ്മുടെ സമൂഹത്തെ അധ:പതിപ്പിച്ചിട്ടുള്ളത്. നമ്മുടെ രാഷ്ട്രീയക്കാരില്‍ അല്പം സര്‍ഗ്ഗാത്മകതയും കലാസാംസ്‌കാരികരംഗത്തുള്ളവരില്‍ അല്പം നന്മോന്മുഖമായ രാഷ്ട്രീയവും രൂപപ്പെട്ടു വരേണ്ടതുണ്ട്.

പഴയകാലത്തിന്റെ മഹിമയും പുതുകാലത്തിന്റെ ദോഷവും പറഞ്ഞുകൊണ്ടിരിക്കുകയെന്നത് എന്നും നമ്മുടെ സ്വഭാവമായിരുന്നു. ഒരു നൂറു കൊല്ലം മുമ്പുള്ളവരും അന്നിരുന്ന് പറയുമായിരുന്നു; പണ്ടൊക്കെ എത്ര നല്ലതായിരുന്നു. ഇന്നിപ്പോള്‍ എല്ലാം കെട്ടുപോയി എന്ന്.
കാലം എന്നും കലുഷമായിരുന്നു. ഒപ്പം തെളിമയുമുണ്ടായിരുന്നു. കാലത്തോടൊപ്പം ഒഴുകിയെത്തിയ കാലുഷ്യം പലതും ഇന്നും അതുപോലെ തുടരുന്നുണ്ടെങ്കിലും വെളിച്ചത്തിന്റെ ലോകങ്ങള്‍ മുന്നോട്ടുപോകുംതോറും പ്രകാശിച്ചു വരികയാണ് ചെയ്യുന്നതെന്നാണ് തോന്നിയിട്ടുള്ളത്. ആ വെളിച്ചം അനുഭവിക്കുന്നതുകൊണ്ടുതന്നെയാണ് പണ്ട് വലിയ തെറ്റായി നമുക്ക് തോന്നാതിരുന്നത് ഇന്ന് വലിയ അപരാധമായി തോന്നുന്നതും അതിനെതിരെ എല്ലാ തരത്തിലും പ്രതികരിക്കാന്‍ നാം വെമ്പുന്നതും.

എന്താണൊരു പോംവഴി? അങ്ങനെ കൃത്യമായ ഒരു പോവഴിയൊന്നുമില്ല. വഴികളേയുള്ളൂ. കാലങ്ങള്‍ക്കൊപ്പം ഒഴുകിയെത്തിയിട്ടുള്ള നന്മയുടെ ധാരകളില്‍ കണ്ണി ചേര്‍ന്ന് പുതു കാലത്തിനൊപ്പം പുതുക്കിപ്പണിത് മുന്നോട്ടു നടക്കുകയേ നമുക്കു ചെയ്യാനുള്ളൂ. അത്രയെങ്കിലും നമുക്കു ചെയ്യാനായാലേ ഇനിയും വെളിച്ചം പ്രസരിക്കേണ്ട ഇടങ്ങള്‍ പ്രകാശപൂര്‍ണ്ണമാകുകയുള്ളൂ.
ഒരു വഴിയും തനിയെ പരിപൂര്‍ണ്ണമായി പ്രായോഗികമാവില്ല. പല വഴികള്‍ പല ധാരകളിലൂടെയൊഴുകി പ്രസരിച്ചാലേ സ്വജീവിതത്തിലും സമൂഹജീവിതത്തിലും അത് സമാധാനവും സമത്വവും കുറെയെങ്കിലും പ്രദാനം ചെയ്യുകയുള്ളൂ.

പാട്ടുകേട്ടു കിട്ടുന്നത് അനുഭവിക്കാന്‍ പാട്ടുതന്നെ കേള്‍ക്കണം. വിശന്നാല്‍ പാട്ടുകൊണ്ട് അത്ര കാര്യമില്ല. കുറച്ചുനേരം പിടിച്ചു നില്ക്കാനായേക്കുമെന്നു മാത്രം. അന്നംതന്നെ കിട്ടണം. തണുത്തു വിറയ്ക്കുന്നവന് നല്ല സ്വറ്ററാണ് വേണ്ടത്. മലമുകളില്‍ കയറിനിന്ന് ആകാശം നോക്കുന്നവന് കിട്ടുന്ന ധന്യത അവിടെ കയറിനിന്നാലേ കിട്ടൂ. തൊഴിലിന് വേണ്ടരീതിയില്‍ വേതനം കിട്ടുന്നില്ലെങ്കില്‍ മുതലാളിയോട് ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുകതന്നെ വേണം.

അക്രമികളെ നിയമപരമായി ശിക്ഷിച്ചാലേ സമൂഹത്തില്‍ സമാധാനം പുലരുകയുള്ളൂ. കണ്ണടച്ചിരുന്ന് ധ്യാനിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നവര്‍ക്ക് പലപ്പോഴും നല്ല ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ വിശപ്പു മാറുകയില്ല. ചിലര്‍ക്കത് ഫുട്‌ബോള്‍ കളിച്ചോ നടക്കാന്‍ പോയോ നൃത്തംചെയ്‌തോ ആവും സമാധാനം ലഭിക്കുക. ഇങ്ങനെ കലാസാഹിത്യസംഗീതാദികളുടെയും മറ്റു രാഷ്ട്രീയസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെയും ഒക്കെ രൂപപ്പെട്ടു വരേണ്ടതാണ് പ്രായോഗികമായ വഴി എന്നു പറയുന്നത്.

പാട്ടു പാടുന്നവരും ചിത്രം വരയ്ക്കുന്നവരും പ്രസംഗിക്കുന്നവരും സമരം ചെയ്യുന്നവരും ഫുട്‌ബോള്‍, ക്രിക്കറ്റ് കളിക്കുന്നവരും സിനിമയും നാടകവും ചെയ്യുന്നവരും കഥയും കവിതയും എഴുതുന്നവരും യാത്രികരും ശാസ്ത്രജ്ഞരും അങ്ങനെ പലരും പലമേഖലകളില്‍ തികച്ചും സ്വകാര്യമായും കൂട്ടമായും ഒക്കെ പ്രവര്‍ത്തിക്കുന്നതിന്റെ ആകെ ഫലമാണ് സമൂഹത്തിന്റെ ആകെ നന്മയ്ക്ക് കാരണമായി മാറുന്നത്.

ഇവിടെ ഓരോരുത്തരും അവരവരുടെ ആന്തരിക സവിശേഷതയ്ക്കനുസൃതമായി തനിക്കും ആകെ ലോകത്തിനും നന്മ പകരുന്ന തരത്തില്‍ സ്വജീവിതത്തെ രൂപപ്പെടുത്തുമ്പോഴാണ് അത് സ്വകാര്യജീവിതത്തെയും സാമൂഹികജീവിതത്തെയും ആരോഗ്യപരമാക്കുന്ന പ്രായോഗികതയായി മാറുക.
”അവനവനാത്മസുഖത്തിനാചരിക്കുന്ന
വയപരന്നു സുഖത്തിനായ് വരേണം” എന്ന നാരായണഗുരുവിന്റെ കാഴ്ചപ്പാടാണ് എന്നും ജീവിതത്തിന് അടിസ്ഥാന പ്രചോദനം. നമ്മുടെ ആന്തരിക പ്രകൃതത്തിനനുസരിച്ചുള്ള ഒരു കര്‍മ്മണ്ഡലത്തില്‍നിന്നാലേ ആരോഗ്യപരമായ സമാധാനത്തെ നല്കുകയുള്ളൂ. അസ്വസ്ഥമായ ഉള്ളം ചുറ്റുപാടുകളിലേക്കും അസ്വസ്ഥതയയേ സമ്മാനിക്കുകയുള്ളൂ. എന്നാല്‍ സ്വസ്ഥതയുള്ളവര്‍ക്ക് കൂടുതല്‍ ശാന്തമായി ചുറ്റുപാടുകളിലേക്ക് സ്വയം പ്രസരിപ്പിക്കാനാവും.
തികച്ചും സ്വകാര്യമായി ജീവിതം സാമൂഹികതയിലേക്ക് ഉത്തരവാദിത്തത്തോടെ തിരിയുമ്പോഴാണ് ധന്യതയ്ക്ക് ആഴമുണ്ടാകുക. നാരായണഗുരുവിനെപ്പോലുള്ളവരുടെ ജീവിതംതന്നെ മാതൃക. ഞാന്‍, എന്റെ എന്ന ചിന്തയില്‍നിന്ന് നാം, നമ്മുടെ എന്ന ദര്‍ശനത്തിലേക്ക് പ്രായോഗികമായി വികസിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഒരു കര്‍മ്മമണ്ഡലം രൂപപ്പെടുത്താന്‍ നമുക്ക് പ്രചോദനമാകേണ്ടത്.

വ്യത്യസ്ത ചിന്താഗതിക്കാരായ മനുഷ്യരുമായുള്ള സൗഹൃദം പകരുന്ന ആഴമേറിയ ഒരു തിരിച്ചറിവുണ്ട്. പല ശരികളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന ആ സത്യം, സഹിഷ്ണുതയോടെ അപരനെ സ്വീകരിക്കാനുള്ള ഒരുള്ളം സമ്മാനിക്കുന്നുണ്ട്. നാം പലപ്പോഴും സമാനചിന്താഗതിക്കാരുമായാണ് കൂടുതല്‍ സമയം ചെലവഴിക്കുക. അത് പരസ്പരം പുകഴ്ത്താന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. എന്നാല്‍ വ്യത്യസ്തതകളുമായി സഹവസിക്കുമ്പോള്‍ നമ്മെ അത് ശുദ്ധീകരിക്കുകകൂടി ചെയ്യുന്നു.
നാം കടന്നുപോകുന്ന സമൂഹത്തിലെ അപകടകരമായ പ്രവണതകളെ അതിന്റെ എല്ലാ രൂക്ഷതയോടെയും നാം അറിയേണ്ടതുണ്ട്. അതു നമ്മെ പൊള്ളിക്കേണ്ടതുണ്ട്. അതിനു പരിഹാരമായി എന്തു രീതിശാസ്ത്രമാണ്, ബോധനപദ്ധതിയാണ് മുന്നോട്ടു വയ്ക്കുകയെന്ന ചോദ്യത്തിന് ഗുരു നിത്യയുടെ മറുപടിതന്നെയാണുള്ളത്. അതുതന്നെയാണ് എല്ലാം സഹൃദയരുടെയും ജീവിതം നമ്മോടു പറയുന്നത്: ”കേവലം മനുഷ്യനെ സ്‌നേഹിക്കുക മാത്രമാണ് കര്‍ത്തവ്യമായി, മാര്‍ഗ്ഗമായി എന്നും എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.”
മനുഷ്യനെ സ്‌നേഹിക്കുന്നിടത്തുനില്ക്കുന്നില്ല നമ്മുടെ ഉത്തരവാദിത്തം എന്നിരിക്കിലും അത്രയെങ്കിലും നമുക്ക് കഴിയേണ്ടതാണെന്നും അത്രയെങ്കിലും കഴിഞ്ഞാല്‍ അതുപോലും മഹത്തരമാണെന്നും ഗുരുവിന്റെ വാക്കുകള്‍ നമ്മോടു പറയുന്നുണ്ട്.

അത്യന്തം കലുഷമാണ് വര്‍ത്തമാന ലോകാവസ്ഥ. അഭ്യന്തര കലാപങ്ങള്‍. മതകലഹങ്ങള്‍, അഭയാര്‍ത്ഥിപ്രവാഹങ്ങള്‍. ലോകത്തെ കയ്യിലൊതുക്കാനുള്ള ആഗോളമൂലധന ശക്തികളുടെ ഹിംസാത്മകമായ തേര്‍വാഴ്ചകള്‍. ബുദ്ധപഥംപോലെ അപാരമായ കാരുണ്യത്തിന്റെയും കനിവിന്റെയും സന്ദേശം ലോകത്തിനു നല്കിയ ദര്‍ശനങ്ങള്‍പോലും രക്തദാഹത്തിന്റെ ദംഷ്ട്രകള്‍ മുളക്കുന്ന ഭീതിദമായ അവസ്ഥ. അങ്ങനെയങ്ങനെ നാം ലോകത്തെ നോക്കി സങ്കടപ്പെടുന്ന അനേകരുണ്ട്. ആ സങ്കടം അത്യാവശ്യമാണ്. വേണ്ടതുമാണ്. അപ്പോഴും ഒരുകാര്യം നാം മറക്കരുത്. അല്ലെങ്കില്‍ അറിയാതെ പോകരുത്.
മനുഷ്യന്‍ എന്നെങ്കിലും ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പര സഹകരണത്തോടും സൗഹൃദത്തോടും കഴിഞ്ഞിരുന്നെന്നും പിന്നീടുപിന്നീടാണ് കലുഷമായ സാമൂഹികത രൂപപ്പെട്ടുവന്നതെന്നും തെറ്റിദ്ധരിക്കരുത്. അക്രമപരതയുടെയും യുദ്ധങ്ങളുടെയും മാത്രം ചരിത്രത്തില്‍നിന്ന് സമാധാനത്തിന്റെയും സഹകരണത്തിന്റെയും വിശാലതയിലേക്ക് വികസിച്ചുവന്ന ഒരു ലോകമാണ് മുന്നിലുള്ളത്. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ചില ചരിത്രഘട്ടങ്ങളില്‍ കാണാമെങ്കിലും ആകെ ലോകത്തിന്റെ മനോഭാവം നയതന്ത്രജ്ഞതയിലൂടെ സമാധാനം നിലനിറുത്താനുള്ള വഴി ആരായുക എന്നതുതന്നെയാണ്.

മനുഷ്യന്‍ അവന്റെ ബുദ്ധിയുപയോഗിച്ച് ഇത്രയും സാദ്ധ്യതകളുള്ള ഒരു ലോകത്തേക്ക് വികസിച്ചു വന്നിട്ടും പ്രാകൃതമായ അക്രമവാസനകളില്‍നിന്ന് മുക്തമാകാതെ പരസ്പരം തല്ലിച്ചാകുന്നത് വിവേകിയായ ഏതു മനുഷ്യനെയും വേദനിപ്പിക്കും. അത് നെഞ്ചുപൊള്ളുന്ന വേദനതന്നെയാണ്.
നിലനില്പിന്നും തുടര്‍ച്ചയ്ക്കും ആവശ്യമായ അന്നവും വസ്ത്രവും പാര്‍പ്പിടവുമായിരുന്നു ഒരുനാള്‍ മനുഷ്യന്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് എല്ലാ മനുഷ്യരിലേക്കും അതെത്തിക്കാനുള്ള സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടും മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തി നിമിത്തം വിഭവങ്ങളെല്ലാം ഒരു ന്യൂനപക്ഷത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിപ്പോയി. ഭൂരിപക്ഷം ജനതയും ഇന്നും അന്നവും വസ്ത്രവും പാര്‍പ്പിടവുമില്ലാതെ തെരുവിലലയുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന, മനുഷ്യമനസ്സില്‍ അടിയുറച്ചുപോയ ഗോത്രങ്ങളുടെ, മതങ്ങളുടെ ഹിംസാത്മകസ്വഭാവത്തെയും ലോലമായ വൈകാരികതയെയും ചൂഷണംചെയ്താണ് പണവും പ്രശസ്തിയും അധികാരവും അതിന്റെ വാസസ്ഥാനത്തെ ഉറപ്പിക്കുന്നത്. ഇത്രയും നന്മയുടെ നനവുകള്‍ പ്രസരിച്ചിട്ടും ഫാസിസത്തിന്റെ വിളയാട്ടം തുടരുന്നത് വേദനതന്നെയാണ്.
ഹൈന്ദവഫാസിസം, ഇസ്ലാം ഫാസിസം, ക്രിസ്ത്യന്‍ ഫാസിസം, ബുദ്ധിസ്റ്റ് ഫാസിസം, അധികാര ഫാസിസം, കോര്‍പ്പറേറ്റ് ഫാസിസം അങ്ങനെയങ്ങനെ ഫാസിസത്തിന് എത്രയോ മുഖങ്ങള്‍! ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ ഫാസിസം കോര്‍പ്പറേറ്റ് ഫാസിസമാണ്. എല്ലാ മേഖലകളിലും കോര്‍പ്പറേറ്റ് സവര്‍ണ്ണ ഫാസിസമാണ് ലോകവ്യാപകമായി നാം കണ്ടുപോരുന്നത്. ഇന്ത്യയിലും അത് കൂടുതല്‍ ശക്തമാകുന്നു എന്നുമാത്രം. മതംപോലെതന്നെ ജാതീയത അതിന്റെ ഏറ്റവും മലീമസമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് ഇവിടെ കേരളത്തിലുംകൂടിയാണ്.

നാരായണഗുരു ജീവിച്ചിരുന്ന കാലത്തിനുശേഷം ഇത്രയും സജീവമായത് ഇക്കാലത്താണ്. ഏതെങ്കിലും ജാതിയുമായോ നിലവിലിരിക്കുന്ന ഏതെങ്കിലും മതവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എഴുതി പ്രസിദ്ധീകരിച്ചത് മുന്നിലിരുന്നിട്ടും പുരോഗമനചിന്താഗതിയുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് എന്തുകൊണ്ട് നാരായണഗുരു ഒരു ഹിന്ദുവാണെന്ന് പറഞ്ഞുകൂടാ എന്നാണ്.
അത്രമാത്രം മനുഷ്യബോധത്തെ ജാതിമതക്കോളങ്ങളിലേക്ക് ചുരുക്കാന്‍ വര്‍ത്തമാനകാല അവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഹിന്ദുവിന്റെ മാത്രം സ്ഥിതിയല്ല. നാം ആകെ ലോകത്തിന് നന്മ ചെയ്ത മനുഷ്യരെ തേടിപ്പിടിച്ച് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ആക്കിക്കൊണ്ട് അതില്‍ അഭിമാനിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളനുകൂലിക്കുന്ന വ്യക്തികളില്‍നിന്ന് ചെറിയൊരു സമ്മതം മൂളല്‍ ലഭിച്ചാല്‍ ജാതിമതാഭിമാനത്തില്‍ തലയുയര്‍ത്തി നിവര്‍ന്നുനില്ക്കാന്‍ തയ്യാറാണ് ഇന്നത്തെ പല പുരോഗമനചിന്തകരുമെന്നത് ആശങ്കയുണര്‍ത്തുകതന്നെ ചെയ്യുന്നു.
എന്താണ് പോംവഴി? ആത്മീയതയുടെ ലളിതമായ സമവാക്യങ്ങളില്‍ ഇതിനു പരിഹാരമൊന്നും ഒളിഞ്ഞുകിടക്കുന്നില്ല. അങ്ങനെ ഒരു പ്രത്യേക ആത്മീയവഴിയുമില്ല. ലാവോത്സു എന്ന ചൈനീസ് ദാര്‍ശനികന്റെ വാക്കുകളാണ് ഉള്ളില്‍ നിറയുന്നത്: ആയിരം മൈല്‍ യാത്ര തുടങ്ങുന്നത് ആദ്യചുവടില്‍നിന്ന്. നൂറുനിലകെട്ടിടം ഉയര്‍ന്നു പൊങ്ങുന്നത് ഒരു മൂലക്കല്ലില്‍നിന്ന്.
അതെ. എവിടെനിന്നെങ്കിലും ചെറുതായി നാം തുടങ്ങേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട് പുരോഗമനാശയങ്ങളെ മനുഷ്യബോധത്തിലേക്ക് പ്രസരിപ്പിച്ചത് ചില മനുഷ്യരുടെ സര്‍ഗ്ഗാത്മകസാന്നിദ്ധ്യത്താലും കുഞ്ഞുകുഞ്ഞു സാംസ്‌ക്കാരിക കൂട്ടായ്മകളിലൂടെയുമായിരുന്നു.
ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സാംസ്‌ക്കാരികകൂട്ടായ്മകള്‍ തെരുവോരങ്ങളില്‍ നിരന്തരമായി പ്രതികരിച്ച ഒരു രീതിയുണ്ടായിരുന്നു. പാട്ടും നാടകവും പ്രസംഗവുമൊക്കെയായി ഒരു സാംസ്‌ക്കാരികാഘോഷമായാണ് അത്തരം സംഘടനകള്‍ തങ്ങളുടെ പ്രതിഷേധത്തെയും പുതുവഴികളെയും ആവിഷ്‌ക്കരിച്ചത്. ആ ധാരയുടെ അപചയം ചെറിയരീതിയിലൊന്നുമല്ല നമ്മുടെ സമൂഹത്തെ അധ:പതിപ്പിച്ചിട്ടുള്ളത്.
രാഷ്ട്രീയപ്രവര്‍ത്തനംപോലെതന്നെ പ്രധാനമാണ് കലാസാഹിത്യ സംഗീതാദികളിലൂടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തനവും സൗഹൃദക്കൂട്ടായ്മകളും. അതിന് നമ്മുടെ രാഷ്ട്രീയക്കാരില്‍ അല്പം സര്‍ഗ്ഗാത്മകതയും കലാസാംസ്‌ കാരികരംഗത്തുള്ളവരില്‍ അല്പം നന്മോന്മുഖമായ രാഷ്ട്രീയവും രൂപപ്പെട്ടു വരേണ്ടതുണ്ട്. ആ ഒരു ചേര്‍ച്ചയിലൂടെ തുടര്‍ച്ചയായി നടക്കുന്ന കുഞ്ഞുകുഞ്ഞു കൂട്ടായ്മകള്‍ തന്നെയാണ് ഇന്നിന്റെ പ്രശ്‌നത്തിന് പരിഹാരമായി മാറുക.

Author

Scroll to top
Close
Browse Categories